Saturday 15 February 2020 03:58 PM IST : By സ്വന്തം ലേഖകൻ

‘സൂക്ഷിച്ചുപയോഗിച്ചില്ലെങ്കിൽ ഉടഞ്ഞുപോകും’; അകത്തളത്തിൽ ക്ലാസിക് ലുക് നൽകുന്ന ഗ്ലാസ് ഇന്റീരിയറിനെ കുറിച്ച് അറിയേണ്ടതെല്ലാം...

shutterstock_1169054620

ക്രിസ്റ്റൽ ക്യൂരിയോസ് മാത്രമായിരുന്നു മുൻപ് വീട്ടകങ്ങളിലെ ഗ്ലാസ് വിസ്മയം. എന്നാലിപ്പോൾ സ്റ്റെയർകെയ്സിന്റെ ഹാൻഡ് റെയ്‌ലിലും ഡോറിലും മാത്രമല്ല, ഭിത്തിയിലും റൂഫിങ്ങിലും വരെ ഗ്ലാസ് സ്ഥാനം പിടിച്ചു കഴിഞ്ഞു. ട്രഡീഷനൽ രീതി വിട്ട് കന്റെംപ്രറി ലുക്കിനു പിന്നാലെ പോകുന്നവരാണ് ഗ്ലാസിന് അകത്തളത്തിൽ ഫുൾ മാർക്ക് നൽകുന്നത്.

‘സൂക്ഷിച്ചുപയോഗിച്ചില്ലെങ്കിൽ ഉടഞ്ഞുപോകും’ എന്ന ചില്ലുഗ്ലാസിന്റെ തിയറി തന്നെ വേണം ഗ്ലാസ് ഇന്റീരിയറിന്റെ കാര്യത്തിലും പ്രാവർത്തികമാക്കാൻ. മെറ്റീരിയൽ തിരഞ്ഞെടുക്കുന്നതു മുതൽ ശ്രദ്ധയോടെ ഉപയോഗിക്കുന്നതു വരെയായി നൂറുകാര്യങ്ങളുണ്ട് ഗ്ലാസിന്റെ കാര്യത്തിൽ ഓർമിക്കാൻ. ഗ്ലാസ് ഇന്റീരിയറിനെ കുറിച്ച് അറിയേണ്ടവ ഇതാ.

ജനാലയില്‍ അന്നുമിന്നും

ഗ്ലാസ് ആദ്യം കൂട്ടുകൂടിയത് ജനാലകളോടാണ്. അലങ്കാരപ്പണികളൊന്നുമില്ലാതെ വെറുതെ ഗ്ലാസ് ഇടാനാണെങ്കിൽ പി ൻഹെഡ് ഗ്ലാസ് ആണ് നല്ലത്. അതല്ല, ഇത്തിരി അലങ്കാരങ്ങൾ വേണമെന്നാണെങ്കിൽ ക്ലിയർ ഗ്ലാസിൽ ബിവെലിങ്, എച്ചിങ്, ഫ്രോസ്റ്റിങ് എന്നിങ്ങനെ ഗ്ലാസ് വർക്സ് െചയ്തെടുക്കാം.  

Points to remember : അഞ്ച് എംഎം ഗ്ലാസ് ആണ് ജനാലകൾക്കായി സാധാരണ തിരഞ്ഞെടുക്കാറ്. മറ്റൊന്ന് ആറ് എംഎം ഗ്ലാസിന്റെ വശങ്ങൾ ഒരിഞ്ച് കനത്തിൽ ബിവെൽ ചെയ്തെടുക്കുന്ന രീതിയാണ്.

Bevelling : ആറ് എംഎം എങ്കിലും കനമുള്ള ഗ്ലാസിൽ മാത്രമേ ബിവെലിങ് ചെയ്യാനാകൂ. ഗ്ലാസിന്റെ വശങ്ങൾ ചെരിച്ച് പോളിഷ് ചെയ്തെടുക്കുന്ന രീതിയാണിത്. ഇങ്ങനെ ചെയ്യുമ്പോൾ വശങ്ങളിൽ ത്രിമാന ഇഫക്ട് കിട്ടും.

തെളിയട്ടെ ഭിത്തികൾ

സിനിമയിൽ കാണാറില്ലേ, കർട്ടൻ നീക്കിയാൽ പുറംകാഴ്ച മുഴുവൻ കാണാവുന്ന തരത്തിൽ വലിയ ഗ്ലാസ് വാൾ. ഇതുകണ്ട് മോഹിക്കാത്ത ആരുമുണ്ടാകില്ല. മുറിയുടെ ഒരു ഭിത്തി മുഴുവനുമോ പകുതി ഭാഗമോ ഗ്ലാസ് മാത്രം ഉപയോഗിച്ച് നിർമിക്കുന്ന രീതിക്ക് നാട്ടിലും ഇപ്പോൾ ആവശ്യക്കാരാറെയുണ്ട്.

