Friday 04 December 2020 04:00 PM IST

‘ബാങ്ക് വായ്പ എടുത്താലും ഇല്ലെങ്കിലും അക്കൗണ്ട് വഴിയാകണം സംരംഭത്തിനായുള്ള ധനവിനിയോഗം’; ബിസിനസിലേക്ക് ഇറങ്ങും മുൻപ് ശ്രദ്ധിക്കാം ഇക്കാര്യങ്ങൾ

Roopa Thayabji

Sub Editor

bank-loans-4423sfgg

സംരംഭം തുടങ്ങുന്നവർക്കായി വിവിധ ബാങ്കുകൾ വായ്പ അനുവദിക്കാറുണ്ട്. രണ്ടുതരം വായ്പകളുണ്ട്, നിശ്ചിതകാല വായ്പ അഥവാ ടേം ലോണും വർക്കിങ് ക്യാപിറ്റൽ അഥവാ പ്രവർത്തന മൂലധന വായ്പയും. യന്ത്രങ്ങൾ, കെട്ടിടം, അളവുതൂക്ക ഉപകരണങ്ങൾ, വാഹനം തുടങ്ങിയവ വാങ്ങുന്നതിനാണ് ടേം ലോൺ നൽകുന്നത്. വ്യവസായ യൂണിറ്റ്, അസംസ്കൃത വസ്തുക്കൾ, പാക്കിങ് മെറ്റീരിയൽസ് തുടങ്ങി ആവർത്തന ചെലവുകൾക്കു വേണ്ടിയാണ് വർക്കിങ് ക്യാപിറ്റൽ ലോൺ.

സംരംഭത്തെ സംബന്ധിച്ച വിശദമായ പ്രോജക്ട് റിപ്പോർട്, വ്യക്തിപരമായ വിവരങ്ങൾ തെളിയിക്കുന്ന രേഖകൾ, ഉടമസ്ഥാവകാശം സംബന്ധിച്ച രേഖകൾ, സംരംഭത്തിനു പിന്നിലുള്ളവരുടെ കെവൈസി രേഖകൾ എന്നിവ സഹിതം ബാങ്കിനെ സമീപിക്കണം. രേഖകൾ പരിശോധിച്ച ശേഷം ബാങ്ക് മാനേജർ സ്ഥലം സന്ദർശിച്ച് വായ്പ അനുവദിക്കാനാകുമോ എന്നു വിലയിരുത്തും. ഈ ഘട്ടത്തിൽ ആണ് മാർജിൻ മണിയെ പറ്റി ചോദ്യം വരുന്നത്. സംരംഭത്തിലേക്ക് നിങ്ങൾ മുതൽമുടക്കാൻ ഉദ്ദേശിക്കുന്ന തുകയാണ് ഇത്. ബാക്കി തുക ലോൺ ലഭിക്കും. സ്ത്രീകൾ ആരംഭിക്കുന്ന സംരംഭങ്ങൾക്ക് കുറഞ്ഞ മാർജിൻ മണിയേ വേണ്ടി വരാറുള്ളൂ.

എന്നിരുന്നാലും 10 ശതമാനം മുതൽ 25 ശതമാനം വരെ മാർജിൻ മണി കണ്ടെത്തേണ്ടി വരുന്ന വിവിധ സ്കീമുകളുണ്ട്. രേഖകൾ പരിശോധിച്ച് ബോധ്യപ്പെട്ടാൽ ബാങ്ക് ലോൺ അനുവദിക്കും.

ബിസിനസിന് മുദ്ര വായ്പ

ചെറുകിട വാണിജ്യ - വ്യവസായ സംരംഭങ്ങൾക്ക്‌ വേണ്ടിയുള്ള കേന്ദ്രസർക്കാർ പദ്ധതിയാണ് മുദ്ര യോജന (മൈക്രോ യൂണിറ്റ്‌സ്‌ ഡവലപ്മെന്റ്‌ ആൻഡ്‌ റീഫൈനാൻസ്‌ ഏജൻസി ലിമിറ്റഡ്‌). എല്ലാ സ്വകാര്യ– പൊതുമേഖലാ ബാങ്ക് ശാഖകൾ വഴിയും ഈ വായ്പ ലഭിക്കും.

