ഷൈമ എന്ന അയൽക്കാരിയെ ദൈവം സമ്മാനിച്ചതാണെന്നാണ് സെൽവി വിശ്വസിക്കുന്നത്. അല്ലെങ്കിൽ പിന്നെ കൂടപ്പിറപ്പുകൾ പോലും തിരിഞ്ഞു നോക്കാൻ മടിക്കുന്ന കാലത്ത് ഇങ്ങനെയും അലിവുള്ള ഹൃദയമുണ്ടാകുമോ? വെള്ളം കയറുന്ന, ദയനീയ സ്ഥിതിയിലുള്ള വീട്ടിൽ, കിടപ്പിലായ അമ്മയും മകളുമായി കഴിയുന്ന, ഭർത്താവുപേക്ഷിച്ച സെൽവിയുടെ രക്ഷകയായി ഷൈമ എത്തിയത് യാദൃശ്ചികമായാണ്.ജോലിത്തിരക്കുകൾക്കിടയ്ക്ക് ഷൈമയ്ക്ക് തൊട്ടടുത്ത വീട്ടിലെ സെൽവിയുമായി അധികം ഇടപഴകാൻ സമയം ലഭിച്ചിരുന്നില്ല. ലോക്ഡൗൺ ആണ് ഷൈമയുടെയും സെൽവിയുടെയും ജീവിതം മാറ്റിയത്. അപ്പോഴാണ് ഒരു മതിലിനപ്പുറത്തെ പെൺദുരിതങ്ങൾ മറ്റൊരു പെൺമനസ്സിനെ കൊളുത്തിവലിച്ചത്. കൊച്ചി കതൃക്കടവ് ഉദയാനഗർ കോളനിയിൽ ഷൈമ താമസം തുടങ്ങിയിട്ട് ആറു വർഷമേ ആയിട്ടുള്ളൂ. വർഷങ്ങളായി ഇവിടെ താമസിക്കുന്നവരാണ് സെൽവിയുടെ കുടുംബം. സെൽവിയുടെ അമ്മ സ്ഥിരമായി ജോലിക്കു പോയിരുന്ന വീട്ടുകാർ അവരുടെ പേർക്ക് എഴുതി നൽകിയ രണ്ട് സെന്റാണിത്.

അബാദ് ബിൽഡേഴ്സിന്റെ ജനറൽ മാനേജരായി (പ്രോജക്ട് & ഡിസൈൻ) 15 വർഷത്തോളം സേവനമനുഷ്ഠിച്ച ഷൈമ സിറാജ് എന്ന എൻജിനീയർക്ക് ഒരു വീടു പണിയുക എന്നത് വളരെ എളുപ്പമുള്ള കാര്യമാണ്. എന്നാൽ, കുറഞ്ഞ ചെലവിൽ, വാഹനങ്ങളെത്താൻ പ്രയാസമുള്ള, ചെറിയ സ്ഥലത്ത് നല്ല വീടു പണിയുക എന്നതൊരു വെല്ലുവിളിയാണ്. ഇവിടെ ഷൈമ വ്യത്യസ്തമായി ചിന്തിച്ചു. സിമന്റ് കോംപസിറ്റ് പാനൽ കൊണ്ട് വീടുപണിയാം എന്ന തീരുമാനമെടുത്തു. അബാദിൽ നിന്നിറങ്ങി സ്വന്തമായി എന്തെങ്കിലും തുടങ്ങണം എന്നാഗ്രഹിച്ച സമയത്താണ് ഈ പരീക്ഷണത്തിന് ഷൈമ തുനിയുന്നത്. പ്രധാൻമന്ത്രി ആവാസ് യോജന വഴി നാല് ലക്ഷം രൂപ ലഭിക്കും. ബാക്കി പണം ഷൈമ കയ്യിൽ നിന്നിട്ടു.രണ്ട് സെന്റ് സെൽവിക്കും സഹോദരനും കൂടി അവകാശപ്പെട്ടതായതിനാൽ ഒരു സെന്റിലാണ് വീടു പണിതത്. 600 ച തുരശ്രയടിയുള്ള വീടിന് ചട്ടപ്രകാരമുള്ള സെറ്റ്ബാക്ക് വിട്ടു. പഴയ വീട് പൊളിച്ച് ആ അവശിഷ്ടങ്ങൾ ഇടിച്ചുറപ്പിച്ച് തറ നാല് അടി പൊക്കി. പഴയ ഇഷ്ടിക എല്ലാം ഒരു കേടുപാടുമില്ലാതെ ലഭിച്ചിരുന്നു. അവ മാത്രം മാറ്റിവച്ചു.അതിനു ശേഷം ഫുട്ടിങ് ഉണ്ടാക്കി. അതിനു മുകളിൽ കോളം പൈപ്പ് സ്ക്രൂ ചെയ്ത് പിടിപ്പിച്ചു. ആറ് മൂലകളിലും ആറ് പൈപ്പ് പിടിപ്പിച്ചു. വായുവുമായി സമ്പർക്കമുണ്ടായി തുരുമ്പിക്കാതിരിക്കാന്‍ ഫൂട്ടിങ്ങിനും പൈപ്പിനും മീതെ കോൺക്രീറ്റ് ചെയ്തു. കോളങ്ങളെ തമ്മിൽ ബന്ധിപ്പിച്ച് ബീം ആക്കി.

