Saturday 07 March 2020 06:25 PM IST

‘ആത്മവിശ്വാസത്തോടെ ലത്തീഷ പറയുമ്പോൾ അതുകേൾക്കുന്നവരുടെ മനസൊന്ന് ഇളകും’; ഓക്സിജൻ മാസ്കും ധരിച്ച് സിവിൽ സർവീസ് പരീക്ഷ എഴുതിയ പെൺകുട്ടിയുടെ അസാധാരണ ജീവിതകഥ!

V R Jyothish

Chief Sub Editor

latheesha5dyvug ഫോട്ടോ: ശ്രീകാന്ത് കളരിക്കൽ

ലത്തീഷ അൻസാരിയോടൊപ്പം എപ്പോഴും യാത്ര െചയ്യുന്ന രണ്ടു കൂട്ടുകാരുണ്ട്; ഒരു ഓക്സിജൻ സിലിണ്ടറും പിന്നെ, ആത്മവിശ്വാസവും!

എരുമേലി വാവരുപള്ളിക്ക് തൊട്ടടുത്താണ് ലത്തീഷാ അൻസാരിയുടെ വീട്. പുത്തൻപീടികയിൽ അൻസാരിയുടെയും  ജമീലയുടെയും  രണ്ടാമത്തെ മകൾ. ജനിച്ചു വീണതേ നിർത്താതെ കരയുന്ന കുഞ്ഞിനെ ഡോക്ടർ പൊക്കിയെടുത്ത് ഒന്നു കുടഞ്ഞു. പിന്നീട് അറിയുന്നു കുട്ടിയുടെ ശരീരത്തിെല എല്ലുകൾ നുറുങ്ങിപ്പോയിരിക്കുകയാണ്. അതായിരുന്നു കരച്ചിലിന്റെ കാരണം. എല്ലു മുഴുവൻ ഒടിഞ്ഞുപോകുന്ന ബ്രിട്ടിൽ ബോൺ  ഡിസീസ് എന്ന ജനിതകരോഗമാണ് ലത്തീഷയ്ക്കെന്ന് തിരിച്ചറിഞ്ഞു.

ജനിച്ചു വീണ സമയം മുതൽ ഇന്നോളം വേദ നയിലൂടെ മാത്രം ജീവിക്കുന്ന ലത്തീഷ ഓക്സിജൻ മാസ്കും ധരിച്ച് സിവിൽ സർവീസ് പരീക്ഷ എഴുതാനെത്തിയപ്പോഴാണ് ദേശീയമാധ്യമങ്ങളുടെ ശ്രദ്ധയിൽപ്പെട്ടത്. അതിനുേശഷം ഡോ. ബട്രാസ് പൊസിറ്റിവ് െഹൽത് അവാർഡ് വാങ്ങാനെത്തിയപ്പോൾ മുംബൈയിലും ബോളിവുഡിലും ലത്തീഷയ്ക്ക് ആരാധകരുണ്ടായി.

‘ഇങ്ങനെയൊക്കെ പരിശ്രമിക്കാൻ എനിക്കു കഴിയുമെങ്കിൽ നിങ്ങൾക്ക് ഓരോരുത്തർക്കും വളരെ നിസാരമായി കഴിയും.’ വലിയ ജനക്കൂട്ടങ്ങൾക്കു മുന്നിൽ നിന്ന് ആത്മവിശ്വാസത്തോടെ ലത്തീഷ പറയുമ്പോൾ അതുകേൾക്കുന്നവരുടെ മനസൊന്ന് ഇളകും. എന്തുകൊണ്ട് പരിശ്രമിച്ചുകൂടെന്ന് ഓരോരുത്തരും സ്വയം ചോദിക്കും. അതുകൊണ്ടാണ് മോട്ടിേവഷനൽ ക്ലാസുകൾ കൈകാര്യം ചെയ്യുന്നതിന് വ്യക്തികളും സ്ഥാപനങ്ങളുമൊക്കെ ലത്തീഷയെ ക്ഷണിക്കുന്നത്.

