Wednesday 19 August 2020 04:13 PM IST : By സ്വന്തം ലേഖകൻ

ഇതാണ് മോട്ടോർ വാഹനത്തിൽ നടത്തിയ ചരിത്രത്തിലെ ആദ്യത്തെ റോഡ് ട്രിപ്പ്

benz pic 1

ഒരു മോട്ടോർ വാഹനം ദീർഘദൂരം ആദ്യമായി ഓടിച്ചത് ആരാണെന്നോ, ബർത്ത ബെൻസ്. ജർമ്മൻ ഓട്ടോമൊബൈൽ ഉപജ്ഞാതാവായിരുന്ന കാൾ ബെൻസിന്റെ പത്നി. 1885 ൽ ഇദ്ദേഹം നിർമിച്ച ബെൻസ് പേറ്റന്റ് മോട്ടോർവാഗൺ ആണ് ലോകത്തിലെ ആദ്യത്തെ പ്രായോഗിക മോട്ടോർകാർ ആയി അറിയപ്പെടുന്നത്.

1888 ഓഗസ്റ്റ് 5, ജർമനിയിലെ നാട്ടുരാജ്യമായ വീസ്‌ലോക്കിനെ അദ്ഭുതത്തിന്റെ മുൾമുനയിൽ നിർത്തിയ ദിനമായിരുന്നു. ഒരു സമൂഹത്തെ സാക്ഷിയാക്കി മോട്ടോർവാഹനത്തിൽ ബർത്ത ബെൻസും മക്കളായ റിചാർഡും ഓയിനും യാത്ര ചെയ്യുന്നു. അന്നേ വരെ കുതിരവണ്ടി മാത്രം കണ്ടുശീലിച്ച ജനങ്ങൾ കുതിരകളില്ലാതെ താനേ ഓടുന്ന വാഹനം കണ്ട് ഭയപ്പെട്ടു. കർഷകരായ ഒരു കൂട്ടം സ്ത്രീകളും കളിച്ചുകൊണ്ടിരിക്കുന്ന അവരുടെ കുട്ടികളുമാണ് ഈ അദ്ഭുതക്കാഴ്ചയ്ക്ക് ആദ്യം സാക്ഷിയാകുന്നത്. കുട്ടികളെ തട്ടിക്കൊണ്ടുപോകാൻ വന്ന ദുർമന്ത്രവാദിയാകുമോ എന്ന് സംശയിച്ച് ഒരു സ്ത്രീ തന്റെ കുട്ടിയെ തൊട്ടടുത്തുള്ള പള്ളിയിലെ പുരോഹിതന്റെ അടുത്തേക്ക് പറഞ്ഞുവിടുന്നു. പുരോഹിതനും നാട്ടുകാരും ചേർന്ന് മന്ത്രവാദിനിയെ നേരിടാൻ ഒരുങ്ങി നിന്നു. അധികം വൈകാതെ ആ ആൾക്കൂട്ടത്തിനിടയിലേക്ക് ബർത്ത ബെൻസ് തന്റെ മോട്ടോർ വാഹനത്തിലെത്തി. വാഹനത്തിൽ നിന്നും പുകയുയർന്നപ്പോൾ അവർ വാഹനം നിർത്തി പരിശോധിച്ചു. ചുറ്റിലും കൂടി നിന്ന ആളുകൾ അവരെ പരിഹസിക്കാൻ തുടങ്ങി. അവർ തന്റെ മുന്നിൽ കണ്ട മദ്യശാലയിലേക്ക് കയറി. ശേഷം പെട്രോളിയം ഉൽപന്നമായ ലൈഗ്രെയിൻ അന്വേഷിച്ചു. അത് വാഹനത്തിൽ ഒഴിച്ചു, ഇന്ധനം നിറഞ്ഞെന്ന് ഉറപ്പാക്കി യാത്ര തുടർന്നു...ചരിത്രത്തിലേക്ക്. 12 മണിക്കൂർ കൊണ്ട് 106 കിലോമീറ്റർ ദൂരമാണ് ബർത്ത ബെൻസ് സഞ്ചരിച്ചത്.

ഈ ചരിത്രകഥയെ ഓർമപ്പെടുത്തി Mercedes- Benz കമ്പനി പുറത്തിറക്കിയ വീഡിയോ കാണാം. (video courtesy – Mercedes Benz)