Thursday 31 December 2020 12:28 PM IST

‘ഡ്രംസ് പഠിപ്പിക്ക് എന്ന് ടീച്ചറാണ് അമ്മയോട് ആദ്യം പറഞ്ഞത്’; എട്ടാമത്തെ ഗ്രേഡ് പാസാകുന്ന ലോകത്തിലെ പ്രായം കുറഞ്ഞ ഡ്രമ്മറുടെ വിശേഷങ്ങൾ

Vijeesh Gopinath

Senior Sub Editor

_REE5111

ചെന്നൈയില്‍ അനാഥ ബാല്യങ്ങൾക്കായി പ്രവർത്തിക്കുന്ന പീസ് ഫോർ ചിൽഡ്രൻ സംഘടനയുടെ ഒരു പ്രോഗ്രാം. മുഖ്യാതിഥി എംപിയും ബോക്സിങ്ങിൽ ഇന്ത്യയുടെ ലോകചാംപ്യനുമായ മേരി കോം സദസ്സിൽ ഇരിക്കുന്നു. രജനികാന്തിന്റെ ഭാര്യ ലതാ രജനികാന്ത് നേത‍ൃത്വം നൽകുന്ന ആ സംഘടനയുടെ ബ്രാൻഡ് അംബാസഡർ പതിമൂന്നു വയസ്സുകാരനാണ്– സ്റ്റീവൻ സാമുവൽ ദേവസ്സി. സ്റ്റീവൻ പുഞ്ചിരിയോടെ വേദിയിലെ ഡ്രംസിനടുത്തിരുന്നു. പിന്നെ, ഡ്രം സ്റ്റിക്കെടുത്ത് ഒരു പെരുക്കൽ.

വേദിയിൽ ഇടി നാദം പെയ്തു തുടങ്ങി. ഇടിക്കൂട്ടിലെ ഇന്ത്യൻ വസന്തം മേരി കോം ഒന്നു ഞെട്ടി. ഈ താളവേഗം എവിടെയോ കേട്ടിട്ടുണ്ടല്ലോ എന്നോർത്ത് മൊബൈലിൽ തപ്പി. പിന്നെ, വേഗം സ്റ്റേജിനരികിലേക്ക് നടന്നു വന്നു,

‘ഡ്രംസിലെ ന‍ൃത്തത്തിനു’ ശേഷം തിരിച്ചെത്തിയ സ്റ്റീവനെ മുറുകെ പിടിച്ച് മേരി കോം പറഞ്ഞു, ‘സ്റ്റീവ് ഞാൻ നിന്റെ കടുത്ത ആരാധികയാണ്. വർഷങ്ങളായി ഫെയ്സ്ബുക്കിൽ ഫോളോ ചെയ്യുന്നു. നേരിൽ കാണാൻ പറ്റിയത് ഭാഗ്യമാണ്....’

സ്റ്റീവൻ സാമുവൽ ദേവസ്സി – ഡ്രംസ് താളത്തിലെ വിസ്മയ ബാല്യം. ഒൻപതാം ക്ലാസ്സിൽ പഠിക്കുന്നു. അച്ഛന്‍ സാം ദേവസ്സി വയലിനിസ്റ്റാണ്. അച്ഛന്റെ സഹോദരൻ കീബോർഡിലാണ് കൊടുങ്കാറ്റായി മാറാറുള്ളത്– സ്റ്റീഫൻ ദേവസ്സി.

ട്രിനിറ്റി കോളജിൽ എട്ടാമത്തെ ഗ്രേഡ് പാസാകുന്ന ലോകത്തിലെ പ്രായം കുറഞ്ഞ ഡ്രമ്മർ, മുംബൈ ഡ്രം ഡേയിലേക്ക് തിരഞ്ഞെടുക്കപ്പെട്ട അഞ്ചു ഡ്രമ്മർമാരിലെ കുട്ടിത്താരം, ലോകപ്രശസ്ത സിംബൽ നിർമാതാക്കളായ സിൽഡ്ജിയാന്റെ ബ്രാൻഡ് അംബാസഡറാകുന്ന ലോകത്തിലെ ഏറ്റവും ചെറിയ കുട്ടി, സ്റ്റീവന്റെ തൊപ്പിയിലെ തൂവലുകൾ ഏറെയുണ്ട്.

‘‘നഴ്സറി ക്ലാസിൽ മറ്റു കുട്ടികൾ റൈംസ് പാടുമ്പോൾ ഞാൻ കൊട്ടുന്നത് ടീച്ചർ ശ്രദ്ധിച്ചു. ക്ലാസ് മുറിയിൽ‌ കളിസ്ഥലം ഉണ്ടായിരുന്നു. അവിടെ പാറ പോലെയുള്ളതിൽ വടികൊണ്ട്  കൊട്ടിത്തുടങ്ങി. ഡ്രംസ് പഠിപ്പിക്ക് എന്ന് ടീച്ചറാണ് അമ്മയോട് ആദ്യം പറഞ്ഞത്.  

