Saturday 27 April 2024 11:35 AM IST

‘എന്നെ സംബന്ധിച്ച് ലേഖനത്തിലുള്ളതെല്ലാം ആത്മകഥാപരമാണ്’: ഫിക്ഷൻ പോലെ ആസ്വദിക്കാവുന്ന ‘വെളിച്ചമന്യോന്യം’

V.G. Nakul

Sub- Editor

ajai-p-mangattu-1

ഫിക്ഷൻ പോലെ ആസ്വദിക്കാവുന്നതാണ് അജയ് പി. മങ്ങാട്ടിന്റെ നോൺ ഫിക്ഷൻ രചനകളും. സാഹിത്യസംബന്ധിയായ ഒരു ലേഖനത്തെ, അല്ലെങ്കിൽ വായനാനുഭവത്തെ കഥ പോലെ പരിചരിക്കുന്ന ശൈലിയാണ് അജയ്‌യെ വേറിട്ടു നിർത്തുന്നത്. കടിച്ചാൽ പൊട്ടാത്ത സിദ്ധാന്തങ്ങളോ, അനാവശ്യമായ അക്കാഡമിക് പ്രകടനങ്ങളോ ആ എഴുത്തുകളിൽ കാണാറേയില്ല. മഴ തോർന്ന ശേഷമുള്ള നേരിയ തണുപ്പിൽ, കുന്നിൻ മുകളിലെ ചെറിയ വീടിന്റെ വരാന്തയിലിരുന്നു ഒരു പ്രിയപ്പെട്ട സുഹൃത്തിനോട് താൻ കണ്ട ഒരു സ്വപ്നം വിവരിക്കും പോലെയാണ് ‌‌‌അദ്ദേഹത്തിന്റെ മിക്ക ലേഖനങ്ങളും. നോവലുകളിലാകട്ടെ, ഭാവനയുടെ സകല സ്വാതന്ത്ര്യവും എടുത്തുപയോഗിക്കുന്നതിലാണ് തൃപ്തി. ആകസ്കിയൊടുങ്ങാത്ത വായനക്കാരനായി, സാഹിത്യത്തിൽ മുങ്ങി ജീവിക്കുന്ന ഒരാള്‍ ഇങ്ങനെയല്ലാതെ മറ്റെങ്ങനെയെഴുതാൻ. അജയ്‌യുടെ തിരഞ്ഞെടുത്ത ലേഖനങ്ങളുടെ പുതിയ സമാഹാരമായ ‘വെളിച്ചമന്യോന്യം’വും മേൽപറഞ്ഞവയെ കൃത്യമായി സാധൂകരിക്കുന്നു. താൻ വായിച്ച കൃതികളിലൂടെ, കണ്ട സിനിമകളിലൂടെ, അറിഞ്ഞ മനുഷ്യരിലൂടെ, അനുഭവിച്ച സാഹചര്യങ്ങളിലൂടെയുള്ള എഴുത്തുകാരന്റെ കടന്നു പോകലുകൾ എവിടെയും വായനക്കാരെ തീരേ മുഷിപ്പിക്കുന്നില്ല. മനോരമ ബുക്സ് പ്രസിദ്ധീകരിച്ച ‘വെളിച്ചമന്യോന്യം’ മലയാളത്തിലെ വായനാസമൂഹത്തിനു ലഭിക്കുന്ന മികച്ച ഒരു നോൺഫിക്ഷൻ കൃതിയാണെന്നതിൽ തർക്കമേതുമില്ല. പുസ്തകത്തിന്റെ പശ്ചാത്തലത്തിൽ അജയ് സംസാരിക്കുന്നു –

വായനയുമായി ബന്ധപ്പെട്ട് സമീപകാലത്ത് താങ്കള്‍ എഴുതിയ ഭൂരിപക്ഷം ലേഖനങ്ങളിലും വ്യക്തിപരമായ ചില അനുഭവങ്ങള്‍ അല്ലെങ്കിൽ ഓർമകളാണ് ആഖ്യാനത്തെ നിർണയിക്കുന്നത്. അതാകട്ടേ, പലപ്പോഴും ഫിക്ഷന്റെ സ്വഭാവം പ്രകടിപ്പിക്കുന്നവയുമാണ്. എങ്ങനെയാണ് ഈ ശൈലിയിലേക്ക് എത്തിയത് ?

