Saturday 04 January 2020 04:25 PM IST : By Dr. B. Ashok IAS

‘ഒരാവേശത്തിന് സിവിൽ സർവീസ് പരീക്ഷയെഴുതി; ട്രെയിനിങ് ദിവസങ്ങളാണ് ജീവിതത്തെ കുറിച്ചുള്ള ഉൾക്കാഴ്ച മാറ്റിയത്!’

career-ashok-ias

‘അച്ഛന്റെ അച്ഛൻ ഇംഗ്ലിഷ് അധ്യാപകനും വിദ്യാഭ്യാസ കാര്യങ്ങളിൽ വളരെ ശ്രദ്ധാലുവുമായിരുന്നു. അച്ഛൻ ബി. ബാലസുന്ദരം സഹകരണ വകുപ്പിൽ നിന്ന് ഡെപ്യൂട്ടി രജിസ്ട്രാറായി റിട്ടയർ ചെയ്തതാണ്. അമ്മ പ്രഫ.പി. രമാമണി സുവോളജി അധ്യാപികയും. ഇതൊക്കെ കൊണ്ടുതന്നെ വീട്ടിൽ പഠനത്തിന്റെയും ചിട്ടകളുടെയും അന്തരീക്ഷമായിരുന്നെങ്കിലും ഭാവിയിൽ ആരാകണം എന്നതിനെ കുറിച്ച് പഠിക്കുന്ന കാലത്ത് നല്ല പ്ലാനിങ് എനിക്ക് ഇല്ലായിരുന്നു. പട്ടാളക്കാരൻ, പൊലീസ്, പൈലറ്റ്, എൻജിനീയർ എന്നിങ്ങനെ ഓരോ പ്രായത്തിലും ഓരോ ആഗ്രഹമായിരുന്നു. ഗൗരവമായി ആലോചിച്ചു തുടങ്ങിയ കാലത്ത് രണ്ടു മോഹങ്ങൾ വന്നു, അധ്യാപകനാകുക അല്ലെങ്കിൽ ഗവേഷകനാകുക. ഇതു രണ്ടുമല്ലെങ്കിൽ പത്രപ്രവർത്തനം. ആർട്സ് ഗ്രൂപ്പ് എടുക്കാനായിരുന്നു ഇഷ്ടം, പക്ഷേ, എൻട്രൻസ് എഴുതാതെ നിവർത്തിയില്ലാതായി. ഒട്ടും ആഗ്രഹിക്കാതെയായിരുന്നു വെറ്റിനറി സയൻസ് പഠിക്കാൻ ചേർന്നത്.

വായനയും എഴുത്തും രാഷ്ട്രീയവും പ്രഭാഷണവുമൊക്കെയായിരുന്നു കോളജ് കാലത്തെ ഹരങ്ങൾ. പൊതുവേ അന്തർമുഖനായിരുന്ന സ്വഭാവം മറികടക്കാനാണ് പ്രാസംഗികനായത്. മുത്തച്ഛന്റെ വിപുലമായ ഇംഗ്ലിഷ് ലൈബ്രറി എന്നെ നല്ലൊരു സാഹിത്യപ്രേമിയാക്കി. അതുകൊണ്ടു തന്നെ കുട്ടിക്കാലത്തേ കുറച്ചൊക്കെ എഴുതും. ഐഎസ്ആർഓയിൽ കംപ്യൂട്ടർ ശാസ്ത്രജ്ഞയായ ഭാര്യ ലക്ഷ്മിപ്രീതിയും ഒന്നാം വർഷ എംബിബിഎസ് വിദ്യാർഥിയായ മകൾ അർപിതയും കരിയറിനു കൂട്ടായുണ്ട്.

അവിചാരിത നിയോഗം

അവിചാരിതമായാണ് ഈ കരിയറിലേക്ക് വന്നത്. മണ്ണുത്തി വെറ്ററിനറി കോളജിലെ പഠ നം കഴിഞ്ഞ് വൈറൽ ടെക്നോളജിയിൽ ഐ സിഎആർ ദേശീയ ഇൻസ്റ്റിറ്റ്യൂട്ടിൽ ഉപരിപഠനം നടത്തുന്നതിനിടെയാണ് ഒരാവേശത്തിന് സിവിൽ സർവീസ് പരീക്ഷയെഴുതിയത്. വീട്ടുകാരും പൂർണ മനസ്സോടെ അതിനെ പിന്തുണയ്ക്കുകയും പ്രോത്സാഹിപ്പിക്കുകയും ചെയ്തു. സെലക്‌ഷൻ കിട്ടിയതോടെ ഹോസ്റ്റലിൽ നിന്നു പെട്ടിയുമെടുത്ത് നേരേ മസൂറിയിലേക്ക്. പക്ഷേ, പരിശീലനത്തിന്റെ ആ ദിവസങ്ങളാണ് കരിയറിനെ കുറിച്ചും ജീവിതത്തെ കുറിച്ചുമുള്ള ഉൾക്കാഴ്ച മാറ്റിയത്. മസൂറിയിൽ വച്ചാണ് ഐഎഎസ് എനിക്ക് ഇണങ്ങുന്ന കരിയറാണെന്നു മനസ്സിലായത്. വർഷങ്ങൾക്കിപ്പുറം മസൂറിയിൽ യുവ സിവിൽ സർവീസ് ഉദ്യോഗസ്ഥരെ പരിശീലിപ്പിക്കാനുള്ള അവസരവും കിട്ടി.

