Friday 26 March 2021 12:23 PM IST : By Vishnu V Nair

കാഠി ഗ്രാമത്തിൽ സത്പുര മലനിരകളിലെ ആദിവാസികൾ ഒരുമിക്കുന്നു രാജേവാഡി ഹോളിക്കായി

holi1

ഹോളി ആഘോഷങ്ങളിൽ വേറിട്ട ഒന്നാണ് മഹാരാഷ്ട്ര – ഗുജറാത്ത് അതിര്‍ത്തി ജില്ലയായ നന്ദൂര്‍ബാറിലെ കാഠി ഗ്രാമത്തില്‍ നടക്കുന്ന ആദിവാസികളുടെ ഹോളി ആഘോഷം. ആചാര തനിമകെ‍ാണ്ടും പരമ്പരാഗത വേഷം കെ‍ാണ്ടും വ്യത്യസ്തമായ കാഴ്ചയാണ് കാഠി ഹോളി. രാജേവാഡി ഹോളി എന്നും അറിയപ്പെടുന്ന ഈ ആഘോഷം ആദിവാസികളുടെ ഹോളി ആഘോഷങ്ങളിൽ ഏറ്റവും പുരാതനമെന്നു വിശ്വസിക്കുന്നു. സത്പുര മലനിരകളിലെ ആദിവാസികളാണ് ആഘോഷത്തിന് ഒത്തു ചേരുന്നത്. 1246 ല്‍ ആന്നത്തെ ആദിവാസി രാജാവായ ഉമേദ് സിങ് ആണ് ഇൗ ആഘോഷം തുടങ്ങിയത്. മഹാരാഷ്ട്ര, ഗുജറാത്ത്, ആന്ധ്രപ്രദേശ്, മധ്യപ്രദേശ്, ഛത്തീസ്ഗഡ് സംസ്ഥാനങ്ങളിൽ നിന്നെല്ലാം ആദിവാസികള്‍ ഇവിടെ എത്തും. ആ മേഖലയിലെ കാടുകളിൽ കഴിയുന്ന ഗോത്രവിഭാഗങ്ങളുടെ എല്ലാം ഉദ്ഭവം കാഠിയിൽ നിന്നാണ് എന്നു വിശ്വാസം.

holi2

കാഠിയിൽനിന്നു വിദൂരസ്ഥമായ സ്ഥലങ്ങളിൽ കഴിയുന്നവർ രണ്ടാഴ്ച മുൻപേ ഹോളി ആഘോഷം തുടങ്ങുന്നു. പരമ്പരാഗത വേഷങ്ങൾ തയാറാക്കിയും കാഠിയിലേക്കു കൊണ്ടുപോകാനുള്ള ആചാരപരമായ വസ്തുക്കൾ സമ്പാദിച്ച് ഒരുക്കിയും അവർ ഹോളി മൂഡിലേക്കെത്തും. മഹാരാഷ്ട്ര, ഗുജറാത്ത് വനവിഭവങ്ങളുടെ വലിയ ചന്തയും ഇൗ ആഘോഷം നടക്കുന്ന സ്ഥലത്ത് അരങ്ങേറുക പതിവാണ്. ഹോളി ദിനമായി ആഘോഷിക്കുന്ന രംഗപഞ്ചമിയുടെ തലേ ദിവസം എല്ലാവരും കാഠിയിൽ എത്തിച്ചേരും.

