Saturday 22 October 2022 02:53 PM IST

‘സന്തോഷം കൊണ്ട് ഞാൻ പൊട്ടിക്കര‍ഞ്ഞുപോയി.. എല്ലാം ഭഗവാന്റെ ലീലകളല്ലേ?’; മുത്തച്ഛനുശേഷം കുടുംബത്തിൽ നിന്ന് ഒരാൾ മേൽശാന്തി പദവിയിലേക്ക്, കക്കാട് ഇല്ലത്തെ വിശേഷങ്ങള്‍

V R Jyothish

Chief Sub Editor

gurutemple ഫോട്ടോ: ബേസിൽ പൗലോ

‘അന്ന് ശ്രീകോവിലിനുള്ളിൽ വച്ച് ആ അദ്ഭുതത്തിനു ഞാൻ സാക്ഷിയായി...’ ഗുരുവായൂരിലെ പുതിയ മേൽശാന്തി ഡോ. കിരൺ ആനന്ദ് സംസാരിക്കുന്നു..

ഗുരുവായൂർ മേൽശാന്തിയായി തിരഞ്ഞെടുക്കപ്പെട്ടതിന്റെ തൊട്ടടുത്ത ദിവസമാണ് ഡോ. കിരൺ നമ്പൂതിരിയെ വടക്കേനടയിലുള്ള അദ്ദേഹത്തിന്റെ വീട്ടിൽ വച്ചു കാണുന്നത്. ബന്ധുക്കളും സുഹൃത്തുക്കളുമൊക്കെ വീട്ടിലെത്തിയിട്ടുണ്ട്. കക്കാട് ഇല്ലത്തെ സംബന്ധിച്ച് ഇതൊരു പുണ്യമുഹൂർത്തം. മുത്തച്ഛനുശേഷം കുടുംബത്തിൽ നിന്ന് ഒരാൾ മേൽശാന്തി പദവിയിലേക്ക്.

ഓതിക്കൻ, വേദജ്ഞൻ, ഗായകൻ, ആയുർവേ ഡോക്ടർ, മൃദംഗവാദകൻ, വ്ലോഗർ, സഞ്ചാരി, ഗുരുവായൂരപ്പന്റെ പുതിയ മേൽശാന്തിക്ക് വിശേഷണങ്ങൾ ഏറെ...

കക്കാട്, പൊട്ടക്കുഴി, മുന്നൂലം, പഴയം എന്നീ നാലു കുടുംബക്കാർക്കാണ് ഗുരുവായൂരിൽ ഓതിക്കൻ സ്ഥാനമുള്ളത്. കൂടാതെ പെരുവനം ശുകപുരം എന്നിങ്ങനെ രണ്ടു നമ്പൂതിരി ഗ്രാമങ്ങളിൽ നിന്നുള്ള വേദാധികാരവും യാഗാധികാരവുമുള്ള നമ്പൂതിരിമാർക്കും മേൽശാന്തിയാകാൻ അപേക്ഷിക്കാം. യോഗ്യതയുള്ളവരെ അഭിമുഖത്തിനു ക്ഷണിക്കും. അതും കടന്നുകൂടുന്നവരാണ് നറുക്കിലെത്തുന്നത്. പിന്നീട് ആരാണ് തന്റെ മേൽശാന്തിയാവേണ്ടതെന്ന് ഗുരുവായൂരപ്പൻ തീരുമാനിക്കും.

ഗുരുവായൂർ ക്ഷേത്രത്തിൽ മാത്രം അഞ്ചു തവണ മേൽശാന്തിയായിരുന്നു ഓതിക്കൻ കുടുംബാംഗവും പണ്ഡിതനുമായിരുന്ന കക്കാട് ദാമോദരൻ നമ്പൂതിരി. കിരൺ നമ്പൂതിരിയുടെ മുത്തച്ഛൻ. അദ്ദേഹത്തിന്റെ കാലശേഷം ക ക്കാട് ഇല്ലത്തേക്ക് വീണ്ടും മേൽശാന്തി പദവി കടന്നുവരുന്നു. ‘‘ഇതിൽപ്പരം എന്താണു ഭാഗ്യം.’’ കിരണിന്റെ പിതാവ് ആനന്ദൻ നമ്പൂതിരി ചോദിക്കുന്നു.

ജീവിതപ്രാരബ്ധങ്ങൾക്കിടയിൽ മേൽശാന്തിയാകാൻ കഴിഞ്ഞില്ലെങ്കിലും പൂജാരിയായി ഗുരുവായൂരപ്പന്റെ നടയിൽ എപ്പോഴുമുണ്ട് ആനന്ദൻ നമ്പൂതിരിയും. ‘‘വീട്ടിൽ വിഷ്ണുസഹസ്രനാമം ചൊല്ലിയിരിക്കുകയായിരുന്നു ഞാൻ. അപ്പോഴാണ് ഒരാൾ ഓടി വന്നു പറഞ്ഞത്; മകന് നറുക്കു വീണെന്ന്. സന്തോഷം കൊണ്ട് ഞാൻ പൊട്ടിക്കര‍ഞ്ഞുപോയി. എല്ലാം ഭഗവാന്റെ ലീലകളല്ലേ?’’ ആനന്ദൻ നമ്പൂതിരി പറയുന്നു.

കേട്ടുവളർന്നത് ഗുരുവായൂരപ്പനെക്കുറിച്ചുള്ള ഐതിഹ്യങ്ങൾ. പിന്നെ, അഞ്ചുതവണ ഗുരുവായൂർ മേൽശാന്തിയായിരുന്ന മുത്തച്ഛന്റെ അനുഗ്രഹം. കിരൺ നമ്പൂതിരിയുടെ വിളിപ്പേരും മുത്തച്ഛന്റേതു തന്നെ.

‘‘വളരെ സന്തോഷം തോന്നുന്നു. ഒരുപാടുകാലത്തെ അധ്വാനമാണ് ഇപ്പോൾ ഫലം കാണുന്നത്.’’ മകൻ ഗുരുവായൂർ മേൽ‍ശാന്തി പദവിയിലേക്കു വരുമ്പോൾ ഏറെ സ ന്തോഷിക്കുകയാണ് കിരൺ നമ്പൂതിരിയുടെ അമ്മ ശാരദ അന്തർജനം. വണ്ടൂർ കിടങ്ങഴി ഇല്ലത്താണ് ശാരദ അന്തർജനത്തിന്റെ തറവാട്. ശാസ്ത്രീയസംഗീതവും മൃദംഗവുമൊക്കെ പഠിക്കാനുള്ള മകന്റെ താൽപര്യത്തെ പ്രോത്സാഹിപ്പിച്ചത് അമ്മയാണ്.‌

അഭിമുഖം പൂര്‍ണ്ണമായും വായിക്കാം..