പഠനത്തോടുള്ള താൽപര്യം എന്നുമുണ്ടായിരുന്നു. ലണ്ടൻ സർവകലാശാലയിൽ നിന്ന് ജലവിഭവത്തിലും ഇറ്റലിയിലെ ട്യൂറിനിൽ നിന്ന് രാഷ്ട്രമീമാംസയിലും പിന്നീട് ബിരുദാനന്തര ബിരുദം നേടി. ഐഎഎസിലെ പരിശീലനത്തിന്റെ ഭാഗമായി യുഎസിലെ ഡ്യൂക്ക് സർവകലാശാലയിലും കാനഡയിലെ പബ്ലിക് പോളിസി ഇൻസ്റ്റിറ്റ്യൂട്ടിലും പഠിച്ചു. രണ്ടുവട്ടം നിയമബിരുദത്തിനു ചേർന്നെങ്കിലും പൂർത്തിയാക്കാനായില്ല. ഇപ്പോൾ കൊച്ചി അമൃത സർവകലാശാലയിൽ പിഎച്ച്ഡി വിദ്യാർഥി കൂടിയാണ്.

എന്തുകൊണ്ട് ഐഎഎസ്

ഇന്ത്യയിലെ മറ്റേതൊരു തൊഴിലിനെക്കാളും അവസരങ്ങളാണ് സിവിൽ സർവീസ് നൽകുന്നത്. വിവിധ വിഷയങ്ങളെ പൊതു നയരൂപീകരണം, നിർവഹണം എന്നിവയുടെ ആംഗിളിലൂടെ പഠിക്കാനും നടപ്പിൽ വരുത്താനുമുള്ള വിപുലമായ അവസരം ഇവിടെയുണ്ട്.

ജനാധിപത്യ മാതൃകയിലുള്ള ഭരണത്തി ൽ ക്യാബിനറ്റിനെയും മന്ത്രിമാരെയും വിഷയ വിദഗ്ധർക്കൊപ്പം ഉപദേശിക്കുന്നതും ഉത്തരവുകൾ വിപുലീകരിക്കുന്നതും ഐഎഎസുകാരാണ്. സർക്കാരിന്റെ ‘സാഹിത്യം’ ഐഎഎസ്സാണ് എഴുതുന്നത് എന്നും പറയാം. ചരിത്രത്തിന്റെയും ഭരണരൂപത്തിന്റെയും ഡ്രാഫ്റ്റ് ഐഎഎസുകാരുടെ കൈകളിലാണ്. നയരൂപീകരണത്തിലും (ചിലപ്പോൾ അതിന്റെ പോരായ്മകളിലും) ഐഎഎസുകാർക്ക് വലിയ ചുമതലയുണ്ട്. പഠിക്കാനും വിശകലനം ചെയ്യാനുമുള്ള അഭിരുചിക്ക് ഈ കരിയർ വളരെ ഇണങ്ങുന്നതും അതുകൊണ്ടാണ്. വിശകലനാത്മകമായ ചിന്തയാണ് ഈ കരിയറിന്റെ മാറ്റു കൂട്ടുന്നത്.

പഠിക്കാനുള്ള അഭിരുചി, യാത്ര ചെയ്യാനുള്ള താൽപര്യം, വ്യക്തിത്വം, സ്വാധീനം ഇതൊക്കെ പരിപോഷിപ്പിക്കാനുള്ള അവസരം സിവിൽ സർവീസ് തരുന്നുണ്ട്. സ്ഥാപന നിർമിതി, നയവിശകലനം, പദ്ധതി നിർവഹണം എന്നിവയിൽ മികച്ച അവസരവും ഈ കരിയ ർ തരുന്നു. ഉത്തരവാദിത്തം നമ്മെ ഞെരുക്കി, മെരുക്കി പഠിപ്പിക്കും.

