Friday 02 November 2018 11:19 AM IST : By സ്വന്തം ലേഖകൻ

ജാപ്പനീസ് സ്ട്രിങ് ഗാർഡൻ; ബാൽക്കണിയിലും വരാന്തയിലും ചെടികൾ തൂക്കിയിടാം

japanese-string-garden

ജപ്പാൻകാരുടെ ബോൺസായി കണ്ടിട്ടില്ലേ?. അതുപോലെ ചെടികളുടെ വളർച്ച സാവധാനമാക്കി മെരുക്കിയെടുക്കുന്ന മറ്റൊരു രീതിയാണ് കൊക്കെഡാമ. പ്രത്യേകം തയാറാക്കിയ മിശ്രിതവും പീറ്റ്മോസും ഉപയോഗിച്ച് വേരുകൾ മുഴുവനായി പൊതിഞ്ഞാണ് കൊക്കെഡാമയിൽ ചെടികൾ വളർത്തുക. ഇങ്ങനെ ഒരുക്കിയെടുത്ത ചെടികൾ തൂക്കിയിട്ടു വളർത്തുമ്പോഴാണ് ജാപ്പനീസ് സ്ട്രിങ് ഗാർഡനാകുക. ബാൽക്കണിയിലും വരാന്തയിലും ഈ വിധത്തില്‍ തയാറാക്കിയ ചെടികൾ തൂക്കിയിടാം.

പാതി തണൽ ളള്ളിടത്ത് അധികം ഉയരത്തിലും വലുപ്പത്തിലും വളരാത്ത കുറുകിയ വേരുകളോട് കൂടിയ അലങ്കാര ചെടികൾ സ്ട്രിങ് ഗാർഡൻ തയാറാക്കാൻ ഉപയോഗിക്കാം. ബേർഡ്സ് നെസ്റ്റ് ഫേൺ, ടേബിൾഫേൺ, ടില്ലാൻസിയ, ക്രിപ്റ്റാന്തസ്, നിയോറിഗേലിയ, ലക്കി ബാംബൂ, സെഡം, അലോ, റിബൺഗ്രാസ്, സ്പൈഡർ പ്ലാന്റ് എല്ലാം യോജിച്ചവയാണ്.

ആദ്യമായി ചെടി മിശ്രിതമുൾപ്പെടെ വേർപെടുത്തിയെടുക്കണം. വേരുഭാഗത്തെ മണ്ണ് വേരുകൾക്ക് ക്ഷതം പറ്റാത്ത വിധത്തിൽ ശ്രദ്ധാപൂർവം നീക്കം ചെയ്യണം. വേരുഭാഗം മുഴുവനായി കുതിർത്തെടുത്ത പീറ്റ്മോസ് ഉപയോഗിച്ച് പൊതിയണം. ഇതിനു ശേഷം ഗോളാകൃതിയിൽ തയാറാക്കിയ നടീൽ മിശ്രിതം നെടുകെ രണ്ടായി പിളർന്ന് ഇതിനുള്ളിലേക്ക് പീറ്റ്മോസിൽ പൊതിഞ്ഞ ചെടിയുടെ വേരുഭാഗം ഇറക്കി വയ്ക്കാം.

നടീൽമിശ്രിതമായി രണ്ടു ഭാഗം ചകിരിച്ചോറു ചേർത്ത ക മ്പോസ്റ്റ്, രണ്ടു ഭാഗം പെർലൈറ്റ്, ഒരു ഭാഗം ചുവന്ന മണ്ണ് ഇവ കലർത്തിയെടുത്തത് മതിയാകും. വേര് ഇറക്കി വച്ചശേഷം മിശ്രിതം വീണ്ടും വേരിനു ചുറ്റും ഗോളാകൃതിയിൽ തന്നെയാക്കണം. അടുത്ത പടിയായി ചകിരിനാരും പീറ്റ്മോസും ഉപയോഗിച്ച് മിശ്രിതബോൾ മുഴുവനായി പൊതിഞ്ഞെടുക്കാം. പീറ്റ്മോസ് ബോളിലേക്ക് ചേർത്തുറപ്പിക്കാൻ ചാക്കുനൂൽ ഉപയോഗിക്കാം. നൈലോൺ നൂലും ചുറ്റി പൊതിയാൻ പ്രയോജനപ്പെടുത്താം. ഇതിനു ശേഷം മോസ്ബോൾ വെള്ളത്തിൽ 3–4 മിനിറ്റ് മുഴുവനായി മുക്കി കുതിർത്തെടുക്കണം. ഇത്തരത്തിൽ ചെടി നടുമ്പോൾ ബലമുള്ള നൈലോൺ നൂല് കെട്ടി തൂക്കിയിടാൻ മറക്കേണ്ട.

വീട്ടിന്റെ വരാന്തയിലും ബാൽക്കണിയിലും സ്ട്രിങ്ഗാർഡൻ ഒരുക്കാം. കാലാവസ്ഥയനുസരിച്ച് ആഴ്ചയിലൊരിക്കൽ പാത്രത്തിലെടുത്ത വെള്ളത്തിൽ മുങ്ങുന്ന വിധത്തിൽ വേരുകൾക്ക് ആവശ്യാനുസരണം നന നൽകാം. ചെടിയുടെ വളർച്ചയ്ക്കായി രണ്ടാഴ്ചയിലൊരിക്കൽ വെള്ളത്തിൽ പൂർണമായി ലയിക്കുന്ന എൻ.പി.കെ 19:19:19 രാസവളം 2 ഗ്രാം/ ലീറ്റർ വെള്ളത്തിൽ ലായനിയായി ഇലകളിൽ തളിച്ചു നൽകാം.