ഭിത്തി പോലെ തന്നെ ഉറപ്പും സുരക്ഷിതത്വവും സ്വകാര്യതയും കിട്ടുമോ എന്നതാണ് പലരെയും ഇതിൽ നിന്നു പിൻതിരിപ്പിക്കുന്നത്. എന്നാൽ സാധാരണ ഭിത്തി പോലെ തന്നെ ഗ്ലാസ് ഭിത്തികളും കരുത്തുറ്റതാണ്. ഇവയ്ക്കിണങ്ങുന്ന ഷീർ കർട്ടനുകളും വിപണിയിലുണ്ട്. ആവശ്യമുള്ളപ്പോൾ മുറിയിൽ സ്വകാര്യത ഉറപ്പാക്കാനും അല്ലാത്തപ്പോൾ വെളിച്ചം നന്നായി കടക്കുന്ന തരത്തിൽ അഡ്ജസ്റ്റ് ചെയ്യാവുന്നവയാണ് ഇവ.

കോർണറിൽ മാത്രം സീലിങ് ടു ഫ്ലോർ വരെയോ നടുവിൽ എട്ടടി വരെ മാത്രമായോ ഗ്ലാസ് പിടിപ്പിക്കുന്നതും അകത്തളം അടിമുടി മാറ്റും.

Points to Remember : കോൺക്രീറ്റിൽ തൂണുവാർത്ത് ഇവ തമ്മിൽ ഗ്ലാസ് കൊണ്ട് യോജിപ്പിച്ചാണ് ഗ്ലാസ് ഭിത്തി നിർമിക്കുന്നത്. കോൺക്രീറ്റ് ഭിത്തിക്ക് എട്ട്– ഒൻപത് ഇഞ്ച് കനം വരുമ്പോൾ ഗ്ലാസ് ഭിത്തിക്ക് ഒന്നരയിഞ്ചേ കനം വരൂ. അത്രയും ഇടം കൂടി മുറിക്കുള്ളിൽ കിട്ടും.

Glass Boxes : ഏഴരയിഞ്ച് വലുപ്പത്തിൽ നാലരയിഞ്ച് കനമുള്ള ഗ്ലാസ് ബ്ലോക്സ് പല നിറത്തിൽ  ലഭ്യമാണ്. ഇഷ്ടിക കൊണ്ടു ഭിത്തി കെട്ടുന്നതുപോലെ വൈറ്റ് സിമന്റ് ഉപയോഗിച്ച് കെട്ടാം ഇത്. ഭിത്തിയിൽ അങ്ങിങ്ങായി ഗ്ലാസ് ബ്ലോക്സ് വച്ചാൽ ഭംഗിയും വെളിച്ചവും ഒരുപോലെ അകത്തളത്തിൽ എത്തും.

വാതിലിൽ കരുത്തോടെ

ബാത്റൂമിന്റെയും അടുക്കളയുടെയും വാതിലുകളിലാണ് ഗ്ലാസ് ആദ്യം സ്ഥാനം പിടിച്ചത്. പക്ഷേ, ഇപ്പോൾ പ്രധാന വാതിലിലും മുറികളുടെ വാതിലിലുമൊക്കെ ഗ്ലാസ് സ്ഥാനം പിടിച്ചു കഴിഞ്ഞു. ടിന്റഡ് അല്ലെങ്കിൽ ഫ്രോസ്റ്റഡ് ഗ്ലാസ് തന്നെ വേണം മുറികളുടെ വാതിലിൽ ഉപയോഗിക്കാൻ. സ്വകാര്യത ഉറപ്പാക്കാനാണിത്.  

Points to Remember : വാതിലിനായി ബലുമുള്ള 12 എംഎം ടഫൻഡ് ഗ്ലാസ് തന്നെ വേണം തിരഞ്ഞെടുക്കാൻ. തണുപ്പും ചൂടും നൽകി ഗ്ലാസ് പ്രൊസസ് ചെയ്തെടുക്കുന്ന രീതിയാണ് ടഫനിങ്. പൊട്ടി പോകുകയേ  ഇല്ല എന്നതല്ല പൊട്ടിയാലും ചീളുകളായി അടരാതെ പൊടിഞ്ഞു വീഴുമെന്നതാണ് ഇതിന്റെ പ്രത്യേകത. പല ലെയറുകളായി ഒട്ടിച്ചു ചേർത്ത തരത്തിലുള്ള സാൻവിച്ച് ഗ്ലാസും ഒരിക്കലും പൊട്ടാത്ത എന്ന വിശേഷണമുള്ള ബുള്ളറ്റ് പ്രൂഫ് ഗ്ലാസും ഇതിലെ താരങ്ങളാണ്.

