Thursday 13 June 2024 03:11 PM IST : By രതീഷ് ആർ. മേനോൻ

‘ബ്ലൂടൂത്ത് വഴി അടുത്തെത്തുന്നവരെ തിരിച്ചറിയും സാപ്പ’; പരിചയപ്പെടാം പുതുപുത്തന്‍ വാട്സാപ് ഫീച്ചറുകൾ

whattt-ratheesh

മെസേജിങ് പ്ലാറ്റ്ഫോമുകളിൽ ഏറ്റവും പ്രചാരമുള്ള വാട്സാപ് പുതുപുത്തൻ ഫീച്ചറുകൾ അവതരിപ്പിച്ചു വീണ്ടും കസ്റ്റമേഴ്സിനെ കയ്യിലെടുക്കുകയാണ്. അവ എന്താണെന്ന് അറിയുന്നതിനൊപ്പം മനസ്സറിഞ്ഞതു പോലെ പ്രവർത്തിക്കുന്ന ഒരു ആപ്ലിക്കേഷനെയും ഇക്കുറി പരിചയപ്പെടാം.

വാട്സാപ് ട്രിക്സ്

∙ വാട്സാപ്പിന്റെ ഹോം സ്ക്രീനില്‍ മുകളിലായി ക്യാമറ ഐക്കണിന് ഇടതുവശത്തായി ഇപ്പോള്‍ ഒരു ക്യുആര്‍ കോഡ് കാണാം. അതു സെലക്ട് ചെയ്യുമ്പോൾ ഓപ്പണാകുന്ന ക്യാമറ ഉപയോഗിച്ചു യുപിഐ ആപ്പുകളുടെ ക്യൂആര്‍ കോഡ് സ്കാന്‍ ചെയ്യാം. ഇങ്ങനെ സ്കാൻ ചെയ്തു പേയ്മെന്റ് അയക്കാന്‍ സാധിക്കും.

∙ ചാറ്റ് ചെയ്യുന്ന ഗ്രൂപ്പിലോ വ്യക്തികളുടെ ചാറ്റിലോ നമുക്കു വളരെ വേണ്ടപ്പെട്ട മെസേജ് പിന്‍ ചെയ്തു വയ്ക്കാറുണ്ടല്ലോ. ഒരു മെസേജ് ആണ് ഇത്തരത്തിൽ ഇതുവരെ പിൻ ചെയ്യാൻ ആകുമായിരുന്നത്. എന്നാല്‍ ഇനി ഇത്തരത്തില്‍ മൂന്നു മെസ്സേജുകൾ പിന്‍ ചെയ്തു വയ്ക്കാനാകും. 

വിൻഡോയുടെ മുകളിലെ പിന്‍ ചെയ്തതായി കാണിക്കുന്ന ഭാഗത്തു തൊ ട്ടാൽ (ടാപ് ചെയ്താല്‍) ഓരോ പ്രാവശ്യം ടാപ് ചെയ്യുമ്പോഴും പിന്‍ ചെയ്ത മെസേജുകള്‍ മാറി മാറി കാണാനാകും.

∙ ഒരു വാക്കിനു മുന്‍പു ബാക് ടിക് ഇട്ട ശേഷം ടൈപ്പ് ചെയ്ത് വീണ്ടും ബാക് ടിക് ഇട്ടു ക്ലോസ് ചെയ്താല്‍  ആ വാക്കിന്റെ മാത്രം ബാക്ക് ഗ്രൗണ്ടില്‍ ഒരു കളര്‍ മാറ്റം ഉള്ളതായി തോന്നും. ഒപ്പം അക്ഷരത്തിന്റെ സ്റ്റൈലും മാറും.

ആംഗിൾ ബ്രാക്കറ്റ് ഇട്ടു സ്പേസ് അമര്‍ത്തിയ ശേഷം ഒരു വാക്ക് ടൈപ്പ് ചെയ്തു സെൻഡ് ചെയ്താല്‍ ആ ടെക്സ്റ്റിനു നിറം മങ്ങിയതു പോലെ കാണാം. അതാണു ക്വാട്ട്.

