Wednesday 23 November 2022 03:33 PM IST

‘നിറവയറിന് പാകമായ ജഴ്സിക്കു വേണ്ടി ഒത്തിരി അലഞ്ഞു, പ്രസവത്തിന് കൃത്യം ഒരാഴ്ചയും’: ആ വൈറൽ ചിത്രം പിറന്നതിങ്ങനെ

Binsha Muhammed

sofia-story

ഖത്തറിൽ കാൽപ്പന്തിന്റെ കിസയുയരുമ്പോൾ ഇങ്ങ് കൊച്ചു കേരളത്തിന്റെ ഖൽബിലും ആവേശത്തിരയിളകുകയാണ്. കട്ടൗട്ടുകൾ‌ നിരത്തി ഞെട്ടിച്ചും ഫ്ലക്സുകൾ നിരത്തിയും കേരളക്കര ഖത്തറിൽ ഉരുണ്ടു തുടങ്ങിയ ‘അൽ രിഹ്‍ല’യ്ക്കൊപ്പം ഉരുണ്ടു തുടങ്ങിയിരിക്കുന്നു. എന്നിട്ടും അടങ്ങിയിട്ടില്ല കേരളത്തിന്റെ ആവേശം, പോർവിളിച്ചും പ്രവചിച്ചും പന്തയം വച്ചും കാൽപ്പന്തിനോടുള്ള അടങ്ങാത്ത ആവേശം ഊട്ടിയുറപ്പിക്കുന്നു നമ്മുടെ നാട്.

നാട് മുഴുവൻ ഫുട്ബോൾ ആവേശത്തിന്റെ കൊടുമുടി കയറുമ്പോൾ കട്ട മെസി ഫാനായ കെട്ട്യോൾക്ക് കെട്ട്യോൻ നൽകിയൊരു സർപ്രൈസാണ് സോഷ്യൽ മീഡിയയിൽ നിറയുന്നത്. നിറവയറോടെ കൺമണിയെ കാത്തിരിക്കുന്ന പ്രിയപ്പെട്ടവളെ ഇപ്പോൾ ഈ കാണുന്ന ഫുട്ബോൾ ആവേശത്തിനൊപ്പം ചേർത്തു നിർത്താൻ പരിമിതിയുണ്ടെന്ന് ‘ഇതിയാനറിയാം.’ പക്ഷേ വിട്ടുകൊടുത്തില്ല, മെസിയോടുള്ള അവളുടെ ഇഷ്ടം എന്നും ഓർത്തുവയ്ക്കുന്ന തരത്തിൽ കലക്കനൊരു ഫ്രെയിമിലാക്കി മലപ്പുറം സ്വദേശിയും ക്യാമറാമാനുമായ രഞ്ജിത്ത് ലാൽ. പ്രസവ ഡേറ്റിന് ദിവസങ്ങൾ മാത്രം ശേഷിക്കേ ഭാര്യ സോഫിയ വിൽസണു വേണ്ടി രഞ്ജിത്ത് കരുതി വച്ച കലക്കൻ ക്ലിക്കാണ് ഇന്ന് സോഷ്യൽ മീഡിയയിലെ ചർച്ചാ വിഷയം. നിറവയറിൽ മെസിയുടെ ജേഴ്സിയണിഞ്ഞ് ഫുട്ബോളും കൈകളിലേന്തി നിറചിരിയോടെ നിൽക്കുന്ന സോഫിയയുടെ ചിത്രം കാൽപ്പന്തു പ്രേമികൾ അടക്കമുള്ളവർ ഹൃദയത്തിലേറ്റുമ്പോൾ ആ വൈറൽ ചിത്രം പിറന്ന കഥ വനിത ഓൺലൈനോടു പറയുകയാണ് രഞ്ജിത്ത് ലാൽ. ഒപ്പം അവശതകൾ മറന്ന് സോഫിയയും ഉണ്ട്.

