Tuesday 30 January 2018 05:26 PM IST : By സിനു കെ. ചെറിയാൻ

റീ ടയർമെന്റ് പ്ലാനുമായി ഇന്ത്യൻ ഡിസൈനർ; പാഴ്‌വസ്തുക്കൾ ഉപയോഗിച്ച് നിർമിക്കുന്നത് സുന്ദരൻ ഫർണിച്ചറുകൾ!

RE-TYRE4 അനു ടാണ്ഠൻ- രാജ്യാന്തര പ്രശസ്തയായ പ്രോഡക്ട് ഡിസൈനർ. നാഷനൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഡിസൈനിൽ നിന്ന് ടെക്സ്റ്റൈൽ ഡിസൈനിൽ ബിരുദാനന്തര ബിരുദം നേടി. മുംബൈ കേന്ദ്രമാക്കി പ്രവർത്തിക്കുന്ന ദ് റീടയർമെന്റ് പ്ലാൻ എന്ന സ്ഥാപനത്തിന്റെ സ്ഥാപക.

ഇതല്ലേ മാന്ത്രിക വിരലുകൾ...? തേഞ്ഞുതീർന്ന ടയറുകളും വലിച്ചെറിയപ്പെട്ട പ്ലാസ്റ്റിക് കുപ്പികളുമൊക്കെ ഈ കരസ്പർശമേൽക്കുന്നതോടെ രൂപാന്തരം പ്രാപിക്കുകയായി. മാലിന്യക്കുപ്പയിൽനിന്ന് സ്വീകരണമുറിയിലേക്കാണവയുടെ ഉയിർപ്പ്. അറപ്പോടെ നോക്കിയ കണ്ണുകൾ തന്നെ അവയെ സ്നേഹചുംബനംകൊണ്ടു മൂടുന്നു. അനു ടാണ്ഠൻ വിയേരയെന്ന ഡിസൈനറുടെ വിരലുകൾ കാട്ടുന്നത് വിസ്മയമല്ലാതെ മറ്റൊന്നുമല്ല.

ടയറും പ്ലാസ്റ്റിക് കുപ്പിയും പാഴ്ത്തുണിയുമൊക്കെയാണ് അനു ടാണ്ഠന്റെ വിഭവങ്ങൾ. ഇവകൊണ്ട് നിർമിക്കുന്നതാകട്ടെ ഒറ്റനോട്ടത്തിൽതന്നെ ആരുടെയും ഇഷ്ടം നേടുന്ന ഫർണിച്ചറും അലങ്കാരവസ്തുക്കളുമൊക്കെ. അൻപതാം വയസിൽ അനു തുടങ്ങിയ ‘ദ് റീടയർമെന്റ് പ്ലാൻ’ എന്ന സംരംഭം അഞ്ചു വർഷംകൊണ്ടുതന്നെ രാജ്യാന്തരശ്രദ്ധ നേടിക്കഴിഞ്ഞു. ഡിസൈൻ മികവിനും പുനരുപയോഗ ആശയ പ്രോത്സാഹനത്തിനുമുള്ള ഒട്ടനവധി പുരസ്കാരങ്ങളും അനുവിനെ തേടിയെത്തി. തന്റെ ഡിസൈൻ നയം, കാഴ്ചപ്പാടുകൾ... എന്നിവയെപ്പറ്റിയെല്ലാം അനു ടാണ്ഠൻ വനിത വീടിനോട് സംസാരിക്കുന്നു.

RE-TYRE5

ഉപേക്ഷിക്കപ്പെട്ട ടയർ, പ്ലാസ്റ്റിക്... ഒട്ടും ഭംഗിയില്ലാത്ത ഈ നിർമാണവസ്തുക്കളുമായി എങ്ങനെയാണ് പ്രണയത്തിലായത്?

മുംബൈയിൽ ടെക്സ്റ്റൈൽ ഡിസൈനറായി ജോലിനോക്കുകയായിരുന്നു ഞാൻ. ഒന്നും രണ്ടുമല്ല 25 വർഷം. സിൽക്കും ലിനനുമൊക്കെയായിരുന്നു കൂട്ട്. ക്ലാസിക്...അല്ലെങ്കിൽ എക്സ്ക്ലൂസീവ് മെറ്റീരിയൽ എന്നു പറയാവുന്നവ. അവിടെനിന്നാണ് ‍ഞാനീ ടയറിനെയും കുപ്പിയെയുമൊക്കെ പ്രണയിക്കുന്നത്. രണ്ടുകാര്യങ്ങളാണതിനു പിന്നിൽ. മാലിന്യംതള്ളി നമ്മൾ നശിപ്പിക്കുന്ന ഭൂമിയോട് അൽപമെങ്കിലും സഹാനുഭൂതി കാട്ടണമെന്ന ആഗ്രഹം. പിന്നെ പ്രതിഭാസമ്പന്നരായ എന്നാൽ, തൊഴിലും വരുമാനവുമില്ലാത്ത കലാകാരന്മാർക്ക് തുണയാകണമെന്ന ചിന്ത. ഈ പറഞ്ഞ രണ്ടും ഏറെയുള്ള നാടാണ് മുംബൈ. ഒരിക്കലെങ്കിലും വന്നിട്ടുള്ളവർക്കറിയാം ഇവിടത്തെ മാലിന്യക്കൂമ്പാരങ്ങളുടെ ഭീകരത. നമ്മളാലാവുന്ന ഒരു ചെറിയ മാറ്റം. അതിന് ഞാൻ ടയറിനെ കൂട്ടുപിടിക്കുകയായിരുന്നു.

