Saturday 09 May 2020 05:45 PM IST

'സിനിമ നടികള്‍ടെ അമ്മമാരൊന്നും ഇങ്ങനെ അല്ലാട്ടോ എന്ന് ഞാന്‍ കളിയായി പറയും'; ഏറ്റവും മികച്ചത് നല്‍കിയ എന്റെ അമ്മ; സരയു പറയുന്നു

Tency Jacob

Sub Editor

sarayuu

അമ്മയുടെ അറുപതാം പിറന്നാള്‍ കഴിഞ്ഞ ദിവസമായിരുന്നു .... നന്നായി ആഘോഷിക്കണമെന്ന് നേരത്തേ കരുതിയിരുന്നെങ്കിലും ഇപ്പോഴത്തെ അവസ്ഥയില്‍ ഒന്നും സാധിച്ചില്ല.... ഇന്നിപ്പോള്‍ മാതൃദിനമെത്തി.... 

അമ്മയെ കുറിച്ച് അടുപ്പിച്ചു എഴുതുന്നതും അധികം എഴുതുന്നതും ഇപ്പോഴാണ്.... അച്ഛനെക്കുറിച്ചാണ് എപ്പോഴും എഴുതാറ്... 

എന്തേ അങ്ങനെ എന്ന് ചോദിച്ചാല്‍ അറിയില്ല.... 

അമ്മയെ എഴുതി തീര്‍ക്കാന്‍ സാധിക്കില്ല എന്നൊരു തോന്നലാണ്... 

അച്ഛന്‍ പുസ്തകങ്ങളെ പരിചയപ്പെടുത്തിയപ്പോള്‍ അമ്മ അക്ഷരങ്ങളും കവിതകളും പഠിപ്പിച്ചു...വായിച്ച് തന്ന പുസ്തകങ്ങള്‍ ഒരുപാട് തവണ ആവര്‍ത്തിച്ച് വായിക്കാന്‍ അമ്മ ക്ഷമ കാണിച്ചു... ആദ്യം ഒരു വേദിയില്‍ കയറുന്നത് ഒന്നാം ക്ലാസ്സില്‍ വെച്ച് അമ്മ പഠിപ്പിച്ച 'ഓമന തിങ്കള്‍ കിടാവോ 'ചൊല്ലാന്‍ ആണ്.... 

പിന്നെ ബാലാമണിഅമ്മയുടെ കളങ്കമറ്റ കയ്യും ശ്രീ വൈലോപ്പള്ളിയുടെ മാമ്പഴവും ഒക്കെ അമ്മ പഠിപ്പിച്ചത് ഓര്‍മയില്‍ ഇന്നുമുണ്ട്... കവിത ചൊല്ലാന്‍ ഞാന്‍ വളരെ മോശമായത് കൊണ്ട് ഞങ്ങള്‍ അക്ഷരങ്ങളിലേക്ക് തിരികെ പോന്നു... പാട്ട് പാടാന്‍ എനിക്കും അറിയില്ല, അമ്മയ്ക്കും അറിയില്ല.. പക്ഷേ പാട്ടുകള്‍ ജീവനായ ഞങ്ങള്‍ അന്നൊക്കെ ഉച്ചയ്ക്ക് റേഡിയോയില്‍ 'രഞ്ജിനി'പ്രോഗാമിലും മറ്റും വരുന്ന ചലച്ചിത്ര ഗാനങ്ങള്‍ എഴുതിയെടുത്തു.... ഞാന്‍ സ്‌കൂളില്‍ പോകുമ്പോള്‍ അമ്മ ഉച്ചക്ക് ബുക്കും പേനെയുമെടുത്ത് പാട്ടുകള്‍ കേട്ടെഴുതി... വിട്ടു പോകുന്ന വാക്കുക്കള്‍ വീണ്ടും ആ ഗാനം വരുന്ന ദിവസം വരെ കാത്തിരുന്നു പൂരിപ്പിച്ചു... അങ്ങനെ മൂളിപ്പാട്ട് പോലും പാടാത്ത അമ്മയും ഏറ്റവും വികൃതമായി പാടുന്ന ഞാനും നോട്ട് പുസ്തകങ്ങള്‍ നിറയേ ചലച്ചിത്ര ഗാനങ്ങള്‍ എഴുതികൂട്ടി...ആഹ്ലാദിച്ചു.... ആവര്‍ത്തിച്ചു വായിച്ചു(പാടി എന്ന് പറയാനാവില്ല)അന്നെഴുതി വച്ച വരികള്‍ ഇന്നും മനഃപാഠമാണ്.... 

ഇന്നും വരികള്‍ക്ക് മുന്‍തൂക്കം നല്‍കിയേ എനിക്ക് ഒരു ചലച്ചിത്ര ഗാനം ഇഷ്ടപെടാനാവൂ....

