മാമ്പഴം നട്ടു വളർത്താൻ സ്ഥലമില്ലെന്നോർത്തു വിഷമിക്കേണ്ട. അധികം ഉയരം വയ്ക്കാത്ത മധുര അമ്പഴം നട്ടു വളർത്തിയാൽ മതി. വീട്ടുമുറ്റത്തോ ടെറസ്സിലെ ചട്ടിയിലോ ഇവ വളർത്താം. മണ്ണ്/ മിശ്രിതം നല്ല ജൈവാംശം ഉള്ളതായിരിക്കണം.
∙ സൂര്യപ്രകാശം നന്നായി ലഭിക്കുന്ന സ്ഥലവും ജൈവാംശവും നീർവാർച്ചയുമുള്ള മണ്ണുമാണ് അനുയോജ്യം. 2 x 2 x 2 അടി കുഴികളെടുത്തു മേൽമണ്ണും ട്രൈക്കോഡെർമ സമ്പുഷ്ട ചാണകവും എല്ലുപൊടിയും ചേർത്തു യോജിപ്പിക്കുക. ഒരാഴ്ചയ്ക്കു ശേഷം വേരു പിടിപ്പിച്ച കമ്പുകൾ നടാം. അഞ്ചു ഗ്രാം വാം ജീവാണുവളം ചേർക്കുക.
∙ ജൈവവളങ്ങളായ മണ്ണിരകംപോസ്റ്റ്, എല്ലുപൊടി, ട്രൈക്കോഡെർമ സമ്പുഷ്ട ചാണകം എന്നിവ മാസത്തിലൊരിക്കൽ ചേർക്കുക. മണ്ണിൽ നല്ല ജൈവാംശം ഉണ്ടെങ്കിൽ ഒരു വളവും ചേർത്തില്ലെങ്കിലും കായ്ക്കും. നട്ട് ഒരു വർഷത്തിനുള്ളിൽ പൂക്കുലകളുണ്ടായി കായ്ക്കുകയും ചെയ്യും. വർഷത്തിൽ പലതവണ കായ്ക്കും.
∙ കായ്കൾ വിളവെടുത്ത ശേഷം ശിഖ രങ്ങൾ മുറിച്ചു മാറ്റണം. ചുവട്ടിലെ മണ്ണ് ഇളക്കി കളകൾ നീക്കി ജൈവവളങ്ങളായ ചാണകം, മണ്ണിര കംപോസ്റ്റ്, വേപ്പിൻ പിണ്ണാക്ക് എന്നിവയുടെ മിശ്രിതം ചേർക്കുക. വളം ചേർത്താൽ വിളവ് കൂടും.
∙ മീലി മുട്ട, വെള്ളീച്ച എന്നീ കീടങ്ങളുടെ ആക്രമണമുണ്ടായാൽ സൂക്ഷ്മമായി നിരീക്ഷിച്ച് കേടായ ഭാഗം പറിച്ചു നശിപ്പിക്കുക. ആക്രമണം രൂക്ഷമായാൽ സൂട്ടി മൗൾഡ് എന്ന രോഗം വന്ന് ഇലകൾക്കു കറുത്ത നിറമുണ്ടാകും. പാടയും േചാറും നീക്കിയ പഴയ കഞ്ഞിവെള്ളം ഇലകളിൽ തളിച്ചാൽ ഇവ മാറും.
കടപ്പാട്: റോസ്മേരി ജോയ്സ്, മുൻ ഡെപ്യൂട്ടി ഡയറക്ടർ, കൃഷി വകുപ്പ്, എറണാകുളം