ട്രെയിനിലോ പ്ലാറ്റ്ഫോമിലോ ബാഗോ വിലപിടിപ്പുള്ള മറ്റു സാധനങ്ങളോ വച്ചു മറന്നാൽ ഉടൻ എന്താണു ചെയ്യേണ്ടത്?
മറന്നു വച്ച കണ്ണടയെടുക്കാൻ വീണ്ടും ട്രെയിനിൽ കയറി തിരിച്ചിറങ്ങിയ യുവാവിനു ദാരുണാന്ത്യം. നീങ്ങിത്തുടങ്ങിയ ട്രെയിനിൽ നിന്ന് ഇറങ്ങാൻ ശ്രമിക്കുന്നതിനിടെ അടിയിലേക്കു വീഴുകയായിരുന്നു. ഇതു നടന്നത് കോട്ടയത്താണ്, ജനുവരി പത്തൊൻപാതാം തീയതി. ഇരുപത്തഞ്ചു വയസ്സുള്ള ചെറുപ്പക്കാരനായിരുന്നു ജീവൻ നഷ്ടമായത്. പ്രധാന സ്റ്റേഷനുകളിൽ അഞ്ചു മിനിറ്റും ചെറിയ സ്റ്റേഷനുകളിൽ ഒരു മിനിറ്റു മുതൽ മൂന്നു മിനിറ്റു വരെയും മാത്രമാണു ട്രെയിൻ നിർത്തുക. വിലപിടിപ്പുള്ള സാധനങ്ങളോ ബാഗോ വച്ചു മറന്നതു കൊണ്ടു ജീവൻ തന്നെ അപകടത്തിലാക്കാവുന്ന രീതിയിലുള്ള തീരുമാനങ്ങൾ എടുക്കരുത്. തിരികെ കിട്ടാൻ ഒരുപാടു വഴികൾ വേറെയുണ്ട്.
ട്രെയിനിൽ ബാഗോ മറ്റു സാധനങ്ങളോ വച്ചു മറന്നാൽ ഉടൻ ചെയ്യേണ്ട 5 കാര്യങ്ങൾ
1. മനസാന്നിദ്ധ്യം നഷ്ടമാക്കാതെ മൂന്നു കാര്യങ്ങൾ ഒാർത്തെടുക്കുക– 1.ട്രെയിൻ നമ്പർ. 2.കോച്ച് നമ്പർ. 3.ബർത് നമ്പർ. റിസർവ് ചെയ്ത യാത്ര ആയിരുന്നില്ലെങ്കിൽ ഏ താണ്ട് ഏതു ഭാഗത്താണു നിങ്ങൾ യാത്ര ചെയ്ത കോച്ച് എന്നും സീറ്റ് എന്നും ഒാർത്തെടുക്കുക.
2. ഏതു സ്റ്റേഷനിലാണ് ഇറങ്ങിയതെന്നും യാത്ര ചെയ്ത ടിക്കറ്റിന്റെ വിവരങ്ങളും എടുത്തു വയ്ക്കുക.
3. 139 എന്ന ടോൾഫ്രീ നമ്പറിൽ വിളിക്കുക. എല്ലാ പരാതികൾക്കും കൂടിയുള്ള ടോൾഫ്രീ നമ്പർ ആണ്. ബാഗ് വച്ചു മറന്നു എന്നതുൾപ്പെടെ സെക്യൂരിറ്റിയുമായി ബന്ധപ്പെട്ട പരാതികൾ ആർപിഎഫ്ന് കൈ മാറും.
4. കണ്ടെത്തിക്കഴിഞ്ഞാൽ ഉദ്യോഗസ്ഥർ വിവരം അറിയിക്കും. ആർപിഎഫ് ഒാഫിസിൽ പോയി സാധനങ്ങൾ ഏറ്റുവാങ്ങാം. തിരിച്ചറിയൽ രേഖകൾ കൊണ്ടുവരണം.
5.ഫോൺ തന്നെ വച്ചു മറന്നാൽ അടുത്തുള്ള സഹയാത്രികനെ കാര്യം ബോധ്യപ്പെടുത്തിയ ശേഷം ആ ഫോണിൽ നിന്ന് 139 വിളിക്കാവുന്നതാണ്.