RE-TYRE6

ദ് റീടയർമെന്റ് പ്ലാൻ... കൗതുകമുള്ള പേരാണല്ലോ സംരംഭത്തിന്?

രണ്ടുമൂന്നുരീതിയിൽ ഈ പേര് ചേരും. ജോലി ചെയ്തു വിരമിച്ച നിർമാണവസ്തുക്കളെയാണ് ഞങ്ങളിവിടെ പ്രയോജനപ്പെടുത്തുന്നത്. ടയർ ആണ് അതിൽ പ്രധാനി. പിന്നെ മറ്റൊന്നുകൂടിയുണ്ട്. അൻപതാം വയസിൽ,  എന്തു നേടി ഇതുവരെ? ഇതാണോ നീ ആഗ്രഹിച്ചിരുന്നത്? എന്നിങ്ങനെയൊക്കെ ചില ചോദ്യങ്ങളുയരും മിക്കവരുടേയും മനസ്സിൽ. ഇനിയും പലതും ചെയ്യാനുണ്ട് എന്ന തിരിച്ചറിവാണ് എന്റെ വഴിമാറ്റത്തിനു പിന്നിൽ. വിരമിക്കേണ്ട പ്രായത്തിൽ പുതിയൊരു തുടക്കം. ഒരു റിട്ടയർമെന്റ് പ്ലാൻ.

എങ്ങനെയാണ് ടയറിനെയും പ്ലാസ്റ്റിക്കിനെയുമൊക്കെ ഇത്ര മനോഹരമായ രൂപത്തിലേക്ക് മാറ്റിയെടുക്കുന്നത്?

ഉപേക്ഷിക്കപ്പെട്ട ടയർ ശേഖരിക്കുകയാണ് ആദ്യപടി. ഇത് കഴുകി വൃത്തിയാക്കി പൂർണമായും അണുവിമുക്തമാക്കിയ ശേഷമാണ് ഉപയോഗിക്കുക. തുണിനിർമാണ ഫാക്ടറികളിൽ നിന്നുള്ള അവശിഷ്ടങ്ങളിൽ നിന്നാണ് ടയറിൽ ചുറ്റാനുള്ള വർണനൂലുകൾ നിർമിക്കുന്നത്. രാജസ്ഥാനിലെയും ഗുജറാത്തിലെയും പരമ്പരാഗത കലാകാരന്മാരാണിത് ചെയ്യുന്നത്. പ്ലാസ്റ്റിക് കുപ്പികളും മറ്റും റീസൈക്ക്ൾ ചെയ്ത് നിർമിക്കുന്ന ചരടും ഫർണിച്ചർ നിർമാണത്തിന് ഉപയോഗിക്കും. മുളയാണ് മറ്റൊരു ചേരുവ. അസം, ബംഗാൾ, ബിഹാർ എന്നിവിടങ്ങളിൽ നിന്നുള്ള പരമ്പരാഗത തൊളിലാളികൾക്കാണിതിന്റെ ചുമതല. ഒരാഴ്ചകൊണ്ട് ഒരു ഫർണിച്ചർ പൂർത്തിയാകും. ജോലി ചെയ്യുന്നവർക്കെല്ലാം ദിവസം കുറഞ്ഞത് 700 രൂപയെങ്കിലും ലഭിക്കും.

RE-TYRE1

തയ്യൽക്കാർ, തുകൽപ്പണിക്കാർ, ആശാരിമാർ... നാടൻ കലാകാരന്മാരെയും തൊഴിലാളികളെയും സജീവമായി ഉൾപ്പെടുത്തുന്നുവെന്നതാണ് റീടയർമെന്റ് പ്ലാനിന്റെ സവിശേഷത?

