കോവിഡിന്റെ വരവിന് ശേഷമാണ് നമ്മൾ ആ സത്യം തിരിച്ചറിഞ്ഞത്. വിവാഹത്തിന് ആയിരവും പതിനായിരവും ആളുകൾ വേണ്ട. നൂറു വിഭവങ്ങൾ നിറഞ്ഞ സദ്യയും വേണ്ട. വിവാഹപ്പന്തലിൽ തിക്കും തിരക്കും ഒന്നും വേണ്ട. കല്യാണം കളറാകാൻ വധുവിന്റെയും വരന്റെയും ഹൃദയത്തോട് ചേർന്നു നിൽക്കുന്ന ഒരുപിടി മനുഷ്യരുടെ നിറസാന്നിധ്യം മാത്രം മതി.
കോവിഡ്കാലം കഴിഞ്ഞു പോയിട്ടും മലയാളിയുടെ ഹൃദയം കീഴടക്കിയ ഇന്റിമേറ്റ് വെഡ്ഡിങ് കേരളം വിട്ടില്ല. ഹൽദി, മെഹന്ദി, സംഗീത്, വിവാഹം, റിസപ്ഷൻ... ആഘോഷങ്ങൾ പഴയപടിയായെങ്കിലും വിവാഹചടങ്ങുകൾ ‘ഇന്റിമേറ്റ്’ രീതിയിൽ മതി എന്നാണ് യുവതലമുറ പറയുന്നത്. േവദി മുതൽ ചടങ്ങുകൾ വരെ തികച്ചും ‘യുണീക്’ ആക്കി മാറ്റാം എന്നതാണ് ഇന്റിമേറ്റ് വെഡ്ഡിങ്ങിനോടുള്ള ഇഷ്ടത്തിന് പിന്നിൽ.
കുടുംബത്തിലെ തലമുതിർന്നവർക്ക് കൂടുതൽ അ തിഥികളെ ക്ഷണിച്ച് വിവാഹം നടത്താനാണ് താൽപര്യം. ഇതുകൊണ്ട് വിവാഹം ‘ഇന്റിമേറ്റ് വെഡ്ഡിങ്’ രീ തിയിൽ നടത്തിയ ശേഷം വേറൊരു ദിവസം കൂടുതൽ ആളുകളെ ക്ഷണിച്ച് റിസപ്ഷൻ നടത്തുന്ന രീതിയുമുണ്ട്.
എണ്ണം കുറച്ചോളൂ, മനോഹാരിത കൂടും
അതിഥികളുടെ എണ്ണം എത്ര കൂടുന്നോ അത്രയും ഗംഭീരമാകും കല്യാണം എന്നതായിരുന്നു പഴയ സങ്കൽപം. പ ക്ഷേ, ‘ഡെസ്റ്റിനേഷൻ വെഡ്ഡിങ്’ വന്നതോടെ ‘ഇതു കൊള്ളാല്ലോ’ എന്നായി. അതിഥികളുടെ എണ്ണം കുറച്ച് വിദേശത്തോ നാട്ടിൽ തന്നെയുള്ള ടൂറിസ്റ്റ് ഡെസ്റ്റിനേഷനിലോ വിവാഹം നടത്തുന്ന രീതിയാണത്. ഡെസ്റ്റിനേഷൻ വെഡ്ഡിങ് ആണ് ഇന്റിമേറ്റ് വിവാഹത്തിന്റെ ആദ്യ രൂപം എന്നു പറയാം.
വെഡ്ഡിങ് പ്ലാനേഴ്സും ഫൊട്ടോഗ്രഫേഴ്സും മിന്നും ആശയങ്ങളും പുതുമകളുമായി എത്തിയതോടെ ഇന്റിമേറ്റ് വെഡ്ഡിങ് ട്രെൻഡായി. 50, 20 പേർ പങ്കെടുക്കുന്ന വിവാഹത്തിൽ പുതുമകളും രസകരമായ നിമിഷങ്ങളും നിറഞ്ഞതോടെ കൂടുതൽ പേർ ഈ രീതി പിന്തുടരാൻ തുടങ്ങി.
