Wednesday 28 December 2022 03:28 PM IST

‘തന്റേടി, അഹങ്കാരി... ബൈക്ക് ഓടിക്കാൻ തുടങ്ങിയതോടെ ഒരു പേരുകൂടി കിട്ടി, കുതിരപ്പുറത്ത് കേറുന്നവൾ’: ഷൈനിയുടെ യാത്രകൾ

Shyama

Sub Editor

shyni-rajkumar

നിങ്ങൾക്കു വേണ്ടതിലേക്കുള്ളോരു തെളിഞ്ഞ പാത കാണാനാകുന്നില്ലെങ്കിൽ, കഴിയുമെങ്കിൽ ഒരെണ്ണം സൃഷ്ടിച്ചേക്കുക.’ അമേരിക്കൻ നടിയും നിർമാതാവുമായ മിന്റി കലിങ്ങിന്റെ വാക്കുകൾ സ്വന്തം ജീവിതത്തിൽ പകർത്തിയ വനിതകൾ ‘വനിത’യ്ക്കൊപ്പം ചേരുന്നു.

സ്വപ്നങ്ങൾ പൂർത്തീകരിക്കാൻ കുതിരപ്പുറത്തെത്തുന്ന രാജകുമാരനെ അവർ കാത്തിരിക്കുന്നില്ല. തേരാളികൾ വേണ്ടാത്ത, ഒറ്റയ്ക്ക് ലോകം ചുറ്റാൻ പ്രാപ്തിയുള്ള വനിതകളെ അടുത്തറിയാം. തിരുവനന്തപുരം സ്വ ദേശി ഷൈനി രാജ്കുമാർ പറയുന്നു യാത്രകളുടെ കഥ...

അവസാനിക്കാത്ത പാഷൻ– ഷൈനി രാജ് കുമാർ

നഴ്സറി തൊട്ടുള്ള വണ്ടിയോടുള്ള പാഷനും യാത്രയോടുള്ള ഇഷ്ടവുമാണ് എന്നെ റൈഡറാക്കിയത്. പണ്ട് പൊലീസുകാർക്കും എ ക്സൈസുകാർക്കുമാണ് പൊതുവെ ബുള്ളറ്റുള്ളത്. പപ്പയുടെ അനിയൻ പൊലീസിലായിരുന്നു. അദ്ദേഹത്തിന്റെ ബുള്ളറ്റ് സവാരി കണ്ട് അന്നേ ബുള്ളറ്റ് ഫാനായി. ചെറുപ്പത്തിൽ സൈക്കിൾ പോലും ഓടിച്ചിരുന്നില്ല. എന്നാലും യാത്ര ചെയ്തിരുന്നു. അത്‌ലീറ്റ് ആയതു കൊണ്ട് ധാരാളം യാത്രകൾക്കുള്ള അവസരമുണ്ടായി. കേരള ടീമിനു വേണ്ടി ക്രിക്കറ്റ് കളിച്ചിട്ടുണ്ട്.

റൈഡിന് പോകുമ്പോൾ പ്രാതലും അത്താഴവും കഴിക്കും. ഊണ് ഒഴിവാക്കും. ജയ്പൂർ നിന്നാണ് ഇപ്പോൾ സംസാരിക്കുന്നത്. ഇവിടെ നാലു ദിവസത്തേക്ക് രണ്ടു വീടുകളിലായാണ് നിൽക്കുന്നത്. താമസത്തിന്റെയും ഭക്ഷണത്തിന്റെയും ചെലവ് ഇല്ല. എന്ത് ആവശ്യത്തിനും നമുക്ക് എവിടെയും ആളുണ്ട്. ലോകം മുഴുവൻ വീടാകുന്ന വിശാലത. ഇതിനോടകം പല യാത്രകളും തനിച്ചും ഗ്രൂപ്പായും പോയി. കന്യാകുമാരി – കശ്മീർ ഒരു സൈഡ് ഗ്രൂപ്പായും ഒരു സൈഡ് സോളോയുമായിരുന്നു,

ഇപ്പോൾ ഇന്ത്യയിലെ ഗ്രാമങ്ങളെ കണ്ടറിയുന്ന യാത്ര ചെയ്യുന്നു. സോളോ ട്രിപ്പാണ്. അടുത്തത് തീരപ്രദേശങ്ങളിലൂടെ ഇന്ത്യയുടെ അതിരുകളിലൂടെ യാത്ര ചെയ്യണമെന്നുണ്ട്. പാക് ബോർഡറും നേപ്പാൾ അതിർത്തിയും വരുന്നിടത്താണ് പ്രശ്നമുണ്ടാകാൻ സാധ്യത. അതേക്കുറിച്ച് പഠിച്ചിട്ട് ആ യാത്ര പോകണം.

ലോകത്തെ ഏറ്റവും ഉയരത്തിലുള്ള മോട്ടറബിൾ പാസ് ആയ ഉംലിങ് ലാ പാസിലും പോയി. ഞങ്ങള്‍ മൂന്നു സ്ത്രീകൾ ഒരുമിച്ചാണ് പോയത്.