എളുപ്പമല്ലാത്തത് നേടാം

വെല്ലുവിളികളെ മുന്നോട്ടുള്ള വഴിയിലെ ഊർജമായി കാണാൻ മനസ്സുള്ളവർക്ക് ഏറ്റവും ഇണങ്ങുന്ന കരിയറാണിത്. ദുർബല മനസ്സുകൾക്ക് ഐഎഎസ് പറ്റുകയില്ല. എളുപ്പമല്ലാത്തതു കൈവരിക്കുന്നതിനാണ് രാജ്യത്തെ മികച്ച മത്സരാർഥികളെ ഐഎഎസിൽ ചേർക്കുന്നത്. വെല്ലുവിളികളെ ഭയപ്പെടുന്നവർ ഇവിടെ ശോഭിക്കില്ല. പ്രിലിമിനറിയും മെയിൻ പരീക്ഷയുമൊക്കെ കടന്ന് അഭിമുഖത്തിൽ എത്തിയ ശേഷം പുറത്താകുന്നവരുണ്ട്. പ്രിലിമിനറി മുതൽ വീണ്ടും ആദ്യമേ പരിശ്രമിച്ചാലേ അവ സരം കിട്ടൂ. ക്ഷമയും സ്ഥിരമായ സ്വപ്നവുമാണ് ഇവിടെ വേണ്ടത്.

ഒരു കാര്യത്തെ എങ്ങനെ സമീപിക്കുന്നു, വിശകലനം ചെയ്യുന്നു, അതിലെ അഭിപ്രായം എന്ത് എന്നിവ സിവിൽ സർവീസിൽ പ്രധാനമാണ്. അറിവു വേണ്ട വിധത്തിൽ പ്രയോഗിക്കാനുള്ള കഴിവും അത്യാവശ്യം തന്നെ. മുതി ർന്ന ടെക്നോക്രാറ്റുകൾക്കു പോലും പരിഹരിക്കാനാകാത്ത വിഷയങ്ങളിലാണ് ഐഎഎസുകാർ കഴിവു തെളിയിക്കേണ്ടത്. ആശയവിനിമയത്തിൽ ടെക്നോക്രാറ്റുകളും രാഷ്ട്രീയ നേതൃത്വവും തമ്മിലുള്ള പാലമായി ഐഎഎസ് നിൽക്കുന്നു. കേന്ദ്രത്തിനും സംസ്ഥാനത്തിനും മുനിസിപ്പൽ ഭരണത്തിനും രാഷ്ട്രീയ നേതൃത്വത്തിനും എക്കണോ– ടെക്നോക്രാറ്റുകൾക്കും ഇടയിലുള്ള മീഡിയേറ്ററാണ് നമ്മുടെ ഫെഡറൽ സംവിധാനത്തിലെ ഐഎഎസ്.

ചട്ടം ചൂണ്ടിക്കാട്ടി ഒരു പ്രപ്പോസൽ നിരസിക്കുന്നതിലല്ല, പ്രപ്പോസലിനു മികവുണ്ടെങ്കിൽ ദീർഘവീക്ഷണത്തോടെ ചട്ടം ഭേദഗതി ചെയ്യുന്നതിലാണ് മിടുക്ക്. അന്യായമോ അനർഹമോ ആയ നടപടി ഒരിക്കലും അരുത്.’

മനസ്സിനെ സ്വതന്ത്രമാക്കുക

അറിവിനു ചുറ്റും സ്വന്തമായി ഒരു ലോകം സൃഷ്ടിക്കുകയും അതിൽ തൃപ്തി കണ്ടെത്തുകയും ചെയ്യുന്ന മനസ്സുകൾക്ക് സിവിൽ സർവീസ് മികച്ച ഒരിടമാണ്. 24X7 ചിന്താനിരതനായിരിക്കാനും ദിവസം 12–15 മണിക്കൂർ കഠിനാദ്ധ്വാനം ചെയ്യാനും കൂടി തയാറാണോ? എങ്കിൽ നിങ്ങൾക്ക് തീർച്ചയായും സിവിൽ സർവീസ് ഇണങ്ങും.

ഐഎഎസിൽ വിജയിക്കാൻ വേണ്ടത് വേഗതയുള്ള മനസ്സിലാക്കലും വിശകലനവും കൃത്യതയുള്ള ആശയ പ്രകാശനവുമാണ്. ഇംഗ്ലിഷ് അറിയാത്തതു കൊണ്ടും അതിൽ പരിശീലനത്തിനുള്ള പണമില്ലാത്ത തു കൊണ്ടും ഐഎഎസ് മോഹം ഉപേക്ഷിക്കുന്നവരുണ്ട്. ഭാഷ ഇവിടെ ഒരിക്കലും മാനദണ്ഡമല്ല, കഴിവുകളാണ് പരീക്ഷയിലൂടെ അളക്കുന്നത്. വലിയ പണം മുടക്കി കോച്ചിങ്ങിനു പോയ ശേഷം മാത്രം പരീക്ഷയെഴുതുന്ന കാലമൊക്കെ കഴിഞ്ഞു. സ്കൂൾ കാലം മുതൽ തന്നെ സ്വപ്നം സെറ്റ് ചെയ്ത്, പരന്ന വായനയും ആഴത്തിലുള്ള അറിവും നേടിയാൽ ഐഎഎസ് നിങ്ങൾക്കും കൈപ്പിടിയിലൊതുക്കാം. ചരിത്രത്തിൽ നിങ്ങളെഴുതുന്ന ചെറിയ കരടുകൾ വലിയ മാറ്റങ്ങൾക്കു വഴിയൊരുക്കും.