വിവാഹത്തലേന്നുള്ള പാർട്ടിയും വിവാഹവും റിസപ്ഷനും റിസോർട്ടിലോ പ്രകൃതിഭംഗിയുള്ള ഇടത്തോ ആ വും ഒരുക്കുക. നൂറോ അതിൽ താഴെയോ ആളുകളെ മാത്രം ഉൾപ്പെടുത്തിയാകും ചടങ്ങുകൾ. ഒരു റിസോർട് മുഴു വനായി വാടകയ്ക്ക് എടുക്കും. എത്ര ദിവസമാണോ ആഘോഷപരിപാടികൾ അത്രയും ദിവസം അതിഥികൾക്ക് താമസിക്കാനുളള മുറി കണക്കാക്കിയാകും റിസോർട് തിരഞ്ഞെടുക്കുക. കല്യാണം മാത്രമായി റിസോർട്ടിൽ നടത്തുന്ന രീതിയുമുണ്ട്. വീട്ടുകാർക്ക് മാത്രം മുറി ബുക് ചെയ്താൽ മതിയെന്നതാണ് ഈ രീതിയുടെ സൗകര്യം.
മോഹതീരത്താകട്ടെ കല്യാണമേളം
മറുനാട്ടിൽ മോഹിപ്പിക്കുന്ന ഇടത്ത് വിവാഹമൊരുക്കാനാകും ചിലർക്കെങ്കിലും ഇഷ്ടം. കേരളത്തിന് പുറത്തുള്ള സംസ്ഥാനങ്ങളിൽ നിന്ന് ജീവിതപങ്കാളിയെ കണ്ടെത്തുന്നവർക്കാണ് ഡെസ്റ്റിനേഷൻ വെഡ്ഡിങ്ങിനോട് പ്രിയം കൂടുതൽ എന്ന് വെഡ്ഡിങ് പ്ലാനേഴ്സ് പറയുന്നു.
വിദേശത്ത് സ്ഥിരതാമസമാക്കിയ പലരും ഡെസ്റ്റിനേഷൻ വെഡ്ഡിങ്ങിനായി തിരഞ്ഞെടുക്കുന്നത് കേരളമാണ്. നാട്ടിൽ വേണം ആ മനോഹര നിമിഷം എന്ന മോ ഹമാണ് കാരണം. േഹാളിഡേയും കല്യാണവും ഒന്നിച്ചാഘോഷിക്കുക എന്ന ലക്ഷ്യമുള്ളവരുമുണ്ട്. വിദേശത്ത് നിന്ന് വിവാഹത്തിനായി നാട്ടിലേക്കെത്തുന്നവരുടെ ആ ഘോഷം എയർപോർട്ടിലെത്തുന്ന നിമിഷം മുതൽ തുടങ്ങും. െബാക്കെയും ബാൻഡ് മേളവുമായാകും വരവേൽപ്.
വിവാഹത്തിനെത്തുന്ന എല്ലാവർക്കും പ്രത്യേക പരിഗണനയുണ്ടാകും. ഹൽദി ചടങ്ങിന് എല്ലാവർക്കും മൈലാഞ്ചിയിടും. അങ്ങനെ വിവാഹത്തിൽ പങ്കെടുക്കുന്ന ഓരോ അതിഥിയും മനസ്സു നിറഞ്ഞാകും തിരികെ പോകുക.
