Wednesday 29 August 2018 12:24 PM IST : By സ്വന്തം ലേഖകൻ

എന്തിന് പേടിക്കണം മഴ; വീടിന് നൽകാം സംരക്ഷണം, അതിനുള്ള മുൻകരുതൽ മാർഗങ്ങളിതാ...

rain1

മഴ ചന്നം പിന്നം പെയ്തു തുടങ്ങി. കടുത്ത ചൂടും വെയിലും മാറി മഴയും കാറ്റും ഓടിയെത്തുമ്പോൾ വീട്ടുകാർക്കൊപ്പം വീടിനും പരിപാലനം വേണം. മാറി വരുന്ന മഴയിലും വെയിലിലും വീടുകൾ തളരുന്നുണ്ട്. ശരിയായ കരുതൽ നൽകിയില്ലെങ്കിൽ വിള്ളലും പായലും നി റഞ്ഞ് വീടിന്റെ അഴകും ആയുസ്സും കുറയും. ഭിത്തിയിലെ ഈർപ്പവും ടെറസ്സിലെ വെള്ളം കെട്ടി നിൽക്കലും മാത്രമല്ല മഴക്കാലത്തെ പ്രശ്നങ്ങൾ. അകത്തളങ്ങളിലെ ഇൻഡോർ ചെടികൾ മുതൽ അലമാരയിലെ തുണികൾക്കു വരെ വേണം സംരക്ഷണം. അറിയാം മഴയെ പാട്ടിലാക്കാനുള്ള വഴികൾ.

കാലാവസ്ഥ അനുസരിച്ച് വീട് നിർമിക്കണം 

‘ചെറിയ മഴച്ചാറൽ വന്നാൽ മതി വെള്ളം മുഴുവൻ വീടിനകത്തെത്തും’ മിക്ക വീട്ടുകാരുടെയും പരാതിയാണിത്. കുറ്റം മഴയുടേതല്ല വീടുകൾ പണിത രീതിയുടേതാണ്. ഭംഗി മാത്രം നോക്കി ഉയർത്തുന്നവയാണ് ഇന്നത്തെ പല വീടുകളും. വീടിന്റെ ആർക്കിടെക്ചർ നമ്മുടെ കാലാവസ്ഥയുമായി ഇണങ്ങുന്നതല്ലെന്ന് വീട് പണി കഴിഞ്ഞ ശേഷമുള്ള ആദ്യത്തെ മഴയ്ക്കാകും പലരും തിരിച്ചറിയുന്നത്. പിന്നെ, സദാ മുഖം മാറ്റിയെത്തുന്ന മഴയും, ശക്തമായ വെയിലും വിള്ളലായും പായലായും വീടിനെ തുടങ്ങും. ഈ പ്രശ്നത്തെ ഒരു പരിധിവരെ തടയാൻ സൺ ഷേഡാണ് വഴി.

മേൽക്കൂരയിൽ നിന്ന് വെള്ളം താഴേക്ക് ഒലിച്ചിറങ്ങുമ്പോഴും  ഭിത്തിയിലേക്ക് മഴ നേരിട്ടടിക്കുമ്പോഴുമാണ് ചുമരുകളിൽ മഴക്കാല പ്രശ്നങ്ങൾ തുടങ്ങുന്നത്. ഇത് തടയാനായി സൺഷേഡുകളോട് കൂടി വീടിന്റെ എലിവേഷൻ നിർമിക്കാം. എല്ലാ ജനാലകങ്ങൾക്കും സൺ ഷേഡുകൾ കൂടി നൽകിയാൽ കൂ  ടുതൽ സുരക്ഷയായി. മഴയുടെ ഏറ്റകുറച്ചിലുകളിൽ നിന്നു വീടിനെ കാക്കുന്ന ഈ സൺ ഷേഡുകൾ മനോഹരമാക്കാൻ ഡിസൈനിൽ പരീക്ഷണങ്ങൾ നടത്താം. വീടിന്റെ ശൈലിയോടു ചേർന്നു പോകുന്ന തരത്തിലായിരിക്കണമെന്നു മാത്രം.