Frosting : ഗ്ലാസിൽ മൂടൽ മഞ്ഞ് പിടിച്ചതുപോലുള്ള പ്രതീതി ഉളവാക്കുന്നതാണ് ഫ്രോസ്റ്റിങ്. ബാത്റൂം ഡോറിന്റെയും മറ്റും സുതാര്യത കുറയ്ക്കാനാണ് ഇങ്ങനെ ചെയ്യുന്നത്.

shutterstock_1032321175

തറയിലും താരം

നടുമുറ്റമൊക്കെയായി ട്രഡീഷനൽ ലുക്കിൽ പണിത വീടാണോ നിങ്ങളുടേത്. പുതുക്കിപ്പണിത് മോഡേണാക്കുമ്പോൾ ഈ നടുമുറ്റം മിക്കവർക്കും തലവേദനയാകും. ഭംഗിയുള്ള പെബിൾസ് നിരത്തി ഗ്ലാസ് മൂടി പിടിപ്പിച്ച്, അകത്ത് സ്റ്റൈലായി ലൈറ്റിങ് കൂടി ചെയ്തു നോക്കൂ... അകത്തളത്തിന്റെ അഴക് ഇരട്ടിയാകും. അതല്ലെങ്കിൽ വെള്ളം നിറച്ച് അലങ്കാര മത്സ്യങ്ങളും വാട്ടർ പ്ലാന്റ്സും നട്ടു ഗ്ലാസ് കൊണ്ട് വാക്‌വേ കൂടി നൽകൂ. വീടിനുള്ളിൽ പോസിറ്റീവ് എനർജി  നിറയും. 12 എംഎം ഗ്ലാസാണ് മിക്കവരും ഫ്ലോറിങ്ങിനായും തിരഞ്ഞെടുക്കുന്നത്. എന്നിരുന്നാലും സാൻവിച്ച് ഗ്ലാസാണ് കൂടുതൽ നല്ലത്.

Points to remember : ഫ്ലോറിങ്ങിൽ ഗ്ലാസ് ഉൾപെടുത്തണമെന്നുണ്ടെങ്കിൽ ഇക്കാര്യം പ്ലാൻ വരയ്ക്കുന്ന സമയത്തു തന്നെ ആർക്കിടെക്റ്റിനോടു പറയാം. ഗ്ലാസ് പിടിപ്പിക്കേണ്ട ഭാഗത്ത് പ്രത്യേകം ബീഡിങ് നൽകി വേണം തറയൊരുക്കാൻ.

Staining: പല നിറത്തിലുള്ള ഗ്ലാസ് കഷണങ്ങൾ ചേർത്തുവച്ച് ഇഷ്ടമുള്ള പാറ്റേണോ ഡിസൈനോ സൃഷ്ടിക്കുന്നതിനെയാണ് സ്റ്റെയ്നിങ് എന്നു പറയുന്നത്. നടുത്തളത്തിലെ ഗ്ലാസ് ഫ്ലോറിങ്ങിനുള്ളിൽ സ്റ്റെയ്ൻഡ് പാറ്റേൺ ചെയ്ത് ലൈറ്റിങ് കൂടി നൽകിയാൽ ഇന്റീരിയർ കളറായി.

മേൽക്കൂരയിലും തിളക്കം

മുറിക്കുള്ളിലിരുന്നാൽ ആകാശം കാണാൻ മോഹിക്കുന്നവർ മാത്രമല്ല, വീട്ടിനുള്ളിലെ വെളിച്ചക്കുറവു പ്രശ്നമായവർക്കും മികച്ച വഴിയാണ് ഗ്ലാസ് റൂഫിങ്. വീട്ടിലെ ലിവിങ്ങിലോ ഡൈനിങ്ങിലോ ഗ്ലാസ് റൂഫിങ് നൽകിയാൽ ആവശ്യത്തിനു വെളിച്ചം ഉള്ളിലെത്തുമെന്നു മാത്രമല്ല, ഇരുണ്ട അകത്തളത്തിന്റെ പരിമിതികൾ ഒഴിവാകുകയും ചെയ്യും. മറ്റു റൂഫിങ് മെറ്റീരിയലുകൾക്കൊപ്പം മിക്സ് ചെയ്തും ഗ്ലാസ് റൂഫിങ് ചെയ്യാം.  

