Saturday 13 November 2021 03:49 PM IST

‘ഇൻസുലിൻ എടുത്തിട്ട് കപ്പ കഴിച്ചാൽ എന്താ പ്രശ്നം?’; മാറണം പ്രമേഹ രോഗികളിലെ ഈ തെറ്റിദ്ധാരണകൾ; 10 ചോദ്യങ്ങളും മറുപടികളും

Asha Thomas

Senior Sub Editor, Manorama Arogyam

db

ഇൻസുലിൻ ഹോർമോണിന്റെ പ്രവർത്തന തകരാറോ അപര്യാപ്തതയോ മൂലം രക്തത്തിലെ ഷുഗർനില ഉയരുന്നതാണ് പ്രമേഹം. കാര്യം ഇത്ര ലളിതമാണെങ്കിലും ആളുകളെ ഇത്രയധികം കുഴപ്പത്തിലാക്കുന്ന രോഗം വേറെയില്ല. പ്രമേഹം ആണെന്നു പറഞ്ഞാൽ ആളുകൾക്ക് ആശങ്ക തുടങ്ങുകയായി. എന്തു കഴിക്കാം, എന്ത് കഴിക്കരുത്? മരുന്ന് തുടക്കത്തിലെ വേണോ? മരുന്നു കഴിച്ചാൽ പ്രശ്നമുണ്ടോ എന്നിങ്ങനെ സംശയങ്ങൾ ഒട്ടേറെയാണ്.

പ്രമേഹരോഗികളുടെ 10 സാധാരണ സംശയങ്ങളും മറുപടിയും അറിയാം.

1. പ്രമേഹരോഗികൾക്ക് പനി വരുമ്പോൾ കഞ്ഞികുടിക്കാമോ?

പ്രമേഹരോഗികൾ ചോറ് കഴിക്കരുതെന്നാണ് പരക്കെയുള്ള ധാരണ. അതുകൊണ്ട് അസുഖം വന്നാലും ഇത്തിരി കഞ്ഞി കുടിക്കണമെന്നു തോന്നിയാലും ഉണക്ക ചപ്പാത്തിയെ ആശ്രയിക്കും. ഇങ്ങനെ കഷ്ടപ്പെടേണ്ട കാര്യമില്ല. സാധാരണ അരിയുടെ ചോറും ഗോതമ്പു ഭക്ഷണവും തമ്മിൽ വലിയ വ്യത്യാസമൊന്നുമില്ല. രണ്ടിലും കാർബോഹൈഡ്രേറ്റുണ്ട്.

ചോറിന് കൃത്യം അളവു വയ്ക്കാൻ പ്രയാസമാണ്. ചപ്പാത്തി ആകുമ്പോൾ 2–3 എണ്ണമായി കഴിക്കുന്നതുകൊണ്ട് അളവിൽ കുറച്ചുകൂടി ശ്രദ്ധിക്കാൻ പറ്റും. മിതമായി കഴിക്കാമെന്ന് ഉറപ്പുണ്ടെങ്കിൽ പ്രമേഹരോഗി ചോറ് കഴിച്ചെന്നോർത്ത് കുഴപ്പമൊന്നുമില്ല. പനി പോലുള്ള അസുഖം വരുമ്പോഴും കഞ്ഞി കുടിക്കുന്നതിലും പ്രശ്നവുമില്ല. ഒാർക്കുക, വയറുനിറയും വരെ കഴിക്കാതെ, നിങ്ങളുടെ ഷുഗർനില താളംതെറ്റാത്തത്രയും കഴിക്കുക. കഞ്ഞിവെള്ളമാണെങ്കിലും ഒന്നു രണ്ട് ഗ്ലാസ്സ് കുടിക്കാം. സാധാരണ കഞ്ഞിയും ഗോതമ്പു കഞ്ഞിയും തമ്മിൽ വലിയ വ്യത്യാസമൊന്നുമില്ല. ഏതായാലും അളവിൽ ഒരു പിടി വേണം.

2. ഏതൊക്കെ പഴം കഴിക്കാം?