മഴക്കാലം മുന്നിൽക്കണ്ട് 

Curso-de-pintura-veja-onde-fazer

വേനൽക്കാലമാണ് വീട് കഴുകി വൃത്തിയാക്കി പുതിയ നിറങ്ങൾ നൽകാൻ ഏറ്റവും നല്ല സമയം. പെയിന്റടിച്ച ഭിത്തിക്കു മേലുണ്ടാകുന്ന പൂപ്പൽ, പായൽ എന്നിവയ്ക്ക് പുറമേ ചോർച്ച പോലുള്ള പ്രശ്നങ്ങളും പരിഹരിക്കാൻ ഉത്തമ സമയമാണ് മഴക്കാലത്തിന് തൊട്ട് മുന്നേയുള്ള വേനൽസമയം. ചുമരുകളിൽ  അടിഞ്ഞു കൂടിയിരിക്കുന്ന പൊടിയും അഴുക്കും കഴുകി നീക്കി മഴ സ്വീകരിക്കാൻ വീടിനെ ഒരുക്കാം.

വെയിലേറ്റ് വിള്ളൽ വീണിരിക്കുന്ന ഭിത്തികളിലേക്ക് മഴവെള്ളം കൂടി പതിച്ചാൽ അത് വീടിന്റെ ഭംഗിക്കു മാത്രമല്ല ആയുസിന് കൂടി ഭീഷണിയാണ്. അതുകൊണ്ട് തന്നെ ഭിത്തിക്ക് പ്രൊട്ടക്ഷൻ കോട്ട് അനിവാര്യമാണ്. വീടിന്റെ പുറം ഭാഗം, മതിൽ, ജാലകങ്ങൾ എന്നിവയാണ് മഴക്കാലത്തിനു മുന്നേ സംരക്ഷിക്കപ്പെടേണ്ട പ്രധാന സ്ഥലങ്ങൾ. 

ക്വാളിറ്റി കുറഞ്ഞ പെയിന്റുകളാണ് പലപ്പോഴും വീടിന്റെ വില്ലൻമാരായി മാറുന്നത്. വീടിന്റെ എക്സീറ്റീരിയറിൽ ഗുണനിലവാരമുള്ള പെയിന്റ് തന്നെ നൽകാൻ ശ്രമിക്കുക. മൂന്ന് വർഷം മുതൽ അഞ്ച് വർഷം വരെ കേടുപാടുകൾ കൂടാതെ വീടിനെ സംരക്ഷിക്കാൻ ഹൈ ക്വാളിറ്റി പെയിന്റുകൾക്ക് കഴിയും. പെയിന്റ് വാങ്ങുമ്പോൾ ഫൈബറിന്റെ അളവ് കൂടുതലുളളവ തന്നെ തിരഞ്ഞെടുക്കാനും ശ്രദ്ധിക്കുക.

എക്സ്റ്റീരിയർ പുട്ടി ഇട്ട ശേഷം ചുമരിൽ ചായം പൂശിയാൽ പൂപ്പൽ ബാധയേൽക്കില്ല. വെയിലേറ്റും ഈർപം തങ്ങി നിന്നുമുണ്ടാകുന്ന വിള്ളലുകളെ തടയാനും എക്സിറ്റീരിയൽ പുട്ടി സഹായിക്കും. വെള്ളം ഒലിച്ചിറങ്ങാൻ സാധ്യതയുള്ള  ഭാഗങ്ങളിൽ   പെയിന്റ് നൽകുമ്പോൾ  ഒന്നിൽ കൂടുതൽ കോട്ടുകൾ നൽകാം.  

ചോർച്ച കണ്ടില്ലെന്ന് നടിക്കല്ലേ... 

