കുറേ ചെടികൾ മാത്രമായാൽ പൂന്തോട്ടത്തിന് പൂർണതയുണ്ടാകുമോ? കോട്ടയം ഏറ്റുമാനൂർ സ്വദേശി എബിയോടു ചോദിച്ചാൽ ഇല്ല എന്നാകും ഉത്തരം, ഉറപ്പ്. ഈ അപൂർണത പരിഹരിക്കാനാണ് എബി, സിമന്റ് കൊണ്ട് ശിൽപങ്ങൾ നിർമിക്കുന്നത്. എബി നിർമിക്കുന്ന പക്ഷികളുടെയും മൃഗങ്ങളുടെയും മാലാഖമാരുടെയുമൊക്കെ ശിൽപങ്ങൾക്ക് ഒട്ടേറെ ആരാധകരുമുണ്ട്.
അപ്പനപ്പൂപ്പൻമാരുടെ പാത പിൻതുടർന്നാണ് എബിയും സിമന്റ് ശിൽപങ്ങൾ ഉണ്ടാക്കാൻ പഠിച്ചത്. ഇപ്പോൾ എംസി റോഡിൽ കോട്ടയത്ത് കോടിമതയിലാണ് എബിയുടെ പണിശാല. ആ വഴി കടന്നുപോകുന്നവർ കടയുടെ മുറ്റത്തിരിക്കുന്ന ശിൽപങ്ങളെ ശ്രദ്ധിക്കാതിരിക്കില്ല. സിമന്റ് കൊണ്ട് തടിയുടെയും കല്ലിന്റെയുമൊക്കെ ഫിനിഷുള്ള ഇരിപ്പിടങ്ങളും പൂന്തോട്ടത്തിൽ വയ്ക്കാവുന്ന ശിൽപങ്ങളുമൊക്കെയാണ് എബി പ്രധാനമായി നിർമ്മിക്കുന്നത്. ചെടിച്ചട്ടികൾ, ബേർഡ്ബാത്, മീൻകുളങ്ങൾ, ആമ്പൽക്കുളങ്ങൾ എന്നിങ്ങനെ പൂന്തോട്ടം ഭംഗിയാക്കുന്ന എന്തും എബിയുടെ കരവിരുതിൽ വിരിയും. കിണറിന് വ്യത്യസ്തമായ ഡിസൈനിലുള്ള ആൾമറയുണ്ടാക്കുന്നതാണ് മറ്റൊരു കഴിവ്.
ഉണ്ടാക്കേണ്ട വസ്തുവിന്റെ ഘടന ആറ് എംഎം അല്ലെങ്കിൽ എട്ട് എംഎം കമ്പി ഉപയോഗിച്ച് ഉണ്ടാക്കുന്നതാണ് ആദ്യ ഘട്ടം. ഉൽപന്നത്തിന്റെ വലുപ്പം കൂടുന്നതനുസരിച്ച് കമ്പിയുടെ വ്യാസവും കൂടും. കമ്പി കൊണ്ടുണ്ടാക്കുന്ന ഘടനയ്ക്കു മുകളിൽ മെഷ് ചുറ്റി ആകൃതി വരുത്തുന്നു. അതിനു മുകളിൽ പരുക്കൻ തേച്ചാണ് ശിൽപങ്ങളും പൂച്ചട്ടികളുമൊക്കെ നിർമിക്കുന്നത്. അവസാനമായി സിമന്റ് ചാന്തിട്ട് മിനുസപ്പെടുത്തുന്നു.
ഒരാഴ്ചയോളം വെള്ളത്തിലിട്ട് ക്യുവർ ചെയ്ത ശേഷമാണ് പെയിന്റ് ചെയ്ത് ഭംഗിയാക്കുന്നത്. ഏത് ആകൃതിയോ ഡിസൈനോ കൊടുത്താലും അതേപടി ചെയ്തുതരാൻ എബി തയാറാണ്. ചതുരശ്രയടിക്ക് 5 രൂപ മുതലാണ് ശിൽപങ്ങളുടെ വില.