Friday 22 April 2022 11:57 AM IST : By സ്വന്തം ലേഖകൻ

‘ഇത്രപെട്ടെന്നങ്ങോട്ട് പോവുമെന്ന് ആരാണ് കരുതിയത്...മരവിപ്പ് മാറിയിട്ടില്ല... അത്ര പെട്ടെന്ന് മാറുന്ന മരവിപ്പല്ല..’: കുറിപ്പ്

binu-m-pallippadu

കവിയും പുല്ലാങ്കുഴൽ വാദകനുമായ ബിനു എം പള്ളിപ്പാടിന്റെ അപ്രതീക്ഷിത മരണത്തിന്റെ ഞെട്ടലിലാണ് പ്രിയപ്പെട്ടവർ. 47 വയസായിരുന്നു. പാൻക്രിയാസിലെ രോഗബാധയെ തുടർന്ന് കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിൽ രണ്ടാഴ്ചയോളമായി ചികിത്സയിലായിരുന്നു ബിനു.

കുമളിയിലാണ് താമസം. ഭാര്യ അമ്പിളി കെ. ആർ.

1974ൽ ഹരിപ്പാടിന് സമീപം പള്ളിപ്പാടാണ് ബിനുവിന്റെ ജനനം. അച്ഛൻ മയിലൻ, അമ്മ ചെല്ലമ്മ. പള്ളിപ്പാട് നടുവട്ടം ഹൈസ്കൂളിലും പരുമല ദേവസ്വം ബോർഡ് കോളജിലുമായി വിദ്യാഭ്യാസം. 1993 മുതൽ ആനുകാലികങ്ങളിൽ കവിതകൾ എഴുതുന്നു. കവിതയോടൊപ്പം പുല്ലാങ്കുഴലും അഭ്യസിച്ച അദ്ദേഹം ബാവുൽ ഗായകർക്കൊപ്പം കേരളത്തിലും വടക്കുകിഴക്കൻ സംസ്ഥാനങ്ങളിലും യാത്ര ചെയ്ത് സംഗീത പരിപാടികൾ അവതരിപ്പിച്ചു.

2009ൽ പുറത്തിറങ്ങിയ പാലറ്റ് ആണ് ആദ്യ കവിതാ സമാഹാരം. 2013 ൽ അവർ കുഞ്ഞിനെ തേടുമ്പോൾ എന്ന സമാഹാരവും പ്രസിദ്ധീകരിച്ചു. വിവർത്തകനുമായിരുന്നു.

ഇപ്പോഴിതാ, ബിനുവിന്റെ ഓർമകൾ പങ്കുവച്ച് കവിയും ചലച്ചിത്ര നിരൂപകനുമായ ശൈലൻ ഫെയ്സ്ബുക്കിൽ എഴുതിയ കുറിപ്പ് ഹൃദയസ്പർശിയാണ്.

ശൈലന്റെ കുറിപ്പ് –

ബിനു..

എന്നായിരുന്നു പരിചയമായത്..

അറിയില്ല..

എന്നാണ് കൂട്ടായത്..

അതുമറിയില്ല..

പക്ഷേ, കവിതയുമായി ബന്ധപ്പെട്ട പഴക്കമുള്ള ഓർമ്മകളിൽ വരെ അവനുണ്ട്..

അന്നെല്ലാം ഞങ്ങൾ അടുപ്പമുള്ളവരാണ്..

അതിന് സോഷ്യൽമീഡിയക്കാലം വരേണ്ട ആവശ്യമൊന്നുമില്ലായിരുന്നില്ല.. അതിനൊക്കെ എത്രയോ മുൻപ് തന്നെ ആ കൂട്ട് ലൈവായിരുന്നു..

ശൈലനേ... എന്നായിരുന്നു അവനെന്നെ വിളിച്ചിരുന്നത്.. അങ്ങനെ ജീവിതത്തിൽ മറ്റാരുമെന്നെ വിളിച്ചിട്ടില്ല..