ഓഡിറ്റോറിയം വിട്ടിറങ്ങാം
കണ്ടുമടുത്ത വേദി. പതിവ് അലങ്കാരങ്ങൾ. ഇതൊന്നും ഇന്റിമേറ്റ് വെഡ്ഡിങ്ങിലുണ്ടാകില്ല. കടൽത്തീരം, കായലോരം, പ്രകൃതിഭംഗിയുള്ള റിസോർട്ട്, ഗാർഡൻ, േലാൺസ്... ഇങ്ങനെ തുറന്ന സ്ഥലങ്ങളിൽ ഭംഗിയായാണ് ഇന്റിമേറ്റ് വെഡ്ഡിങ് വേദിയൊരുക്കുക. മുൻപ് തുറന്ന സ്ഥലത്തെ വിവാഹത്തിന് വലിയ പന്തലിടേണ്ടി വന്നിരുന്നു. ഇന്റിമേറ്റ് വെഡ്ഡിങ് ട്രെൻഡായതോടെ ഓപൺ സ്പേസ് മതി വധൂവരന്മാർക്ക്. മഴ പെയ്താലെന്താ കല്യാണം മഴയത്താക്കാം എന്നു തീരുമാനിച്ച വധൂവരന്മാരെ നമ്മൾ ‘ഹൃദയം’ സിനിമയിൽ കണ്ടതല്ലേ? വേണമെങ്കിൽ വേദിയിൽ മോഡേൺ ലുക്കുള്ള ട്രാൻസ്പരന്റ് ടെന്റിനെ കൂട്ട് പിടിക്കുകയുമാകാം.
പേസ്റ്റൽ നിറങ്ങളിലെ മനോഹരമായ മിനിമൽ അലങ്കാരമാണ് ഇന്റിമേറ്റ് വെഡ്ഡിങ്ങിനെ വേറിട്ടതാക്കുന്നത്. പുതുമയുള്ള അലങ്കാരങ്ങളോടൊപ്പം പ്രകൃതി ഇഴ ചേരുന്നതിന്റെ ഭംഗി ചിത്രങ്ങളിൽ പകർത്തുകയും ചെയ്യാം.
സേവ് ദ ഡേറ്റ് ഷൂട്ടിനെ വെല്ലുന്ന സ്‌റ്റൈലിഷ് ഫോട്ടോ പകർത്തണമെങ്കിൽ ഇന്റിമേറ്റ് വെഡ്ഡിങ് തന്നെ വേണം. വരനും വധുവിനുമൊപ്പം ഫോട്ടോയെടുക്കാനുള്ള അതിഥികളുടെ തിരക്കുമൂലം വിവാഹ ചടങ്ങുകളുടെ ചിത്രങ്ങൾ പലപ്പോഴും പതിവു ചിത്രമായി മാറാറുണ്ട്. ഇന്റിമേറ്റ് വെഡ്ഡിങ് ആയാൽ അതിഥികൾ കുറവായത് കൊണ്ട് ഫൊ ട്ടോഗ്രഫിയും പൊളിക്കും. വധുവിനും വരനും മാത്രമല്ല, ഇ രുവരുടെയും കുടുംബങ്ങൾക്കും പ്രിയപ്പെട്ടവർക്കും ചിത്രങ്ങളിൽ ധാരാളം ഇടവുമുണ്ടാകും.
വീട്ടിലെ പ്രിയപ്പെട്ട ഇടമാക്കാം വേദി
വീട്ടിൽ വിവാഹം നടത്തണമെങ്കിൽ ചുറ്റും വിശാലമായ മുറ്റമുണ്ടാകണം എന്നല്ലേ ചിന്ത. ഇന്റിമേറ്റ് വെഡ്ഡിങ്ങിൽ ആ പ്രശ്നമില്ല. വീട്ടിലെ ഏറ്റവും പ്രിയപ്പെട്ട ഇടം ഭംഗിയായി ഒരുക്കി അവിടെ വിവാഹം നടത്താം.
ആലിയ ഭട്ടിന്റെയും രൺബീർ കപൂറിന്റെയും വിവാഹം ഓർമയില്ലേ. ലിവ് ഇൻ റിലേഷൻഷിപ്പിലായിരുന്ന ഇവർ വിവാഹിതരാകാൻ തിരഞ്ഞെടുത്തത് തങ്ങളുടെ വസതിയിലെ ബാൽക്കണിയാണ്. ജീവിതത്തിലെ ഏറ്റവും സുന്ദരമായ ഓർമകൾക്ക് സാക്ഷിയായ ഇടം കൂടുതൽ പ്രിയപ്പെട്ടതാകാനുള്ള കാരണമായി ആ തിരഞ്ഞെടുപ്പ്.
