Friday 27 October 2023 03:22 PM IST

കസിൻസ് കൂടെ കൊണ്ടുപോകാതെ മാറ്റിനിർത്തി, ‘തടിച്ചിയെന്ന്’ വിളിച്ച് പരിഹാസം: ബോഡിഷെയ്മിങ്ങിന് ആരഭി നൽകിയ മറുപടി

Shyama

Sub Editor

arabhi-body-shame

നിമിഷ തിരുവാതിര കളിക്കാൻ നിൽക്കണ്ടാ ട്ടോ.. ഒരു കാര്യം ചെയ്യ്. ആ പാട്ടു പാടുന്നോരുടെ കൂടെ നിന്നോ.’’ നിറത്തിന്റെ പേരിൽ ഇത് ആദ്യമായിട്ടല്ല മാറ്റി നിർത്തപ്പെടുന്നത്. പക്ഷേ.. ഇത്തവണ സ്വന്തം ടീച്ചറാണ് പറയുന്നത്. ഇതു കേൾക്കുന്ന ‘നിമിഷമാരുടെ’ മാനസികാവസ്ഥ എന്തായിരിക്കും എ ന്ന് ഈ പറയുന്നവർ ഓർക്കുന്നുണ്ടോ?

ആ ചകിരി മുടി ഒന്ന് ചീകിയൊതുക്കി വച്ചൂടെ? വീട്ടിലെ എല്ലാവർക്കുമുള്ള റേഷൻ നീയാണോ കഴിച്ചു തീർക്കുന്നത്? മുന്നും പിന്നും ഇല്ലാതെ വര പോലെ നടന്നാൽ നിന്നെ ഏതു ചെക്കൻ കെട്ടും? മുടി കളറ് ചെയ്തു നടന്നാ തലതെറിച്ചതാണെന്നു നാട്ടുകാരോർക്കില്ലേ? അത്ര ചുവന്ന ചായമൊന്നും ചുണ്ടിലിട്ടു നടക്കുന്നതു കുടുംബത്തിൽ പിറന്നോർക്കു ചേർന്നതല്ല, നീ മഞ്ഞയൊന്നുമിടണ്ടാ, ഒന്നൂടെ ഇരുണ്ടിരിക്കും തുടങ്ങി പരിഹാസ തിരമാലകൾ ഒന്നിനു പിറകെ മറ്റൊന്നായി സമൂഹം പെൺകുട്ടികൾക്കു നേരെ അയച്ചു കൊണ്ടിരിക്കും. കാലം പോകെ എത്ര വലിയ തിരമാലയ്ക്കു മുകളിലൂടെയും തകരാതെ മുന്നേറാനുള്ള കരുത്ത് അവർ ആർജിക്കുമെന്നു ചുറ്റുമുള്ളവരും മനസിലാക്കേണ്ടതുണ്ട്.

ഒരാളുടെ ശരീരത്തെ കുറിച്ചു ചോദിക്കാതെ അഭിപ്രായം പറയുന്നതിന്റെ പേര് ‘കെയറിങ്’ എന്നോ സ്നേഹമെന്നോ അല്ല, മറിച്ച് അതു മറ്റൊരാളുടെ അതിർവരമ്പിലേക്കുള്ള കടന്നുകയറ്റമാണെന്ന് ഇനിയെങ്കിലും തിരിച്ചറിയാം.

‘അത് എന്നെ ബുദ്ധിമുട്ടിച്ചെ’ന്ന് ബോധ്യപ്പെടുത്തണം’

ആരഭി വി.കെ.,

സാമൂഹിക പ്രവർത്തക, പയ്യന്നൂർ

ചെറുപ്പത്തിൽ നല്ല തടിച്ചിട്ടായിരുന്നു.ബോഡി ഷെയ്മിങ് അനുഭവിച്ചിട്ടുണ്ട്. കസിൻസ് കൂടുതൽ പേരും മെലിഞ്ഞിട്ടാണ്. കസിൻസ് ഒരുമിച്ചു പോകുന്ന അവസരങ്ങളിൽ പോലും എന്നെ കൂടെ കൊണ്ടുപോകാത്ത സന്ദർഭങ്ങൾ ഉണ്ടായിട്ടുണ്ട്.

സ്കൂളിലൊക്കെ പഠിക്കുമ്പോൾ ആദ്യമായി കാണുന്ന ആള് പോലും നമ്മളെ ‘തടിച്ചി’ എന്നാണ് വിളിക്കുക. പ്രത്യേകിച്ചും ആൺകുട്ടികൾ. തടിയുള്ള ആളെ തടിച്ചി എന്ന് വിളിക്കാം എന്നാണ് അവർ കരുതുന്നത്. അന്ന് ഈ പരിഹാസങ്ങളും ഒഴിവാക്കലുമൊക്കെ സ്വാഭാവികമാണെന്നു സ്വയം പറഞ്ഞുപഠിപ്പിച്ചു. എനിക്കു മാത്രമാണ് ഇത് പ്രശ്നമായി തോന്നുന്നത്. ബാക്കിയുള്ളോർക്കു തമാശയാണ്. അതുകൊണ്ട് എ നിക്കാകും പ്രശ്നമെന്നും കരുതി.

ഡിഗ്രിക്കു പഠിക്കുമ്പോഴാണ് അനുഭവിച്ചതു ബോഡിഷെയ്മിങ് ആണെന്നു തിരിച്ചറിയുന്നത്. സൗന്ദര്യം എന്നു പറഞ്ഞാൽ അത് ആരെങ്കിലും എഴുതി വച്ചതു പോലെയൊരു സങ്കൽപ്പമല്ല എന്നു മനസ്സിലാക്കി. അതോടെ ഞാൻ എന്നെ ശ്രദ്ധിക്കാൻ തുടങ്ങി. മുൻപു വല്ലാത്ത അപകർഷത ഉണ്ടായിരുന്നു. കണ്ണെഴുതാനോ പൊട്ട് തൊടാനോ ഒന്നും താൽപര്യമുണ്ടായിരുന്നില്ല. ‌ഇപ്പോൾ മൂഡനുസരിച്ച് ഒരുങ്ങാൻ എനിക്ക് ഇഷ്ടാണ്. സ്വയം നോക്കുമ്പോൾ ഞാൻ നല്ല സുന്ദരിയാണ്.

ബോഡിഷെയ്മിങ് നേരിട്ടാൽ എതിർക്കണം എ ന്നാണു തോന്നുന്നത്. കുറഞ്ഞ പക്ഷം ആ പറഞ്ഞത് എന്നെ ബുദ്ധിമുട്ടിച്ചു എന്നെങ്കിലും പറഞ്ഞ ആളിനെ ബോധ്യപ്പെടുത്തണം എന്നൊരു അഭിപ്രായമുണ്ട്. ’’