Wednesday 17 April 2024 03:07 PM IST : By സ്വന്തം ലേഖകൻ

മനസിൽ പതിഞ്ഞ ഫ്രെയിമുകൾ, മനംകവർന്ന ആഘോഷരാവുകൾ: ഹൃദ്യം, സുന്ദരം... വനിത ഫിലിം അവാർഡ്സിന്റെ ഓർമ ചിത്രങ്ങൾ

vfa-throwback

വെള്ളിത്തിരയിലെ മിന്നുംനക്ഷത്രങ്ങൾ മണ്ണിലേക്കിറങ്ങുന്ന ആഘോഷരാവ്... സംഗീതവും നൃത്തവും ചിരിക്കൂട്ടുകളും സമംചേരുന്ന തെന്നിന്ത്യയിലെ ഏറ്റവും വലിയ പുരസ്കാര നിശ. മലയാളിയുടെ കണ്ണും കാതും മനസും ഇനി ‘അലൻസ്കോട്ട് വനിത ഫിലിം അവാർഡ്സിന്റെ’ മഹാവേദിയിലേക്ക്.

മലയാളക്കര സാക്ഷ്യം വഹിച്ചിട്ടുള്ള ഏറ്റവും വലിയ പുരസ്കാര നിശയ്ക്ക്നിമിഷങ്ങളെണ്ണി കാത്തിരിക്കുമ്പോള്‍ പ്രേക്ഷക ലക്ഷങ്ങൾ ആകാംക്ഷയുടെ കൊടുമുടിയിലാണ്. വിസ്മയ പ്രകടനങ്ങൾ കൊണ്ട് കലയുടെ കൊടുമുടി കയറിയ എണ്ണംപറഞ്ഞ കലാകാരൻമാരിൽ നിന്ന് ആരാകും വനിത ഫിലിം അവാർഡ്സിന്റെ ഫലകത്തിൽ മുത്തമിടുക. ഇഞ്ചോടിഞ്ച് മത്സരങ്ങൾക്കൊടുവില്‍ പ്രേക്ഷകരുടെ ഇഷ്ടവും പ്രീതിയും വോട്ടിങ്ങളിലൂടെ നേടി ആരാകും വിജയകിരീടം ചൂടുക. ആ കാത്തിരിപ്പിന് ഇനി ചുരുക്കം ദിവസങ്ങളുടെ വഴിദൂരം മാത്രം.

ഇന്ത്യൻ സിനിമയിലെ വിസ്മയ പ്രതിഭകളും കലാകാരൻമാരും അണിനിരക്കുന്ന കണ്ണഞ്ചിപ്പിക്കുന്ന താരനിശയ്ക്ക് കൊച്ചിയുടെ മണ്ണിലാണ് വേദിയൊരുങ്ങുന്നത്. മലയാള സിനിമ താരസംഘടനയായ അമ്മയുമായി സഹകരിച്ചാണ് അവാർഡ് നിശ സംഘടിപ്പിക്കുന്നത്. ഏപ്രിൽ 22ന് എറണാകുളം അങ്കമാലി അഡ്‍ലക്സ് ഇന്റർനാഷനൽ കൺവെൻഷൻ സെന്ററിലാണ് ദക്ഷിണേന്ത്യ സാക്ഷ്യം വഹിക്കാന്‍ പോകുന്ന ബ്രഹ്മാണ്ഡ താരനിശ സംഘടിപ്പിക്കുന്നത്.

2023 ജനുവരി ഒന്നു മുതൽ ഡിസംബർ 31 വരെ റിലീസ് ചെയ്ത സിനിമകളിൽ നിന്നുള്ള പ്രകടനങ്ങളാണ് പ്രേക്ഷക വോട്ടിങ്ങിലൂടെ അവാർഡിനായി പരിഗണിക്കും. മികച്ച സിനിമ, ജനപ്രിയ സിനിമ, മികച്ച സംവിധായകൻ, മികച്ച നടൻ , ജനപ്രിയ നടൻ, മികച്ച നടി, ജനപ്രിയ നടി, മികച്ച സഹനടൻ , മികച്ച സഹനടി, മികച്ച വില്ലൻ, മികച്ച താരജോടി, മികച്ച സംഗീത സംവിധായകൻ, മികച്ച തിരക്കഥാകൃത്ത്, മികച്ച പുതുമുഖ നടൻ, മികച്ച പുതുമുഖ നടി എന്നിവരെയാകും വോട്ടിങ്ങിലൂടെ തിരഞ്ഞെടുക്കുക.

