Sunday 03 March 2019 02:21 PM IST : By സ്വന്തം ലേഖകൻ

മോഹൻലാൽ മികച്ച നടൻ, മഞ്ജു വാരിയർ നടി, ജനപ്രിയ താരങ്ങളായി ടൊവിനോയും ഐശ്വര്യ ലക്ഷ്്മിയും

vfa20191

അഭിനയ മികവിനുള്ള സെറ-വനിത ചലച്ചിത്ര പുരസ്കാരം മലയാളത്തിന്റെ താരരാജാവിന്. മികച്ച നടനുള്ള പുരസ്കാരം ഇന്നസന്റിൽ നിന്ന് മോഹൻലാൽ ഏറ്റുവാങ്ങി. ‘ഒടിയനിലെ’ അഭിനയത്തിനാണു പുരസ്കാരം. ആമിയിലെയും ഒടിയനിലെയും അഭിനയ മികവിനു മഞ്ജു വാരിയർ മികച്ച നടിക്കുള്ള പുരസ്കാരം സ്വന്തമാക്കി. ‘ഈ.മ.യൗ’ ആണു മികച്ച ചിത്രം. ലിജോ ജോസ് പെല്ലിശേരി മികച്ച സംവിധായകൻ. ജോജു ജോസഫ് സ്പെഷൽ പെർഫോമൻസ് പുരസ്കാരം സ്വന്തമാക്കി. ജയറാമാണു മികച്ച കുടുബനായകൻ. മികച്ച പുതുമുഖനായകനുള്ള പുരസ്കാരം കാളിദാസ് ജയറാം സ്വന്തമാക്കി. ധനുഷാണ് മികച്ച തമിഴ് നടൻ. ബാലചന്ദ്രമേനോൻ ലൈഫ്ടൈം അച്ചീവ്മെന്റ് പുരസ്കാരവും സ്വന്തമാക്കി. ടൊവിനോ തോമസാണ് ജനപ്രിയ നടൻ. ജനപ്രിയ നടി ഐശ്വര്യ ലക്ഷ്മി.

award-4

ഷൈജു ഖാലിദിനാണു മികച്ച ഛായാഗ്രാഹകനുള്ള പുരസ്കാരം. മികച്ച സംഗീത സംവിധായകനുള്ള പുരസ്കാരം മനോജ് കെ.ജയനിൽ നിന്ന് എം.ജയചന്ദ്രൻ ഏറ്റുവാങ്ങി. ഹരീഷ് പെരുമണ്ണയാണ് മികച്ച ഹാസ്യതാരം. മികച്ച ഗാനരചയിതാവിനുള്ള പുരസ്കാരം റഫീക്ക് അഹമ്മദ് ഏറ്റുവാങ്ങി. വിനീത് ശ്രീനിവാസനും നിഖിലയുമാണു മികച്ച താരജോഡികൾ. മികച്ച ഡ്യുയറ്റ് സോങ് പുരസ്കാരം ശ്രേയാ ഘോഷാലിനും സുദീപ് കുമാറിനുമാണ്. ഒടിയനിലെ ‘കൊണ്ടോരാം..’ എന്ന ഗാനമാണ് ഇരുവരെയും പുരസ്കാരത്തിന് അർഹരാക്കിയത്.

മികച്ച തിരക്കഥാകൃത്തിനുള്ള പുരസ്കാരം ഷാഹി കബീറിനു നടൻ വിനയ് ഫോർട്ട് സമ്മാനിച്ചു. ദിനേശ് മാസ്റ്ററാണു മികച്ച നൃത്ത സംവിധായകൻ. ഇദ്ദേഹത്തിനു നടൻ ജയറാം പുരസ്കാരം സമ്മാനിച്ചു. സക്കരിയയാണു (സുഡാനി ഫ്രം നൈജീരിയ) മികച്ച പുതുമുഖ സംവിധായകൻ.

award-1

വർണാഭമായ കലാപ്രകടനങ്ങളോടെയാണു മലയാളത്തിലെ ഏറ്റവും വലിയ ജനകീയ ചലച്ചിത്ര പുരസ്കാരമായ സെറ-വനിത ഫിലിം അവാർഡ് നിശ ഫോർട്ട്കൊച്ചി ബ്രിസ്‌റ്റോ ഗ്രൗണ്ടിൽ അരങ്ങേറിയത്. കേരളത്തിന്റെ മിന്നുംതാരങ്ങൾക്കൊപ്പം ഹിന്ദി, തമിഴ്, തെലുങ്ക് ചലച്ചിത്ര ലോകത്തെ പ്രതിഭകളും അവാർഡ് നിശയ്ക്കെത്തി. അത്യാധുനിക ലൈറ്റ് ആൻഡ് സൗണ്ട് സംവിധാനങ്ങളിൽ ഒരുങ്ങിയ വേദിയിൽ വൈവിധ്യമാർന്ന കലാപരിപാടികളും ചടങ്ങിനു മാറ്റു കൂട്ടി.