10 x 10 സെമീ അളവിലുള്ള കോളം ഫൂട്ടിങ്ങിൽ അഞ്ച് എംഎം കനമുള്ള െഎഎസ്എംസി സ്ക്വയർ ട്യൂബ് ആണ് കോളവും ബീമുമായി ഉപയോഗിച്ചത്. 80 x 40 എംഎം ട്യൂബ് ഇട്ട് ഫ്ലോർ ഉണ്ടാക്കി അതിനുള്ളിൽ മണൽ (ക്വാറി വേസ്റ്റ്) ഇട്ട് ഫിൽ ചെയ്തു. അതിനു മീതെ സിമന്റ് കോംപസിറ്റ് പാനൽ ഉപയോഗിച്ച് തറയും ചുമരും കെട്ടി. മുന്നിലും പിന്നിലും നാല് ഇഞ്ചും വശങ്ങളിൽ മൂന്ന് ഇഞ്ചുമാണ് പാനലിന്റെ കനം.ഒരാഴ്ച കൊണ്ട് സിമന്റ് പാനലിന്റെ പണി തീർന്നു. മേൽക്കൂരയ്ക്ക് സിമന്റ് ബോർഡ് ആണ് ഉപയോഗിച്ചത്. ലിവിങ് റൂമിന് പിവിസി കൊണ്ട് വുഡൻ ഫിനിഷ് സീലിങ് നൽകി ഭംഗിയേകി. ചെലവ് കുറയ്ക്കാൻ മുകളിലെ നില ട്രസ്സ് ചെയ്തു. മുകളിലെ നിലയിൽ ഫ്ലോറിങ് ചെയ്യാനുണ്ട്.താഴത്തെ നിലയിൽ ഗ്രാനൈറ്റ് ഫിനിഷുള്ള 120x 60 സെമീ ടൈലാണ് ഫ്ലോറിങ്ങിന്. മുകളിൽ ഭാരം കുറയ്ക്കാൻ വിനൈൽ ഫ്ലോറിങ് ചെയ്യാനാണ് ഉദ്ദേശ്യം. ജനലുകൾ യുപിവിസിയും ഉള്ളിലെ വാതിലുകൾ റെഡിമെയ്ഡുമാണ്.തിരുവല്ലയിലെ എലൈറ്റ് ബിൽഡ് ടെക്കിലെ ലീ ആണ് കോംപസിറ്റ് പാനല്‍ കൊണ്ടുവന്നതും പിടിപ്പിച്ചതും. മുന്‍വാതിൽ ലീയുടെ സമ്മാനമാണ്. സോളർ പാനലുകൾ ഒരു വ്യക്തി സംഭാവന നൽകാമെന്ന് ഏറ്റിട്ടുണ്ട്. ഇത്തരം വീടുകൾ ഊർജ ഉപയോഗത്തിലും സ്വയം പര്യാപ്തത നേടി മാതൃകയാകണമെന്നാണ് ഷൈമയുടെ ആഗ്രഹം.

‘‘സൂക്ഷ്മമായ കാര്യങ്ങളിൽ പോലും ശ്രദ്ധ ചെലുത്തുകയും ഗുണമേന്മ ഉറപ്പാക്കുകയും ചെയ്യുന്ന ശീലം എന്റെ ഔദ്യോഗിക ജീവിതത്തിന്റെ ഭാഗമായിരുന്നു. അതേ മാനദണ്ഡങ്ങൾക്കനുസരിച്ചാണ് ഈ വീടും തയാറാക്കിയത്,’’ ഷൈമ പറയുന്നു. അടുക്കളയിലെ ഒരേ ഡിസൈനിലുള്ള കുപ്പികളിലും കിടക്കവിരിയിലുമെല്ലാം ആ കൃത്യത കാണാം.വെറുതെ ഒരു വീടുണ്ടാക്കുകയല്ല, അതിന്റെ ഓരോ ഇഞ്ചും മനസ്സർപ്പിച്ചാണ് ഷൈമ പണിതിരിക്കുന്നത്. ഷൈമയുടെ നിർമാണരീതി കോർപറേഷൻ, കുടുംബശ്രീ ഉദ്യോഗസ്ഥരെയും ആകർഷിച്ചു. ഇത്തരം നിർമാണരീതികൾ പ്രോത്സാഹിക്കപ്പെടേണ്ടതിനാൽ കൊച്ചി മേയർ ആണ് വീട് ഉദ്ഘാടനം ചെയ്തത്. ‘ചന്ദ്രലേഖ’ എന്ന നെയിംബോർഡിനു മുന്നിൽ സെൽവിയുടെ മകൾ നിറചിരിയോടെ നിന്നു. തന്റെ പേരാണ് വീടിനിടുന്നതെന്ന് അവൾ അറിഞ്ഞിരുന്നില്ല. നെയിംബോർഡ് പിടിപ്പിച്ചശേഷമാണ് ഷൈമയുടെ സർപ്രൈസ് അവൾ കാണുന്നത്. കണ്ണുകളിൽ അമ്പരപ്പോടെയും അതിലേറെ സന്തോഷത്തോടെയും വീണ്ടും വീണ്ടും അവൾ ആ പേരിലേക്കു നോക്കി...അതിലും മനോഹരമായ ഒരു ചിരി കണ്ടിട്ടില്ല എന്നു തോന്നി. അതെ, ജീവിതം കൊണ്ട് അത്ഭുതപ്പെടുത്തുകയാണ് ചിലർ...
