Tuesday 10 January 2023 04:19 PM IST

‘സ്റ്റാഫ് വന്നില്ലെങ്കിലും ടെൻഷനില്ല; ഫൂഡ് ഉണ്ടാക്കാൻ മാത്രമല്ല, മേശ തുടയ്ക്കാനും ചാട്സ് ഒരുക്കാനുമെല്ലാം പഠിച്ചു’: കൂട്ടുസംരംഭത്തിലൂടെ വിജയം വരിച്ച പെൺകുട്ടികൾ പറയുന്നു

Tency Jacob

Sub Editor

business445666kkk ഫോട്ടോ: ബേസിൽ പൗലോ, അരുൺ പയ്യടിമീത്തൽ

സഹോദരിമാരോ ബന്ധുക്കളോ സുഹൃത്തുക്കളോ കൂട്ടുകൂടി ബിസിനസ് ചെയ്യാൻ ആലോചിക്കുമ്പോൾ ‘വെറുതേ പണം കളയാനാണ് ’ എന്നു പറഞ്ഞുകളയല്ലേ. ഇതാ, കൂട്ടുസംരംഭങ്ങളിലൂടെ വിജയം വരിച്ച പെൺകുട്ടികൾ കേരളത്തിന്റെ അഭിമാനമാകുകയാണ്. പെൺമനസ്സുകൾ ഒരുമിച്ച് ചർച്ച ചെയ്തും തിരുത്തിയും ആശയങ്ങൾ പങ്കുവച്ചും ബിസിനസ്സിനെ വളർത്തുന്ന കാഴ്ച കാണാം. 

ഒരേ വൈബ് ഉണ്ടെങ്കിൽ മറ്റെന്തു വേണം?

‘‘ഒരിക്കൽ, വയോധികനായ ഒരു അങ്കിൾ ഞങ്ങളുടെ റസ്റ്ററന്റിൽ വന്നു. ഫൂഡ് കഴിച്ച്, ബില്ല് പേ ചെയ്യാൻ സമയം എന്നോട് ചോദിച്ചു ‘മോള്‍ ഈ ഷോപ് നടത്തുന്ന ആളാണോ’ എന്ന്. ‘അതേ’ എന്നു പറഞ്ഞപ്പോൾ സന്തോഷത്തോടെ പറഞ്ഞുതുടങ്ങി.  

‘ഞാൻ വളർന്നതും ജോലി ചെയ്തതുമെല്ലാം ഉത്തരേന്ത്യയിലാണ്. ഇപ്പോൾ മക്കളുടെ കൂടെ കോഴിക്കോട് താമസിക്കുന്നു. എനിക്ക് ഏറ്റവുമധികം മിസ് ചെയ്യുന്നത് നോർത്ത് ഇന്ത്യൻ രുചികളാണ്. പക്ഷേ, വർഷങ്ങൾക്കു ശേഷം ആ തനതു രുചി തിരികെ കിട്ടുന്നത് ഇന്നാണ്. കുട്ടിക്കാ ലവും കൗമാരവുമൊക്കെ ഓർമ വന്നു. വാർധക്യത്തിൽ എനിക്കു നിങ്ങൾ നൽകിയ സമ്മാനമാണിത്.’

അദ്ദേഹം പറഞ്ഞു നിർത്തിയപ്പോൾ സത്യമായും കണ്ണുകൾ നിറഞ്ഞുപോയി.’’ കോഴിക്കോട് ജവഹർ നഗർ കോളനിയിലെ മഡ്ക റെസ്േറ്റാ കഫേയിലെ ആതിര ഷാജി പറയുന്നു. ഫൂഡ് കെമിസ്റ്റ് ആയ ചേച്ചി ചിത്തിര ഷാജിയുടെ ആശയമാണ് നോർത്ത് ഇന്ത്യൻ വിഭവങ്ങൾ മാത്രം വിളമ്പുന്ന ഈ റസ്റ്ററന്റ്.

‘‘ഫൂഡ് കെമിസ്ട്രിയിൽ പിജി എടുത്തത് ചെന്നൈ ലയോള കോളജിലാണ്. കോഴ്സ് കഴിഞ്ഞു നാട്ടിൽ തിരിച്ചെത്തിയപ്പോഴേക്കും ലോക്ഡൗൺ ആയി. ഞങ്ങളുടെ ഈ ബിൽഡിങ്ങിൽ നിന്നു വാടകയിനത്തിൽ കിട്ടുന്ന വരുമാനത്തെ അതു ബാധിച്ചു. വെറുതെ കിടക്കുന്ന ബിൽഡിങ് എങ്ങനെ ഉപയോഗിക്കാം എന്നു ചിന്തിച്ചപ്പോഴാണ് കഫേ എന്ന െഎഡിയ വന്നത്.’’ വർത്തമാനത്തിനിടയിലും കസ്റ്റമേഴ്സിനു മുന്നിൽ നല്ല ആതിഥേയ ആയിക്കൊണ്ട് ചിത്തിര പറഞ്ഞു.

