Friday 30 April 2021 03:30 PM IST

‘എന്റെ അലർച്ച കേട്ട് മമ്മൂട്ടി അങ്കിളിന്റെ കൂടെയുള്ള ടെൻ എന്ന നായ കുരച്ചുകൊണ്ട് ചാടി’; അമേയയായി ഞെട്ടിച്ച മോണിക്ക ശിവ പറയുന്നു

Roopa Thayabji

Sub Editor

monikkkaaa

‘ദി പ്രീസ്റ്റി’ലെ അമേയയായി ഞെട്ടിച്ചത് മോണിക്ക ശിവ എന്ന ഈ മിടുക്കിയാണ്...

‘ദി പ്രീസ്റ്റ്’ തിയറ്ററിൽ വിജയം ആഘോഷിക്കുമ്പോൾ ചെന്നൈയിലെ വീട്ടിൽ വാർഷിക പരീക്ഷയുടെ ടെൻഷനിലാണ് മോണിക്ക ശിവ എന്ന ആറാംക്ലാസ്സുകാരി. ഓൺലൈൻ പരീക്ഷയെഴുതുന്നതിനിടെ ഫോണിലേക്കു വ രുന്ന അഭിനന്ദന കോളുകൾക്ക് മറുപടി പറയാന്‍ ഈ കുസൃതിക്കുട്ടി അമ്മയെ ത ന്റെ ‘മാനേജർ’ വരെയാക്കി.

പരീക്ഷ കഴിഞ്ഞ് തുള്ളിച്ചാടി മോണിക്ക ‘വനിത’യോടു സംസാരിക്കാൻ വന്നു. ഓരോ വാക്കിലും നവരസങ്ങൾ നിറച്ച് ഇവൾ സംസാരിക്കുന്നതു കാണുമ്പോൾ ‘രാക്ഷസനി’ലെ കായലും ‘കൈതി’യിലെ പാപ്പയും ‘ദി പ്രീസ്റ്റി’ലെ അ മേയയുമൊക്കെ ഒന്നിച്ചു വന്നതുപോലെ തോന്നും. തമിഴിൽ നിന്നെത്തി മലയാളത്തിന്റെ ‘കുട്ടി പാപ്പാ’ ആയ മോണിക്കയുടെ ‘കുട്ടി ടോക്സ്’ കേൾക്കാം...

ഹൊറർ സ്റ്റോറീസ് ടു പ്രീസ്റ്റ്...

‘തെറ്റു ചെയ്താൽ ഗ്രാനി വരും’, ‘മോമോയും ചാർലിയും ഉറക്കത്തിൽ വന്നു പേടിപ്പിക്കും’ എന്നൊക്കെ പറഞ്ഞ് സൂപ്പ‍ർ നാചുറൽ കഥാപാത്രങ്ങളെ കൂട്ടുപിടിച്ച് കഥകൾ ഉണ്ടാക്കുന്നതായിരുന്നു സ്കൂളിലെ ഹോബി. ഇടയ്ക്ക് കണ്ണാടിക്കു മുന്നിൽ മെഴുകുതിരി കത്തിച്ചു വച്ച് ‘ബ്ലഡി മേരി’യായി അഭിനയിക്കും. അങ്ങനെ എത്ര വട്ടം അനിയത്തിയെ പേടിപ്പിച്ചിട്ടുണ്ടെന്നോ...

അന്നൊന്നും വിചാരിച്ചില്ല ഞാനൊരു ഹൊറർ സിനിമയിൽ നായികയാകുമെന്ന്. മുൻപ് അഭിനയിച്ച സിനിമകളിലൊക്കെ ഹൊറർ ടച്ച് ഉണ്ടെങ്കിലും ഇപ്പോഴാണ് അതിന്റെ ത്രിൽ മനസ്സിലായത്. ‘പ്രീസ്റ്റി’ന്റെ ക്ലൈമാക്സ് സീനിൽ പ്രേതബാധ ഒഴിപ്പിക്കുന്ന രംഗമുണ്ട്. വളരെ ഉച്ചത്തിൽ അലറണം. എന്റെ അലർച്ച കേട്ട് മമ്മൂട്ടി അങ്കിളിന്റെ കൂടെയുള്ള ‘ടെൻ’ എന്ന നായ കുരച്ചുകൊണ്ട് ചാടി. അവൻ എന്നെ കടിക്കുമോ എന്ന് എല്ലാവരും പേടിച്ചു. ആ സീൻ തിയറ്ററിൽ കണ്ടപ്പോൾ ഞെട്ടി, ‘ടെൻ’ എങ്ങാനും എന്നെ കടിച്ചിരുന്നെങ്കിലോ... ശരിക്കും അപ്പോൾ ഞാൻ ഗോസ്റ്റ് ആയോ...