മിനിമലിസം ഇഷ്ടപ്പെടുന്നവരുടെ പ്രിയപ്പെട്ട ചോയ്സ് ആണ് ഇന്റിമേറ്റ് വെഡ്ഡിങ്. ലളിതമായ ചടങ്ങുകളാണ് മിനിമലിസം പിന്തുടരുന്ന കല്യാണത്തിന്റെ പ്രത്യേകത. പ്രകൃതിദത്തമായ വെളിച്ചവും ഏറ്റവും മിനിമലായ അലങ്കാരങ്ങളുമാകും വിവാഹവേദിയെ മനോഹരമാക്കുക.
വേറിട്ട രുചി വിളമ്പാം
നയൻതാരയുടെ കല്യാണത്തിൽ കത്തൽ ബിരിയാണി അഥവാ ചക്ക ബിരിയാണി ഇടംപിടിച്ചത് പോലെ ഇന്റിമേറ്റ് വെഡ്ഡിങ്ങിൽ കൂടുതൽ വേറിട്ട വിഭവങ്ങൾ ഒരുക്കാം. പലതരം വിഭവങ്ങൾ പരീക്ഷിക്കാൻ അതിഥികൾക്ക് അവസരമൊരുക്കാം. കാത്തിരിപ്പിന്റെ മടുപ്പും വിശപ്പും ഒരുമിക്കുന്ന നിമിഷങ്ങൾ ഇന്റിമേറ്റ് വെഡ്ഡിങ്ങിലുണ്ടാകില്ല. എല്ലാവർക്കും ഒരേ സമയം സൽക്കാരം ആസ്വദിക്കാൻ കഴിയും.
പങ്കെടുക്കുന്നവരുടെ എണ്ണം കുറവായത് കൊണ്ട് സുന്ദരവും പ്രയോജനപ്രദവുമായ റിട്ടേൺ ഗിഫ്റ്റ് നൽകാം. പ്രത്യേകം പറഞ്ഞു ചെയ്യിക്കുന്ന കസ്റ്റമൈസ്ഡ് ഗിഫ്റ്റ് അതിഥികൾക്ക് ഇഷ്ടപ്പെടുകയും പ്രയോജനപ്പെടുകയും ചെയ്യുമെന്ന ഗുണവുമുണ്ട്.
ഒരുക്കാം അൺലിമിറ്റഡ് ഫൺ
വരനും വധുവിനും കൂടുതൽ ആസ്വാദ്യകരമാണ് ഇന്റിമേറ്റ് വെഡ്ഡിങ് എന്നതാണ് കൂടുതൽ പേരെ ആകർഷിക്കുന്നത്.
വിവാഹത്തലേന്ന് വധുവിന്റെയും വരന്റെയും വീടുകളിൽ നടക്കുന്ന ചടങ്ങുകൾ ഇന്റിമേറ്റ് വെഡ്ഡിങ്ങിൽ കാണാറില്ല. പകരം ഇരുഭാഗത്തെയും പ്രിയപ്പെട്ടവർ ഒരുമിച്ചാകും തലേന്ന് ചടങ്ങുകൾ നടത്തുക. ‘സംഗീത്’ ആണ് പ്രധാനം. പാട്ടും നൃത്തവും പലതരം ഗെയിമുകളുമായി സംഗീത് പൊലിപ്പിക്കും. വരനും വധുവും സുഹൃത്തുക്കളും ബന്ധുക്കളുമെല്ലാം നൃത്തവുമായി ആഘോഷമൊരുക്കും. ഒപ്പം ഡിജെ പാർട്ടിയും.
വരന്റെയും വധുവിന്റെയും പ്രിയപ്പെട്ടവർ രണ്ട് ടീമായി തിരിഞ്ഞാകും മത്സരങ്ങൾ. ഇത് മത്സരങ്ങളുടെയും ആഘോഷചടങ്ങുകളുടെയും രസം ഇരട്ടിയാക്കും. ഒപ്പം ഇരുകൂട്ടരുടെയും അപരിചിതത്വം ഇല്ലാതാകാനും അടുപ്പം ഇഴ ചേർക്കാനും നല്ലതാണെന്നാണ് അനുഭവസ്ഥർ പറയുന്നത്.