പാട്ടുകള്‍ പോലെ ജീവന്‍ ആണെനിക്ക് നൃത്തവും... മുട്ടോളമുള്ള നീല ഫ്രോക്കിട്ട സ്‌കൂള്‍ അനിവേഴ്‌സറി ആദ്യ സ്‌റ്റേജ് മുതല്‍ വിദേശങ്ങളില്‍ പലയിടത്തും വരെ എന്റെ നൃത്തത്തിന് നിഴലായ് അമ്മ കൂടെയുണ്ട്.... അന്നും ഇന്നും ഒരു നൂറ് കാര്യങ്ങളുമായി സ്‌റ്റേജില്‍ കയറുന്നത് വരെ അമ്മയെ ഞാന്‍ വലയ്ക്കും... മകളുടെ ഒരു നേട്ടവും അമ്മയെ അമിതമായി സന്തോഷിപ്പിച്ചു ഞാന്‍ കണ്ടിട്ടില്ല... 

നന്നായി ചെയ്യൂ, നന്നായി എഴുതാന്‍ പറ്റട്ടെ, എന്നല്ലാതെ സമ്മാനം വാങ്ങി വരൂ എന്നൊരിക്കലും പറഞ്ഞിട്ടില്ല.... 

എന്നാല്‍ എല്ലാ സ്വപ്നങ്ങള്‍ക്കും കൂട്ടായിരുന്നു താനും... 

ഈയിടെ ഇറങ്ങിയ ഒരു ചലച്ചിത്രത്തില്‍ നായകന്‍ പറയുന്നുണ്ട്... സദ്യ കണ്ടപ്പോള്‍ ഞാന്‍ അമ്മയെ ഓര്‍ത്തു ന്ന്... 

ഞാന്‍ കണ്ടിട്ടുള്ളതില്‍ വെച്ച് ഏറ്റവും അനായാസേന ഭക്ഷണം പാചകം ചെയ്യുന്ന ഒരാളാണ് അമ്മ... സദ്യ ഒക്കെ നിഷ്പ്രയാസം ഉണ്ടാക്കും... പണ്ട്, വിഷമങ്ങളുടെ കുട്ടിക്കാലത്ത്, ഉച്ചക്ക് ചോറിനൊപ്പം അമ്മ തന്ന് വിടുന്ന ഒരു ചേന വറുത്തത് ഉണ്ട്...

അതേ പോലെ അച്ഛനെ കാത്ത് ഞാനും അമ്മയും ഇരിക്കുന്ന വൈകുന്നേരങ്ങളില്‍ ബര്‍ഗറും പിസ്സയും ഒന്നും സ്വപ്നങ്ങളില്‍ പോലും ഇല്ലാത്ത അക്കാലത്ത്, ഒരു പിടി അരി വറുത്ത് പാത്രത്തിന്റെ അടിയിലെ പഞ്ചസാര തരികള്‍ കൊട്ടിയിട്ടു തരും അമ്മ, അച്ഛന്‍ വരുന്നത് വരെ എന്നെയും എന്റെ വിശപ്പിനേയും പിടിച്ച് നിര്‍ത്താന്‍.... 

ലോക്‌ഡോണ്‍ എന്നും ചലഞ്ചെന്നും ട്രെണ്ടെന്നും ഒക്കെ പറഞ്ഞ് ഇപ്പോള്‍ ഓരോന്ന് ഉണ്ടാക്കുമ്പോള്‍, ആ വറുത്ത അരിമണികളുടെ ത്രാസ്സ്.. അത് താഴ്ന്നു തന്നെ ആണ്.... 

സത്യം പറഞ്ഞാല്‍ സാമ്പത്തികമായി പിന്നോക്കം നില്‍ക്കുന്ന, ഒരു കുട്ടിക്കാലം ഒരു ഭാഗ്യമാണ്.. അത്രയധികം ഓര്‍മ്മകളാല്‍ സമ്പന്നമാവും ആ കാലം പിന്നീട്.....

അമ്മ വാതോരാതെ സംസാരിക്കുന്നത് അമ്മയുടെ കുട്ടികാലത്തെ കുറിച്ച് മാത്രമാണ്... കൊഴിഞ്ഞു വീണ കശുവണ്ടികള്‍ പെറുക്കിയെടുത്ത് ചുട്ടിരുന്ന, മിന്നലോടെ മഴ പെയ്തതിന്റെ പിറ്റേന്ന് കൂണ്‍ മുളച്ചോന്ന് നോക്കാന്‍ പറമ്പിലേക്ക് ഓടിയിരുന്ന, പഠിക്കാന്‍ ഒരുപാട് ഇഷ്ടപ്പെട്ടിരുന്ന, നല്ല കണ്ണൂര്‍ നാട്ട് ഭാഷയില്‍ ഒറ്റയ്ക്ക് സംസാരിക്കുന്ന, മുട്ടോളം മുടി ഉണ്ടായിരുന്ന, അന്നേ സ്വന്തം വഴികള്‍ സ്വയം തിരഞ്ഞെടുത്ത് മുന്നോട്ട് പോയിരുന്ന ചന്ദ്ര എന്ന് വിളിപ്പേരുണ്ടായിരുന്ന ചന്ദ്രിക എന്ന പെണ്‍കുട്ടി... കാലം അമ്മയില്‍ പുതിയത് പഠിക്കാനുള്ള ആഗ്രഹം മാത്രം ബാക്കി വെച്ചു.... 

