Monday 27 August 2018 02:40 PM IST : By സ്വന്തം ലേഖകൻ

ലളിതസുന്ദരം എയർപ്ലാന്റ് ഉദ്യാനം

Air-plant-sea-urchin-pack-from-Etsy-shop-Lovely-Terrariums

ചെടികൾ വളർത്തണമെന്ന് ആഗ്രഹമുണ്ട്. പക്ഷേ, പരിപാലിക്കാൻ സമയമില്ല. ഇങ്ങനെ സങ്കടപ്പെടുന്നവർക്കു ചട്ടിയും മണ്ണുമൊന്നുമില്ലാതെ തന്നെ ലളിതമായി പരിപാലിക്കാവുന്നവയാണ് എയർപ്ലാന്റ്സ്. ടില്ലാൻഡിയ ഗണത്തിൽപ്പെടുന്ന ഇവ ഒരാഴ്ചത്തേക്കു നനയ്ക്കാൻ മറന്നാലും  ഒന്നും സംഭവിക്കില്ല.  അന്തരീക്ഷത്തിൽ തങ്ങി നിൽക്കുന്ന ഈർപ്പവും ധാതുലവണങ്ങളും ആ ഗിരണം ചെയ്ത് ഇവ വളർന്നോളും. ഡോൺട് കെയർ ചെടികൾ  എന്നു വിശേഷിക്കപ്പെടുന്ന എയർപ്ലാന്റ്സിനെക്കുറിച്ചു കൂടുതലറിയാം.

എവിടെയും വളർത്താം എയർ പ്ലാന്റ്സ്

 പ്രകൃതിയിൽ മരപ്പൊത്തിലും കമ്പുകളിലും പാറയിലും മറ്റും സ്വാഭാവികമായി കാണപ്പെടുന്ന ഇവയുടെ  അറുന്നൂറിനു മേ ൽ അലങ്കാരയിനങ്ങൾ വീട് അലങ്കരിക്കാൻ അനുയോജ്യമാണ്. നന്നേ കുറുകിയ തണ്ടിൽ കുത്തി നിറച്ചതു പോലെ കട്ടിയുള്ള ഇലകൾ സവിശേഷതയായുള്ള എയർപ്ലാന്റുകൾ പാതി തണലുള്ള ഇടത്തും ഒരു പരിധി വരെ നേരിട്ടു വെയിലത്തും പരിപാലിക്കാൻ േയാജിച്ചവയാണ്. പുല്ലിന്റെ പോലെയുള്ള വേരുകൾ ഏതു തരം പ്രതലത്തിലും പറ്റിപ്പിടിച്ചു വളരാൻ ചെടിയെ സഹായിക്കും. ചെടികൾ വളർത്താൻ സാധിക്കില്ല എന്നു കരുതുന്ന ഡ്രിഫ്റ്റ് വുഡിലും  ശംഖിന്റെ പുറത്തും അക്വേറിയത്തിന്റെ ഗ്ലാസ് ഭിത്തിയിലും വെള്ളാരം കല്ലിലുമെല്ലാം എയർപ്ലാന്റുകൾ വേരുകൾ ഉറപ്പിച്ചു നന്നായി വളരും. 

 ഇലകളിൽ  നിറയെ ചോക്കുപൊടി പോലെയുള്ള നേർത്ത ആവരണം ചെടിക്ക് ആവശ്യമായ ജലവും ധാതുലവണങ്ങളും അന്തരീക്ഷത്തിൽ നിന്നു വലിച്ചെടുക്കാനും കൂടാതെ വരണ്ട കാലാവസ്ഥയിൽ വളരാനും സഹായിക്കുന്നു. എയർപ്ലാന്റുകളിൽ  ചില ഇനങ്ങൾക്ക് ഈ ആവരണം  അധികമായി ഉ ള്ളതു െകാണ്ട് ഇലകൾക്കു മങ്ങിയ വെള്ള നിറമാകും. ഇത്തരം ചെടികൾ  വെയിലുള്ള ഇടത്തും  വളർത്താം. കൂടാതെ നനയും വളവും വല്ലപ്പോഴും നൽകിയാൽ മതിയാകും. മറ്റൊരിനം എയർപ്ലാന്റുകളിൽ  ആവരണം അത്രയ്ക്കു വ്യക്തമായി കാണാറില്ല. ഇവയ്ക്ക് കൂടുതൽ തണലും  നനയുമെല്ലാം ആവശ്യമായി വരും. ഇളംതവിട്ട്, ചുവപ്പ് നിറങ്ങളിൽ  ഇലകൾ ഉള്ളവയും ലഭ്യമാണ്. പല ഇനങ്ങൾക്കും  മിനിയേച്ചർ പൈനാപ്പിൾ ചെടിയുമായി രൂപസാദൃശ്യമുണ്ട്.