ബ്രൈഡ്സ്മെയ്ഡ്സായി ഷിറ്റ്സു
വധുവിന്റെ ബ്രൈഡ്സ്മെയ്ഡായെത്തിയത് അ ഞ്ച് ഷിറ്റ്സു നായ്ക്കൾ. വരനും തന്റെ അരുമയായ ഷിറ്റ്സുവുമായാണ് വേദിയിലെത്തിയത്. ഹിന്ദി സംഗീത സംവിധായകനും മഹാരാഷ്ട്ര സ്വദേശിയുമായ ഉറുവാക് വോറയുടെയും ഗുജറാത്ത് സ്വദേശി നിഷിക ആരോൽക്കറിന്റെയും വിവാഹത്തിൽ താരങ്ങളായത് ഇരുവരുടെയും അരുമ നായ്ക്കളാണ്. തിളങ്ങുന്ന കണ്ണുകളും നീളൻ രോമവുമായി പാവക്കുട്ടിയെപ്പോലെയുള്ള ഷിറ്റ്സു നായ്ക്കൾ അതിഥികളുടെയും മനം കവർന്നു.
‘‘കേരളത്തിൽ വേരുകളുള്ള നിഷികയുടെ കുടുംബമാണ് തൃപ്പൂണിത്തുറയിലെ ഫ്ളാറ്റിനുള്ളിൽ വിവാഹം നടത്താമോയെന്ന് ആവശ്യപ്പെട്ടത്.’’ സാ ൻസ് ഇവന്റ്സ് & വെഡ്ഡിങ് പ്ലാനറിന്റെ സാരഥി ശിൽപ അന്ന ഡാനിയൽ പറയുന്നു. ‘‘തലേന്നത്തെ മെഹന്ദി, വിവാഹ ചടങ്ങ്.. എല്ലാം രണ്ടു ഫ്ളാറ്റുകളിലെ ഹാളിലാണ് നടത്തിയത്. ഞങ്ങളേക്കാൾ പ്രാധാന്യം പെറ്റ്സിനു നൽകണമെന്നാണ് വധുവിന്റെ കുടുംബം പറഞ്ഞത്. അലങ്കരിച്ച ടേബിളാണ് ഞങ്ങൾ വിശിഷ്ടാതിഥികളായ ഷിറ്റ്സുവിന് വേണ്ടി ഒരുക്കിയത്.’’ ശിൽപ പറയുന്നു.
വിളക്കും പറയുമെല്ലാം ഒരുക്കിയുള്ള കേരളത്തിലെ രീതിയും ഗുജറാത്തി രീതികളും കലർത്തിയുള്ള വിവാഹത്തിൽ കാർമികനായെത്തിയത് മലയാളിയായ പൂജാരിയാണ്.’’ അന്ന പറയുന്നു.‘ഗംഗുഭായി കത്തിയവാഡി’യിൽ ആലിയയുടെ അമ്മയായി അഭിനയിച്ച ഛായ വോറിന്റെ മകനാണ് ഉറുവാക്.
ചൈത്രാലക്ഷ്മി
വിവരങ്ങൾക്കും ചിത്രങ്ങൾക്കും കടപ്പാട് :
അഖിൽ ഷാൻ
സിഇഒ, കോക്കനട്ട് വെഡ്ഡിങ്സ്,
വെഡ്ഡിങ് പ്ലാനർ & ഫൊട്ടോഗ്രഫി, എറണാകുളം
ശിൽപ അന്ന ഡാനിയൽ
ഓണർ, സാൻസ് ഇവന്റ്സ് & വെഡ്ഡിങ് പ്ലാനർ,
തൃപ്പൂണിത്തുറ, എറണാകുളം
ഓക്സ് വെഡ്ഡിങ്
വെഡ്ഡിങ് ഫൊട്ടോഗ്രഫി, കോഴിക്കോട്