അച്ഛന്‍ മരിച്ചതിന് ശേഷം എന്നെ അത്ഭുതപെടുത്തികൊണ്ട് അമ്മ കാര്യങ്ങള്‍ ഒക്കെ ഏറ്റെടുത്തു... അമ്മയ്ക്ക് ഒന്നും അറിയില്ല എന്നത് സ്ഥിരം പല്ലവി ആയിരുന്ന ഞാന്‍ പലതും അമ്മയോട് ചോദിച്ചു മനസിലാക്കി... വീട്ടിലെ കാര്യങ്ങളൊക്കെ ഉഷാറായി ചെയ്യുന്ന, യുബെറും ബസും എടുത്ത് ആവശ്യങ്ങള്‍ക്ക് പോകുന്ന അമ്മ എന്റെ കൂടെ ലൊക്കേഷനില്‍ വന്നാല്‍ ഒരു മൂലയ്ക്ക് ഒതുങ്ങി ഇരിക്കും... 

ഞാനപ്പോള്‍ അമ്മയോട് കളിയായി പറയും 'സിനിമ നടികള്‍ടെ അമ്മമാരൊന്നും ഇങ്ങനെ അല്ലാട്ടോ 'ഇടിച്ചു കയറി ഡയറക്ടറോട് സംസാരിക്കണം, പ്രൊഡ്യൂസറുടെ വീട്ടിലെ പൂച്ച പെറ്റോന്നും ഓട് പെയിന്റടിച്ചൊന്നും അന്വേഷിക്കണം, പ്രൊഡക്ഷന്‍കാരോട് ചുമ്മാ ജൂസ്സെന്നും, അസ്സിസ്റ്റന്റിനോട് സ്‌നാക്‌സെന്നും പറയണം.. ഇതൊന്നും നടപ്പായില്ല എന്ന് മാത്രമല്ല,അമ്മ ഒറ്റയ്ക്ക് ആകുമെന്ന് കരുതി പിടിച്ചു വലിച്ചു കൊണ്ടുപോകാറുള്ള എന്നോട് സുല്ലിട്ട് അമ്മ ലൊക്കേഷനിലേക്കുള്ള വരവേ നിര്‍ത്തി...

അമ്മ ഒരിടത്തും മകള്‍ക്ക് വേണ്ടി അവസരം ചോദിച്ചില്ല.. മകള്‍ സിനിമ നടി ആണെന്ന് പറഞ്ഞു ഒരിടത്തും ഇടിച്ചു കയറിയില്ല...ചെടികള്‍ നട്ടും, അമ്പലത്തില്‍ പോയും, തയ്ച്ചും വായിച്ചും അമ്മ അമ്മയുടെ ലോകത്തില്‍ ഹാപ്പി.. 

ജീവിതത്തില്‍ അമ്മ എന്നെ നിര്‍ബന്ധിച്ചത് കല്യാണം കഴിക്കാന്‍ മാത്രമാണ്.. 

ഏറ്റവും മികച്ചത് കണ്ടു പിടിക്കാന്‍ ഈ അമ്മമാര്‍ക്ക് ഒരു പ്രതേക കഴിവ് ആണ്... 

ഏത് നാട്ടില്‍ ആണെങ്കിലും, ഏത് ദിക്കില്‍ ആണെങ്കിലും കാത്തിരിക്കാന്‍ അമ്മ ഉണ്ട് എന്നത് ഒരു ധൈര്യം ആണ്.. 

കാച്ചെണ്ണ തീര്‍ന്നെന്നും കൈവിരല്‍ മുറിഞ്ഞു എന്നും ലൊക്കേഷനില്‍ ഇന്ന് പാവയ്ക്കാ തീയല്‍ ആയിരുന്നു എന്നും കുപ്പായത്തിന്റെ ഹുക്ക് പൊട്ടി എന്നും വേറെ എവിടെ ചെന്ന് പറയാന്‍ ആണ്.... ആര് കേള്‍ക്കാനാണ്???? !

ഉച്ചത്തില്‍ കയര്‍ത്ത്, തല്ല് കൂടി, ചവുട്ടി തുള്ളി പോയിട്ട്, അഞ്ച് മിനിറ്റിനുള്ളില്‍ വിളിക്കാവുന്ന, ഒരു പുഞ്ചിരിയോടെ ഉത്തരം കിട്ടും എന്ന് ഉറപ്പുള്ള, ഒരു വിളിയേ ഉള്ളു..... 

അമ്മേ ന്ന്.... 

മാതൃദിനാശംസകള്‍