സ്കൂളിലെ മിടുമിടുക്കി

എരുമേലി വാവരു സ്കൂളിലാണ് ഒന്നുമുതൽ മൂന്നാംക്ലാസ് വരെ പഠിച്ചത്. നാലാംക്ലാസ് മുതൽ പന്ത്രണ്ടാം ക്ലാസ് വരെ എരുമേലി സെന്റ് തോമസ് ഹയർ സെക്കൻഡറി സ്കൂളിലും. സ്കൂളിലെ ഏറ്റവും മിടുക്കരായ കുട്ടികളിലൊരാളായിരുന്നു ലത്തീഷ. എല്ലാ പരീക്ഷകൾക്കും 80 ശതമാനത്തിലേറെ മാർക്ക്. ‘ബാപ്പ എന്നെ സ്കൂളിൽ വിട്ട് പഠിപ്പിച്ചില്ലായിരുന്നെങ്കിൽ എനിക്ക് ഇങ്ങനെയൊന്നുമാകാൻ കഴിയുമായിരുന്നില്ല. എല്ലാ അധ്യാപകരും എന്നോട് വലിയ സ്നേഹത്തോടെയാണ് പെരുമാറിയത്. അതുപോലെ എന്റെ സണ്ണിച്ചേട്ടനും. ഓട്ടോ ഡ്രൈവറായ സണ്ണിച്ചേട്ടൻ പന്ത്രണ്ടാം ക്ലാസു വരെ എന്നെയെടുത്ത് ഓട്ടോയിലിരുത്തിയാണ് സ്കൂളിൽ കൊണ്ടാക്കിയിരുന്നത്. ബാപ്പയെപ്പോലെയുള്ള കരുതലായിരുന്നു അദ്ദേഹത്തിനും.’ ലത്തീഷയുടെ വാക്കുകൾ.

എരുമേലി എംഇഎസ് കോളജിലെ പഠനത്തിനിടയിലും സാമൂഹികപ്രവർത്തനങ്ങളിലും കലാ പ്രവർത്തനങ്ങളിലും ലത്തീഷ സജീവമായിരുന്നു. കോളജിന്റെ ചുറ്റുവട്ടത്തു നിന്ന് സമൂഹത്തിലേക്ക് ഇറങ്ങാൻ പ്രാപ്തയാക്കിയത് അമൃതവർഷിണിയാണ്. ‘ചില സുഹൃത്തുക്കൾ വഴിയാണ് ബ്രിട്ടിൽ ബോൺ ബാധിച്ചവർക്കുവേണ്ടി പ്രവർത്തിക്കുന്ന അമൃതവർഷിണിയെന്ന സംഘടനയെക്കുറിച്ചു കേൾക്കുന്നത്. അങ്ങനെ അമൃതവർഷിണിയുടെ സ്ഥാപക ലതാ നായരെ പരിചയപ്പെട്ടു. ഈ സമൂഹത്തിനുവേണ്ടി എന്തെങ്കിലും ചെയ്യാൻ കഴിയുമെന്ന് എെന്ന ബോധ്യപ്പെടുത്തിയത്  ലതാന്റിയാണ്.’ ലത്തീഷ പറയുന്നു.

എംകോം ഒന്നാം ക്ലാസോടെ പാസായപ്പോൾ എരുമേലി സഹകരണ ബാങ്കിൽ ലത്തീഷയ്ക്കു ജോലി ലഭിച്ചു. എന്നാൽ ഏറെക്കാലം ആ ജോലി ചെയ്യാൻ ലത്തീഷയ്ക്ക് കഴിഞ്ഞില്ല. ബാങ്കിലെ വലിയ ലഡ്ജറുകളിൽ നിന്നുള്ള പൊടിയായിരുന്നു പ്രധാന കാരണം. ഒരു ദിവസം ജോലി ചെയ്താൽ മൂന്നുദിവസം ശ്വാസംമുട്ടി കിടക്കേണ്ടി വരും. അങ്ങനെ ജോലി ഉപേക്ഷിച്ചു.

അനുഭവങ്ങളുടെ പാഠപുസ്തകം

latheesha1

എല്ലാ വിഷമങ്ങൾക്കിടയിലും ലത്തീഷ സമൂഹത്തെക്കുറിച്ച് പഠിച്ചിരുന്നു. സ്വന്തമായൊരു സ്വപ്നം നട്ടുനനച്ചു വളർത്തിയിരുന്നു. അങ്ങനെയാണ് പാലാ സെന്റ് തോമസ് കോളജിൽ സിവിൽ സർവീസ് കോഴ്സിനു േചരുന്നത്. മൂന്നുമാസത്തെ കോഴ്സായിരുന്നെങ്കിലും യാത്ര വലിയൊരു പ്രശ്നമായപ്പോൾ സ്ഥിരമായി പോകാനായില്ല. എങ്കിലും ഐഎഎസ് എന്ന സ്വപ്നത്തിലേക്കുള്ള ലത്തീഷയുടെ യാത്ര ആരംഭിക്കുകയായിരുന്നു.

