പുതിയ തലമുറയുടെ, മാറിയ കാലത്തിന്റെ, ജീവിതവും പ്രണയവും സൗഹൃദവും ഉൻമാദവും മോഹങ്ങളും മോഹഭംഗങ്ങളും അടയാളപ്പെടുത്തുന്നതാണ് വീണ റോസ്കോട്ടിന്റെ പുതിയ നോവൽ ‘ആട്ടം’.
തിരുവനന്തപുരം നഗരമാണ് ‘ആട്ട’ത്തിന്റെ പശ്ചാത്തലം. അവിടെ വിദ്യാർത്ഥികളായെത്തുന്ന, സങ്കീർണ വിചാരങ്ങളോടെ ജീവിതത്തെ സമീപിക്കുന്ന റൂമിയും അമേയയുമാണ് പ്രധാന കഥാപാത്രങ്ങൾ. അവരിലൂടെ തിരുവനന്തപുരത്തിന്റെ കാഴ്ചകളെ, അനുഭവങ്ങളെ, രുചികളെ, അതു പകരുന്ന അതിരുകളില്ലാത്ത കൗതുകങ്ങളെയൊക്കെ വീണ കവിതയോടൊട്ടി നിൽക്കുന്ന ശൈലിയിൽ, ഒഴുക്കോടെ അവതരിപ്പിക്കുന്നു.
‘നോവൽ സ്ട്രക്ചർ’ എന്ന ആശയത്തെ വീണ ആട്ടത്തില്‍ പരിഗണിക്കുന്നില്ല.പരമ്പരാഗത നോവൽ സങ്കൽപ്പങ്ങളെ നിരാകരിക്കുന്നതാണ് ‘ആട്ട’ത്തിന്റെ ആഖ്യാനം. ഒരു കവിത വായിക്കും പോലെ തോന്നും. കനം കുറഞ്ഞ പദങ്ങൾ. പുതിയ കാലത്തിന്റെ തോന്നലുകളെ, ആകാംക്ഷകളെ ചേർത്തു പിടിച്ചു നീങ്ങുന്ന ലളിതമായ എഴുത്ത്. ഭാരമില്ലാത്ത ചിന്തകൾ, അവ പകരുന്ന കൗതുകങ്ങൾ, അന്ത്യത്തിലെ വഴിത്തിരിവു നൽകുന്ന ഞെട്ടലും നിരാശയും... ഇതൊക്കെ ‘ആട്ട’ത്തെ വേറിട്ടുനിർത്തുന്നു.
ഒരു സംഭവത്തെ അല്ലെങ്കിൽ അനുഭവത്തെ പല ശാഖകളായി, കാലബോധത്തോടെ, എഴുതിപ്പോകുകയല്ല വീണ. നഗരത്തിൽ ഒരു പ്രത്യേക ഘട്ടത്തിൽ കുറച്ചു മനുഷ്യരുടെ ജീവിതത്തിലുണ്ടായ കാര്യങ്ങളെ ഫാന്റസിയുടെയും മാജിക്കൽ റിയലിസത്തിന്റെയുമൊക്കെ സാധ്യതകളുപയോഗിച്ചു വിവരിക്കുകയാണ് നോവലിസ്റ്റ്. ജീവിതത്തോടുള്ള ‘2 കെ കിഡ്സ്’ന്റെ സമീപനം വിവരിക്കുന്ന ‘ഒരു ന്യൂ ജനറേഷൻ’ നോവൽ എന്നും ആട്ടത്തെ വിശേഷിപ്പിക്കാം.

‘ഒാപ്പൺ ഡിഫൻസ്’ എന്ന നോവലിലൂടെയും മറുകുമുട്ടായി, അരശുപ്പള്ളി എന്നീ കഥാസമാഹാരങ്ങളിലൂടെയും ഇതിനോടകം വായനക്കാർക്കിടയിൽ ശ്രദ്ധേയയാണ് വീണ.
പെൺകൂട്ടായ്മയുടെ ആഘോഷം പ്രമേയമായി വരുന്നതാണ് വീണയുടെ ആദ്യ നോവൽ ‘ഒാപ്പൺ ഡിഫൻസ്’. അക്കാദമിക് ജീവിതത്തിന്റെ പശ്ചാത്തലത്തിൽ പെൺജീവിതം എന്ന അതി ബൃഹത്തായ ഒരു അന്വേഷണത്തിന് തുടക്കമിടുന്ന ആഖ്യാനം. ‘ആട്ട’ത്തിലേക്കെത്തുമ്പോഴും പ്രമേയ സ്വീകരത്തിൽ വ്യത്യസ്തതയ്ക്കുള്ള വീണയുടെ ശ്രമം അഭിനന്ദിക്കപ്പെടും. തിരുവനന്തപുരം നഗരത്തിൽ ജീവിച്ചിട്ടുള്ളവർക്ക്, ആ നഗരത്തിന്റെ ഉൻമാദങ്ങളെ അനുഭവിച്ചവർക്ക് ‘ആട്ടം’ തങ്ങളുടെ ഹൃദയത്തോടു കൂടുതൽ ചേർന്നു നിൽക്കുന്നതായി തോന്നും. എവിടെപ്പോയാലും തന്നിലേക്കു തിരികെയെത്താൻ പ്രേരിപ്പിക്കുന്ന മാജിക്കാണ് ഒരിക്കലെങ്കിലും വന്നു പോയവരിൽ ഈ നഗരം അവശേഷിപ്പിക്കുക. അങ്ങനെയൊരു ഗൃഹാതുരത്വം ഓരോ വരിയിലും ‘ആട്ടം’ കരുതിവച്ചിട്ടുണ്ട്. മനോരമ ബുക്സ് ആണ് ‘ആട്ട’ത്തിന്റെ പ്രസാധനം. ചുരുക്കട്ടേ, ലളിതമായ വായന ആഗ്രഹിക്കുന്നവർക്ക്, ഉൻമാദത്തിന്റെ അക്ഷരാനന്ദങ്ങളിൽ വിരാചിക്കാൻ മോഹിക്കുന്നവർക്ക് ‘ആട്ടം’ മുഷിയില്ല – ഉറപ്പ്!