പ്രമേഹരോഗിക്കും ഏതു പഴവും കഴിക്കാം. പക്ഷേ, അളവ് ശ്രദ്ധിക്കണം. പപ്പായ ആണെങ്കിൽ 1–2 കഷണം, ആപ്പിൾ, ഒാറഞ്ച്, പേരയ്ക്ക ഇവ ഒാരോ ചെറുത്, മാമ്പഴമാണെങ്കിൽ ചെറിയൊരു കഷണം എന്നിങ്ങനെ മിതമായി കഴിക്കുക. അത്ര പഴുക്കാത്ത പഴമാണെങ്കിൽ കുഴപ്പമില്ല എന്നൊരു ധാരണയുണ്ട്. അതു തെറ്റാണ്. പഴത്തിന്റെ മധുരമല്ല നോക്കേണ്ടത്. പഴുത്തതിലെയും അല്ലാത്തതിലെയും കാർബോഹൈഡ്രേറ്റ് നിരക്ക് ഒരുപോലെയാണ്, മിതമായ അളവിൽ കഴിക്കാൻ ശ്രദ്ധിക്കണം.

3. പ്രമേഹരോഗിക്ക് ഒരുനേരം എടുക്കാമോ?

വല്ലപ്പോഴും ഒരുനേരം എടുക്കുന്നതിൽ തെറ്റില്ല. പക്ഷേ, ഷുഗറിന് മരുന്നു കഴിച്ചുകൊണ്ട് ഉപവാസം എടുത്താൽ രക്തത്തിലെ പഞ്ചസാര വല്ലാതെ താഴ്ന്നുപോകാം. അതുകൊണ്ട് ഒരുനേരം ഭക്ഷണം കഴിക്കുന്നില്ലെങ്കിൽ നിങ്ങളുടെ ഡോക്ടറോടു ചോദിച്ച് ഇൻസുലിനും മരുന്നുകളും അതനുസരിച്ച് ക്രമീകരിക്കണം. വെള്ളം ധാരാളമായി കുടിക്കാനും ശ്രദ്ധിക്കണം. ഒന്നോ രണ്ടോ ദിവസത്തിൽ കൂടുതൽ നീളുന്ന വ്രതമാണെങ്കിൽ ഡോക്ടറോട് ചോദിച്ചിട്ട് മാത്രം തുടങ്ങുക.

4. ഒരുനേരം ഭക്ഷണം കഴിക്കാൻ പറ്റാതെ വന്നാൽ

യാത്രകളിലും മറ്റും സമയം തെറ്റി ഭക്ഷണം കഴിക്കുന്ന അവസ്ഥ വരാം. ഭക്ഷണം ഉടൻ കഴിക്കാൻ ലഭ്യമല്ലെങ്കിൽ ഇൻസുലിനും മരുന്നുകളും ആ സമയത്ത് ഒഴിവാക്കുക. സാധിക്കുമെങ്കിൽ ഒരു നാരങ്ങാവെള്ളമോ രണ്ടോ മൂന്നോ ബിസ്കറ്റോ എങ്കിലും കഴിക്കാൻ ശ്രദ്ധിക്കണം. വറപൊരികളും ഷേക്കുകളും ജങ്ക് ഫൂഡും പ്രമേഹരോഗികൾ ഒഴിവാക്കണം. ഇത്തരം സാഹചര്യങ്ങൾ ഒഴിവാക്കാൻ അൽപമെന്തെങ്കിലും ഭക്ഷണം കയ്യിൽ കരുതണം.

5. ചെറിയ മുറിവ് പ്രശ്നമാണോ?