‘ജീവിച്ചു കഴിഞ്ഞ ഓരോ നിമിഷവും എനിക്ക് ഓർക്കാൻ കഴിയുന്നുണ്ട്. നമ്മളിൽ ഭൂരിഭാഗം പേരും എത്ര ഉദാസീനമായാണ് ജീവിതത്തെ സമീപിക്കുന്നത് എന്നോർത്താൽ മനസിലാകും എന്തുകൊണ്ട് വ്യക്തികൾ പരാജയപ്പെടുന്നു എന്ന്. ഓരോരോ അറകളിലായാണ് നമ്മുടെ ചിന്തകൾ. അതുകൊണ്ടാണ് നമുക്ക് വലിയ സ്വപ്നങ്ങൾ ഇല്ലാതെ പോകുന്നത്. നമ്മുടെ വിജയങ്ങൾക്ക് കാരണം നമ്മൾ തന്നെയാണ്. അതുപോലെ നമ്മുടെ പരാജയങ്ങൾക്കും  കാരണം നമ്മൾ തന്നെയാണ്.’ ലത്തീഷ ഒരുനിമിഷം മോട്ടിവേഷനൽ പ്രാസംഗികയായി.

‘ഒരുപാടു ആളുകൾ വിളിക്കുന്നുണ്ട് മോട്ടിവേഷനൽ ക്ലാസുകൾ എടുക്കാൻ. എന്നാൽ ആരോഗ്യം അനുവദിക്കുന്നില്ല. അതുകൊണ്ട് വല്ലപ്പോഴും ഒരു ക്ലാസിനു പോകും. ഓക്സിജൻ വാങ്ങാൻ ബാപ്പയ്ക്ക് ഒരു സഹായമാകുമല്ലോ?’ ലത്തീഷ ചിരിക്കുന്നു.

വൈകല്യമുണ്ട് എന്നതുകൊണ്ട് മകളെ ഒന്നിൽ നിന്നും മാറ്റിനിർത്തിയില്ല അൻസാരിയും ജമീലയും. നാലാംക്ലാസ്സിൽ കീബോർഡ് പഠിക്കാനുള്ള ആഗ്രഹം പറഞ്ഞപ്പോൾ അൻസാരി ബാങ്ക് ലോണെടുത്ത് ഒരു ലക്ഷത്തോളം രൂപ വിലയുള്ള കീബോർഡ് വാങ്ങിക്കൊടുത്തു. മോട്ടിവേഷനൽ ക്ലാസുകൾ തുടങ്ങുന്നതിന് മുമ്പ് ലത്തീഷ കീബോർഡിൽ രണ്ടു പാട്ടുകൾ വായിക്കും. കുറച്ചു സംസാരിച്ചതിനുശേഷം വീണ്ടും വായിക്കും. അങ്ങനെ പാട്ടും പ്രഭാഷണവും മാറിമാറി പരീക്ഷിച്ചപ്പോൾ ക്ലാസുകൾ ആകർഷകമായി. ചാനലുകളിലും  മറ്റും  നിരവധി സംഗീത പരിപാടികൾ അവതരിപ്പിക്കുന്ന ലത്തീഷ കീബോർഡിൽ എപ്പോഴും വായിക്കുന്ന രണ്ടു പാട്ടുകളുണ്ട്;

‘തുമ്പീ... വാ... തുമ്പക്കുടത്തിൻ

തുഞ്ചത്തായ് ഊഞ്ഞാലിടാം.....’ ഈ പാട്ട് എത്ര പ്രാവശ്യം വായിച്ചിട്ടുണ്ടെന്ന് ലത്തീഷയ്ക്കു തന്നെ അറിയില്ല. അതുപോലെ ആൾക്കാർ ആവശ്യപ്പെടുന്ന മറ്റൊരു ഗാനം ഏ.ആർ. റഹ്മാൻ സംഗീതം നൽകിയ ‘ജയ്ഹോ...’ മുംൈബയിൽ അവാർഡ് വാങ്ങാൻ പോയപ്പോഴും ലത്തീഷ പാടിയത് ഈ ഗാനം തന്നെയാണ്. ‘പേരൻപ്’ എന്ന സിനിമ കണ്ടതിനുശേഷം മമ്മുക്കയെ ഒന്നു കാണാ‍ൻ വലിയ ആഗ്രഹമുണ്ട്. എനിക്കുവേണ്ടി ജീവിക്കുന്ന ബാപ്പയെപ്പോലെയായിരുന്നു അതിൽ അദ്ദേഹം അവതരിപ്പിച്ച കഥാപാത്രം.’ ലത്തീഷ പറയുന്നു.