മിക്ക വീടുകളിലും ഉൾഭാഗങ്ങളിലായി അങ്ങിങ്ങ് വട്ടത്തിലുള്ള നിറ വ്യത്യാസങ്ങൾ കാണാം. ചിലത് ഭിത്തിയുടെ മൂലയിൽ നിന്ന് ഇറങ്ങി ഫ്ലോർ വരെ എത്തി നിൽക്കാറുണ്ട്. 

പലപ്പോഴും വീട് കോൺക്രീറ്റ് ചെയ്തപ്പോഴുണ്ടായ അപാകതകളാകും കാരണം. ഗുണനിലവാരമില്ലാത്ത സിമിന്റും മണലും ഉപയോഗിച്ചതിന്റെ പരിണിത ഫലങ്ങളായും ചോർച്ചാ പ്രശ്നങ്ങൾ ഉണ്ടാകാറുണ്ട്. ചോർച്ച ഉണ്ടായ ശേഷം പ്രതിവിധി അന്വേഷിക്കുന്നതിലും നല്ലത് ഈ അവസ്ഥ ഉണ്ടാകാതെ നോക്കുന്നതാണ്.  

 മഴക്കാലമാകുമ്പോൾ റൂഫിലെ ഡ്രെയിനേജ് പൈപ്പിലൂടെ വെള്ളം ഒഴുകി പോകുന്നുണ്ടോ എന്ന് പരിശോധിക്കാറുണ്ടോ? വേനൽക്കാറ്റിൽ പറന്നു വരുന്ന ഇലയും പൊടിയും സൺഷേഡുകളിലും ടെറസിലും അടിഞ്ഞു കൂടി കിടക്കും. ഇവ വെള്ളം ഒലിച്ചു പോകാനുള്ള ഓവുകളിലും പൈപ്പുകളിലും തങ്ങി നിന്ന് ബ്ലോക്കുണ്ടാക്കും. ഇതിന്റെ ഫലമോ, ഭിത്തിയിൽ ചിത്രം വരച്ച് ഈർപ്പമിറങ്ങും. ഭിത്തിയിലും മച്ചിലും ഈർപം നിലനിൽക്കുന്നത് വിള്ളൽ വീഴാനുള്ള സാധ്യത ഇരട്ടിപ്പിക്കുമെന്ന് ഓർക്കുക. മഴക്കാലം തുടങ്ങുമ്പോൾ തന്നെ ഡ്രെയ്നേജ് പൈപ്പിൽ തടസ്സമൊന്നുമില്ലെന്ന് ഉറപ്പാക്കുക. സൺ ഷേഡിലെ കരിയിലകളും മാലിന്യങ്ങളും നീക്കം ചെയ്യുക.

വീട് നിർമിക്കുന്ന സമയത്ത് തന്നെ വാട്ടർ പ്രൂഫ് കോട്ടിങ്ങ് നൽകാൻ പ്രത്യേകം ശ്രദ്ധിക്കണം. മൺസൂണ്‍ ശക്തമായെത്തുന്ന നമ്മുടെ നാട്ടിൽ ഇത്തരം മുൻകരുതലുകൾ ആവശ്യമാണ്. 

ദ്രാവക രൂപത്തിലുള്ള വാട്ടർപ്രൂഫിങ്ങ് ഉൽപന്നങ്ങൾ വിപണികളിൽ ലഭ്യമാണ്. മഴക്കാലത്തിന് മുന്നേ ചോർച്ചയുണ്ടാകാൻ സാധ്യതയുള്ള ഭാഗങ്ങളിൽ ഇവ ബ്രഷ് ഉപയോഗിച്ച് തേച്ച് പിടിപ്പിക്കാം. രണ്ടോ മൂന്നോ കോട്ടിങ്ങായി നൽകാം. 

മൂന്ന് മാസം കൂടുമ്പോൾ വെള്ളം ഒലിച്ചു പോകാനുള്ള പൈപ്പുകൾ വൃത്തിയാക്കണം. ടെറസിൽ വെള്ളം കെട്ടിനിൽക്കാൻ സാധ്യതയുള്ള ഇടങ്ങളിൽ അൽപം ഉയർത്തി ചെറിയ ബംപുകൾ നിർമിക്കാം. 