 പൂക്കൾ ഉണ്ടാകുന്നതിന്റെ മുന്നോടിയായി നടുവിലുള്ള തളിരിലകൾ ആകർഷകമായ ചുവപ്പ്, മഞ്ഞ, പിങ്ക് നിറങ്ങളിലാകും. പിന്നീട് ഈ വർണ ഇലച്ചാർത്തുകൾക്കിടയിൽ നിന്നാണു സൗന്ദര്യമുള്ള പൂക്കൾ വിരി‍ഞ്ഞു വരിക. വർണ ഇലകളിൽ നിന്നും വേറിട്ട നിറമാകും പൂക്കളുടേത്. കടുംചുവപ്പ്, നീല, പിങ്ക്, മഞ്ഞ എന്നീ നിറങ്ങളിലുള്ള പൂക്കൾ ഒന്ന് രണ്ട് ആഴ്ചക്കാലം ചെടിയിൽ കാണാം. 

flower

ലളിതപരിചരണത്തിൽ ഉദ്യാനഭംഗി

നന്നായി വളർച്ചയെത്തിയ ചെടിയുടെ ചുവട്ടിൽ നിന്നും  സ്വാഭാവികമായി തൈകൾ ഉണ്ടാകും. പൂവിടുന്ന ഇനങ്ങളിൽ പലതും പൂവിട്ടു കഴിഞ്ഞാൽ തൈകൾ ഉൽപാദിപ്പിക്കും. പൂവിടാത്ത ഇനങ്ങളിൽ ചിലപ്പോൾ ഇലകളുടെ ചുവട്ടിൽ നിന്നു പോലും തൈകൾ ഉണ്ടായി വരുന്നതായി കാണാം. ഒന്ന് – രണ്ട് ഇഞ്ച്  വലുപ്പമെത്തിയ തൈ, വേരുകൾ  ഇല്ലെങ്കിൽപ്പോലും അടർത്തിയെടുത്തു വളർത്താനായി ഉപയോഗിക്കാം. എയർപ്ലാന്റ് പല വിധത്തിൽ വളർത്താൻ കഴിയും. ഏറ്റവും ലളിതമായ രീതിയിൽ ചെടി നേർത്ത വള്ളിയിൽ തൂക്കിയിട്ടു വളർത്താം. അല്ലെങ്കിൽ പളുങ്കുപാത്രത്തിൽ ചെറിയ വെള്ളാരംകല്ലുകൾക്കിടയിൽ  ചുവടുഭാഗം  ഇറക്കി വച്ച്  മോടിയാക്കാം. ഡ്രിഫ്റ്റ്‌വു‍ഡിൽ പലതരം  എയർപ്ലാന്റുകൾ ഒരുമിച്ചു വളർത്തി  മിനി ഗാർഡൻ  തന്നെ ഒരുക്കിയെടുക്കാം. 