സംസാരത്തിന്റെ ഇടയ്ക്കെല്ലാം മനുഷനേ.., എന്നുള്ള വിളികളും ഉണ്ടാവും..

ഏറെ ഇഷ്ടമായിരുന്നു, എനിക്കാ വിളികൾ..

മനുഷനേ...

മനുഷനേ...

മനുഷനേ...

മനുഷ്യൻ

അത് തന്നെയാണ് ഉണ്മ.. അവന് ഞാൻ കവിയൊന്നുമായിരുന്നില്ല..

എനിക്ക് അവനും.. ചങ്കിനാൽ കൊരുക്കപ്പെട്ട മനുഷർ.. ഉയിർ നൺപർ..

കവിതയൊന്നും ഞങ്ങളുടെ വർത്താനത്തിൽ അധികം വന്നതേയില്ല.. അല്ലാതെ തന്നെ, സംസാരിക്കാൻ ഏറെ സ്നേഹം ഉണ്ടായിരുന്നു..

2009 ൽ അവന്റെ ആദ്യപുസ്തകത്തിന്റെ (പാലറ്റ്) പ്രകാശനം നടന്നപ്പോൾ തലേന്ന് തന്നെ ചെന്ന് മാവേലിക്കരയിലെ പൂക്കട ജംഗ്ഷനിലുള്ള ഫേബിയന്റെ അന്നത്തെ ഓഫീസിൽ താമസിച്ച് ആഘോഷമാക്കിയത് ഓർക്കുന്നു..

അവന്റെ ഒരുപാട് ചങ്ക്‌സ് അന്നുമുതൽ എന്റെയും ചങ്ക്‌സ് ആയി.. മുൻപേ തന്നെ അടുപ്പമുണ്ടായിരുന്ന ചാരു നിവേദിതയും ചെന്നൈയിൽ നിന്നും തലേന്ന് തന്നെ എത്തിയിരുന്നു.. ഗംഭീരമായിരുന്നു ആ ദിവസങ്ങൾ.. പ്രകാശനച്ചടങ്ങും..

ഫോൺ വിളികളൊക്കെ വല്യ ആർഭാടമായിരുന്ന കാലത്ത് പോലും അവൻ ഇടക്കൊക്കെ വിളിച്ചു, മണിക്കൂറുകൾ വർത്താനം പറഞ്ഞു. ജീവിതം പറഞ്ഞു..കേട്ടു..

രണ്ടുപേർക്കും ഐഡിയ നമ്പർ ആണെന്നതും ഐഡിയ to ഐഡിയ ഓഫർ ഉണ്ടെന്നതും അതിന് ഉൽപ്രേരകമായി.. അവന്റെ സംസാരത്തിൽ സ്വാഭാവികമായുണ്ടായിരുന്ന ആണ്ട ഹ്യൂമർ, കെട്ടിയുണ്ടാക്കിയ തമാശക്കഥകൾ പൊലിപ്പിക്കാനുള്ള വൈദഗ്ധ്യം.. ദിവസങ്ങളോളം ആഴ്ചകളോളം അതെന്നിൽ ഉല്ലാസം നിറച്ചു..

തിരിച്ച് അവനെന്തെങ്കിലും ഉല്ലാസമാവാൻ എനിക്ക് കഴിഞ്ഞിരുന്നോ.. ആ.. അറിയില്ല..

കുമളിയിൽ അവൻ താമസിച്ചിരുന്നിടത്തും എപ്പോഴൊക്കെയോ പോയി.. അവസാനം പോയത് കോവിഡിന്റെ ഒന്നാം തരംഗം ഒന്ന് ശമിച്ച്, ആളുകളൊക്കെ ഭയപ്പാടോടെ മടിച്ച് മടിച്ച് പുറത്തിറങ്ങി തുടങ്ങിയ കാലത്താണ്..

