Tuesday 23 January 2018 05:36 PM IST : By വി. എൻ. രാഖി

മെറിൻ ജോസഫ്.... ഇതാണ് മലയാളി പെണ്ണിൻറെ പുതിയ മുഖം

Merin Joseph IPS
ഫോട്ടോ: ശ്യാംബാബു

സോഷ്യൽ മീഡിയയിലെ വിവാദങ്ങളിൽ നിന്ന് മെറിൻ ജോസഫ് െഎ പി എസ് നടന്നു കയറുന്നത് നേട്ടങ്ങളുടേയും റെക്കോർഡുകളുടെയും നടുവിലേക്ക്...

നീല ലൈറ്റ് തെളിയുന്ന വെളുത്ത പൊലീസ് ജീപ്പ് പൂന്തോട്ടത്തിനിടയിലെ നടപ്പാതയിലൂടെ ഒഴുകിയെത്തി ഓഫിസിനു മുന്നിൽ നിന്നു. മുൻവാതിൽ തുറന്നു പുറത്തിറങ്ങി പ്രസന്നതയോടെ കൈനീട്ടുന്നത് കേരള കേഡറിലെ ഏറ്റവും പ്രായംകുറഞ്ഞ ഐപിഎസ് ഓഫിസർ മെറിൻ ജോസഫ്.

വിവാദങ്ങൾക്കൊപ്പമാണ് മെറിൻ ഐപിഎസ് എന്ന പേര് മലയാളികൾ അധികവും കൂട്ടി വായിച്ചത്. പോസ്റ്റിങ്ങിനു മുമ്പേ ഫെയ്സ്ബുക്കിലൂടെ കൊച്ചിയുടെ എസിപി ആയതും നിവിൻ പോളിക്കൊപ്പം ഫോട്ടോയ്ക്ക് പോസ് ചെയ്തതും മഴയത്ത് സബോഡിനേറ്റ് കുടപിടിച്ചു കൊടുത്തതും സോഷ്യൽ മീഡിയ ആഘോഷമാക്കി.

എന്നാൽ പ്രത്യേകതയുള്ളൊരു പുതുവർഷസമ്മാനമാണ് ഇത്തവണ മെറിനു കിട്ടിയത്. മൂന്നാറിലെയും ഇരിങ്ങാലക്കുടയിലെയും എഎസ്പി പദവിയിൽ നിന്ന് എസ് പി റാങ്കിലേ ക്കുള്ള പ്രൊമോഷൻ ഓർഡർ. അതോടെ കേരള പൊലിസ് സെക്കൻഡ് ആംഡ് ബെറ്റാലിയന്റെ ആദ്യ വനിതാ കമാൻഡന്റ് എന്ന മൂന്നാമത്തെ റെക്കോർഡു കൂടി മെറിൻെറ പേരിലായി.

സ്വന്തം പേരിൽ മൂന്നു റെക്കോർഡുകളായല്ലോ

കേരള ആംഡ് പൊലിസ് സെക്കൻഡ് ബെറ്റാലിയന്റെ ആദ്യ വനിതാ കമാൻഡന്റ് ആയി ഇപ്പോള്‍ ഒരു മാസമാകുന്നു. അ തായത് പൊലീസ് സേനയുടെ മുട്ടിക്കുളങ്ങര ട്രെയിനിങ് ക്യാംപ് മേധാവി. കഴിഞ്ഞ സ്വാതന്ത്ര്യദിന പരേഡിന്റെ കമാൻഡർ ആയിരുന്നു ഞാൻ. സംസ്ഥാനതല സ്വാതന്ത്ര്യദിന പരേഡിനെ മുന്നിൽ നിന്ന് നയിക്കുന്നത് ചെറിയ കാര്യമല്ലല്ലോ. ക മാൻഡർ ആകുന്ന ഏറ്റവും പ്രായം കുറഞ്ഞ വനിതയെന്ന റെക്കോർഡാണ് അന്ന് കിട്ടിയത്. പ്രായം കുറഞ്ഞ വനിതാ ഐപിഎസ് ഓഫിസർ എന്ന റെക്കോർഡ് നേരത്തേയുണ്ട്.

സിവിൽ സർവിസ് മാത്രമായിരുന്നോ എന്നും ലക്ഷ്യം?