വനിത ലൈഫ് ടൈം അച്ചീവ്മെന്റ് അവാർഡ് മലയാള സിനിമയ്ക്കു നൽകിയ സമഗ്ര സംഭാവനയെ മുൻനിർത്തി നൽകുന്നതാണ്. വ്യക്തിയുടെ മുൻവർഷങ്ങളിലെ നേട്ടങ്ങളും പരിഗണിക്കാം.

vfa-throwback-4

പൂർണമായും പ്രേക്ഷകഹിതം പരിഗണിച്ച് നിർണയിക്കപ്പെടുന്ന പുരസ്കാര നിശയ്ക്ക് 2004ലാണ് വനിത ആദ്യമായി തുടക്കം കുറിച്ചത്. വനിത ഫിലിം അവാർഡ്സിന്റെ ചരിത്രത്തിലെ ആദ്യത്തെ മികച്ച നടനാകാനുള്ള നിയോഗം സൂപ്പർസ്റ്റാർ മോഹൻലാലിനായിരുന്നു. ബാലേട്ടനിലെ അഭിനയം താര ചക്രവർത്തിയെ മികച്ച നടനാക്കിയപ്പോൾ മികച്ച നടിയായത് കാവ്യ മാധവൻ. മിഴി രണ്ടിലും തിളക്കം എന്നീ ചിത്രങ്ങളിലെ പ്രകടനങ്ങളാണ് കാവ്യയെ അവാർഡിന് അർഹയാക്കിയത്.  

കോഴിക്കോടിനെ ആഘോഷത്തിൽ ആറാടിച്ച 2005ലെ വനിത ഫിലിം അവാർഡ്സ് ആയിരങ്ങൾ ഒഴുകിയെത്തിയ ഉത്സവക്കടലായി. കാഴ്ചയിലെ അഭിനയത്തിന് മമ്മൂട്ടി മികച്ച നടനായപ്പോൾ, പെരുമഴക്കാലത്തിലെ വേറിട്ട അഭിനയം മീര ജാസ്മിനെ മികച്ച നടിയാക്കി. ബോളിവുഡ് സിംഗിംഗ് സെൻസേഷൻ ഷാൻ, കാർത്തിക് തുടങ്ങിയവരുടെ സംഗീത പ്രകടനവും ബോളിവുഡ് സുന്ദരി ഇഷ കോപ്പിക്കർ അമൃത അറോറ തുടങ്ങിയവർ നൃത്തച്ചുവടുകളുമായെത്തി.

vfa-throwback-5

2006ലെ പുരസ്കാര നിശ നടന്നത് കൊച്ചിയിൽ. മികച്ച നടനുള്ള പുരസ്കാരം മോഹൻലാലും നടിക്കുള്ള പുരസ്കാരം കാവ്യ മാധവനും നേടി. പാട്ടും നൃത്തവും ഹാസ്യരസങ്ങളും കൊണ്ട് കാണികളെ ത്രസിപ്പിച്ച 2007ലെ വനിത ഫിലിം അവാർഡ്സിനും വേദിയായത് കൊച്ചിയുടെ മണ്ണ്. അന്ന് മികച്ച നടനും നടിയുമായത് മമ്മൂട്ടിയും പത്മപ്രിയയും.

വർണവിസ്മയം തീർത്ത 2008ലെ പുരസ്കാര നിശയും കേരളക്കര ആഘോഷപൂർവം നെഞ്ചിലേറ്റി. മികച്ച നടനുള്ള പുരസ്കാരം മമ്മൂട്ടിയുടെ അക്കൗണ്ടിലേക്ക് ഒരിക്കൽ കൂടിയെത്തി. മീര ജാസ്മിനായിരുന്നു മികച്ച നടി.