ലത്തീഫും നാസറും ഞാനും കൂടി ലക്ഷ്യമൊന്നുമില്ലാത്ത ഒരു തുറന്നൊഴുക്കിൽ, കുറെ സഞ്ചരിച്ചു.. എനിക്ക് അത്രയും സ്വാതന്ത്ര്യമുള്ള കോവിഡ്ഭയപ്പാടോടെ നമ്മളെ സംശയത്തോടെ നോക്കുമെന്ന് പേടിയില്ലാത്ത കുറച്ചാളുകളുടെ അടുത്ത് ഞങ്ങൾ പോയി.. കുമളിയിൽ അവന്റെ വീട്ടിലും പോയി..

അന്നവിടെ താമസിക്കാനൊന്നും സാധിച്ചില്ല എങ്കിലും, പോരുമ്പോഴേക്കും ലത്തീഫിന്റെയും നാസറിന്റെയും പ്രിയങ്കരനായി മാറി ബിനു..

അവന്റെ സംസാരം..

അവന്റെ കവിത..

അവന്റെ പുല്ലാങ്കുഴൽ..

എങ്ങനെ പ്രിയങ്കരനാവാതിരിക്കും..

കോഴിക്കോട് എന്തെങ്കിലും പരിപാടികൾക്ക് അവന്റെ പുല്ലാങ്കുഴൽകച്ചേരി വെക്കാൻ , അല്ലെങ്കിൽ കവിതയെക്കുറിച്ചുള്ള എന്തെങ്കിലും പ്രോഗ്രാമിൽ സംസാരിപ്പിക്കാൻ അവർ അന്നുമുതൽ ശ്രമിക്കുന്നതാ.. ഒരിക്കൽ നോട്ടീസിൽ പേര് വരെ അടിച്ചു..

നിർഭാഗ്യവശാൽ അത് സംഭവിക്കുകയുണ്ടായില്ല..

എന്തുചെയ്യാൻ..

തമിഴിനോടും തമിഴ്നാടിനോടും ഒബ്സെഷൻ ഉള്ള രണ്ടുപേരെന്ന നിലയിൽ, ഇന്റീരിയർ തമിഴ്നാട്ടിലൂടെ അവനോടൊപ്പമുള്ള ഒരു നീണ്ട അലച്ചിൽ എൻറെയൊരു ആഗ്രഹമായിരുന്നു.. അവനും അത് പറയാറുണ്ടായിരുന്നു.. സംഭവിക്കുകയുണ്ടായില്ല.. എന്തുചെയ്യാൻ..

വയ്യ എന്ന് അവൻ പറയാറുണ്ടായിരുന്നു.. അസുഖത്തിന്റെ വിവരങ്ങൾ പറയാറുണ്ടായിരുന്നു.. ഇത്രപെട്ടെന്നങ്ങോട്ട് പോവുമെന്ന് ആരാണ് കരുതിയത്..

രാവിലെ വൈകിയാണ് ഫോൺ നോക്കിയത്..

മരവിച്ചുപോയി കുറച്ചുനേരം കിടന്നു..

മരവിപ്പ് മാറിയിട്ടില്ല..

അത്ര പെട്ടെന്ന് മാറുന്ന മരവിപ്പല്ല..

എന്നിട്ടും അതിനിടയിൽ ഇതെങ്ങനെ എഴുതുന്നു എന്നു ചോദിച്ചാൽ, അവനെക്കുറിച്ച് ഇത്രയെങ്കിലും എഴുതിയിട്ടില്ലെങ്കിൽ പിന്നെ എന്നെയെന്തിന് കൊള്ളാം.

നമ്മളിനിയുമെന്നെങ്കിലും ഒരുപാട് ഒന്നിച്ച് തമിഴ്‌നാട്ടിന്റെ ഉള്ളകങ്ങളിലൂടെ തെണ്ടിക്കറങ്ങുമായിരിക്കും.. അല്ലേടാ ഉയിർ നൺപാ.. പച്ചമനുഷ്യാ..

വിട പറയുന്നില്ല നിന്നോട്..