കരുതലോടെ ഇൻഡോർ പ്ലാൻസ് 

aer2

ഇൻഡോർ ചെടികൾ വളർത്തി വീടിനെ കൂടുതൽ എക്കോ ഫ്രണ്ട്‌ലിയാക്കി മാറ്റാനാണ് മിക്ക കുടുംബങ്ങളും ആഗ്രഹിക്കുന്നത്. എന്നാൽ നമ്മുടെ കാലാവസ്ഥയ്ക്ക് ഇണങ്ങുന്ന രീതിയിലുള്ള ചെടികളാണോ വീടിനുള്ളിൽ വയ്ക്കുന്നതെന്ന് പലരും ശ്രദ്ധിക്കാറില്ല. 

മാറി വരുന്ന കാലാവസ്ഥയ്ക്ക് അനുസരിച്ചുള്ള ചെടിക ൾ വേണം അകത്തളത്തിലേക്ക് തിരഞ്ഞെടുക്കാൻ. മാത്രമല്ല ഇൻഡോർ ചെടികൾക്കു  മഴക്കാലമാകുമ്പോള്‍  കുറച്ചധികം സംരക്ഷണം നൽകുകയും വേണം. 

ചില ചെടികൾ കൂടുതൽ സൂര്യപ്രകാശം വേണ്ടവയാണ്. മഴക്കാലത്ത് ഇത്തരം ചെടികൾ വീടിനുള്ളിൽ നിന്നു മാറ്റി ബാൽക്കണിയിലോ നേരിട്ട് സൂര്യപ്രകാശം കിട്ടുന്ന ഭാഗങ്ങളിലോ ക്രമീകരിക്കണം. ഹാങ്ങിങ് ഗാർഡനായോ, പോട്ട് ഗാർഡനായോ ഇവ വളർത്താം. മഴക്കാലത്തിന് ശേഷം വീണ്ടും    വീടിനുള്ളിലേക്ക് എടുത്തു വയ്ക്കാം, 

ചെടിച്ചട്ടികളിൽ രണ്ടോ മൂന്നോ ദിവസം കൂടുമ്പോൾ അ ൽപം മാത്രം വെള്ളം സ്പ്രേ ചെയ്തു കൊടുക്കുക. അന്തരീക്ഷത്തിൽ ഈർപം കൂടി നിൽക്കുന്ന മഴക്കാലത്ത് വെള്ളം അമിതമായി ഒഴിക്കുന്നത് ചെടികളിൽ ഫംഗസ് ബാധയുണ്ടാക്കാനുള്ള സാധ്യത വർധിപ്പിക്കും. 

ചുമരിൽ തട്ടുകളായി വളർത്തുന്ന ചെടികൾ, വേർട്ടിക്കൽ  ഗാർഡൻ, ഭിത്തികള്‍ക്ക് അലങ്കാരമായി ഒഴിഞ്ഞ ബോട്ടിലുകളിലും ജാറുകളിലും പൈപ്പുകളിലും വളർത്തുന്ന അലങ്കാര  ചെടികൾ എന്നിവയെല്ലാം  മഴക്കാലത്ത് ഇടക്കിടെ വെട്ടി ഒതുക്കുക. ഇവയിൽ വെള്ളം കെട്ടിക്കിടക്കുന്നില്ലെന്ന് ഉറപ്പ് വരുത്തുകയും വേണം. അതല്ലെങ്കിൽ ഭിത്തിയിൽ ഈർപ്പം തങ്ങി നിന്ന് വീടന്റെ ഭംഗിയെ ബാധിക്കും. 

നേരിട്ട് മഴയേൽക്കുന്ന ഭാഗങ്ങളിലെ ചെടികൾക്ക് മുകളിലായി കനം കുറഞ്ഞ നെറ്റ് വിരിക്കാം. ഇത് ചെടികളുടെ മേൽ നേരിട്ട് പതിക്കുന്ന മഴതുള്ളികളുടെ ശക്തി കുറയ്ക്കാൻ സഹായിക്കും. 