കോളിവുഡ് ടു മോളിവുഡ്...

സൺ ടിവിയിൽ ‘കുട്ടീസ് കുട്ടീസ്’ എന്ന പ്രോഗ്രാമിലൂടെയാണ് സിൽവർ സ്ക്രീനിലേക്കുള്ള എൻട്രി. അതിൽ കണ്ടിട്ടാണ് ‘വേതാള’ത്തിലേക്ക് ഓഫർ വന്നത്. അതിനു ശേഷം ശംഖചക്രം, കട്ടപ്പാവെ കാണോം, ഭൈരവ... ‘രാക്ഷസനി’ലെ എന്റെ അഭിനയം കണ്ടിട്ടാണ് ‘കൈതി’യിലേക്ക് വിളിച്ചത്. ‘കൈതി’ കണ്ടിട്ടാണ് ‘പ്രീസ്റ്റി’ലൂടെ മലയാളത്തിലേക്കു വന്നത്. ‘പ്രീസ്റ്റി’ലെ അമേയയാകാൻ ജോഫിൻ അങ്കിൾ കുറേ പേരെ ഒഡിഷൻ നടത്തിയിരുന്നു. മലയാളം ഒട്ടുമറിയാത്ത ഒരു ചെറിയ കുട്ടി ഇത്ര വലിയ കഥാപാത്രം ചെയ്താൽ നന്നാകുമോ എന്ന ടെൻഷൻ അങ്കിളിനുണ്ടായിരുന്നു. അതെല്ലാം മാനേജ് ചെയ്ത് ആന്റോ ജോസഫ് അങ്കിളും ജോഫിൻ അങ്കിളും 50 ദിവസത്തേക്ക് ഡേറ്റ് വാങ്ങിയപ്പോൾ ഉത്തരവാദിത്തം കൂടി. സിനിമ സൂപ്പർ ഹിറ്റാകണമെന്നായിരുന്നു പ്രാർഥന. ദൈവംഅതു സാധിച്ചു തന്നു. തമിഴിലും തെലുങ്കിലും പുതിയ സിനിമകൾ റിലീസാകാനുണ്ട്.

മല്‌യാലം ടു മലയാളം...‌

ഭാസ്കർ ദ് റാസ്കൽ, പുലിമുരുകൻ, ദൃശ്യം ടു... ഇത്രയുമാണ് ആകെ കണ്ടിട്ടുള്ള മലയാളം സിനിമകൾ. ലൊക്കേഷനിൽ വച്ച് ക്രൂ മെംബറായ അമൃത ആന്റിയാണ് മലയാളം പഠിപ്പിച്ചത്. ഡയലോഗുകളും കഥാസന്ദർഭവുമൊക്കെ തമിഴിൽ വിശദീകരിച്ചു പറഞ്ഞുതരും. ആശുപത്രി സീനായിരുന്നു ആദ്യം ഷൂട്ട് ചെയ്തത്. മമ്മൂട്ടി അങ്കിളും െപാലീസുകാരും വരുമ്പോൾ, ‘ഞാൻ ആരെയും കണ്ടില്ല, അത് അയാളോടു പോയി ചോദിക്ക്. എനിക്കെങ്ങനെയറിയാം...’ എന്നു പറയണം.

ആദ്യം കുറച്ചു ബുദ്ധിമുട്ടിയെങ്കിലും ഇപ്പോൾ ഞാനും മലയാളം പഠിച്ചു. ദാ, നോക്കൂ മലയാളത്തിൽ ഇന്റർവ്യൂ തരാൻ വ രെ പറ്റുന്നില്ലേ. എന്റെ ആദ്യ ഫാൻസി ഡ്രസ് മത്സരത്തിന് കഥകളി വേഷം കെട്ടിയാണ് ഫസ്റ്റ് പ്രൈസ് വാങ്ങിയത്. അന്നു മുതൽ കേരളത്തോട് ഇഷ്ടക്കൂടുതൽ ഉണ്ട്.