Points to remember : പ്ലെയ്ൻ ഗ്ലാസിലും കൂളിങ് ഗ്ലാസിലും ഫ്രോസ്റ്റഡ് ഗ്ലാസിലുമൊക്കെ റൂഫിങ് ചെയ്യാം. മഴവെള്ളം വീഴുന്ന ഭാഗങ്ങളിൽ പായൽ പിടിച്ച് അഭംഗി ഉണ്ടാകാൻ സാധ്യതയുള്ളതിനാൽ സിറ്റ് ഔട്ടിലോ പർഗോളയിലോ ഗ്ലാസ് നൽകുമ്പോൾ വൃത്തിയാക്കാനുള്ള സൗകര്യം കൂടി നൽകണം.

Sunrays Cut Glass : മുൻപ് വീടിനുള്ളിലേക്ക് വെയിലും ചൂടും എത്താതിരിക്കാൻ ഗ്ലാസിൽ ടിന്റ് ഒട്ടിക്കുമായിരുന്നു. എന്നാലിന്ന് ചൂടു കുറയ്ക്കാൻ ടിന്റഡ് ഗ്ലാസ് മാത്രമല്ല ഉള്ളത്. സൺറെയ്സ് കട്ട് ഗ്ലാസ് ഉപയോഗിച്ചാൽ ട്രാൻസ്പെരന്റായി തന്നെ ഇരിക്കുമെന്നു മാത്രമല്ല, ഉള്ളിലെ ചൂടും കുറയും. ചൂടു തടയുന്നതിന്റെ തോതനുസരിച്ച് 50%, 60% എന്നിങ്ങനെ സൺറെയ്സ് കട്ട് ഗ്ലാസ് വാങ്ങാൻ കിട്ടും.

ചില്ലിൽ പതിക്കാം ഡിജിറ്റൽ ചിത്രങ്ങൾ

∙ ഇഷ്ടമുള്ള ഏതു ഡിസൈനും ഡിജിറ്റൽ സംവിധാനമുപയോഗിച്ച് ഗ്ലാസിലും പ്രിന്റ് ചെയ്തെടുക്കാം. ഓരോ മുറിയുടെ മൂഡിനനുസരിച്ച് ഫോട്ടോയോ, പാറ്റേണോ, ഡിസൈനോ ഒക്കെ ഇത്തരത്തിൽ തയാറാക്കാം.

∙ ഗ്ലാസ് ഉൽപന്നങ്ങളുടെ കനം (തിക്നെസ്) അനുസരിച്ചാണ് വില മാറുന്നത്. ഫ്രോസ്റ്റിങ്, സ്റ്റെയ്നിങ്, എച്ചിങ് പോലുള്ള വർക്കുകൾക്ക് എക്സ്ട്രാ ചെലവുവരും.

∙ അടുക്കള കബോർഡിനു വേണ്ടി പല നിറത്തിൽ ഗ്ലാസുകൾ വിപണിയിലുണ്ട്. കറ പിടിക്കില്ല എന്നും തുരുമ്പിക്കില്ല എന്നതുമൊക്കെയാണ് അടുക്കളയിൽ ഗ്ലാസിനെ താരമാക്കുന്നത്. വൃത്തിയാക്കാനും വളരെ എളുപ്പം.

∙ മെയ്ന്റനൻസ് ഫ്രീ ആണ് ഗ്ലാസ് ഇന്റീരിയറെല്ലാം. പെയിന്റ് ചെയ്യുകയോ പോളിഷ് ചെയ്യുകയോ ഒന്നും ഇതിനു ആവശ്യമില്ല. അഴുക്കു പിടിക്കുമ്പോൾ തുടച്ചോ കഴുകിയോ വൃത്തിയാക്കിയാൽ തന്നെ ദീർഘകാലം മങ്ങലേൽക്കാതെ നിൽക്കും.

∙ സാധാരണ ഗ്ലാസ് മുറിച്ചെടുത്ത് പീസ് ആക്കി പുനരുപയോഗിക്കാം. എന്നാൽ ടഫൻഡ് ഗ്ലാസ് ഇതുപോലെ മുറിച്ചെടുത്ത് വീണ്ടുമുപയോഗിക്കാൻ പറ്റില്ല. 

∙ സ്റ്റെയർകെയ്സിന്റെ ഹാൻഡ് റെയിലിങ്ങിലും പാർട്ടീഷൻ വാളിലും ഗ്ലാസ് കൊടുത്താൽ മുറിയുടെ വലുപ്പം ഒട്ടും കുറഞ്ഞതായി തോന്നില്ല.

വിവരങ്ങൾക്ക് കടപ്പാട്: ആർക്കിടെക്ട് സോണിയ ലിജേഷ്, ക്രിയേറ്റീവ് ഇന്റീരിയോ, കൊടകര, തൃശൂർ.