ടെറസ് ഗാർഡന്‍ വളർത്താൻ ഏറ്റവും നല്ല സമയമാണ് മൺസൂൺ. വെള്ളം കൂടുതൽ ആവശ്യമുള്ളവയെ തരംതിരിച്ച് കൂടുതൽ വെള്ളം ലഭിക്കുന്ന ഭാഗങ്ങളിൽ വയ്ക്കാം.  ടെറസ് ഗാർഡനിങ് തുടങ്ങാൻ ആഗ്രഹിക്കുന്നവർ ചട്ടികളിലോ, ചെറിയ കവറുകളിലോ ചെടി വിത്തുകൾ പാകി സൺഷേഡുകളുടെ അടിയിലോ, ബാൽക്കണിയുടെ വശങ്ങളിലോ സംരക്ഷിക്കാം. മഴയുടെ ഈർപ്പത്തോടൊപ്പം ഇവ വളരെ വേഗത്തിൽ വളരും. മണ്ണ് നിറയ്ക്കുന്നതിന് മുൻപ് ചട്ടികളിൽ ചെറിയ ദ്വാരങ്ങൾ നൽകിയാല്‍ വെള്ളം കെട്ടി നിൽക്കാതെ വാർന്നു പൊയ്ക്കോളൂം. ടെറസിൽ വീഴുന്ന വെള്ളം ഒലിച്ചു പോകാൻ ഡ്രെയ്നേജ് സൗകര്യവും ഉണ്ടാകണം. 

വാഡ്രോബ് ആൻഡ് ഫർണിച്ചര്‍ കെയർ 

_C3R6108

മഴക്കാലത്ത് ഏറ്റവും വെല്ലുവിളിയുയർത്തുന്നവരാണ് വീട്ടിലെ തടി മേശയും കസേരകളും കട്ടിലും. എന്തിനധികം പറയുന്നു മരം കൊണ്ടുണ്ടാക്കിയ വാഡ്രോബുകൾ വരെ മഴക്കാലത്ത് തിരിച്ചടിയായി മാറാറുണ്ട്. 

മഴ ശക്തമാകും മുൻപേ തന്നെ സംരക്ഷണം നൽകിയാൽ മൺസൂണിലും തടി ഉരുപ്പടികൾ ഭംഗിയോടെയിരിക്കും.  മഴക്കാലമാകുമ്പോഴാണ് ചില പ്രാണികൾ ഫർണിച്ചറിൽ  കൂട് കൂട്ടാനായി എത്തുന്നത്. വീടിനുള്ളിൽ കർപ്പൂരത്തിന്റേയോ ആരിവേപ്പിന്റെയോ മണമുണ്ടാകുന്നത് ഇത്തരം പ്രാണികളെ അകറ്റാൻ സഹായിക്കും. കർപ്പൂരം ചെറിയൊരു കിഴി കെട്ടി കട്ടിലിന്റെ ഇരു വശങ്ങളിലും ഡൈനിങ് ടേബിളിന്റെ മുകളിലും സൂക്ഷിക്കാം. നല്ല എയർ ഫ്രഷ്നറായി പ്രവർത്തിക്കുന്നതിനൊപ്പം ചെറു പ്രാണികളുടെ ശല്യവും അകലും. 

ഫർണിച്ചറിന്റെ  കാലുകൾ പോളിത്തീൻ കവറിൽ പൊതിഞ്ഞാൽ തറയിലെ ഈർപ്പത്തിൽ നിന്നും രക്ഷ നേടാം. 

ഗ്ലിസറിൻ പഞ്ഞിയിൽ മുക്കി ഇടക്കിടെ തുടയ്ക്കുന്നതും വർഷത്തിലൊരിക്കൽ പോളിഷ് ചെയ്യുന്നതും മരങ്ങൾ കൊണ്ടുള്ള ഫർണിച്ചറിന്റെ ആയുസ് വർധിപ്പിക്കും. 