വായ്പ ലഭ്യമാക്കൽ എളുപ്പമാക്കാനായി മൂന്നു തരത്തിൽ ഇതിനെ തരംതിരിച്ചിട്ടുണ്ട്. 50,000 രൂപ വരെയുള്ള വായ്പകൾ ശിശു വിഭാഗത്തിലും, 50,000 മുതൽ 5 ലക്ഷം രൂപ വരെയുള്ള വായ്പകൾ കിഷോർ വിഭാഗത്തിലും 5 ലക്ഷം രൂപ മുതൽ 10 ലക്ഷം വരെയുള്ള വായ്പകൾ തരുൺ വിഭാഗത്തിലും പെടും. അപേക്ഷയും മറ്റും തയാറാക്കുന്നതിന് ജില്ലാ വ്യവസായ കേന്ദ്രങ്ങൾ, താലൂക്ക്‌ വ്യവസായ ഓഫിസുകൾ, ബ്ലോക്ക്‌/ മുനിസിപ്പാലിറ്റി/ കോർപറേഷൻ എന്നിവിടങ്ങളിലെ വ്യവസായ വികസന ഓഫിസർമാരുടെ സേവനം തേടാം.

വായ്പ അനുവദിക്കുന്നതിനനുസരിച്ച്‌ നിശ്ചയിക്കപ്പെട്ട മൂല്യം അടങ്ങുന്ന മുദ്ര കാർഡും നൽകും. അസംസ്‌കൃത വസ്തുക്കളും മറ്റും ഈ മുദ്ര കാർഡ് ഉപയോഗിച്ച് വാങ്ങാം. പണത്തിന്‌ ആവശ്യം വരുമ്പോൾ എടിഎം വഴി തുക പിൻവലിക്കുകയും ചെയ്യാം. മുദ്ര ബാങ്കിന്റെ വെബ്സൈറ്റ് (www.mudra.org.in).

ധനവിനിയോഗം ശ്രദ്ധിച്ച്

∙ തുടക്കത്തിലേ തന്നെ സാമ്പത്തിക അച്ചടക്കം പാലിക്കേണ്ടത് സംരംഭത്തിന്റെ നല്ല വളർച്ചയ്ക്കും ഭാവി വികാസത്തിനും അത്യാവശ്യമാണ്. ബാങ്ക് വായ്പ എടുത്താലും ഇല്ലെങ്കിലും അക്കൗണ്ട് വഴി തന്നെയാകണം സംരംഭത്തിനായുള്ള ധനവിനിയോഗം. ഇതിനായി ചെക്ക്, NEFT, RTGS, IMPS, ഇന്റർനെറ്റ് ബാങ്കിങ്, മൊബൈൽ ബാങ്കിങ് എന്നിവയൊക്കെ ഉപയോഗിക്കാം.

∙ ഉൽപന്നം  വിൽക്കുമ്പോഴോ സേവനം നൽകുമ്പോഴോ ലഭിക്കുന്ന തുക ബാങ്ക് അക്കൗണ്ട് വഴിയാക്കണം. ഇതിനായി കാർഡ് സ്വൈപിങ് മെഷീൻ, ക്യുആർ കോഡ് എന്നിവ ഉപയോഗിക്കാം. പണം വാങ്ങുന്നുണ്ടെങ്കിൽ അന്നു വൈകുന്നേരമോ പിറ്റേന്നു  രാവിലെയോ തന്നെ അക്കൗണ്ടിലേക്ക് അടയ്ക്കണം. വർഷാന്ത്യം കണക്ക് ഓഡിറ്റ് ചെയ്യേണ്ടി വരുമ്പോഴും ലാഭം കണക്കാക്കുമ്പോഴും ഇതു കാര്യങ്ങൾ എളുപ്പമാക്കും. അക്കൗണ്ടിലെ മികച്ച ടേൺ ഓവർ തുടർ വായ്പാ ലഭ്യതയും ഉറപ്പാക്കും. പണം കയ്യിൽ വയ്ക്കുന്നതിന്റെ റിസ്കും ഇല്ല.

∙ കാർഡുകൾ ഉപയോഗിക്കുമ്പോൾ വ്യക്തിഗത വിവരങ്ങൾ ഒരു കാരണവശാലും മറ്റൊരാൾക്ക് കൈമാറരുത്. ഡെബിറ്റ്, ക്രെഡിറ്റ് കാർഡിന്റെ പിൻ നമ്പരോ ഒടിപിയോ കാർഡിന്റെ ചിത്രമോ പോലും മറ്റൊരാൾക്ക് നൽകരുത്.

സംരംഭത്തിന് അക്കൗണ്ട്

സംരംഭത്തിനു വേണ്ടി എടുക്കുന്ന ബാങ്ക് അക്കൗണ്ടാണ് കറന്റ് അക്കൗണ്ട്. ഇതിനായി ബന്ധപ്പെട്ട രേഖകളും, സംരംഭത്തിനു പിന്നിലുള്ള ആളുകളുടെ വ്യക്തിഗത വിവരങ്ങൾ തെളിയിക്കുന്ന രേഖകളും വിലാസം തെളിയിക്കുന്ന രേഖയും (വാടക ചീട്ട്, കരം അടച്ച രസീത് എന്നിവ) സഹിതം ബാങ്കിനെ സമീപിക്കണം.