തീർച്ചയായും. മുമ്പ് ഞാനിത് സൂചിപ്പിച്ചിരുന്നു. പ്രതിഭാധനരായ കലാകാരന്മാർ ധാരാളമുള്ള രാജ്യമാണ് ഇന്ത്യ. തടി, ലോഹം, തുണി, തുകൽ...ഏതു മാധ്യമം എടുത്താലും സമ്പന്നമാണ് നമ്മുടെ തൊഴിൽ പൈതൃകം. ഞാനിത് നേരിട്ട് കണ്ടറിഞ്ഞിട്ടുള്ളതാണ്. പക്ഷേ, ഈ തൊഴിൽ വൈദഗ്ധ്യം അനുദിനം നഷ്ടപ്പെടുകയാണ്. ഇവിടെ മുംബൈയിലെ കാര്യം തന്നെയെടുക്കൂ. നാട്ടുകാരും ജോലിതേടി മറ്റിടങ്ങളിൽനിന്ന് വന്നവരുമായി എത്രമാത്രം കലാകാരന്മാരും കരകൗശലവിദഗ്ധരുമാണിവിടുള്ളത്. ഇവരിൽ ആരുടെയെങ്കിലും മക്കൾ ഈ തൊഴിൽ പിന്തുടരുന്നതായി നിങ്ങൾ കണ്ടിട്ടുണ്ടോ? കലാകാരന്മാരെ ബഹുമാനിക്കാൻ നമ്മൾ ഇനിയും പഠിച്ചിട്ടില്ല. അതുകൊണ്ടുള്ള നഷ്ടത്തിന്റെ ആഴം നമ്മൾ പിന്നീടേ അറിയൂ.
പരമ്പരാഗതശൈലിയിൽ തൊഴിലാളികൾക്ക് പ്രാധാന്യം നൽകിയുള്ള നിർമാണശൈലിയാണ് റീടയർമെന്റ് പ്ലാനിൽ പിന്തുടരുന്നത്. നമ്മുടെ കലാവിരുത്, വൈഭവം ഒക്കെ സംരക്ഷിക്കാൻ ഒരു എളിയ ശ്രമം.

ഉൽപന്നത്തിന്റെ മൂല്യവും ഗുണനിലവാരവും മാത്രമല്ല പ്രധാനം. അത് എങ്ങനെ മാർക്കറ്റ് ചെയ്യുന്നു എന്നതും പ്രധാനമാണ്. ശരിയല്ലേ?

തീർച്ചയായും. ഇക്കാര്യം ആദ്യമേതന്നെ തിരിച്ചറിഞ്ഞിരുന്നു. നമ്മുടെ ഉൽപന്നം എങ്ങനെ അവതരിപ്പിക്കുന്നു, നമ്മൾ അത് എവിടെ പ്രതിഷ്ഠിക്കുന്നു, ഏതൊക്കെ വഴികളിലൂടെ അത് ആവശ്യക്കാരുടെ കൈകളിലെത്തുന്നു എന്നതെല്ലാം പ്രധാനമാണ്. ഇന്റർനെറ്റും നവമാധ്യമങ്ങളും ‍ഞങ്ങളെ ഒരുപാട് സഹായിച്ചിട്ടുണ്ട്.

RE-TYRE3

അകലെനിന്നുള്ള സവിശേഷ ഉൽപന്നങ്ങളോട് ആളുകൾക്ക് താൽപര്യം കൂടിയിട്ടുണ്ട് ?

ഓൺലൈൻ വിപണിക്കാണ് നന്ദി പറയേണ്ടത്. ഏത് കുഗ്രാമത്തിലുമുള്ള കലാകാരനാകട്ടെ, ആവശ്യക്കാരൻ അയാളെ തേടിയെത്തുന്നു. അധ്വാനത്തിന്റെ പ്രതിഫലം അയാൾക്ക് നേരിട്ട് ലഭിക്കുന്നു. ഈ സാധ്യതകൾ നമ്മൾ മനസ്സിലാക്കണം എന്നുമാത്രം.

നല്ല ഡിസൈൻ എങ്ങനെയായിരിക്കണം?

പ്രശ്നങ്ങൾക്ക് ഉത്തരം നൽകുന്നതായിരിക്കും നല്ല ഡിസൈൻ എന്നാണെന്റെ പക്ഷം. ഓരോയിടത്തും സാഹചര്യവും അതുയർത്തുന്ന പ്രശ്നങ്ങളും വ്യത്യസ്തമായിരിക്കും. എങ്ങനെ സാഹചര്യങ്ങളോട് പ്രതികരിക്കുന്നു എന്നതും പ്രധാനമാണ്.

താങ്കളെപ്പോലെ രൂപകൽപനാ രംഗത്തുള്ള വനിതാ സംരംഭകർ കേരളത്തിൽ വളരെ കുറവാണ്?

കേരള ഗവൺമെന്റുമായി ചേർന്നുള്ള പ്രോജക്ടിന്റെ ഭാഗമായി ആലപ്പുഴയിലും കൊല്ലത്തും എത്തിയിരുന്നു. കഴിവുള്ള നിരവധി കലാകാരികളുണ്ടവിടെ. ആരെങ്കിലും അവസരവുമായി വരുന്നതു വരെ കാത്തിരിക്കരുത് എന്നാണെന്റെ അഭിപ്രായം. നമ്മുടെ വഴി നമ്മൾ കണ്ടെത്തണം. അതാണ് ജീവിതം പഠിപ്പിച്ചത്.

RE-TYRE2