കുട്ടിക്കാലം മുതൽക്കേ ചിത്രം വരയ്ക്കുമായിരുന്നു. ആരോഗ്യം അനുവദിക്കുമ്പോഴെല്ലാം ഇപ്പോഴും വരയ്ക്കും. ഗ്ലാസ് പെയിന്റിങ്ങാണു കൂടുതലും. അത്രയും വേണ്ടപ്പെട്ടവർക്കു സമ്മാനിക്കാനാണ് ചിത്രങ്ങൾ.

2019-ലെ ഡോ. ബട്രാസ് പൊസിറ്റിവ് െഹൽത് അവാർഡ് ലഭിച്ചവരിൽ ഒരാൾ ലത്തീഷയായിരുന്നു. ഓക്സിജൻ സിലിണ്ടറുമായി ഐഎഎസ് എന്ന സ്വപ്നത്തിനു പിറകേ പോയ ലത്തീഷയുടെ ഇച്ഛാശക്തിക്കായിരുന്നു അവാർഡ്. ശാരീരിക പ്രതിസന്ധികൾക്കിടയിലും സമൂഹത്തിനു പ്രകാശം പരത്തുന്ന ഒരുപിടി പ്രതിഭകളുടെ കൂട്ടത്തിലായിരുന്നു ലത്തീഷയും അവാർഡിന് അർഹയായത്. അന്ന് മുംൈബയിൽ നിറഞ്ഞ സദസ്സിനെ സാക്ഷിയാക്കി ലത്തീഷ െചയ്ത പ്രസംഗം കയ്യടിയോടെയാണ് ബോളിവുഡ് താരങ്ങൾ ഉൾപ്പെടെ സ്വാഗതം ചെയ്തത്.

_REE9991

ആവശ്യമുണ്ട് ഒരൽപം ഓക്സിജൻ

‘‘സ്നേഹവും കാരുണ്യവും ഉള്ളവരോട് മറ്റൊന്നും ലത്തീഷ ആവശ്യപ്പെടുന്നില്ല. കുറച്ച് ഓക്സിജൻ തരണം. മരുന്നിനും മറ്റുമായി ദിവസം 2000 രൂപ ചെലവിടുന്നുണ്ട്. ഇതുകൂടാതെയാണ് ഓക്സിജൻ. എന്റെ അവസ്ഥ അറിയാവുന്ന പലരും ഓക്സിജൻ വാങ്ങിത്തരാറുണ്ട്.’ ലത്തീഷയുടെ മുഖത്ത് ചിരി മായുന്നില്ല.

തന്റെ അവസ്ഥ വിവരിച്ചുകൊണ്ട് മുഖ്യമന്ത്രി പിണറായി വിജയന് ലത്തീഷ ഒരു കത്തെഴുതി. ഉടൻ തന്നെ പ്രതികരണമുണ്ടായി. അദ്ദേഹത്തിന്റെ നിർദേശപ്രകാരം രണ്ടരലക്ഷം രൂപ വിലയുള്ള ഒരു പോർട്ടബിൾ ഓക്സിജൻ കിറ്റ് സർക്കാർ കൈമാറി. എന്നാൽ പോർട്ടബിൾ ഓക്സിജൻ സിലിണ്ടർ കൂടെക്കൂടെ നിർത്തി വയ്ക്കണം. ആ സമയത്ത് സാധാരണ ഓക്സിജനാണു കൊടുക്കുന്നത്. കാനഡയിൽ ജോലി ചെയ്യുന്ന ഒരു ഡോക്ടർ പവർവീൽ ചെയർ വാങ്ങിക്കൊടുത്തു. ഇപ്പോൾ അതിലാണു സഞ്ചാരം.

എരുമേലിയിലെ പരമ്പരാഗത കുടുംബക്കാരാണ് പുത്തൻപീടികക്കാർ. സഹോദരങ്ങൾ അടുത്തടുത്താണു താമസം. അതുകൊണ്ടുതന്നെ ആരോഗ്യം അനുവദിക്കുമ്പോഴെല്ലാം ല ത്തീഷയുെട വീൽ ചെയർ കുടുംബക്കാരുടെ വീടുകളിലേക്ക് ഉരുളുന്നു.