ഓസ്കർ ജേതാവ് റസൂൽ പൂക്കുട്ടിക്കുള്ള ആദരവിനുള്ള വേദി കൂടിയായി തിരുവനന്തപുരത്തു നടന്ന 2009ലെ വനിത പുരസ്കാരനിശ. മികച്ച നടൻ മോഹൻലാലിനു സമ്മാനിച്ചപ്പോൾ നടിയായി പ്രേക്ഷകർ തിരഞ്ഞെടുത്തത് ഗോപികയെ.

vfa-throwback-6

2010ൽ കൊച്ചിയിലേക്ക് വീണ്ടും വനിത ഫിലിം അവാർഡ്സിന്റെ ഉത്സവേദിയൊരുങ്ങിയപ്പോൾ നടൻ മമ്മൂട്ടിയും നടി പദ്മപ്രിയയുമായി. മലയാള സിനിമ തറവാട്ടിലെ കാരണവർ മധുവിന് ലൈഫ് ടൈം അച്ചീവ്മെന്റ് അവാർഡ് നൽകി ആദരമൊരുക്കിയ വേദി കൂടിയായി വനിത ഫിലിം അവാർഡ്സ് 2010.

vfa-throwback-1-

2011ലെ വനിത ഫിലിം അവാർഡ്സ് കോഴിക്കോടിന്റെ മണ്ണിൽ തിരികെയെത്തി. ഹാസ്യസാമ്രാട്ട് ജഗതി ശ്രീകുമാറിന് ലൈഫ് ടൈം അച്ചീവ്മെന്റ് പുരസ്കാരം സമ്മാനിച്ച വേദി ഒരുപിടി നല്ല നിമിഷങ്ങൾ കൊണ്ട് കൂടി സമ്പന്നമായി. മികച്ച നടനുള്ള പുരസ്കാരം മമ്മൂട്ടിയുടെ ൈകകളിലെത്തിയപ്പോൾ നടി മംമ്ത മോഹൻദാസായി.

cover Mar2.indd

തമിഴ് സൂപ്പർതാരം ധനുഷിന്റെ സാന്നിദ്ധ്യം കൊണ്ട് ശ്രദ്ധേയമായ 2012ലെ വനിത ഫിലിം അവാർഡിന് വേദിയൊരുക്കിയത് കൊച്ചി. മലയാളിയുടെ നിത്യഹരിത നായിക ഷീലയ്ക്ക് ലൈഫ് ടൈം അച്ചീവ്മെന്റ് അവാർഡുമായി നടൻ മധുവെത്തിയത് ചടങ്ങിലെ ധന്യനിമിഷമായി. മികച്ച നടനുള്ള പുരസ്കാരം മോഹൻലാലും നടിക്കുള്ള പുരസ്കാരം കാവ്യ മാധവനും നേടി.

vfa-throwback-8

യുവതാരങ്ങൾ മിന്നിത്തിളങ്ങിയ 2013ലെ വനിത ഫിലിം അവാർഡിന് വേദിയൊരുക്കിയത് തലസ്ഥാനനഗരി. ഫഹദ് ഫാസിൽ മികച്ച നടനായി തിരഞ്ഞെടുക്കപ്പെട്ടപ്പോൾ നടിയായത് റിമ കല്ലിങ്കൽ. മികച്ച പുതുമുഖ താരത്തിനുള്ള പുരസ്കാരം നേടി ദുൽഖർ മലയാള സിനിമാലോകത്തേക്ക് തന്റെ വരവറിയിച്ച വർഷം കൂടിയായിരിക്കുന്നു 2013. ലൈഫ് ടൈം അച്ചീവ്മെന്റ് പുരസ്കാരം നെടുമുടി വേണുവിന് നടി ഷീല സമ്മാനിച്ചത് വേദിയിലെ അനർഘ നിമിഷമായി.

2014ലെ വനിത ഫിലിം അവാർഡ്സ് വേദിയിലും മിന്നിത്തിളങ്ങിയത് യുവത്വം. പൃഥ്വിരാജിനെ തേടി മികച്ച നടനുള്ള പുരസ്കാരം എത്തിയപ്പോൾ നടിയായി തിരഞ്ഞെടുക്കപ്പെട്ടത് ശോഭന. ലൈഫ് ടൈം അച്ചീവ്മെന്റ് പുരസ്കാരം നേടിയത് നടൻ ഇന്നസെന്റ്.

മമ്മൂട്ടി മികച്ച നടനും നടിയായി മഞ്ജുവാര്യരുമെത്തിയ വർഷമായിരുന്നു 2015. ചലച്ചിത്ര ലോകത്തെ സമഗ്ര സംഭാവനയ്ക്കുള്ള പുരസ്കാരം അന്തരിച്ച സംവിധായകൻ ഐവി ശശിക്ക് സമ്മാനിച്ചത് ചടങ്ങിലെ ധന്യ നിമിഷമായി. മികച്ച സംവിധാനത്തിനുള്ള പുരസ്കാരം നേടി ഒരു വനിത തിളങ്ങിയ വർഷം കൂടിയായിരുന്നു 2015. ബാംഗ്ലൂർ ഡേയ്സ് ഒരുക്കിയ അഞ്ജലി മേനോൻ വേദിയുടെ നിലയ്ക്കാത്ത കയ്യടി സ്വന്തമാക്കി.