എറണാകുളത്തും കുട്ടിക്കാനത്തുമായിരുന്നു ഷൂട്ടിങ്. വയനാട്ടിലും ആലപ്പുഴയിലും മൂന്നാറിലുമൊക്കെ ട്രിപ് പോയി. കേരളത്തിൽ വച്ച് എല്ലാ ദിവസവും കേരളാ ഫൂഡ് കഴിച്ചതാണ് ഇഷ്ടപ്പെടാത്ത ഒരേയൊരു കാര്യം. ചെന്നൈ ഫൂഡിൽ നിന്ന് വളരെ വ്യത്യാസമാണ് കേരളാ ഫൂഡിന്റെ ടേസ്റ്റ്. ഇവിടത്തെ ചമ്മന്തിയും പുട്ടും കടലയും മീൻചാറും മീൻ വറുത്തതും മാത്രം എനിക്ക് ഇഷ്ടമായി.

അടുത്ത മലയാളം സിനിമ ‘സന്തോഷ’മാണ്. ഏപ്രിലിൽ ഷൂട്ടിങ് തുടങ്ങും. ജീത്തു ജോസഫ് അങ്കിളിന്റെ ചീഫ് അസോസിയേറ്റായ അജിത് തോമസാണ് സംവിധാനം.

ഡാർലിങ് അങ്കിൾസ്...

annnn2_1

വിജയ് അങ്കിളും അജിത് അങ്കിളുമാണ് ഡാർലിങ് അങ്കിൾസ്. വിജയ് അങ്കിൾ എന്നെ വിളിക്കുന്നതും ‘ഡാർലിങ് ബേബി’ എ ന്നാണ്. ‘ഭൈരവ’ അങ്കിളിന്റെ 60ാം സിനിമയായിരുന്നു, വെരി സ്പെഷൽ. ഷൂട്ടിങ്ങിനിടയിൽ ഞങ്ങൾക്കു കുറേ കളികളുണ്ട്. ബോക്സിങ് ആയിരുന്നു മെയിൻ. പോണി ടെയ്ൽ കെട്ടി ചെല്ലുമ്പോൾ അങ്കിൾ ഞാൻ കാണാതെ മുടി പിന്നിയിടും.

‘വേതാള’ത്തിൽ എന്റെ ഷെഡ്യൂൾ കഴിഞ്ഞ് തിരികെ പോരാൻ നേരം അജിത് അങ്കിളിനൊപ്പം ഫോട്ടോ എടുക്കണമെന്ന് ആഗ്രഹം. സിനിമയുടെ ഗെറ്റപ്പിലായതിനാൽ ‘ഇപ്പോൾ പറ്റില്ല, നാളെ വരൂ...’ എന്നു സംവിധായകൻ പറഞ്ഞു. അന്നു വീട്ടിലേക്കു പോയാൽ നാളെ ഫോട്ടോ എടുക്കാനായി വരാനാകില്ലല്ലോ എന്നോർത്ത് എനിക്കു കരച്ചിൽ വന്നു. എന്റെ വിഷമം കണ്ട് അജിത് അങ്കിളിന്റെ അസിസ്റ്റന്റ് ചെന്നു വിവരം പറഞ്ഞു. കേട്ട പാടേ അങ്കിൾ കാരവാനിൽ നിന്നിറങ്ങി, ഗെറ്റപ് ഒക്കെ പെട്ടെന്നു മാറ്റി എന്റെയൊപ്പം തറയിൽ മുട്ടുകുത്തി നിന്നു ഫോട്ടോയ്ക്ക് പോസ് ചെയ്തു. ആൽബത്തിൽ സൂക്ഷിച്ചു വച്ചിട്ടുണ്ട് അത്.

മൈ ഫാമിലി...

അപ്പ ശിവ ഗ്രാഫിക് ഡിസൈനറാണ്. അമ്മ അനിതയും അനിയത്തി ദിയയും അപ്പൂപ്പനും ചേർന്നതാണ് ഫാമിലി. എന്റെ സ്വഭാവം സൈലന്റും വയലന്റുമാണ്, രണ്ടും ഫിഫ്റ്റി ഫിഫ്റ്റി. വീട്ടിൽ ദിയയും ഞാനും എപ്പോഴും അടിയാണ്. പുറത്ത് കൂൾ...