നൃത്തം ഇല്ലാതെ എന്ത് ആഘോഷം എന്ന് ഉറക്കെ വിളിച്ചു പറയുന്ന യുവതലമുറയ്ക്കായി ചുവടുകളുമായി എത്തിയത് മലയാളത്തിലെയും ബോളിവുഡിലെയും പ്രിയ താരങ്ങളാണ്. കരീന കപൂറും സണ്ണി ലിയോണും ചടുല താളങ്ങളുമായി നിറഞ്ഞ വേദിയിൽ ഹിന്ദി തമിഴ് സിനിമാ രംഗത്തു നിന്നും അതിഥി റാവു, ഹൻസിക മോട്‌വാനി എന്നിവരും എത്തി.

ശാസ്ത്രീയ നൃത്തത്തിന്റെ ഭംഗി സിനിമാറ്റിക് രീതിയുടെ ചടുലതയുമായി ചേർന്നു വേദിയിലെത്തിക്കുന്നതിൽ അഗ്രഗണ്യരായ രണ്ട് നർത്തകരുടെ നൃത്ത വിരുന്നായിരുന്നു താര രാവിന്റെ മറ്റൊരു ആകർഷണം. ആശാ ശരത്തും റിമ കല്ലിങ്കലും ഒപ്പം അനു സിത്താരയുമാണ് വേദിയെ നൃത്തസമ്പന്നമാക്കിയത്.

award-3

‘96’ ന്റെ സംഗീത സംവിധായകനും ഗായകനും മലയാളിയും യുവ ആസ്വാദകരുടെ ഹരവുമായ ഗോവിന്ദ് വസന്ത, ബോൾഡ് സിങ്ങിങ്ങിലൂടെ സിനിമാ ഗാനാസ്വാദകരുടെ ലഹരിയായി മാറിയ നടി ശ്രുതി ഹാസൻ, ന്യൂ ജനറേഷന്റെ പ്രിയ ഗായിക സന മൊയ്തുട്ടി തുടങ്ങിയവർ ഫിലിം അവാർഡ് വേദിയെ സംഗീത മഴയിൽ ആറാടിച്ചു.

ഇന്ത്യയിൽ ഏറ്റവും പ്രചാരമുള്ള മാഗസിൻ ആയ വനിത ആതിഥ്യം വഹിക്കുന്ന, വിവിധ വിഭാഗങ്ങളിലായി നൽകപ്പെടുന്ന പുരസ്കാരങ്ങൾ സിനിമാ ആസ്വാദനത്തിൽ തികഞ്ഞ അവബോധമുള്ള മലയാളി പ്രേക്ഷകരുടെ തിരഞ്ഞെടുപ്പാണ് എന്നതാണു താരങ്ങൾ ഏറ്റവും വിലകൽപിക്കുന്ന കാര്യം. 2018ൽ മലയാളത്തിൽ സിനിമാ പ്രേക്ഷകരുടെ മനസ്സിൽ പ്രതിഭ കൊണ്ട് സ്ഥാനമുറപ്പിച്ചവരാണ് വനിത സിനിമാ പുരസ്കാരം നേടുക.

award-2

ചലച്ചിത്ര പുരസ്കാര ചടങ്ങിന്റെ മുഖ്യ പ്രായോജകർ സെറയാണ്. പവേർഡ് ബൈ സ്പോൺസർ ജോസ്ക്കോ ജ്വല്ലേഴ്സ്. കളർ പാർട്ണർ: എംആർഎഫ് വേപോക്യൂർ പെയിന്റ്സ്, കോസ്റ്റ്യൂം പാർട്ണർ: മഹാലക്ഷ്മി സിൽക്ക്സ്, ബിവറേജസ് പാർട്ണർ: ടാറ്റാ ടീ കണ്ണൻ ദേവൻ ഡ്യുവറ്റ്, ബാങ്കിങ് പാർട്ണർ: ഫെഡറൽ ബാങ്ക്, അസോഷ്യേറ്റ് സ്പോണ‍്‍സർ: പോപ്പീസ്, ലക്ഷ്വറി പാർട്ട്ണർ: ശോഭ, ഗോ ഗ്രീൻ പാർട്ട്ണർ: ബ്രാഹ്മിൻസ്, ഗുഡ്നസ് പാര്‍ട്ണര്‍: ആർജി ഓയിൽ, സ്റ്റൈൽ പാര്‍ട്ണര്‍: റിലയന്‍സ് ട്രെന്‍ഡ്സ്. ബ്ലോസം, മെറി ബോയ്, എൻ സ്റ്റൈൽ, അമേരിക്കൻ ഇലക്ട്രോളിസിസ്, പൊൻകതിർ, ഗൾഫ് ഗേറ്റ്, എസ്കാസോ, ഡബിൾ ഹോഴ്സ്, യുണിടേസ്റ്റ്, കസവുകട, ഇൻഷേപ്പ്, ഡ്യുറോ ഫ്ളക്സ്, കൊളീൻ, ബ്രൈഡ എന്നിവർ സഹപ്രായോജകരാണ്.