sofia-renjith-1

ഉള്ളിൽ കൺമണി ചങ്കിൽ മെസി

പ്രസവത്തിന് കൃത്യം ഒരാഴ്ച മാത്രമേ ബാക്കിയുള്ളൂ. ഖത്തറിൽ ലോകകപ്പിന് കിക്കോഫ് ആകാനോ വെറും രണ്ടു ദിവസവും. ആ രണ്ടു ദിവസം മുമ്പാണ് തലയിലൊരു ബൾബ് മിന്നിയത്. സോഫിയക്കു വേണ്ടി, അവളെന്നും ഓർത്തു വയ്ക്കാൻ വേണ്ടി ഒരു ഫൊട്ടോഷൂട്ട്. അവളുടെ അവസ്ഥയും ശാരീരിക ബുദ്ധിമുട്ടും അറിയാഞ്ഞിട്ടല്ല. പക്ഷേ എല്ലാ ക്ഷീണവും മറന്ന് സോഫി കൂടെ നിന്നപ്പോൾ ഞാനും ആവേശത്തിലായി. ‘കിട്ടിയാൽ മെസി... ഇല്ലെങ്കിൽ മേഴ്സി.’ അതായിരുന്നു ലൈൻ.– രഞ്ജിത്താണ് പറഞ്ഞു തുടങ്ങിയത്.

‘മലപ്പുറം മേൽമുറിയാണ് ഞങ്ങളുടെ സ്വദേശം. ഭാരതപ്പുഴയുടെ പശ്ചാത്തലത്തിൽ ഓൾറെഡി ഞങ്ങളൊരു മെറ്റേണിറ്റി ഫൊട്ടോഷൂട്ട് എടുത്തതാണ്. പക്ഷേ നാട് മുഴുവൻ തങ്ങളുടെ ഇഷ്ടതാരങ്ങൾക്കും ടീമിനുമൊപ്പം ആവേശം കൊള്ളുമ്പോൾ മെസി ഫാനായ ഞാൻ ചുമ്മാതിരിക്കുന്നതെങ്ങനെ. ഇങ്ങനെയൊരു ഐഡിയ മുന്നോട്ടു വച്ച കെട്ട്യോനോടാണ് കടപ്പാട് മുഴുവൻ. ഈ വലിയ വയറുള്ള എനിക്ക് പാകമായ ജഴ്സിക്ക് വേണ്ടിയും ടർഫിന് വേണ്ടിയുമൊക്കെ ഒരുപാട് ഓടി പാവം.’– ചിരിയിൽ ചാലിച്ച് സോഫിയുടെ വാക്കുകൾ.

sofia-renjith-3

വെറുതെ കഷ്ടപ്പെട്ടുവെന്നു പറഞ്ഞാൽ പോര ഫുട്ബോൾ ആവേശം ഇവളുടെ അത്രയും തലയ്ക്കു കയറിയിട്ടില്ലെങ്കിലും ഞാനൊരു റൊണാൾഡോ ഫാനാണേ. എതിർ ചേരിയിലുള്ള ആളായിരുന്നിട്ടു കൂടി നമ്മുടെ ‘മെസിക്കു’ വേണ്ടി രംഗത്തിറങ്ങിയത് മറ്റൊന്നും കൊണ്ടല്ല. ഒന്നുമില്ലെങ്കിലും എന്റെ കുഞ്ഞിനെ ഉള്ളിൽ കൊണ്ടു നടക്കുവല്ലേ. എല്ലാത്തിനും മേലെ എത്രയോ നല്ല ഫ്രെയിമുകൾക്ക് വേണ്ടി ക്യാമറ ചലിപ്പിച്ചിട്ടുള്ള ക്യാമറാമാനാണ് ഞാൻ. അപ്പോ പിന്നെ ഭാര്യയ്ക്കു വേണ്ടി കഷ്ടപ്പെടാതിരിക്കോ?

ഇവൾക്കു പാകമായ ജഴ്സി എടുക്കാൻ പോയതിലുമുണ്ട് തമാശ. ബ്രസീൽ ഫാനായ എന്റെ ചങ്ങാതി മധുവിനെയും കൂട്ടിയാണ് ജഴ്സി എടുക്കാൻ പോയത്. അളിയാ... അവൾക്ക് പാകമായില്ലെങ്കിൽ മെസിയുടെ ജഴ്സി നീ എടുത്തോണേ എന്നു പറഞ്ഞു. അവൻ എന്നെ ഒന്ന് ബലപ്പിച്ചു നോക്കി. ബ്രസീൽ ഫാനായ എനിക്ക് അർജന്റീനൻ ജഴ്സി എന്തിനാടോ എന്ന മട്ടിൽ. പക്ഷേ ഭാഗ്യം എല്ലാം ഭംഗിയായി. അവൾക്ക് ആ ജഴ്സി പാകമായി. – രഞ്ജിത്ത് പറയുന്നു.