അച്ഛൻ ഡോ. ജോസഫ് ഏബ്രഹാം ഇന്ത്യൻ ഇക്കണോമിക് സർവീസിലായിരുന്നു. അച്ഛനിലൂടെയാണ് സിവിൽസർവിസ് ആഗ്രഹം ഉണ്ടാകുന്നത്. ഡൽഹിയിലെ സെന്റ് സ്റ്റീഫ ൻസ് കോളജിലാണ് പഠിച്ചത്. ബി. എ യ്ക്കും എം. എ യ്ക്കും ഡൽഹി യൂണിവേഴ്സിറ്റിയിൽ നിന്ന് സ്വർണമെഡലോടെ പാസ്സായി. എം. എ. പഠിക്കുമ്പോൾ തന്നെ സിവിൽ സർവീസിലേയ്ക്ക് തിരഞ്ഞെടുക്കപ്പെട്ടു. നന്നായി പഠിക്കുന്ന കുട്ടികൾ മെഡിസിനോ എൻജിനീയറിങോ തിരഞ്ഞെടുക്കുകയാണ് പതിവ്. ഹിസ്റ്ററി തിരഞ്ഞെടുത്തപ്പോൾ ആ മേഖലയിൽ ഉന്നതവിജയം നേടാൻ അച്ഛനമ്മമാർ നൂറുശതമാനം സപ്പോർട്ട് ചെയ്തു. മലയാളി അച്ഛൻമാർക്കൊക്കെ പെൺമക്കൾ പരമാവധി കംഫർട്ടബിൾ ആകണം എന്നാണ് ആഗ്രഹം. ഐ പി എ സ് സ്ത്രീകൾക്ക് യോജിച്ചൊരു തൊഴിലായിട്ടല്ല ഇപ്പോഴും കാണുന്നത്. എന്നാൽ ഐപിഎസ് കിട്ടിയപ്പോൾ അച്ഛനാണെന്നെ ഏറ്റവും കൂടുതൽ പ്രോത്സാഹിപ്പിച്ചത്.

merin3

മൂന്നാറിൽ ആദ്യത്തെ പോസ്റ്റിങ് കിട്ടിയപ്പോൾ എന്തു തോന്നി?

മൂന്നാറിൽ ‘പെമ്പിളൈ ഒരുമൈ’ സമരത്തിന്റെ ഉച്ചസ്ഥായിയിലാണ് ജോലിയിൽ ചേരാൻ ഉത്തരവ് കിട്ടുന്നത്. ചെന്നിറങ്ങിയത് സമരത്തിന്റെ നടുവിൽ. ട്രേഡ് യൂണിയനുകൾ അക്രമാസക്തമായൊരു അവസ്ഥയിലായിരുന്നു. ആദ്യത്തെ മൂന്നാലു ദിവസത്തിനകം ആ അന്തരീക്ഷം നിയന്ത്രിക്കേണ്ടി വന്നു. കരിയറിലെ ആദ്യത്തെ വിലയേറിയ അനുഭവമായി അത്.

ലേഡി ഓഫിസർ അനുഗ്രഹമാണെന്ന് തേയിലത്തോട്ടത്തിലെ പാവപ്പെട്ട സ്ത്രീകൾ പറഞ്ഞു. ഗാർഹികപീഡനം അടക്കം അവരുടെ വ്യക്തിപരമായ പ്രശ്നങ്ങൾ പറയും. വിസ്തൃതിയിൽ കേരളത്തിലെ ഏറ്റവും വലിയ സബ്ഡിവിഷനാണ് മൂന്നാർ. പോസ്റ്റിങ് സത്യത്തിൽ അംഗീകാരമായിരുന്നു.

കരിയറിൽ ചലഞ്ചിങ് ആയ സംഭവമേതാണ്?