ഇത് കേട്ട് ഞങ്ങളുടെ കുടുംബസുഹൃത്തും ഹരിഹരന്റെ കീബോർഡ് ആർടിസ്റ്റുമായിരുന്ന വെങ്കിട് അങ്കിൾ തബല സ മ്മാനമായി തന്നു. ഞാനതിൽ കൊട്ടി നോക്കി. പിന്നെയാണ്    ‘െഎഡിയ’ തോന്നിയത്. എനിക്ക് അന്നൊരു ഫ്ളൂട്ട് ഉണ്ടായിരുന്നു. അത് സൂക്ഷിച്ച് വയ്ക്കാൻ ‘ഒരു സ്ഥലം’ കണ്ടുപിടിച്ചു. തബല തല്ലിപ്പൊളിച്ച് അതിനുള്ളിൽ ഇട്ടുവച്ചു. ആരുടെയും ത ല്ലു കിട്ടാതെ രക്ഷപ്പെട്ടതു ഭാഗ്യം.’’ അപ്പു എന്നു വിളിപ്പേരുള്ള സ്റ്റീവൻ ചിരിക്കുന്നു.

ചെന്നൈയിൽ വിരുദംപാക്കത്തുള്ള ചിന്മയ വിദ്യാലയത്തിലെ ഒൻപതാം ക്ലാസ് വിദ്യാർഥിയാണ് സ്റ്റീവൻ. അഞ്ചു വയസ്സായപ്പോൾ അപ്പുവിനു മുന്നിൽ ‘ഒരു ഡ്രംസ് ദൈവം’ പ്രത്യക്ഷപ്പെട്ടു, ഒരുമിച്ച് വേദി പങ്കിട്ടു.

ഡ്രംസ് മാന്ത്രികനു മുന്നിൽ

‘‘ആ ദൈവം ശിവമണി സാർ ആയിരുന്നു. അദ്ദേഹത്തെ ഒന്നു കാണാനാകുക തന്നെ വലിയ ഭാഗ്യമാണ്. അപ്പോൾ ശിവമണി സാറിനൊപ്പം പെർഫോം ചെയ്യാൻ‌ പറ്റിയാലോ. അത് സ്വപ്നം പോലെ തന്നെയല്ലേ? അഞ്ചു വയസ്സുള്ളപ്പോഴായിരുന്നു ആദ്യ സ്റ്റേജ്. ഹൈദരാബാദിൽ ഇന്റർനാഷനൽ ചിൽഡ്രന്‍സ് ഫിലിം ഫെസ്റ്റിവലിൽ. നല്ല പേടിയുണ്ടായിരുന്നു.

പിന്നെ, കുറേ വേദികളിൽ ഒരുമിച്ച് ഡ്രംസ് വായിച്ചിട്ടുണ്ട്. സാർ എന്നെ തുടക്കക്കാരനായ കുട്ടി എന്ന രീതിയിൽ അല്ല കണ്ടിരുന്നത്. എന്നെയും ഒരു ആർട്ടിസ്റ്റ് എന്ന രീതിയില്‍ പരിഗണിച്ചു. സ്റ്റേജില്‍ ഒപ്പം ചെയ്യാവുന്ന ചില നമ്പറുകൾ പറഞ്ഞു തരും. പിന്നീട് ഞാൻ ഒറ്റയ്ക്കു പെർഫോം ചെയ്യുന്ന വേദികളിലും ആ നമ്പറൊക്കെ ഇടാറുണ്ട്. ‍‌ശിവമണി സാറും സ്റ്റീഫൻ അങ്കിളും  വെങ്കിട്ട് അങ്കിളുമാണ് എന്നെ ഈ ലോകത്ത് പിടിച്ചു നിർത്തിയത്.’’ സ്റ്റീവൻ ഒാർക്കുന്നു. ശിവമണിക്കു പുറമേ മാൻഡലിൻ യു രാജേഷ്, ഗിരിധർ ഉദുപ്പ, കൈലാഷ് ഘേർ, രാജേഷ് വൈദ്യ, ആലാപ് രാജു, ദേവിശ്രീ പ്രസാദ് തുടങ്ങി നിരവധി പ്രമുഖർക്കൊപ്പം സ്റ്റീവൻ വേദി പങ്കിട്ടു.

_REE5123

പഠനത്തിന്റെ താളം

‘‘സ്കൂളിലെ പഠനവും സംഗീതവുമെല്ലാം ഒരുമിച്ചു കൊണ്ടു പോകുന്നതിൽ പ്രശ്നമൊന്നും തോന്നിയിട്ടില്ല. കുഴപ്പമില്ലാത്ത മാർക്ക് കിട്ടുന്നുണ്ട്. കുട്ടിക്കാലത്ത് എനിക്ക് ഒരു ടോയ് ഡ്രംസ് കിറ്റ് സമ്മാനം കിട്ടി. പക്ഷേ, പ്രഫഷനൽ കിറ്റ് വാങ്ങി തന്നത് സ്റ്റീഫൻ അങ്കിൾ ആണ്.  