പിന്നെയാണ് ലൈസൻസ് എടുക്കുന്നത്...

ഉത്തരേന്ത്യയിൽ പൊലീസിലായിരുന്നു ജോലി. 2007ൽ ജോലി മതിയാക്കി. അവിടെയന്ന് ലൈസൻസ് അത്ര കർശനമായിരുന്നില്ല. ഞാൻ നാട്ടിൽ വരുന്ന സമയത്ത് പപ്പയുടെ വണ്ടി ഇവിടെ വെറുതേ ഇരിക്കുന്നു. അന്നെനിക്ക് ഗിയർ ലൈസൻസില്ല.

ഒരു കസിൻ തിരുവനന്തപുരത്ത് ഡ്രൈവിങ് സ്കൂൾ നടത്തുന്നുണ്ട്. അദ്ദേഹമാണ് ബൈക്ക് ഓടിക്കാനുള്ള പ്രചോദനം. ബൈക്ക് വിറ്റ് സ്കൂട്ടർ വാങ്ങാമെന്ന പ്ലാൻ പപ്പയ്ക്ക് അത്ര സമ്മതമായിരുന്നില്ല. അതുകൊണ്ട് ചേട്ടൻ ‘നീ ബൈക്ക് തന്നെ അങ്ങ് ഓടിക്കെ’ന്നു പറഞ്ഞു. അന്നേ നാട്ടിൽ നല്ല പേരാണ് ‘തന്റേടി, അഹങ്കാരി’. ബൈക്ക് ഓടിക്കാൻ തുടങ്ങിയതോടെ നാട്ടുകാർ ഒരു പേരും കൂടെ കൂട്ടി ‘കുതിരപ്പുറത്ത് കേറുന്നവൾ’. തളർത്താനാണ് വിളിച്ചതെങ്കിലും പേരും ട്രോളുമൊക്കെ എനിക്കങ്ങ് ഇഷ്ടപ്പെട്ടു. 2012ലാണ് പ്രഫഷനൽ റൈഡറാകുന്നത്.

സ്വന്തം നാട് കോവളത്തിനടുത്ത് വെങ്ങാനൂരാണ്. വെങ്ങാനൂർ സ്കൂളിലും ഓൾ സെയിന്റ്സ് കോളജിലുമായി വിദ്യാഭ്യാസം. ഇപ്പോ തിരുമലയിൽ വീട് വാങ്ങി. താമസിക്കുന്നില്ലെങ്കിലും അവിടെയാണ് ‘സെറ്റിൽ’ ചെയ്തിരിക്കുന്നതെന്ന് പറയാം.

ഭർത്താവ് രാജ്കുമാർ ടാറ്റാ മോട്ടോഴ്സിലാണ്. മകൻ ലെവിൻ ജോഷ്വ, ഡൽഹിയിൽ ബിഎ ഓണേഴ്സിന് പഠിക്കുന്നു. എന്നെ ഞാനായി അംഗീകരിക്കുന്നവരാണ് അവർ.

അണമുറിയാത്ത അനുഭവങ്ങൾ

ഇരുപതാം വയസ്സിലാണ് ആദ്യം വണ്ടി വാങ്ങുന്നത്, 83 മോഡൽ സെക്കൻഡ് ഹാൻഡ് ബുള്ളറ്റ്. ഇപ്പോൾ 39 വയസ്സ്. ഇപ്പോഴത്തെ യാത്ര ഇന്റർസെപ്റ്ററിലാണ്. യാത്രകൾക്കൊപ്പം വരുന്നതാണ് അപകടങ്ങൾ.

2017ൽ തിരുനൽവേലി– കോവിൽപ്പട്ടി റൂട്ടിൽ ഞാനോടിച്ചിരുന്ന ഹിമാലയൻ 50 ശതമാനവും തകർന്ന് അപകടമുണ്ടായി. വീണെണീറ്റതും ഞാൻ രണ്ട് ചാട്ടം ചാടി, കഴു ത്തും കയ്യും ഒക്കെ അനക്കി... എനിക്കൊന്നും പറ്റിയില്ല എ ന്നതാണ് ഏറ്റവും സന്തോഷിപ്പിച്ചത്!

വണ്ടി നന്നാക്കാം വേറെ വാങ്ങാം. എനിക്ക് പകരം, എ ന്റെ സ്വപ്നങ്ങൾക്ക് പകരം വേറൊന്നുമില്ലല്ലോ. മറക്കാൻ പറ്റാത്ത അനുഭവങ്ങൾ ധാരാളം. ജീവിതത്തിലേക്ക് തിരിഞ്ഞു നോക്കുമ്പോൾ ‘ഞാൻ എനിക്കു വേണ്ടി ജീവിച്ചു’ എന്നാണ് തോന്നുന്നത്. വേറെയെന്തു വേണം?’’