ഞാൻ ചാർജെടുത്ത ശേഷമാണ് അടിമാലി രാജധാനി കൊലക്കേസിലെ മൂന്നാംപ്രതി പിടിയിലാകുന്നത്. സ്വർണമോഷണത്തിനിടെയുള്ള കൊലപാതകമായിരുന്നു അത്. ഞാനടക്കം പത്തു പേർ ജീപ്പിൽ പ്രതിയെയും കൊണ്ട് സ്വർണം കണ്ടെടുക്കാൻ ബെംഗളൂരുവിലേക്ക് പോയി. 24 മണിക്കൂറിൽ ആയിരം കിലോമീറ്റർ നോൺ സ്റ്റോപ് ഡ്രൈവായിരുന്നു. ചങ്ങലയിൽ ബന്ധിച്ച് അയാള്‍ പുറകിലിരിപ്പുണ്ട്. ബെംഗളൂരുവിലെത്തും വരെ അയാൾ രക്ഷപ്പെടാതെ നോക്കണം, ഒളിപ്പിച്ച സ്വർണം കണ്ടെത്തി കുറഞ്ഞ സമയത്തിനുള്ളിൽ തിരികെയെത്തണം. കുറച്ച് വിശ്രമിക്കാനേ നേരം കിട്ടിയുള്ളൂ. റിസ്ക് ഉള്ള യാത്രയായിരുന്നു. എന്നും ഒാർമയിൽ നിൽക്കുന്നതും.

കേരളത്തിൽ കാലുകുത്തും മുമ്പേ വിവാദം...

എന്റെ ജീവിതത്തിൽ അത്തരത്തിലുണ്ടായ ആദ്യ സംഭവമായിരുന്നു അത്. എന്റെ ഫെയ്സ്ബുക്ക് പേജിൽ

നിന്ന് ആരോ പടമെടുത്ത് ഇതാ കൊച്ചിയുടെ പുതിയ എ സിപിയെന്നോ മറ്റോ അടിക്കുറിപ്പിട്ട് കൊടുത്തു. ഇൻഡോറി ൽ ബിഎസ്എഫ് അക്കാഡമിയിൽ ട്രെയിനിങ്ങിലായിരുന്നു അന്ന് ഞാൻ. ഇക്കാര്യങ്ങളൊക്കെ പിന്നീടാരോ പറഞ്ഞാണ് അറിയുന്നത്. കേട്ടത് ശരിയല്ലെന്ന് അന്ന് ഫെയ്സ്ബുക്കിൽ മറുപടിയും കൊടുത്തു.

നിവിൻ പോളിക്കൊപ്പമുള്ള ഫോട്ടോയും വിവാദമായി...

ഒരു ചടങ്ങിൽ നിവിനും ഞാനും അതിഥികളായിരുന്നു. ചടങ്ങു കഴിഞ്ഞ് പോകാനിറങ്ങും മുമ്പ് നിവിൻ പോളിയുടെ കൂടെ പ ടമെടുക്കണമെന്നു തോന്നി. ആർക്കും തോന്നാമല്ലോ അത്? ഹൈബി ഈഡൻ എംഎൽഎയെക്കൊണ്ട് പടമെടുപ്പിച്ചു എ ന്ന ആരോപണത്തിലും കാര്യമില്ല. നിവിൻപോളിക്കോ എനിക്കോ എംഎൽഎയ്ക്കോ ഇതിലൊരു പരാതിയുമില്ല. പ്രോട്ടോകോൾ വയലേഷൻ ആണെന്നു പറഞ്ഞ് ആരോ അതു വാർത്തയാക്കി. ഏത് പ്രോട്ടോകോളിലാണ് അങ്ങനെ പറഞ്ഞിരിക്കുന്നത്? ഫെയ്സ്ബുക്കിന്റെയും വാട്സ് ആപ്പിന്റെയും ഈ കാലത്ത് ഏത് വാർത്തയും ആർക്കും വിവാദമാക്കാം.

സബോഡിനേറ്റിനെക്കൊണ്ട് കുട പിടിപ്പിച്ചു എന്ന ആ രോപണത്തിൽ സത്യമുണ്ടോ?

പൊലിസ് ഓഫിസർമാർക്കും രാഷ്ട്രീയക്കാർക്കും ഗൺമാൻമാരെ കൊടുക്കാറുണ്ട്. അസിസ്റ്റ് ചെയ്യാനും സുരക്ഷയ്ക്കും വേണ്ടിയാണ്. ഫയലോ കുടയോ എടുക്കാറുണ്ടവർ. അതാരും സുപീരിയർ–സബോഡിനേറ്റ് ലെവലിൽ കാണാറില്ല. എനിക്കന്ന് ഗൺമാൻ ഉണ്ടായിരുന്നുമില്ല.