പ്രമേഹരോഗികളുടെ കാര്യത്തിൽ എത്ര ചെറിയ മുറിവായാലും, ചെറിയ അണുബാധയായാലും പ്രത്യേക ശ്രദ്ധ വേണം. സാധാരണക്കാരെ പോലെയല്ല ഇവരുടെ പ്രതിരോധശേഷി. നഖം വെട്ടുമ്പോഴുള്ള ചെറിയ മുറിവായാൽ പോലും അണുബാധ വന്ന് തീവ്രമാകാം. മുറിവ് ധാരാളം വെള്ളമൊഴിച്ച് നന്നായി കഴുകി വൃത്തിയുള്ള തുണി കൊണ്ട് കെട്ടിവയ്ക്കാം. ലോഹങ്ങൾ കൊണ്ടുള്ള മുറിവായാൽ 24 മണിക്കൂറിനുള്ളിൽ ടിടി കുത്തിവയ്പ് എടുക്കണം. മുറിവ് വാടുന്നില്ലെങ്കിലോ വേദന കുറയുന്നില്ലെങ്കിലോ തീർച്ചയായും ഡോക്ടറെ കാണിച്ച് വേണ്ട ചികിത്സ ചെയ്യണം.

6. പ്രമേഹരോഗികളിൽ പല്ലിനു കേടുവരാൻ സാധ്യത കൂടുതലാണോ?

പ്രമേഹരോഗികളിൽ ദന്തസംബന്ധമായ അണുബാധകൾക്ക് സാധ്യത കൂടുതലാണ്. ദിവസവും രണ്ടുനേരം പല്ല് മൃദുവായ ബ്രിസിലുകൾ ഉള്ള ബ്രഷ് കൊണ്ട് തേക്കണം. പല്ലിനു പോടുണ്ടെങ്കിൽ തുടക്കത്തിലേ ദന്തരോഗവിദഗ്ധനെ കണ്ട് ചികിത്സിക്കണം. വായനാറ്റം ഉണ്ടെന്നുണ്ടെങ്കിൽ അത് അനെയ്റോബിക് അണുബാധയുടെ സൂചനയാണ്. ഉടൻ തന്നെ ചികിത്സ തേടണം. ഇല്ലെങ്കിൽ അണുബാധ തീവ്രമായി പല്ലു തന്നെ നഷ്ടമാകാം. ഫ്ലോസ് ചെയ്യുമ്പോൾ മോണയിൽ മുറിവു പറ്റാതെ ശ്രദ്ധിക്കണം.

7. പ്രമേഹമരുന്നു കഴിച്ചാൽ ക്ഷീണമാണ്. മരുന്നു നിർത്തണോ?

മരുന്നു കഴിക്കുമ്പോൾ ക്ഷീണം വരുന്നെങ്കിൽ അതിനർഥം നിങ്ങൾ കൃത്യമായി ഡയറ്റ് നോക്കുന്നില്ലെന്നതാണ്. ചിലപ്പോൾ നിങ്ങൾ കഴിക്കുന്ന ഭക്ഷണത്തിന്റെ അളവു കൂടുതലാകാം. ചിലപ്പോൾ മതിയായ അളവ് ഭക്ഷണം കഴിക്കുന്നുണ്ടാവില്ല. ഇതിന് ഒരു പ്രതിവിധിയേ ഉള്ളൂ. ഇടയ്ക്കിടയ്ക്ക് ഷുഗർ അളവ് പരിശോധിക്കുക. അപ്പോൾ രക്തത്തിലെ ഷുഗർ വലിയ ചാഞ്ചാട്ടമില്ലാതെ നിൽക്കുന്നത് എത്ര അളവിൽ, ഏതൊക്കെ ഭക്ഷണം കഴിക്കുമ്പോഴാണെന്നു മനസ്സിലാക്കാൻ സാധിക്കും. അങ്ങനെ കൃത്യമായി ഭക്ഷണം ചിട്ടപ്പെടുത്തിയാൽ ക്ഷീണവും മാറും.

8. പ്രമേഹമരുന്നുകൾ കാഴ്ചയെ ബാധിക്കുമോ?