ലേഖനം (എസേ) വശീകരണസ്വഭാവമുള്ള ഭാഷാവിഷ്കാരമാണ്. ഒരു പൊന്മാൻ പോലെ ചടുലവും ഉത്സാഹഭരിതവുമാണു ലേഖനമെന്നതാണു ഈ വശീകരണത്തിനു കാരണം. എന്നാൽ നല്ല ഗദ്യമെഴുത്ത്‌ പ്രയാസകരമാണ്‌. എന്നെ സംബന്ധിച്ചിടത്തോളം, ലേഖനത്തിലുള്ളതെല്ലാം ആത്മകഥാപരമാണ്. ഫിക്‌ഷൻ ആകട്ടെ ആത്മകഥയിൽ നിന്നു പരമാവധി അകലുകയും ചെയ്യുന്നു. ലേഖനങ്ങളിൽ മിക്കവാറും ഏതെങ്കിലും വായനയുടെ അനുഭവത്തെ ഓർമിക്കുകയാണു ചെയ്യുക. സ്വന്തം ഓർമയിൽ നിന്നാണു വിശകലനം ഉണ്ടാകുന്നത്. ഞാൻ ഈ രീതിയാണു പിന്തുടരുന്നത്‌. പക്ഷേ ഇത്‌, ഒരു കഥയിലോ അനുഭവത്തിലോ വിശകലനം തുടങ്ങുക എന്നത്, വളരെ പഴയ ഒരു രീതിയാണ്. ഉദാഹരണത്തിന് ഒ.വി. വിജയൻ, സി.ജെ. തോമസ്, ആനന്ദ് എന്നിവരൊക്കെ ഏറ്റവും വ്യക്തിനിഷ്ഠമെന്നു തെളിയും വിധം മികച്ച ലേഖനങ്ങൾ എഴുതിയിട്ടുണ്ട്. ജി.കെ. ചെസ്റ്റർട്ടൻ, എലിയറ്റ്‌ വെയ്ൻബർഗർ തുടങ്ങിയവരും എസേ എന്ന രൂപം വലിയ തോതിൽ പേഴ്സലൈസ്‌ ചെയ്തു. അതിനാൽ ‘ഫിക്ഷനൽ’ എന്നു തോന്നുമെങ്കിലും അതു ഫിക്ഷനെത്തന്നെ വിശകലനം ചെയ്യാനാണു ശ്രമിക്കുന്നത്.

പുസ്തകങ്ങളെ അല്ലെങ്കിൽ സാഹിത്യരചനകളെ താങ്കള്‍ വായിക്കുകയല്ല, അനുഭവിക്കുകയാണെന്ന് തോന്നാറുണ്ട്. വൈകാരികമായ ഒരു ഊന്നലോടെയാണ് കൃതികളെ വിലയിരുത്തുന്നതും ?

ഞാൻ ആദ്യകാലത്തു ബുക് റിവ്യൂ തുടർച്ചയായി എഴുതിയിരുന്നു. പിന്നീട് അത് കുറച്ചുകൂടി വിശാലമായ പുസ്തകവിചാരമാക്കി വികസിപ്പിച്ചു. ബോർഹെസ് പറഞ്ഞിട്ടുണ്ട്, കവിതയിൽ തനിക്ക് ഏയ്സ്തെറ്റിക്സ്‌ ഇല്ല എന്ന്. ലേഖനമെഴുതുന്ന ഞാൻ സാഹിത്യസിദ്ധാന്തങ്ങൾ അടിസ്ഥാനമാക്കുന്നില്ല. എന്നാൽ ബാർത്തിനെ‌ എനിക്ക്‌ ഒരുപാട്‌ ഇഷ്ടമാണ്‌.