‘‘കഫേകൾക്ക് കോഴിക്കോട് ഒരു കുറവുമില്ല. എങ്ങനെ വ്യത്യസ്തമായി കഫേ തുടങ്ങാം എന്നതായിരുന്നു ആദ്യ ചാലഞ്ച്. ആ സമയത്താണ് റോഡ് സൈഡിൽ ഉന്തുവണ്ടിയിൽ ചാട്ട് വിഭവങ്ങൾ വില്‍ക്കുന്ന ഭയ്യമാർ കണ്ണിൽ പെടുന്നത്. ചാട്ട് കോർണറിനു കിച്ചൺ വളരെ ചെറുതു മതി. വീട്ടിൽ കൂടി ആലോചിച്ചപ്പോൾ ലോൺ എടുത്തു തുടങ്ങാം എന്നായി.

ചാട്സ്, നോർത്ത് ഇന്ത്യൻ രുചികൾ എന്നിങ്ങനെ മുപ്പതോളം വിഭവങ്ങളുണ്ട്. ഉച്ചകഴിഞ്ഞ് രണ്ടു മുതൽ രാത്രി പതിനൊന്നു മണി വരെയാണ് റസ്റ്ററന്റ് സമയം. നല്ല രുചിയും ഗുണവുമുള്ള വിഭവങ്ങൾ വിളമ്പിയാൽ ആളുകൾ തേടിയെത്തുമെന്ന് ഇപ്പോൾ മനസ്സിലായി.’’ ആളുകൾ കൂടിയപ്പോൾ ചിത്തിരയും ആതിരയും ഷെഫ് തൊപ്പിയും തലയിൽ വച്ചു.

‘‘സ്റ്റാഫ് വന്നില്ലെങ്കിലും ഞങ്ങൾക്ക് ടെൻഷനൊന്നുമില്ല. ഫൂഡ് ഉണ്ടാക്കാൻ മാത്രമല്ല, മേശ തുടയ്ക്കാനും ചാട്സ് ഒരുക്കാനുമെല്ലാം പഠിച്ചു.’’ ചൂടു ചായ പകർന്ന ചെറിയ മൺകപ്പുകളും മോമോസും ട്രേയിലാക്കി ചിത്തിര ആതിരയുടെ കയ്യിൽ കൊടുത്തു.

ആതിര കോഴിക്കോട് ദേവഗിരി കോളജിൽ ബിഎ ഇംഗ്ലിഷ് ലിറ്ററേചർ വിദ്യാർഥിയാണ്. ‘‘ആറു വയസ്സിന്റെ വ്യത്യാസമുണ്ടെങ്കിലും ചേച്ചിയുടെ കൂടെ ബിസിനസ് ചെയ്യാ ൻ എനിക്ക് ഇഷ്ടമാണ്. ഒരുപാടാളുകളെ ദിവസവും കാണാൻ പറ്റുന്നു, ആശയവിനിമയം നടത്തുന്നു എന്നത് ചെറിയ കാര്യമല്ല.’’ ആതിരയുടെ കമന്റ്.

ഇനിയും ഹെൽതി വിഭവങ്ങൾ വിളമ്പാനും എറണാകുളത്ത് ബ്രാഞ്ച് തുടങ്ങാനുമുള്ള ഒരുക്കങ്ങൾ നടക്കുന്നുണ്ട്.  ‘‘ഞങ്ങളെപ്പോഴും പുതിയ ഐഡിയാസ് ചർച്ച ചെയ്തുകൊണ്ടേയിരിക്കും. ഒരു െഎഡിയ വന്നാൽ അതു പ്രാവർത്തികമാക്കുന്നതുവരെ സമാധാനം കിട്ടില്ല.

അച്ഛൻ ഷാജിയും അമ്മ റോസിലിയും കിച്ചണിൽ സഹായിച്ച അവസരങ്ങളുമുണ്ട്. തിരക്കുകൾ ഉന്മേഷം കെടുത്തിക്കളയുമ്പോൾ ഞങ്ങൾ ഒളിച്ചോടും. യാത്രയുടെ മാധുര്യത്തിലേക്ക്...