ഇല്ല. പക്ഷേ, പ്രമേഹം കാഴ്ചയെ ബാധിക്കാം. പ്രമേഹത്തിന്റെ ഒരു സങ്കീർണതയാണ് ഡയബറ്റിക് റെറ്റിനോപ്പതി അഥവാ കണ്ണിലെ സൂക്‌ഷ്മ രക്തക്കുഴലുകളിൽ വരുന്ന അടവ്. പലരും പറയാറുണ്ട് പ്രമേഹത്തിനു മരുന്നു തുടങ്ങിയതേ ഉള്ളൂ കണ്ണിനു കാഴ്ച കുറഞ്ഞെന്ന്. യഥാർഥത്തിൽ കാഴ്ച കുറയുന്നത് മരുന്നിന്റെ പാർശ്വഫലം കൊണ്ടല്ല. അവരിൽ പ്രമേഹം കണ്ടെത്തിയത് വളരെ വൈകിയായിരിക്കും. പ്രമേഹം തുടങ്ങി കുറച്ചു വർഷങ്ങൾ നിയന്ത്രണാതീതമായി തുടർന്നാലേ കണ്ണിനു പ്രശ്നം വരാറുള്ളു.

9. പ്രമേഹത്തിനു മരുന്നു കഴിക്കുന്നുണ്ട്. അതുകൊണ്ട് എന്തും കഴിക്കാം?

ഇൻസുലിൻ എടുക്കുന്നുണ്ട് എന്ന പറഞ്ഞ് ദിവസവും കപ്പ പോലുള്ള അന്നജമേറിയ ഭക്ഷണവും മധുരവുമൊക്കെ കഴിക്കുന്നവരുണ്ട്. വളരെ തെറ്റായതും അപകടം പിടിച്ചതുമായ ധാരണയാണ് ഇത്. മരുന്നു മാത്രമല്ല പ്രമേഹ ചികിത്സ. അത് മൂന്നു പ്രധാന കാര്യങ്ങൾ ചേരുന്നതാണ്. ഡോക്ടർ പറയുന്ന ഭക്ഷണക്രമം, സ്ഥിരമായി നിശ്ചിത സമയം ചെയ്യുന്ന അനെയ്റോബിക് വ്യായാമം, കൃത്യമായ ഡോസിലുള്ള മരുന്ന്. ഇതു മൂന്നും ചേരുംപടി ചേർന്നാലേ പ്രമേഹചികിത്സ വിജയിക്കൂ. അതുകൊണ്ട് മരുന്നു കഴിക്കുന്നെന്നു കരുതി തോന്നുന്നതുപോലെ ഭക്ഷണം കഴിക്കരുത്.

10. പാദത്തിൽ ആണി രോഗമുണ്ട്. ഇതു പ്രശ്നമാകുമോ?

പ്രമേഹരോഗി കാൽപാദങ്ങളെ അതിശ്രദ്ധയോടെ സംരക്ഷിക്കണം. കാരണം പലരിലും ചെറിയ മുറിവുകൾ സങ്കീർണമായി വിരൽ മുറിച്ചുകളയേണ്ട അവസ്ഥ വരാറുണ്ട്. കാലിലെ തഴമ്പുകൾ, ആണികൾ, നഖത്തിന്റെ പ്രശ്നങ്ങൾ, ബുനിയൻ എന്നിവയൊക്കെ സ്വയം ചികിത്സിക്കാതെ ഡോക്ടറെ കാണിച്ച് പരിഹരിക്കുക. ചെരുപ്പുകൾ ശരിയായ അളവിലുള്ളവ മാത്രം ഉപയോഗിക്കുക. ദിവസവും രാത്രി കിടക്കുംമുൻപ് കാൽ കഴുകി വൃത്തിയാക്കി തുടച്ച് മുറിവുകളുണ്ടോ എന്നു പരിശോധിക്കണം. ചിലരിൽ മുറിവുണ്ടായാലും അറിയാതെ പോകാം. ദിവസവുമുള്ള പാദപരിശോധന മൂലം ഈ അപകടം തടയാം. എത്ര ചെറിയ മുറിവായാലും തുടക്കത്തിലേ തന്നെ ഡോക്ടറെ കാണിച്ച് മരുന്നു പുരട്ടുക.

വിവരങ്ങൾക്ക് കടപ്പാട്;

ഡോ. ടി. എസ്. ഫ്രാൻസിസ്

പ്രഫസർ, മെഡിസിൻ വിഭാഗം

എംഒഎസ്‌സി മെഡി. കോളജ്

കോലഞ്ചേരി