sofia-renjith-3

‘ഡേറ്റ് അടുത്തത് കൊണ്ടു തന്നെ ഇത്തിരി കഷ്ടപ്പാടൊക്കെ ഉണ്ടായിരുന്നു. തൃശൂർ അരിമ്പൂരിലെ ടർഫിൽ വച്ചായിരുന്നു ആ മനോഹര ചിത്രങ്ങൾ ഷൂട്ട് ചെയ്തത്. എന്റെ അവസ്ഥ കണ്ട് ബന്ധുക്കളിലൊരാൾ ആശുപത്രിക്ക് തൊട്ടടുത്തുള്ള വിയ്യൂരിലെ ഒരു ടർഫ് നിർദ്ദേശിച്ചു. വേറൊന്നും കൊണ്ടല്ല, ഈ അവസ്ഥയിലും ഇങ്ങനൊരു സാഹസത്തിന് മുതിർന്നില്ലേ, എന്തെങ്കിലും അത്യാവശ്യം വന്നാൽ നേരെ ആശുപത്രിയിലേക്ക് ഓടിക്കയറാല്ലോ എന്നു കരുതിയായിരുന്നു ആ നിർദ്ദേശം. ഏകദേശം രണ്ട് മണിക്കൂറെടുത്താണ് ഫൊട്ടോഷൂട്ട് പൂർത്തിയാക്കിയത്. എന്നെ സുന്ദരിയാക്കിയ മേക്കപ്പ് ആർട്ടിസ്റ്റ് രഞ്ജിനി സൂരജിനോടുള്ള പ്രത്യേക നന്ദി അറിയിക്കുന്നു.’– സോഫിയയുടെ വാക്കുകൾ.

‘സോഫിയ ഉർദു ടീച്ചറാണ്. വടിവൊത്തെ സാരിയൊക്കെ ഉടുത്ത് കൃത്യമായ ഡ്രസ് കോഡൊക്കെ പാലിച്ച് ക്ലാസിലെത്തുന്ന സ്ട്രിക്ട് ടീച്ചർ. അങ്ങനെയുള്ള ‘എന്റെ ടീച്ചറെ’ ജഴ്സിയും ഷോർട്സും ഇടീക്കുക എന്നതായിരുന്നു അടുത്ത ടാസ്ക്. സോഫിയയുടെ അമ്മ ജോളി വിൽസൺ ഉര്‍ദു ടീച്ചറാണ്. അമ്മ മാത്രമല്ല, ചേച്ചി സോണിയയും ടീച്ചർ തന്നെ. ശരിക്കും പറഞ്ഞാൽ ‘ഉർദു ഫാമിലി.’ അവരോടൊക്കെ കാര്യം പറഞ്ഞ് മനസിലാക്കി ഫൊട്ടോ എടുക്കാൻ അനുവാദം വാങ്ങിച്ചെടുത്തു. വേറൊന്നും കൊണ്ടല്ല, ഈ ഒമ്പതാം മാസത്തിലും അവളെയും കൊണ്ട് ഇങ്ങനെയൊരു പരിപാടിക്ക് ഇറങ്ങുമ്പോൾ അവരോടൊക്കെ പറയണമല്ലോ. എന്തായാലും ആ ശ്രമങ്ങളൊക്കെ ഫലം കണ്ടു. ലാൽ ഫ്രെയിംസ് എന്ന എന്റെ ഇൻസ്റ്റഗ്രാം പേജിൽ പോസ്റ്റ് ചെയ്ത ഫൊട്ടോ വൈറലായി– രഞ്ജിത്തിന്റെ വാക്കുകൾ.

sofia-renjith-4

എന്തായാലും എന്റെ കുഞ്ഞാവ വന്നതിനു ശേഷം, അവൻ വലുതായതിനു ശേഷം അവനോട് ഈ വിശേഷങ്ങളൊക്കെ പറയണം. ഖത്തറിൽ ഞങ്ങളുടെ മെസിയും ടീമും കപ്പടിക്കുമെന്ന കാര്യത്തിൽ സംശയം വേണ്ട. അതിനു മുമ്പേ ഞങ്ങളെ വൈറലാക്കി കപ്പു തന്ന സോഷ്യൽ മീഡിയക്ക് നന്ദി. – സോഫിയ പറഞ്ഞു നിർത്തി.