തിരുവനന്തപുരം ഡിസിപിയുടെ ഗൺമാൻ മഴ തുടങ്ങിയപ്പോൾ പുറകിൽ വന്ന് കുട പിടിച്ചു. ഞാൻ ശ്രദ്ധിച്ചതു പോലുമില്ലായിരുന്നു. കുറച്ചു കഴിഞ്ഞപ്പോൾ ഡിസിപി തന്നെയാണ് കുട പിടിച്ചത്. ഞാനാണെങ്കിലും കൂടെയുള്ളവർ മഴ നനഞ്ഞാ ൽ കുട പിടിച്ചു കൊടുക്കും.

. ഡിസിപിയെ ക്രോപ് ചെയ്തു മാറ്റി എന്നെ മാത്രം വച്ചാണ് പടം വന്നത്. ഇതൊരു പൊതുവിഷയമായിരുന്നെങ്കിൽ ഡിസിപിയെ ഒഴിവാക്കില്ലായിരുന്നു. ട്രെയിനിങ് കഴിഞ്ഞ് പോസ്റ്റിങ് കിട്ടാൻ കാത്തിരിക്കുന്ന സമയമായിരുന്നു അത്. അന്ന് തിരുവനന്തപുരം ഹെഡ്ക്വാർട്ടേഴ്സിലായിരുന്നു. അല്ലാതെ ഈ സംഭവത്തിന്റെ പേരിൽ എന്നെ സ്ഥലം മാറ്റിയിട്ടില്ല.

സുന്ദരിയായ 10 ഐപിഎസ് ഓഫിസർമാരിൽ ഒരാളായി തിരഞ്ഞെടുത്തതിനെ വിമർശിച്ചിരുന്നല്ലോ?

ബുദ്ധിമുട്ടിയും അധ്വാനിച്ചും തന്നെയാണ് സ്ത്രീകളും ഐഎഎസ്, ഐപിഎസ് റാങ്ക് വരെയെത്തുന്നത്. ആ സ്ഥാനത്തെത്തിയ ശേഷവും അവരുടെ ലുക്ക്സ് മാത്രം നോക്കി ‘സുന്ദരികളായ ഐപിഎസ് ഓഫിസർമാർ’ എന്നൊരു ലിസ്റ്റ് ഉണ്ടാക്കു ന്നത് വ്യക്തിത്വത്തെ അപമാനിക്കലാണ്. നന്നായി ജോലി ചെയ്യുന്ന എത്രയോ ലേഡി ഓഫിസർമാരുണ്ട്. അവരെ പരിഹസിക്കുകയല്ലേ? സമർഥരായ ലേഡി ഓഫിസർമാർ എന്നോ മറ്റോ ലിസ്റ്റ് ഉണ്ടാക്കിയാൽ അർഥമുണ്ട്.

merin2
മെറിൻ, ഭർത്താവ് ക്രിസ് ഏബ്രഹാം

സൗന്ദര്യസംരക്ഷണത്തിന് സമയം കിട്ടാറുണ്ടോ?

സൗന്ദര്യത്തേക്കാളും ആരോഗ്യത്തിനാണ് പ്രാധാന്യം കൊടുക്കുന്നത്. വെയ്റ്റ് കൂടുമ്പോൾ ഡയറ്റ് ശ്രദ്ധിക്കും. രാത്രി ഭക്ഷണം കഴിയുന്നത്ര ലളിതമാക്കും. ചോറ് പോലെ കാർബോഹൈഡ്രേറ്റ് അടങ്ങിയ ഭക്ഷണം, ചായ, കാപ്പി ഒന്നും തൊടില്ല. മൂന്നാറിൽ വൈകുന്നേരം ഇടയ്ക്ക് നടക്കാൻ പോകുമായിരുന്നു. പറ്റിയില്ലെങ്കിൽ വീട്ടിൽ ചെറിയൊരു സൈക്കിളുണ്ട്. എക്സർസൈസ് അതിലാക്കും.

ഇപ്പോൾ എനിക്ക് ട്രെയിനിങിന്റെ ഭാഗമായിക്കിട്ടിയ കുറച്ച് ചിട്ടകളുണ്ട്. അഞ്ചു മിനിറ്റുകൊണ്ട് വേണമെങ്കിൽ റെഡിയാകും. ഏറ്റവും പെട്ടെന്ന്, ഭംഗിയായി നമ്മളെ അവതരിപ്പിക്കുന്നത് ഒരു കലയാണ്. ചടങ്ങുകൾക്ക് പോകുമ്പോൾ നന്നായി ഒരുങ്ങും. നല്ലൊരു ജൂവലറി, ഡ്രെസ് കലക്‌ഷനുണ്ട്.