തടി കൊണ്ടുള്ള അലങ്കാര വസ്തുക്കളും ഫർണിച്ചറുകളും ഉണങ്ങിയ കോട്ടൺ തുണി ഉപയോഗിച്ച് മാത്രം തുടച്ച് വൃത്തിയാക്കുക. വെള്ളം നനച്ചാലും ഈർപം തങ്ങി നിൽക്കാത്ത അസറ്റോൺ മെറ്റീരിയൽ ഉപയോഗിച്ചും വൃത്തിയാക്കാം. 

ജലാംശത്തെ പെട്ടെന്ന് വലിച്ചെടുക്കുന്ന സിലിക്കാ ജെ ൽ വാഡ്രോബുകളിൽ സൂക്ഷിച്ചാൽ പൂപ്പൽ ബാധയുണ്ടാകില്ല.  നനവുള്ള വസ്ത്രങ്ങൾ വാർഡ്രോബിൽ വയ്ക്കാതിരിക്കാനും ശ്രദ്ധിക്കുക. മഴക്കാലത്ത് മുഷിഞ്ഞ വസ്ത്രങ്ങൾ വയ്ക്കാനായി മാത്രം ഒരു പോളിസ്റ്റർ ബാഗ് വാഡ്രോബിൽ പിടിപ്പിക്കാം. 

മഴയായതിനാൽ മുറിക്കുള്ളിൽ വിരിച്ചിട്ട് ഉണക്കിയ വസ്ത്രങ്ങൾ അൽപം  വെയിൽ തെളിയുമ്പോൾ തന്നെ  വെയിലത്തിട്ട് ഉണക്കിയെടുക്കാൻ ഓർക്കുക. 

ആഴ്ചയില്‍ രണ്ട് ദിവസമെങ്കിലും വാഡ്രോബുകൾ തുറന്നിട്ട് വായു സഞ്ചാരമുണ്ടാക്കുക.

രോഗം പരത്തുന്ന കർട്ടനും കാർപെറ്റും 

sandy-brown

അശ്രദ്ധമായി കരുതുന്ന  ചെറിയ നനവാണ് പിന്നീട് പൂപ്പലിനു കാരണമായി മാറി ആരോഗ്യത്തിന് ഭീഷണിയാകുന്നത്. മഴക്കാലമായാൽ  വെളുപ്പ്, കറുപ്പ്, ചുവപ്പ് , നീല,  പച്ച എന്നീ നിറങ്ങളിൽ പൂപ്പലുകൾ കർട്ടനിലും സോഫയിലും കാർപ്പെറ്റിലും കയറിക്കൂടും. പിന്നെ, വീട്ടുകാർക്ക് തുമ്മലായി, ജലദോ ഷമായി, പനിയായി.

മിക്കപ്പോഴും കാണാതെ പോകുന്ന ഇത്തരം ഫംഗസ് ബാ ധകളാണ് പല രോഗങ്ങളുടേയും തുടക്കക്കാർ. മഴ പെയ്യുമ്പോൾ ആദ്യം നനയുക ജനലിനോട് ചേർന്ന് കിടക്കുന്ന കർട്ടനുകൾ തന്നെയായിരിക്കും. 

കട്ടി കൂടിയ കർട്ടനുകൾ മഴക്കാലത്തിന്റെ തുടക്കത്തിൽ തന്നെ ഒഴിവാക്കാം.പകരം നൈലോൺ തുണിയിലോ നെറ്റ് തുണിയിലോ തുന്നിയ കടും നിറത്തിലുള്ള കർട്ടനുകൾ ഉപയോഗിക്കാം, ജനൽപാളികൾ തുറക്കുമ്പോൾ കർട്ടനുകൾ വശങ്ങളിലേക്കോ മുകളിലേക്കോ മടക്കി പിൻ ചെയ്യാൻ ശ്രദ്ധിക്കണം. അന്തരീക്ഷത്തിൽ തങ്ങി നിൽക്കുന്ന ഈർപ്പത്തിനൊപ്പം പൊടിയും അഴുക്കും കർട്ടനുകളിൽ പറ്റിപ്പിടിക്കാനുള്ള സാധ്യതയേറെയാണ്. മൂന്ന് ദിവസം കൂടുമ്പോൾ ഇവ വാക്വം ക്ലീനർ ഉപയോഗിച്ച് വൃത്തിയാക്കാം. 