holi6

അരിമാവ് കെ‍ാണ്ട് മുഖത്തും ദേഹത്തും വരച്ചും, പലവര്‍ണത്തിലുള്ള കടലാസുകളും ഇലകളും ചേര്‍ത്ത് തയ്യറാക്കിയ വസ്ത്രമണിഞ്ഞുമാണ് ആഘോഷത്തിനായി ഇവര്‍ എത്തുന്നത്. നൃത്തിന്റെ താളത്തിനെ‍ാത്ത്് പ്രത്യേക ശബ്ദമുണ്ടാക്കുവാനായി ഉണങ്ങിയ മത്തങ്ങ അരയ്ക്ക് ചുറ്റും കെട്ടും. ഹോളി ആഘോഷത്തിന്റെ പ്രധാന ചടങ്ങായ ഹോളിക ദഹനത്തിനായി വനത്തിനുള്ളില്‍ നിന്നും 50 അടിയോളം ഉയരമുള്ള മരം നിലതെ‍ാടാതെ ആഘോഷം നടക്കുന്ന സ്ഥലത്ത് എത്തിക്കും. അത് സ്ഥാപിക്കുവാനുള്ള കുഴി ആയുധം ഉപയോഗിക്കാതെ കൈ കെ‍ാണ്ട് തന്നെ തയ്യാറാക്കും. രാത്രിമുഴുവന്‍ പാട്ടും നൃത്തവുമായി ആഘോഷിക്കും, രാവിന്റെ അവസാനം സൂര്യന്‍ ഉദിക്കാറാവുമ്പോള്‍ ഹോളികയ്ക്ക് തീകെ‍ാളുത്തി അതിനു ചുറ്റും നൃത്തം ചെയ്ത്, നല്ല മഴയ്ക്കും വിളവിനുമായി പ്രാര്‍ഥിച്ച് ഇവര്‍ മടങ്ങും. ഹോളിക കത്തുമ്പോള്‍ നടുവില്‍ വെച്ചിരിക്കുന്ന മരം കിഴക്കോട്ടാണ് വീഴുന്നതെങ്കില്‍ നല്ല മഴ ലഭിക്കുമെന്നാണ് വിശ്വാസം.

holi5

ഉദിച്ചുനില്‍ക്കുന്ന പൂര്‍ണ ചന്ദ്രൻ, ആയിരക്കണക്കിന് ആദിവാസികള്‍ പരമ്പരാഗത വേഷമണിഞ്ഞ്, 50 അടി ഉയരത്തില്‍ തയ്യറാക്കിയ ഹോളികയ്ക്ക് തീപകര്‍ന്ന്, താളത്തിനെ‍ാത്ത് നൃത്തം വെയ്ക്കുന്നു. ആകെ ആഘോഷ രാവാണ് ഹോളി ഇവിടുത്തെ ആദിവാസികള്‍ക്ക്. 775 വര്‍ഷത്തിന് ശേഷവും അന്നത്തെ ആചാരങ്ങളും ആഘോഷരീതികളും മാറ്റമില്ലാതെ തുടരുന്നു. ഹോളിയുടെ ആദ്യ ദിനമായ ഹോളിക ദഹന്‍ ദിനത്തിന്റെ അന്ന് വൈകുന്നേരം ആരംഭിച്ച് പിറ്റേദിവസം, രംഗപഞ്ചമിയുടെ അന്ന് രാവിലെ സൂര്യന്‍ ഉദിക്കുന്നതുവരെയാണ് .

കാഠിയ ഗ്രാമത്തിൽ ആഘോഷം നടക്കുന്ന സ്ഥലത്തിന്റെ ഒരു വശം ഗാലറിപോലെ കുന്നിൻ ചെരിവാണ്. പലസ്ഥലങ്ങളിൽനിന്ന് ഇവിടെ എത്തിച്ചേരുന്ന ഗോത്രക്കാരിൽ പുരുഷൻമാർ മാത്രമേ നൃത്തത്തിൽ പങ്കാളികളാകുന്നുള്ളു. സ്ത്രീകളും കുട്ടികളും ആ കുന്നിൻ ചരിവിൽ വിശ്രമിക്കുകയേ ഉള്ളു. അരിമാവുകൊണ്ട് അലങ്കാരങ്ങൾ വരച്ച് അണിഞ്ഞൊരുങ്ങിയ കുട്ടികളെ പക്ഷേ കാണാൻ സാധിച്ചിരുന്നു.