∙ സ്റ്റാര്‍ ടൈപ്പ് ചെയ്തു സ്പേസ് അമര്‍ത്തിയ ശേഷം വാക്കുകള്‍ ടൈപ്പ് ചെയ്ത് എന്റര്‍ അമര്‍ത്തിയാല്‍ അതു ബുള്ളറ്റ് ലിസ്റ്റ് ആയി മാറും.

ഒന്ന് (1) എന്നു ടൈപ്പ് ചെയ്തു സ്പേസ് അമര്‍ത്തിയ ശേഷം വാക്കുകള്‍ ടൈപ്പ് ചെയ്ത് എന്റര്‍ ചെയ്താൽ അ തു നമ്പറുകള്‍ ഉള്ള ലിസ്റ്റ് ആയി മാറും.

മനസ്സറിയും സാപ്പ

ചില സന്ദര്‍ഭങ്ങളിലെങ്കിലും അപരിചിതരായ ചിലരെ കാണുമ്പോള്‍ അവരെ ഫ്രണ്ട്സാക്കണമെന്നു തോന്നാറില്ലേ. സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമുകളിൽ പരതിയാൽ ചിലപ്പോൾ അവരുടെ അക്കൗണ്ട് കണ്ടുകിട്ടണം എന്നുമില്ല. 

മറ്റു ചിലപ്പോൾ നമുക്ക് അങ്ങനെ സുഹൃത്താക്കണമെന്നു തോന്നാത്തവരുടെ പോലും ഫ്രണ്ട്സ് സജഷൻ വരുകയും ചെയ്യും.

മൊബൈലെടുത്തു നോക്കുമ്പോള്‍ അവളുടെ/ അവന്റെ പ്രൊഫൈല്‍ തെളിയുന്നു. നിങ്ങള്‍ ഫ്രണ്ട്സ് റിക്വസ്റ്റ് അയക്കുന്നു. അവരുമായി നിങ്ങള്‍ ചാറ്റ് ചെയ്യുന്നു. മനസ്സറിഞ്ഞെന്നതു പോലെ ഇവയൊക്കെ സാധിച്ചുതരുന്ന ആപ്ലിക്കേഷനാണു സാപ്പ. 

ഈ ആപ്ലിക്കേഷൻ ഫോണിൽ ഇൻസ്റ്റാൾ  ചെയ്ത് ഒാപ്പണാക്കുക. ഫോൺ നമ്പര്‍, ഇമെയില്‍ ഐഡി, പേര്, ഫോട്ടോ, ബയോ ഒക്കെ നല്‍കി അ ക്കൗണ്ട് ക്രിയേറ്റ് ചെയ്യുക.

ബ്ലൂടൂത്ത് വഴിയാണ് അടുത്തെത്തുന്നവരെ സാപ്പ തിരിച്ചറിയുന്നത് എന്നതിനാൽ ആപ്ലിക്കേഷനു ബ്ലൂടൂത്ത് പെര്‍മിഷനും നൽകണം.  തൊട്ടടുത്തു വരുന്ന എല്ലാ സാപ്പ യൂസേഴ്സിനെയും ഇതു തിരിച്ചറിയും. ലിസ്റ്റിൽ നിന്നു സുഹൃത്താക്കേണ്ട ആളെ സെലക്ട് ചെയ്താല്‍ ബയോയും ഫോട്ടോയുമെല്ലാം കാണാം. ഫ്രണ്ട്സ് റിക്വസ്റ്റ് അയക്കാം. പിന്നീട് അവരോടു ചാറ്റ് ചെയ്യാനും സൗകര്യമുണ്ട്. 

സാപ്പ വഴി ആരെങ്കിലും നമ്മുടെ പ്രൊഫൈല്‍ പരിശോധിച്ചാല്‍ നോട്ടിഫിക്കേഷനും ലഭിക്കും.                      ∙