പ്ലാൻ ബി – 5 കാര്യങ്ങൾ
1. റെയിൽവേ സ്റ്റേഷനിൽ ഇറങ്ങി, മൊബൈലും കയ്യിലില്ല. അപ്പോൾ ചെയ്യേണ്ടത്– ഡ്യൂട്ടിയിലുള്ള സ്റ്റേഷൻ മാസ്റ്ററെ വിവരം അറിയിക്കുക.
2. വലിയ സ്റ്റേഷനുകളിൽ ആർപിഎഫ് ഒാഫിസിലോ ഗ വൺമെന്റ് റെയിൽവേ പൊലീസ് സ്റ്റേഷനിലോ (ജിആർപി സ്റ്റേഷൻ) എത്തി പരാതി നൽകാവുന്നതാണ്.
3. ചില സ്റ്റേഷനുകളിൽ സ്റ്റേഷൻ മാസ്റ്റർ ആണുണ്ടാകുക. ആ സാഹചര്യത്തിൽ അവിടെയാണു പരാതിപ്പെടേണ്ടത്.
4. സ്റ്റേഷനിൽ നിന്നു പുറപ്പെട്ട ശേഷമാണു തിരിച്ചറിയുന്നതെങ്കിൽ 139 ൽ വിളിക്കുക.
5. 139 ലൈൻ ലഭ്യമാകുന്നില്ലെങ്കിൽ – ഗൂഗിളിൽ ഉദ്യോഗസ്ഥരുടെയും ഒാഫിസുകളുടെയും നമ്പരുകൾ ലഭ്യമാണ്. അതിൽ വിളിക്കുക.
പ്ലാറ്റ്ഫോമിൽ ബാഗ് വച്ചു മറന്ന് ട്രെയിനിൽ കയറിയാൽ ഉ ടൻ ചെയ്യേണ്ട 5 കാര്യങ്ങൾ
1. ഹെൽപ് ലൈൻ നമ്പരായ 139 ൽ വിളിക്കുക.
2. കോൾ കിട്ടാതിരിക്കുകയോ ഫോൺ കൈവശം ഇല്ലാതിരിക്കുകയോ ചെയ്താൽ ട്രെയിനിൽ നിന്ന് ചാടിയിറങ്ങാൻ ശ്രമിക്കരുത്.
ട്രെയിനിലുള്ള ടിടിഇയുമായി (ട്രെയിൻ ടിക്കറ്റ് എക്സാമിനർ) ബന്ധപ്പെടുക. അദ്ദേഹം കൺട്രോൾ റൂമിൽ വിവരം അറിയിക്കുകയോ ആ സ്റ്റേഷൻ മാസ്റ്ററുമായി ബന്ധപ്പെടാൻ ശ്രമിക്കുകയോ ചെയ്യും.
3. ട്രെയിനിൽ ആർപിഎഫ് ഉദ്യോഗസ്ഥർ ഉണ്ടെങ്കിൽ വിവരം അറിയിക്കുക.
4. ട്രെയിൻ മാനേജർ (ഗാർഡ്)നെ വിവരം അറിയിക്കുക.
5. ബാഗ് തിരികെ കിട്ടാനുള്ള വഴി–
1. കണ്ടെത്തി കഴിഞ്ഞാൽ ബാഗ് സുരക്ഷിതമായി ആർപിഎഫ് ഒാഫിസിൽ സൂക്ഷിക്കും. അവിടെ നിന്ന് തിരിച്ചെടുക്കാം.
2. ഇറങ്ങേണ്ട സ്റ്റേഷനിൽ എത്തിക്കഴിഞ്ഞാൽ അവിടെയുള്ള ആർപിഎഫ് ഒാഫിസിലെ ഇൻസ്പെക്ടർക്ക് (പോസ്റ്റ് കമാൻഡർ) അപേക്ഷ നൽകുക.
3. ബാഗ് ഉടമയ്ക്ക് എത്താനാകാത്ത സാഹചര്യം ഉണ്ടായാൽ അത്യാവശ്യ ഘട്ടങ്ങളിൽ അടുത്ത ബന്ധുക്കൾക്കോ സുഹൃത്തുക്കൾക്കോ ആർപിഎഫ് ഒാഫിസിൽ എത്തി തിരിച്ചറിയൽ രേഖകളുടെ സഹായത്തോടെ വാങ്ങാം. ∙