മരണത്തിന്റെ വക്കിൽ നിന്നും വിജയത്തിന്റെ സോപാനത്തിലേക്ക് നടന്നു കയറിയവൾ. സ്വപ്നങ്ങൾ മുറുകെപിടിച്ചുള്ള അവളുടെ യാത്ര ഒട്ടും എളുപ്പമായിരുന്നില്ല. ഒരു ബക്കറ്റ് വെള്ളം പോലും കയ്യിലേന്താനാകാതെ വീഴ്ചയിലേക്ക് ആണ്ടുപോയ അവളാണ് ഇന്ന് പലരും എത്തിപ്പിടിക്കാൻ കൊതിക്കുന്ന വിജയകിരീടം ചൂടിയിരിക്കുന്നത്. ആരതി കൃഷ്ണയെന്ന മിസ് കേരള വിജയിയെ അക്ഷരം തെറ്റാതെ വിളിക്കാം അദ്ഭുതമെന്ന്.
സാധാരണ പെൺകുട്ടിയിൽ നിന്നും മിസ് കേരള ഫിറ്റ്‌നസ് കിരീട വിജയിയത്തിലേക്കുള്ള ആരതിയുടെ യാത്ര ഒട്ടും എളുപ്പമായിരുന്നില്ല. വലിയൊരു അപകടത്തിൽ നട്ടെല്ലിന് സാരമായ ക്ഷതം സംഭവിച്ച് മാസങ്ങളോളം കട്ടിലിൽ കിടക്കേണ്ടി വന്ന ആരതി ഏവരെയും അതിശയിപ്പിക്കും വിധമാണ് ജീവിതത്തിലേക്ക് തിരിച്ചു വന്നത്.
‘ബൈക്ക് ആക്സിഡന്റായിരുന്നു. റോഡിലേക്ക് തെറിച്ചു വീണു. നട്ടെല്ലിന് പൊട്ടലുണ്ടായി. രണ്ട് വർഷത്തേക്ക് ഒരു ബക്കറ്റ് വെള്ളം പോലും എടുക്കരുതെന്ന് പറഞ്ഞു. പക്ഷേ മനസ് അനുവദിച്ചില്ല. ചെയ്യരുതെന്ന് പറഞ്ഞത് വാശിയോടെ ചെയ്തു. ഞാനെന്റെ ബോഡിയെ തന്നെ ടോർച്ചർ ചെയ്തു. അതൊരു നല്ലൊരു മാതൃകയാണെന്ന് പറയുന്നില്ല. ഇപ്പോഴും എനിക്ക് നടുവേദനയുണ്ട്.’– ആരതി പറയുന്നു.
‘ഡിപ്രഷനിലൂടെ കടന്നു പോയ നാളുകളുണ്ടായിരുന്നു. പക്ഷേ ഫിറ്റ്നസിലൂടെ എനിക്ക് കിട്ടിയ സമാധാനം പറഞ്ഞറിയിക്കാൻ പറ്റാത്തതാണ്. രണ്ടു വർഷത്തെ ഇടവേള കഴിഞ്ഞുള്ള എന്റെ തിരിച്ചു വരവ് അതൊരു വല്ലാത്ത തിരിച്ചു വരവായിരുന്നു. വേദനയുടെ നാളുകളിൽ എനിക്ക് ഉറച്ച പിന്തുണ നൽകിയത് രണ്ടു പേരാണ്.’
‘മറ്റുള്ളവർ എന്ത് ചിന്തിക്കും എന്ന് ഞാൻ ചിന്തിച്ചിരുന്നതേയില്ല. ഇങ്ങനെ ബോഡി ബിൾഡിങ്ങിലും ഫിറ്റ്നസിലും ശ്രദ്ധ കേന്ദ്രീകരിച്ചാൽ ഒരാണ്‍കുട്ടി എന്നെ ഇഷ്ടപ്പെടുമോ എന്നോട് ആകർഷണം തോന്നുമോ എന്നൊന്നും ഞാൻ ചിന്തിച്ചിട്ടേയില്ല. എങ്ങനെ മാറിയാലും ഞാനാണ് അത് ഉൾക്കൊള്ളേണ്ടത്. നെഗറ്റീവ് പറയുന്നവരെ കാര്യമാക്കുന്നേയില്ല. ടീനേജ് ബോയിയുടെ ബോഡിയെ ഉള്ളൂ, ലെഗ് തീരെയില്ല എന്നൊക്കെ പറഞ്ഞവരുണ്ട്’– ആരതിയുടെ വാക്കുകൾ.
വിഡിയാ കാണാം:
</p>
</p>