Thursday 14 April 2022 03:46 PM IST : By സ്വന്തം ലേഖകൻ

മോഷ്ടിച്ചോളൂ, എന്നു ക്ഷണിക്കുന്ന പിൻ; എടിഎം പിൻ തിരഞ്ഞെടുക്കുമ്പോൾ എന്തെല്ലാം ശ്രദ്ധിക്കണം?

atm-rredcghhh

എടിഎം പിൻ തിരഞ്ഞെടുക്കുന്നതിൽ കരുതലും ശ്രദ്ധയും ഉണ്ടായാൽ അത് വഴി ഉണ്ടായേക്കാവുന്ന റിസ്ക് പൂർണമായും ഇല്ലാതാക്കി, സുരക്ഷിത ബാങ്കിങ് നടത്താം.

∙ നാലക്ക രഹസ്യകോഡ് അഥവാ പിൻ ഉപയോഗിച്ചാണല്ലോ നമ്മൾ എടിഎം കേന്ദ്രത്തിൽ ഡെബിറ്റ് കാർഡ് ഇടപാടുകൾ നടത്തുന്നത്. പേരു പോലെ തന്നെ പിൻ വ്യക്തിഗത രഹസ്യ അക്കക്കൂട്ടമാണ്. ഈ നാലക്കം തിരഞ്ഞെടുക്കുമ്പോൾ ശ്രദ്ധ പുലർത്തേണ്ടതുണ്ട്.

ആദ്യത്തെ ഇടപാടിനായി ബാങ്ക് അയച്ച് തരുന്ന പിൻ ഉപയോഗം ഒറ്റത്തവണ മാത്രമായി പരിമിതപ്പെടുത്തുക, അതായത് ആ പിൻ ഉപയോഗിച്ച് കാർഡിൽ പ്രവേശിച്ച് പിൻ മാറ്റം വരുത്തുക. ഇതിനുള്ള സംവിധാനം കാർഡ് ഇട്ട് പിൻ രേഖപ്പെടുത്തി വരുന്ന സ്ക്രീനിൽ ഉണ്ടാകും, പിൻ ചെയ്ഞ്ച് / പിൻ മാറ്റം വരുത്തുക എന്ന ബട്ടനിൽ ക്ലിക്ക് ചെയ്ത് നമ്മുടെ സ്വകാര്യമായ പിൻ തിരഞ്ഞെടുക്കാം.

∙ ജനിച്ച വർഷം, നടപ്പ് വർഷം (2022), 1234, 5678 പോലെയുള്ള ഊഹിക്കാൻ വളരെയെളുപ്പമുള്ള നാലക്കം തിരഞ്ഞെടുക്കരുത്. നമുക്ക് ഓർമിക്കാൻ എളുപ്പമാകണം എ ന്നാൽ മറ്റുള്ളവർക്ക് ഊഹിക്കാൻ പറ്റാത്ത പിൻ തിരഞ്ഞെടുക്കാം.

∙ കടകളിലെ സ്വൈപ്പിങ് മെഷീനിൽ പിൻ രേഖപ്പെടുത്തുമ്പോൾ ആരെങ്കിലും കണ്ടെന്നോ അല്ലെങ്കിൽ മറ്റേതെങ്കിൽ തരത്തിൽ അറിഞ്ഞെന്നോ തോന്നിയാൽ താമസിയാതെ തന്നെ പിൻ മാറ്റി മറ്റൊന്ന് തിരഞ്ഞെടുക്കുക.

∙ഡെബിറ്റ് കാർഡ് വയ്ക്കുന്ന കടലാസ് കവറിന്റെ പുറത്ത് പിൻ എഴുതി വയ്ക്കുക എന്ന അബദ്ധം ആരും ചെയ്യരുത്. കാർഡ് കൈമോശം വരികയോ മോഷണം പോയാലോ അത് കിട്ടുന്നവർക്ക് പണമെടുക്കാൻ എളുപ്പമുണ്ടാക്കുന്ന പണി നമ്മൾ നേരത്തെ ചെയ്ത് വച്ചത് പോലെ ആകുമത്.

-വി.കെ. ആദർശ്, ചീഫ് മാനേജർ ടെക്നിക്കൽ, യൂണിയൻ ബാങ്ക് ഓഫ് ഇന്ത്യ