മോണിക്ക എന്നു പേരിട്ടത് അപ്പയാണ്. ന്യൂമറോളജി പ്രകാരം സ്പെല്ലിങ്ങിലും ഉണ്ട് മാറ്റം, Monekha എന്നാണ് എഴുതുക. എന്റെ വിജയത്തിൽ ഈ പേരിനും ഉണ്ട് ക്രെഡിറ്റ്. ടെന്നീസ് പ്ലെയർ, ആക്ടർ, ഫൊട്ടോഗ്രഫർ, ട്രാവലർ, സയന്റിസ്റ്റ്, ഡയറക്ടർ... ഇതെല്ലാം ആകണമെന്നാണ് സ്വപ്നം.

ലോക് ‍ഡൗണിൽ വീട്ടിൽ തന്നെയായിരുന്നു. അപ്പോൾ കൂട്ടുകാരെയും സ്കൂളുമൊക്കെ മിസ് ചെയ്തു. നസ്രഫയാണ് ക്ലാസിൽ എന്റെ ബെസ്റ്റ് ഫ്രണ്ട്, രമ്യ മാഡമാണ് പ്രിയപ്പെട്ട ടീച്ചർ. ഷൂട്ടിങ്ങും പഠിത്തവും  മാനേജ് ചെയ്യാൻ എനിക്കറിയാം. അതുകൊണ്ടു തന്നെ ക്ലാസിൽ ഫസ്റ്റാണ്. ഓരോ സിനിമ ക ഴിയുമ്പോഴും കൂട്ടുകാർക്കു ചോക്‌ലെറ്റ്സ് വാങ്ങി കൊടുക്കാറുണ്ട്. കോവിഡൊക്കെ മാറി, സ്കൂൾ തുറക്കുമ്പോൾ കുറേ ചോക്‌ലെറ്റ്സുമായി സ്കൂളിലേക്കു പോയി ‘കേരളാ സ്റ്റോറീസ്’ പറയണം.

എനക്കും തമിഴ് തെരിയും

‘‘ഷൂട്ടിങ്ങിനു മമ്മൂട്ടി അങ്കിളിനെ കണ്ടപ്പോൾ കുറച്ചു പേടി തോന്നി. പക്ഷേ, അങ്കിൾ ചിരിച്ചുകൊണ്ട് അടുത്തു വന്നു. ‘നാനും ചെന്നൈയിൽ ഇരുന്തിരുക്ക്. എനക്കും തമിഴ് തെരിയും...’ എന്നു പറഞ്ഞു. അതോടെ ഞങ്ങൾ നല്ല ഫ്രണ്ട്സായി. ആ സമയത്താണ് ദുൽഖർ അങ്കിൾ അഭിനയിച്ച തമിഴ് സിനിമ ‘കണ്ണും കണ്ണും കൊള്ളയടിത്താൽ’ റിലീസായത്. അതിൽ ഞാനുമുണ്ട്. സിനിമ കണ്ടിട്ട് മമ്മൂട്ടി അങ്കിൾ എല്ലാവരോടും സന്തോഷത്തോടെ പറയുന്നുണ്ടായിരുന്നു, ‘നമ്മ പാപ്പാ താൻ അതില് നടിച്ചിരുക്ക്...’ അതു കേട്ടു സന്തോഷം മാത്രമല്ല, അഭിമാനവും തോന്നി.

ക്ലൈമാക്സിലാണ് ഞാനും മഞ്ജു ആന്റിയും ഒന്നിച്ചു വരുന്നത്. ആ സീനിന്റെ സീരിയസ്നെസ് എല്ലാവരിലും ഉ ണ്ടായിരുന്നതു കൊണ്ട് അധികം സംസാരിക്കാനൊന്നും പ റ്റിയില്ല. പക്ഷേ, സിനിമ റിലീസായി കഴിഞ്ഞ് എനിക്ക് ഒരുകോൾ, മഞ്ജു ആന്റിയുടെ. ‘മോൾ നന്നായി അഭിനയിച്ചു. അഭിനന്ദിക്കാൻ വിളിക്കുന്നവരെല്ലാം അമേയക്കുട്ടിയുടെ കാര്യം പ്രത്യേകം ചോദിക്കുന്നുണ്ട്...’ എന്നു പറഞ്ഞ് കുറേ നേരം സംസാരിച്ചു.’’