ഒന്നല്ല, ഒരുകൂട്ടം പ്രശ്നങ്ങൾ

ബ്രിട്ടിൽ ബോൺ രോഗബാധിതർക്ക് സാധാരണഗതിയിൽ ശ്വസന പ്രശ്നങ്ങൾ ഉണ്ടാകാറില്ല. എന്നാൽ ലത്തീഷയ്ക്ക് ചെറുപ്പത്തിലേ ശ്വസിക്കാൻ ബുദ്ധിമുട്ടുണ്ടായിരുന്നു. തിരുവനന്തപുരത്തെ ഡോ. സോഫിയയാണ് പൾമനറി ഹൈപ്പർ ടെൻഷൻ എന്ന രോഗമാണ് ലത്തിഷയ്ക്ക് എന്നു കണ്ടുപിടിച്ചത്. ഓക്സിജൻ സിലിണ്ടറിന്റെ സഹായമില്ലാതെ ഇത്തരക്കാർ  ക്ക് ശ്വസിക്കാൻ കഴിയില്ല.

ബ്രിട്ടിൽ ബോണും പൾമനറി ഹൈപ്പർ ടെൻഷനും മാത്രമല്ല ഒട്ടനവധി രോഗങ്ങൾ വേറെയുമുണ്ട് ലത്തീഷയ്ക്ക്. ഈ അടുത്തകാലത്താണ് വൻകുടലിൽ അതിസങ്കീർണമായ ഒരു ശസ്ത്രക്രിയ കഴിഞ്ഞത്. ‘അവൾക്ക് ഇല്ലാത്ത അസുഖങ്ങളില്ല.’ മുഖത്ത് ചിരി വരുത്താൻ പ്രയാസപ്പെട്ട് ഉമ്മ ജമീല പറയുന്നു. ലത്തീഷയുടെ ഏകസഹോദരി ലാമിയയുടെ മകൾ ഫയറൂസയാണ് എല്ലാക്കാര്യങ്ങളിലും ലത്തീഷയുടെ വലംകൈ.

‘ദൈവത്തിന്റെ കൈത്താങ്ങ് ഞങ്ങൾക്കുണ്ടെന്ന് പലപ്പോഴും തോന്നിയിട്ടുണ്ട്. ഞങ്ങൾ പ്രതീക്ഷിക്കാത്തയിടങ്ങളിൽ നിന്ന് പലപ്പോഴും സഹായം കിട്ടാറുണ്ട്.’ കൈലേസു കൊണ്ട് മുഖം തുടച്ച് അൻസാരി പറയുന്നു.

എരുമേലി പ്രൈവറ്റ് ബസ് സ്റ്റാൻഡിന് അകത്താണ് അ ൻസാരി നടത്തുന്ന മൻസൂർ എന്ന ചെറിയ ഹോട്ടൽ. അവിടെ ആഹാരം കഴിക്കാനെത്തുന്നവർ അവരറിയാതെ ഒരു പുണ്യ പ്രവൃത്തികൂടി ചെയ്യുന്നു. ലത്തീഷക്ക് ഓക്സിജൻ വാങ്ങാനുള്ള യജ്ഞത്തിൽ അവരറിയാതെ പങ്കാളിയാകുന്നു.

ഓക്സിജൻ സിലിണ്ടറിന്റെ സഹായമില്ലാതെ ലത്തീഷയ്ക്ക് ഒരു ദിവസം ഒരു മണിക്കൂറേ  ജീവിക്കാൻ കഴിയൂ. ബാക്കി ഇരുപത്തിമൂന്നു മണിക്കൂറും ഓക്സിജൻ വേണം. എങ്കിലും  എന്താണ് അടുത്ത ലക്ഷ്യം എന്നു ചോദിക്കുമ്പോൾ ലത്തീഷയുടെ മറുപടി;

‘കഴിഞ്ഞ പ്രാവശ്യം പ്രിലിമിനറി പരീക്ഷ നന്നായി എഴുതാൻ കഴിഞ്ഞില്ല. അടുത്ത പ്രാവശ്യം കുറച്ചുകൂടി നന്നായി എഴുതണം. ഐഎഎസ് നേടണം..’

ലത്തീഷ എന്ന അറബിവാക്കിന് ആഹ്ലാദം എന്നാണ് അർഥം. ഓക്സിജൻ സിലിണ്ടറുമായി ജീവിത യാത്ര െചയ്യുമ്പോഴും ലത്തീഷ അൻസാരി ആഹ്ലാദത്തിലാണ്. ചുറ്റുമുള്ളവരെക്കൂടി ആഹ്ലാദത്തിലാക്കാനുള്ള മാന്ത്രികതയും ലത്തീഷയുടെ കൈവശമുണ്ട്. വേദനകളെ ആഹ്ളാദങ്ങളാൽ മായ്ക്കുന്നവൾക്ക് ഇതിനേക്കാൾ യോജിക്കുന്നത് മറ്റേതു പേരാണ്?

_REE9971
Tags:
  • Spotlight
  • Motivational Story
  • Inspirational Story