മണ്ണും ചെളിയും വെള്ളവും വീടിനകത്തേക്ക് ചവിട്ടി കയറ്റാൻ സാധ്യതയുള്ളതിനാൽ കാർപ്പെറ്റുകൾക്കും ശ്രദ്ധ ആവശ്യമാണ്. കയർ, കോട്ടൻ, വെൽവെറ്റ് മെറ്റീരിയലുകളിലുള്ള ചവിട്ടികൾക്കു പകരം പ്ലാസ്റ്റിക്, റബർ ചവിട്ടികൾ മഴക്കാലത്തിനായി കരുതി വയ്ക്കാം. കട്ടി കൂടിയതും വില കൂടിയതുമായ കാർപ്പെറ്റുകൾ മഴക്കാലത്ത് ഒഴിവാക്കണം. വെയിലുള്ളപ്പോൾ രണ്ടോ മൂന്നോ മണിക്കൂർ ഇവ വെയിലത്തിട്ട ശേഷം മടക്കി മാറ്റി വയ്ക്കാം. 

കാർപ്പെറ്റുകൾ നനഞ്ഞു പോയാൽ ഹെയർ ഡ്രയർ ഉപയോഗിച്ച് അപ്പോൾ തന്നെ നനവ് മാറ്റുക. കാർപ്പെറ്റുകൾ നനഞ്ഞിരുന്നാൽ ഇവ വീടിനകത്ത് ദുർഗന്ധമുണ്ടാക്കുകയും മറ്റ് രോഗങ്ങൾക്കും കാരണമാകുകയും ചെയ്യും. 

ബെഡ്ഷീറ്റ് മാറ്റാൻ മറക്കരുത് 

cotton-bedsheet-500x500

മഴക്കാലത്ത് ബെഡ്ഷീറ്റിനും സോഫാ കവറിനുമായി കോട്ടൺ മെറ്റീരിയൽ തിരഞ്ഞെടുക്കാം. കട്ടി കൂടിയ ബെഡ് ഷീറ്റുകൾ തൽക്കാലം ഒഴിവാക്കി ചൂട് നിൽക്കുന്ന നൈലോൺ, പോളിസ്റ്റർ  തുണിയിലുള്ള പുതപ്പും കിടക്കവിരികളും ഉപയോഗിക്കാം. 

മഴക്കാലത്ത് ബെഡ്ഷീറ്റുകൾ അലക്കുമ്പോൾ ചൂടുവെള്ളം ഉപയോഗിക്കാൻ ശ്രദ്ധിക്കണം. ആഴ്ചയിലൊരിക്കൽ ബെഡ്ഷീറ്റുകൾ കഴുകണം. ഓരോ തവണയും ഉണക്കി യെടുത്ത ശേഷം ഇസ്തിരിയിട്ട് സൂക്ഷിക്കാം. ഇസ്തിരിയിടുന്നത് ഫംഗസിനെ അകറ്റാൻ സഹായിക്കും. മെത്തയിൽ നനവേൽക്കാതിരിക്കാൻ ബെഡ് പ്രൊട്ടക്റ്റർ ഉപയോഗിക്കാം. മാർക്കറ്റുകളില്‍ ഇവ ലഭ്യമാണ്.

