Thursday 09 December 2021 12:44 PM IST : By സ്വന്തം ലേഖകൻ

എടിഎം കാർഡ് തട്ടിപ്പ്, ഒറ്റ ക്ലിക്കിൽ നഷ്ടമായത് 95,000 രൂപ; നഷ്ടപ്പെട്ട തുക വീണ്ടെടുത്തു നൽകി സൈബർ പൊലീസ്

atm-cardddfkeraaa6767

എടിഎം കാർഡുമായി ബന്ധപ്പെട്ട തട്ടിപ്പുകൾ വ്യാപകമാകുന്നു. ഒറ്റ ക്ലിക്കിൽ കഴിഞ്ഞ ദിവസം ആലുവ സ്വദേശിയായ യുവാവിനു നഷ്ടപ്പെട്ടത് 95,000 രൂപയാണ്. എന്നാൽ സൈബർ പൊലീസിന്റെ സമയോചിതമായ ഇടപെടലിൽ നഷ്ടപ്പെട്ട തുക യുവാവിന് തിരികെ കിട്ടി. എടിഎം കാർഡ് തട്ടിപ്പുമായി ബന്ധപ്പെട്ട് കേരളാ പൊലീസ് ഫെയ്സ്ബുക് പേജിലൂടെ മുന്നറിയിപ്പ് നൽകി.  

കേരളാ പൊലീസ് പങ്കുവച്ച കുറിപ്പ് വായിക്കാം; 

എടിഎം കാർഡ് പാൻ കാർഡുമായി ബന്ധിപ്പിക്കണമെന്ന മൊബൈൽ ഫോൺ സന്ദേശത്തിന്റെ ലിങ്കിൽ ക്ലിക്ക് ചെയ്ത ആലുവ സ്വദേശിയായ യുവാവിനു നഷ്ടപ്പെട്ട 95,000 രൂപ റൂറൽ ജില്ലാ സൈബർ പൊലീസ് വീണ്ടെടുത്തു നൽകി. പാൻ കാർഡും എടിഎം കാർഡും തമ്മിൽ ബന്ധിപ്പിക്കണമെന്നു പറഞ്ഞു നിരന്തരം സന്ദേശങ്ങൾ വന്നെങ്കിലും യുവാവ് അവഗണിച്ചിരുന്നു. 

ഒടുവിൽ എടിഎം കാർഡ് ‘ഇനി ഒരറിയിപ്പില്ലാതെ നിശ്ചലമാകു’മെന്ന അന്ത്യശാസനത്തിൽ കുടുങ്ങി. ഉടൻ മൊബൈലിലെ ലിങ്കിൽ ക്ലിക്ക് ചെയ്തു. ദേശസാൽകൃത ബാങ്കിന്റെ വ്യാജ വെബ് സൈറ്റിലേക്കാണ് അതു പോയത്. യൂസർ നെയിമും പാസ്‌വേഡും ഉൾപ്പെടെ അവർ ആവശ്യപ്പെട്ട വിവരങ്ങളെല്ലാം യുവാവ് ടൈപ്പ് ചെയ്തു നൽകി. ഉടൻ ഒടിപി നമ്പർ വന്നു. അതും അടിച്ചു കൊടുത്തു. താമസിയാതെ ഉത്തരേന്ത്യൻ തട്ടിപ്പു സംഘം യുവാവിന്റെ അക്കൗണ്ടിലെ പണം  മുഴുവൻ തൂത്തുവാരി.  

യുവാവ് പരാതി നൽകിയപ്പോഴേക്കും സംഘം ഈ തുക ഉപയോഗിച്ച് ഓൺലൈൻ വ്യാപാര സ്ഥാപനത്തിൽ നിന്നു പർച്ചേസ് നടത്തിയിരുന്നു. മൂന്നു തവണയായാണു പർച്ചേസ് നടത്തിയതെന്ന് കണ്ടെത്തി ഓൺലൈൻ സ്ഥാപനവുമായി ബന്ധപ്പെട്ടു പർച്ചേസ് റദ്ദാക്കിയാണു നഷ്ടപ്പെട്ട തുക വീണ്ടെടുത്തു നൽകിയത്.