സ്ഥാപനവുമായി ബന്ധപ്പെട്ട സാമ്പത്തിക വിനിമയങ്ങളെല്ലാം സ്ഥാപനത്തിന്റെ പേരിലുള്ള കറന്റ് അക്കൗണ്ട് വഴി ആകുന്നതാണ് ഉചിതം. സംരംഭത്തിന്റെ വളർച്ചയിലും വികാസത്തിനും ഇത് വളരെ ഗുണം ചെയ്യും.

എന്താണ് മോറട്ടോറിയം

വായ്പയെടുക്കുമ്പോൾ എന്നുമുതലാണ് തിരിച്ചടവ് തുടങ്ങേണ്ടത് എന്ന് അതതു ബാങ്കുകൾ നിശ്ചയിച്ചിട്ടുണ്ടാകും. ഈ കാലാവധിയാണ് മൊറട്ടോറിയം പീരിയഡ്.

വായ്പ കിട്ടിയ തുക കൊണ്ട് സ്ഥാപന നിർമാണം പൂർത്തിയാക്കലും ഉപകരണങ്ങൾ ഇൻസ്റ്റാൾ ചെയ്യലുമൊക്കെയായി കാലതാമസം വരും. അതിനു ശേഷമേ ഉത്പാദനം തുടങ്ങി സാധനങ്ങൾ വിറ്റഴിക്കാനാകൂ. ഈ സാവകാശ കാലയളവാണ് മൊറട്ടോറിയം പീരിയഡ്. ഈ കാലയളവിൽ തവണ തിരിച്ചടവ് വേണ്ടി വരില്ല എങ്കിലും വായ്പാ തുകയ്ക്ക് പലിശ നൽകേണ്ടി വരും. ആറു മാസം മുതൽ ഒരു വർഷം വരെ മൊറട്ടോറിയം കാലയളവു ലഭിക്കും.

എന്താണ് സിബിൽ സ്കോർ

വായ്പാ ചരിത്രമാണ് സിബിൽ സ്കോർ. ബാങ്കുകളിൽ നിന്നോ ധനകാര്യ സ്ഥാപനങ്ങളിൽ നിന്നോ എടുത്ത വായ്പ, തിരിച്ചടവ്, തിരിച്ചടവിൽ വരുത്തിയ കാലതാമസം എന്നിവയൊക്കെ കണക്കാക്കി നമുക്കു ലഭിക്കുന്ന റാങ്ക് സ്കോർ ആണ് ഇത്. വിവിധ ഏജൻസികൾ ക്രെഡിറ്റ് സ്കോർ ലഭ്യമാക്കുന്നുണ്ടെങ്കിലും ഏറ്റവും പ്രചാരം നേടിയ ഏജൻസി സിബിൽ ആയതു കൊണ്ടാണ് സ്കോറിങ് രീതിക്ക് സിബിൽ എന്നു പേരു വീണത്.

300 മുതൽ 900 വരെയുള്ള മാർക്കിങ് രീതിയാണ് സ്കോറിങ്ങിന് ഉള്ളത്. 700നു മുകളിലുള്ള സ്കോർ ആണ് വായ്പ അർഹത കൂടിയത് എന്നു പറയാം. നല്ല സിബിൽ സ്കോർ വായ്പ അർഹത കൂട്ടുമെന്നു മാത്രമല്ല, പലിശ ഇളവും ലഭിക്കും. അതുകൊണ്ടു തന്നെ സംരംഭങ്ങൾക്കു വായ്പ എടുക്കാൻ ഉദ്ദേശിക്കുന്നവർ ലോൺ തിരിച്ചടവു സംബന്ധിച്ച കാര്യങ്ങളിൽ സാമ്പത്തിക അച്ചടക്കം പാലിക്കേണ്ടത് അത്യാവശ്യമാണ്.

നിങ്ങളറിയാത്ത തെറ്റുകൾ കൊണ്ട് സ്കോർ കുറഞ്ഞു പോയി എന്ന് ഉറപ്പുണ്ടെങ്കിൽ സിബിൽ, ഇക്വിഫാക്ട്സ് പോലുള്ള സ്കോറിങ് വെബ്സൈറ്റുകൾ വഴി തർക്കം ഉന്നയിച്ച് പരിഹാരം കാണാവുന്നതാണ്.

-വിവരങ്ങൾക്ക് കടപ്പാട്: വി.കെ. ആദർശ്, ചീഫ് മാനേജർ, യൂണിയൻ ബാങ്ക് ഓഫ് ഇന്ത്യ, മംഗളൂരു