കാക്കിക്കുള്ളിൽ ഒളിഞ്ഞിരിക്കുന്ന മറ്റൊരു മെറിൻ ഉണ്ടോ?

ജോലിയുടെ കാര്യത്തിൽ ഞാൻ പക്കാ പ്രഫഷനൽ ആണ്. ജീവിതത്തിൽ ഭയങ്കര റിസെർവ്ഡും. എല്ലാം തുറന്നു പറയാറുള്ള വളരെ കുറച്ച് ഫ്രണ്ട്സേയുള്ളൂ. ഭംഗിയുള്ള വീട് വയ്ക്കണമെന്നൊക്ക ആഗ്രഹിക്കുന്ന സോഫ്റ്റായ ഒരു ഹോംലി സൈഡ് എനിക്കുമുണ്ട്. വായിക്കാനാണ് ഏറ്റവും ഇഷ്ടം. എഴുതാറുമുണ്ട്. കവിത, ലേഖനങ്ങൾ, ചിലപ്പോൾ അനുഭവങ്ങൾ... കുറച്ചു കഴിയുമ്പോൾ പുസ്തകമെഴുതിയെന്നും വരാം. പാചകപ്പുസ്തകങ്ങളുടെ വലിയ കലക്‌ഷനുണ്ട്. ഭാവിയിൽ ഇതെല്ലാം ഉണ്ടാക്കും എന്ന ആഗ്രഹത്തോടെയാണ് പാചകക്കുറിപ്പുകൾ എടുത്തുവച്ചിരിക്കുന്നത്.

കോട്ടയം മാങ്ങാനത്താണ് ജനിച്ചത്. ഞാൻ ജനിച്ച് ഒരുമാസം കഴിഞ്ഞതും ഞങ്ങളെല്ലാവരും ഡൽഹിക്കു പോയി. 23 വർഷങ്ങൾ ഡൽഹിയിലായിരുന്നു. അച്ഛൻ കേന്ദ്രഗവൺമെന്റിന്റെ പ്രിൻസിപ്പൽ അഡ്വൈസർ ആയി റിട്ടയർ ചെയ്തു. അമ്മ മരീന ജോർജ് ഡൽഹിയിൽ ഇക്കണോമിക്സ് ടീച്ചറാണ്. ഏട്ടൻ നാഷണൽ ലോ സ്കൂളിൽ നിന്ന് പി.എച്ച്ഡി കഴിഞ്ഞ് ഇപ്പോൾ ഡൽഹിയിൽ അസിസ്റ്റിന്റ് പ്രഫസർ ആണ്. വിവാഹം കഴിഞ്ഞ് രണ്ടു വർഷമായി. ഭർത്താവ് ക്രിസ് ഏ ബ്രഹാം മദ്രാസ് മെഡിക്കൽ കോളജിൽ എം.ഡി ചെയ്യുന്നു.

കേരളത്തിനു വേണ്ടി എന്തൊക്കെയാണ് പ്ലാനുകൾ?

തുടക്കക്കാരിയായതുകൊണ്ട് കുറേ പോരായ്മകളുണ്ടാകാം. ചെയ്യുന്നതോ പറയുന്നതോ ചെറിയ കാര്യമായാൽ പോലും ആർക്കുവേണമെങ്കിലും വളച്ചൊടിച്ച് വേറെ രീതിയിലാക്കാം എന്ന് ഇപ്പോൾ തിരിച്ചറിഞ്ഞിട്ടുണ്ട്. എങ്കിലും എനിക്ക് നല്ല കാര്യങ്ങൾ ചെയ്യാൻ പറ്റുമെന്നുള്ള വിശ്വാസമുണ്ട്. ഏതു ജോലിയിലാണെങ്കിലും ബുദ്ധിമുട്ടുകളും തടസ്സങ്ങളുമുണ്ടാകും. അ തെല്ലാം ജോലിയുടെ ഭാഗം മാത്രമായേ കാണുന്നുള്ളൂ.