ഞാൻ ക്രിട്ടിക്കൽ പ്രോസാണ് എഴുതുന്നത്. അതു സാഹിത്യവും റീഡറും തമ്മിലുള്ള ആത്മബന്ധത്തിന്റെ ഉൽപന്നമാണ്. അതിന്റെ ഉള്ളടക്കം വൈകാരികമായ, വ്യക്തിനിഷ്ഠമായ ഒരു സത്തയിൽനിന്നു പുറപ്പെട്ടു വരുന്നതാണ്.

ajai-p-mangattu-2

ഭൗതികമായെല്ലെങ്കിൽ പോലും, വിചാരത്തിൽ, ഓരോ നിമിഷവും, എന്തു പ്രവൃത്തിയിൽ ഏർപ്പെടുമ്പോഴും, അപ്പോൾ വായിക്കുന്ന ഒരു പുസ്തകം അജയ്ക്കൊപ്പം സഞ്ചരിക്കുന്നതായി തോന്നാറുണ്ട് ?

ഏതെങ്കിലും ഒരു പുസ്തകത്തെ, അതോർമിപ്പിക്കുന്ന മറ്റനേകം പുസ്തകങ്ങളെ വിചാരിക്കാതെ അടുത്ത നിമിഷത്തിലേക്കു പോകാനാവില്ല. പ്രേമത്തിലായിരിക്കുന്ന ആൾ ആ പ്രേമത്തെപ്പറ്റി മിക്കവാറും ഓർത്തുകൊണ്ടിരിക്കുമല്ലോ. അതെപോലെ ഒരു ജാഗ്രതയാണ് ഭാഷയിൽ ജീവിക്കുമ്പോൾ ഒരാൾക്ക്‌ സംഭവിക്കുന്നത്.

ലോകം അവസാനിക്കുന്നില്ല, രക്തത്തിന്റെ ആഴങ്ങളിൽ, പറവയുടെ സ്വാതന്ത്ര്യം, വെളിച്ചമന്യോന്യം... താങ്കളുടെ ലേഖനങ്ങൾ സമാഹരിച്ചിട്ടുള്ള പുസ്തകങ്ങൾക്ക് നൽകിയ പേരുകളാണിവ. ഒട്ടും ഭാരമില്ലാത്ത, ഫിക്ഷനോട് കൂടുതൽ ചേർന്നു നിൽക്കുന്ന തലക്കെട്ടുകൾ. ‘സുന്ദരമായത്’ എന്ന മാനദണ്ഡത്തിലാണോ ഈ തിരഞ്ഞെടുപ്പുകൾ ?

രക്തത്തിന്റെ ആഴങ്ങളിൽ’ എന്നതു റിൽക്കെയുടെ ഒരു കവിതയിലെ വരിയാണ്‌. ‘ലോകം അവസാനിക്കുന്നില്ല’ എന്നത് സച്ചിദാനന്ദന്റെ ഒരു കവിതയിലുള്ളതാണ്. ‘The World Doesn't End’ എന്ന പേരിൽ ചാൾസ് സിമിക് ഒരു പുസ്തകമെഴുതിയിട്ടുള്ളതു പിന്നീടു കണ്ടു. ‘പറവയുടെ സ്വാതന്ത്ര്യം’ എന്ന പേരിടാനുള്ള പ്രചോദനം പോളിഷ് നോവലിസ്റ്റായ ഓൾഗ തൊകാർചൂക്കിന്റെ ‘ഫ്ലൈറ്റ്സ്’ എന്ന കൃതിയാണ്. ‘വെളിച്ചമന്യോന്യം’ എന്നത് ജിയുടെ ഒരു കവിതയിലെ സന്ദർഭമാണ്. ഈ പുസ്തകത്തിൽ ഞാനേറ്റവും കൂടുതൽ ഉദ്ധരിച്ചിട്ടുള്ള കവികളിലൊരാൾ ജിയാണ്. ഇത്തരത്തിൽ കലാബന്ധങ്ങളുടെ ഒരു ശൃംഖലയിലൂടെ മുന്നോട്ടുസഞ്ചരിക്കുന്നതാണ് ലേഖനമെഴുത്തിന്‌ ആയുസ്സു നൽകുന്നത്.