2016ൽ തിരുവനന്തപുരം കാര്യവട്ടം ഗ്രീൻഫീൽഡ് സ്റ്റേഡിയത്തിൽ നടന്ന പ്രൗഢഗംഭീരമായ വനിത ഫിലിം അവാർഡ് നിശയിൽ മികച്ച നടനായത് പൃഥ്വിരാജ്. പാർവതിയെ മികച്ച നടിക്കുള്ള പുരസ്കാരം ഏറ്റുവാങ്ങി. ലൈഫ് ടൈം അച്ചീവ്മെന്റ് പുരസ്കാരം സ്വന്തമാക്കി അന്തരിച്ച നടി സുകുമാരി പ്രേക്ഷക മനം കവർന്നു.

cover-award-gatefold.indd

കൊച്ചിയിൽ നടന്ന 2017ലെ ഫിലിം അവാർഡ്സിൽ മികച്ച നടനുള്ള പുരസ്കാരം മോഹൻലാലിനു വേണ്ടി സംവിധായകൻ ജിത്തു ജോസഫ് ഏറ്റുവാങ്ങി. മികച്ച നടിയായത് മഞ്ജുവാര്യർ. അനശ്വര സംവിധായകൻ കെ.ജി ജോർജിന് പ്രിയ ശിഷ്യൻ രഞ്ജിത്ത് ലൈഫ് ടൈം അച്ചീവ്മെന്റ് പുരസ്കാരം സമ്മാനിച്ചത് ചടങ്ങിലെ ധന്യ നിമിഷമായി.

മോളിവുഡിന്റെ യുവത്വം തിളങ്ങിയ മറ്റൊരു ആഘോഷവേദി കൂടിയായിരുന്നു 2018ലെ വനിത ഫിലിം അവാർഡ്സ്. മികച്ച നടനായി മോളിവുഡിന്റെ സ്വന്തം ഫഹദ് ഫാസിൽ മിന്നി തിളങ്ങിയ വർഷം. മികച്ച നടിമാരായി രണ്ടു പേരെത്തിയ വർഷംകൂടിയായി 2018. മഞ്ജു വാര്യരും പാർവതിയും ആയിരക്കണക്കിന് പ്രേക്ഷകരെ സാക്ഷിയാക്കി പുരസ്കാരം ഏറ്റുവാങ്ങി. നടി സീമ ലൈഫ് ടൈം അച്ചീവ്മെന്റ് പുരസ്കാരം സ്വന്തമാക്കി.

Film awards 2018.indd

കൊച്ചി വേദിയൊരുക്കിയ 2019ലെ വനിത ഫിലിം അവാർഡ്സിൽ മനംകവർന്നത് മികച്ച നടനുള്ള പുരസ്കാരം നേടിയ മോഹൻലാൽ. മികച്ച നടിക്കുള്ള പുരസ്കാരം മഞ്ജു വാര്യർ നേടി. തമിഴ് നടൻ ധനുഷ് ബോളിവുഡ് താരസുന്ദരി കരീന കപൂർ, സണ്ണി ലിയോൺ എന്നിവരുടെ സാന്നിദ്ധ്യവും പ്രകടനങ്ങളും കൊണ്ട് ശ്രദ്ധേയമായ പുരസ്കാര നിശ കൊച്ചി കണ്ട ഏറ്റവും വലിയ ആഘോഷരാവായി.

2020ലെ വനിത ഫിലിം അവാർഡ്സ് വേദിയിലും പ്രേക്ഷകർ കണ്ടു ‘ലാൽ തിളക്കം.’ മോഹൻലാൽ മികച്ച നടനായപ്പോൾ നടിയായി തിരഞ്ഞെടുക്കപ്പെട്ടത് മഞ്ജു വാര്യരെ. സമഗ്ര സംഭാവനയ്ക്കുള്ള ലൈഫ് ടൈം അച്ചീവ്മെന്റ് പുരസ്കാരം മലയാളത്തിന്റെ സ്വന്തം ശാരദ സ്വന്തമാക്കി.