വീഴ്ച വിളിച്ചു വരുത്തുന്ന ഇന്റർലോക്കും ക്ലാഡിങ്ങും  

art2

മഴക്കാലത്ത് പുറം വശമാണ് അകത്തളത്തേക്കാൾ സംരക്ഷിക്കേണ്ടത്. തെന്നലും പായലും മഴക്കാലത്ത് ഉണ്ടാക്കുന്ന തലവേദന ചെറുതൊന്നുമല്ല. എന്നാൽ ഓരോ മെറ്റീരിയലിന്റേ   യും ഗുണമേന്മയ്ക്ക് അനുസരിച്ചാണ് പൂപ്പലിന്റെ അളവ് കൂടുന്നത്. മുറ്റത്തിന് മോഡി കൂട്ടാനുള്ള മെറ്റീരിയൽ തിരഞ്ഞെടുക്കുമ്പോൾ മികച്ചത് തന്നെ കണ്ടെത്തുക. 

ഇന്റർലോക്കിൽ നാച്ചുറൽ സ്‌റ്റോൺസായ ബാംഗ്ലൂർ സ്‌റ്റോണും ഷെഹബാദും കടപ്പയും ഉപയോഗിച്ചാൽ മഴക്കാല പ്രശ്നങ്ങളെ പൂർണമായി തടയാൻ സാധിക്കും. 

സാധാരണ ഇന്റർ ലോക്കുകൾ ഉപയോഗിക്കുന്നവർ ലോക്കുകൾക്കിടയിൽ പുല്ലുകൾ വളർത്താം. ഇത് മഴവെള്ളത്തെ വലിച്ചെടുത്ത് ഭൂമിയിലേക്ക് തിരിച്ചു വിടാൻ സഹായിക്കും. പുല്ല് വെട്ടി നിർത്താനും ഓർക്കുക. ഇന്റര്‍ ലോക്ക് ചെയ്യുന്നതി    ന് മുമ്പ് കരിങ്കൽ ചീളുകൾ കൊണ്ട് ഒരു ലെയർ നൽകുന്നതും വെള്ളത്തെ ആഗിരണം ചെയ്യാൻ ഫലപ്രദമാണ്.

മഴക്കാലം തുടങ്ങിയാൽ ഇടയ്ക്കിടെ പ്രഷർ വാട്ടർ ഉപ യോഗിച്ച് തറകൾ വൃത്തിയാക്കണം.അശ്രദ്ധമായി കരുതിയാ ൽ  പൂപ്പലുകൾ വർധിച്ച് മുറ്റത്ത് പാകിയിരിക്കുന്ന ഫ്ലോർ മെറ്റീരിയലിന്റെ നിറങ്ങൾ മങ്ങി പോകാൻ ഇടവരും. 

സൺ ഷേഡുകൾ നൽകാത്ത ചുമരുകളെ വെയിലിലും മഴയിലും സംരക്ഷിക്കാനാണ് ക്ലാഡിങ് ചെയ്യുന്നത്. ക്ലാഡിങ്    ചെയ്യുന്നതിന് മുമ്പ് ചുവരുകള്‍ വാട്ടർ‌പ്രൂഫ് ചെയ്യാൻ പ്രത്യേകം ശ്രദ്ധിക്കണം.

ക്ലാഡിങ് ചെയ്ത ശേഷം സ്‌റ്റോൺ സീലർ അപ്ലൈ ചെയ്യുന്നത് കൂടുതൽ ഗുണകരമാണ്. ഇത് മഴക്കാലത്തെത്തുന്ന പായലിനേയും പൂപ്പലിനേയും അകറ്റാൻ സഹായിക്കും. 

ക്ലാ‍ഡിങ് ചെയ്ത ചുവരുകളിൽ സൈക്കോസിൽ എന്ന ലിക്വിഡ് രൂപത്തിലുള്ള മെറ്റീരിയൽ ഉപയോഗിക്കുന്നതും നല്ല വാട്ടർപ്രൂഫിങ് മാർഗമാണ്.    

വിവരങ്ങൾക്ക് കടപ്പാട് :

ഹേമ പദ്മകുമാർ 

ഇന്റീരിയർ ഡിസൈനർ, ഇടപ്പള്ളി 

ആൽബിൻ പോൾ 

ആർക്കിടെക്റ്റ്, കാക്കനാട്