ചെടിയുടെ  വേരുഭാഗം  സൂപ്പർ ഗ്ലൂ ഉപയോഗിച്ചു ഡ്രിഫ്റ്റ്‌ വുഡിലേക്ക് ഒട്ടിച്ചു വയ്ക്കാൻ  കഴിയും. ഈ വിധത്തിൽ സൂപ്പർ ഗ്ലൂ ഉപയോഗിച്ച് എയർപ്ലാന്റുകൾ വലിയ വെള്ളാരംകല്ല്, ശംഖ്, അക്വേറിയത്തിന്റെ ഭിത്തി തുടങ്ങി ഏതു തരം പ്രതലത്തിലും വളർത്താനാകും. എയർപ്ലാന്റുകൾ ഉപയോഗിച്ചു തയാറാക്കുന്ന ടെററേറിയം ലോകമെങ്ങും പ്രസിദ്ധമാണ്. കൂടാതെ സ്പ്രിങ് പോലെ മൂന്ന് ഇഞ്ച് വ്യാസത്തിൽ കുട്ടയുടെ ആകൃതിയിൽ ചുറ്റിയെടുത്ത കമ്പിക്കുള്ളിൽ ഇറക്കി വച്ചും ചെടി ആകർഷകമാക്കാം. 

പല  ഇനങ്ങളുടെയും  വേരുകൾ കാലക്രമേണ വളരുന്ന ഇ ടത്തു പറ്റിപ്പിടിച്ച് ചെടിയെ ഉറപ്പിച്ചു നിർത്തും. വള്ളിയിൽ തൂക്കിയിട്ടു വളർത്തുന്നവ സാവധാനം എല്ലാ വശങ്ങളിലേക്കും തൈകൾ ഉൽപാദിപ്പിച്ചു ഗോളാകൃതിയിലാകും. 

 വളരെ സാവധാനം  വളരുന്ന  എയർ പ്ലാന്റുകളിൽ ചില ഇനങ്ങൾ ഒരു വർഷം െകാണ്ട് രണ്ട് – മൂന്ന് ഇഞ്ച് മാത്രമേ വ ളർച്ച കാണിക്കൂ. മഴക്കാലത്ത് അന്തരീക്ഷത്തിലുള്ള ഈർപ്പം ചെടി ആവശ്യാനുസരണം വലിച്ചെടുക്കും. ഈ സമയത്ത് വല്ലപ്പോഴും  മാത്രം  െചടി  നനച്ചാൽ മതിയാകും. വേനൽക്കാലത്തു മൂന്ന് നാലു ദിവസത്തിലൊരിക്കൽ സ്പ്രേയർ ഉപയോഗിച്ചു ചെടി മുഴുവനായി നനയ്ക്കണം.

 ചെടിയുടെ ഇലകൾ അകാരണമായി പുറകോട്ടു ചുരുളുന്നതു ജലാംശം കുറഞ്ഞതിന്റെ ലക്ഷണമാണ്. ആവശ്യമെങ്കിൽ മഗ്ഗിലെടുത്ത വെള്ളത്തിൽ ചെടി മുഴുവനായി ഒരു മണിക്കൂർ മുക്കി കുതിർക്കുന്നത് അധിക ജലാംശം നഷ്ടപ്പെടുന്നതു പരിഹരിക്കാൻ ഉപകരിക്കും. മാസത്തിലൊരിക്കൽ നനജലത്തിൽ െവള്ളത്തിൽ പൂർണമായി ലയിക്കുന്ന എൻപികെ 19 :19 :19 ( രണ്ട് ഗ്രാം ലീറ്റർ വെള്ളം) കലർത്തി നൽകുന്നതു ചെടിയുടെ ആരോഗ്യമുള്ള വളർച്ചയ്ക്കു നല്ലതാണ്. നേരിട്ടു വെയിലുള്ള ഇടത്ത് വളർത്തുന്നവയ്ക്ക് അധിക നന നൽകാൻ ശ്രദ്ധിക്കണം. എയർ പ്ലാന്റുകളുടെ വേരുകളല്ല പകരം ഇലയാണു ചെടിയ്ക്ക്  ആവശ്യമായ ജലവും  ധാതുലവണങ്ങളും വലിച്ചെടുക്കുന്നത്. 

ജേക്കബ് വർഗീസ് കുന്തറ

അസോഷ്യേറ്റ് പ്രഫസർ, േബാട്ടണി വിഭാഗം, 

ഭാരത മാതാ കോളജ്, കൊച്ചി