അത്ര ആവശ്യമില്ലെങ്കിൽ പോലും ക്രെഡിറ്റ് കാർഡ് വാങ്ങി വയ്ക്കാൻ മിക്കവർക്കും വലിയ ഉത്സാഹമാണ്. കുറച്ചു നാൾ ഉപയോഗിച്ച ശേഷം ചെലവുകളിൽ നിയന്ത്രണം ഏർപ്പെടുത്താനെന്ന മട്ടിൽ പലരും കാർഡ് ഉപയോഗിക്കേണ്ട എന്നു തീരുമാനിച്ചേക്കും. പക്ഷേ, അങ്ങനെ ക്രെഡിറ്റ് കാർഡുകൾ ചുമ്മാ കയ്യിൽ വയ്ക്കരുത്.
നിലവിൽ ബിൽ തുക ഇല്ല എന്നു കരുതി കാർഡ് ഉപയോഗിക്കാതിരുന്നാൽ പോരേ എന്നു വിശ്വസിച്ചു മാറ്റിവയ്ക്കുന്നത് മണ്ടത്തരമാണ്. അങ്ങനെ വച്ചിരുന്നാൽ അതു റദ്ദാകുന്നില്ല. ഉപയോഗിക്കാത്ത ക്രെഡിറ്റ് കാർഡുകൾ കൃത്യമായ നടപടിക്രമം പാലിച്ചുതന്നെ ക്ലോസ് ചെയ്തു മാറ്റണം. ഉപയോഗിക്കാത്ത കാർഡ് ആയിരുന്നാൽ കൂടി ഒരു തവണത്തെ എങ്കിലും വാർഷിക ചാർജു വരാനും, അതു നി ങ്ങൾ അറിയാതെ മുടങ്ങിപ്പോയാൽ നിഷ്ക്രിയ ആസ്തി ആയി പൊല്ലാപ്പാകാനുള്ള സാധ്യതയും തള്ളിക്കളയാനാകില്ല. നിങ്ങളുടെ ക്രെഡിറ്റ് റിപ്പോർട്ടിൽ ഒരു വായ്പ ആയി അതു പ്രതിഫലിക്കും.
ഒന്നിലധികം ക്രെഡിറ്റ് കാർഡുകൾ ഉള്ളവർക്കും പതിവ് ഉപയോഗത്തിൽ വരാത്ത കാർഡുകൾ ക്ലോസ് ചെയ്യേണ്ട ആവശ്യം വരാം. ഒരു വർഷമായി ഇടപാടു നടക്കാത്ത കാർഡുകൾ, ഉപയോഗിക്കുന്ന ആളിനെ ബന്ധപ്പെട്ട് അനുമതി വാങ്ങി ബാങ്കു തന്നെ ക്ലോസ് ചെയ്യേണ്ടതാണെന്നും വ്യവസ്ഥ ഉണ്ട്.