holi3

മഹാരാഷ്ട്രയിലെ ആദിവാസി ജില്ലയാണ് നന്ദൂര്‍ബാർ. ചുവന്ന മുളകും ഗോതമ്പുമാണ് പ്രധാനകൃഷി. മുംബൈയില്‍ നിന്നും 400 കിലോമീറ്റര്‍ ദൂരമുണ്ട് നന്ദൂര്‍ബാറിലേക്ക്. ബ്രിട്ടിഷുകാരായി ആരംഭിച്ച റെയിൽവെ ലൈൻ ആണ് ഒരു യാത്രാ മാർഗം. നന്ദൂര്‍ബാര്‍ ആണ് എറ്റവും അടുത്ത റെയില്‍വെ സ്‌റ്റേഷൻ, ഇവിടെനിന്നും 95 കിലോമീറ്ററുണ്ട് കാഠി ഗ്രാമത്തിലേക്ക്്. ഇങ്ങോട്ടേക്കുള്ള റോഡ് പലതവണ ഗുജറാത്ത് - മഹാരാഷ്ട്ര അതിര്‍ത്തികള്‍ കടന്നുപോകും, ഒരു വളവ് മഹാരാഷ്ട്രയിൽ ആണെങ്കില്‍ അടുത്ത വളവ് ഗുജറാത്തിലാണ്.

holi7

രാജെവാഡി ഹോളിക്ക് സന്ദർശകർ എത്തി തുടങ്ങിയിട്ട് അധികം കാലമായിട്ടില്ല, ഏറി വന്നാൽ ഒരു പത്തുവർഷം. ഞങ്ങൾ ഹോളിക ദഹനത്തിന്റെ അന്ന് സന്ധ്യാ സമയത്ത്, ഉദ്ദേശം ആറു മണിയോടെ കാഠി ഗ്രാമത്തിൽ എത്തി. ആദിവാസികൾ ഒരുപാടു പേരെയൊന്നും അവിടെ കണ്ടില്ല. രാത്രി പത്തു മണി ആയപ്പോഴേക്ക് കാടിന്റെ പല ഭാഗങ്ങളിൽനിന്നായി ആളുകള്‍ തിങ്ങിനിറഞ്ഞ ജീപ്പുകള്‍ വന്നു. വൈകി എത്തുന്ന ജീപ്പിനുമുകളിലും ബോണറ്റിലും വരെ ആളുകള്‍ ഇരിപ്പുണ്ട്. താഴ്‌വരകളിലെ ഇടവഴികളിലൂടെ പ്രത്യേകതാളത്തില്‍ നൃത്തം ചെയ്യ്ത്, വിസില്‍ ഉൗതി ആടിപ്പാടി ചെറു സംഘങ്ങളായി ആളുകള്‍ ഒഴുകുന്നു. ഉദ്ദേശം ഒരു ലക്ഷം ആളുകൾ അവിടെ എത്തിയിട്ടുണ്ട്.

holi4

സ്ത്രീകളും കുട്ടികളും അടക്കം പതിനായിരങ്ങള്‍ ഹോളിക തയ്യാറാക്കിയ മൈതാനത്തിന് ചുറ്റുമുള്ള കുന്നിന്‍ചെരുവില്‍ സ്ഥാനം പിടിച്ചിട്ടുണ്ട്, പലരും മൂടിപ്പുതച്ച് കിടന്നുറങ്ങുന്നു. വരുന്നവർ വരുന്നവർ ഒത്തു കൂടുന്നു, പുരുഷൻമാർ നൃത്തം ചവിട്ടുന്ന കൂട്ടങ്ങളായി മാറുന്നു. ഇടയ്ക്ക് ചിലരൊക്കെ പ്രാദേശികമായി വാറ്റി എടുത്ത മദ്യം കഴിച്ച് നൃത്തച്ചുവടുകൾ കൊഴുപ്പിക്കുന്നു. ഹോളിക ദഹനം ആരംഭിച്ചത് വെളുപ്പിന് 4 മണിയോടെയാണ്. ചടങ്ങുകൾ അവസാനിച്ചതോടെ ആളുകൾ വന്നതുപോലെ തന്നെ പിരിഞ്ഞുപോകാൻ തുടങ്ങി. രണ്ടു മണിക്കൂറിനുള്ളിൽ അവിടെ കൂടിയിരുന്ന ആളുകൾ മുഴുവൻ പിരിഞ്ഞുപോയി. അതിന് ആരുടെയും നിർദേശമോ ഉത്തരവോ ഒന്നും ആവശ്യമായിരുന്നില്ല! അജ്ഞാതമായ ഒരു താളത്തിൽ എല്ലാം നടക്കുന്നു...

Tags:
  • Manorama Traveller
  • Travel Destinations
  • Travel Stories
  • Travel India