പിന്നീട് ട്രിനിറ്റി കോളജിന്റെ ഗ്രേഡ് എക്സാമുകൾ എഴുതി തുടങ്ങി. പത്തു വയസ്സായപ്പോൾ എട്ടാം ഗ്രേഡ് കിട്ടി. ഇപ്പോൾ ട്രിനിറ്റിയിൽ എൽടിസിഎൽ കോഴ്സിന്റെ അവസാന ഘട്ടത്തിലാണ്. ലൊസാഞ്ചലസിലുള്ള എംെഎ മ്യൂസിക് ഇൻസ്റ്റിറ്റ്യൂട്ടിൽ സ്കോളർഷിപ്പോടെ പഠിക്കാനുള്ള അവസരം കിട്ടി.  അ മ്മയാണ് സ്കൂൾ പഠനത്തിനൊപ്പം നിൽക്കാറുള്ളത്. ക്ലാസുകൾ നഷ്ടപ്പെടാത്ത രീതിയിലാണ് ഡ്രംസ് പഠനം.

ശനിയും ഞായറുമാണ് എനിക്ക് ഏറ്റവും തിരക്കുള്ള ദിവസം. മൃദംഗം, ഡ്രംസ്, പിയാനോ, ഗിറ്റാർ ഇതൊക്കെ പ്ലേ ചെയ്യും. പാട്ടും പാടും. ശനിയും ഞായറും ഇതിന്റെയൊക്കെ പ്രാക്ടീസ് ഉണ്ടാകും. പിന്നെ, ട്യൂഷനും. രാവിലെ ആറരയ്ക്കു തുടങ്ങിയാൽ എട്ടര വരെ. മ്യൂസിക് ആയതു കൊണ്ടാകാം എനിക്ക് ബോറടിക്കില്ല. മടുപ്പും തോന്നാറില്ല.

കോവി‍ഡ് കാലത്ത് ബോറടിച്ചപ്പോഴെല്ലാം ഡ്രംസ് തന്നെയായിരുന്നു ആശ്വാസം. യുട്യൂബിൽ പോസ്റ്റ് ചെയ്ത ഡ്രംസ് വിഡിയോ 15 മില്യൻ  ആളുകൾ കണ്ടു.’’ ഡ്രം സ്റ്റിക് എടുത്ത് ആക്‌ഷൻ കാണിച്ച് സ്റ്റീവൻ പറയുന്നു.

ഫ്രണ്ട്, ലിഡിയൻ

മോഹൻലാൽ ആദ്യമായി സംവിധാനം ചെയ്യുന്ന ബറോസ് സിനിമയുടെ ‘കുട്ടി മ്യൂസിക് ഡയറക്ടർ’ ലിഡിയൻ, സ്റ്റീവന്റെ അടുത്ത ചങ്ങാതിയാണ്. സ്റ്റീവനും ലിഡിയനും ലിഡിയന്റെ സഹോദരി അമൃതവർഷിണിയും ചേർന്ന് സൂപ്പർ കിഡ്സ് എന്ന കുട്ടിബാന്‍ഡ് ഉണ്ടാക്കി. കുട്ടികളുടെ ബാൻഡാണെങ്കിലും പെർഫോമൻ‌സ് കണ്ട് ഞെട്ടിയവരുടെ കൂട്ടത്തിൽ മുൻ കേരള ഗവർണർ സദാശിവം വരെയുണ്ട്.

തിരുവനന്തപുരത്ത് ‘മൺസൂൺ രാഗയിൽ’ സൂപ്പർ കിഡ്സ് ബാൻഡ് പെർഫോം ചെയ്തിരുന്നു. അതുകഴിഞ്ഞ് മൂന്നു പുലിക്കുട്ടികളെയും ഗവർണർ രാജ്ഭവനിലേക്ക് ക്ഷണിച്ചു. അവിടെയും താളരാഗമൊഴുകി.

‘‘ചെന്നൈയിൽ ഒരു ഇവന്റിൽ വച്ചാണ് യാദൃശ്ചികമായി ലിഡിയനെ കണ്ടത്. ലിഡിയൻ പിയാനോയും ഞാൻ ഡ്രംസും വായിച്ചു. അതോടെ നല്ല ചങ്ങാതിമാരായി. ലിഡിയന്റെ സഹോദരി അമൃതവർഷിണി നന്നായി പാടും. അങ്ങനെയാണ് ബാൻഡ് തുടങ്ങാൻ തീരുമാനിച്ചത്. കേരളത്തിലും പുറത്തും ഒരുപാടു വേദികളിൽ ഞങ്ങൾ പെർഫോം ചെയ്തു.

ഞാൻ‌ പാട്ടും പാടും. ആറാം ക്ലാസിൽ പഠിക്കുമ്പോഴാണ് ‌സ്കൂളിൽ പാടാറുള്ള കാര്യം അച്ഛനും അമ്മയും ഗൗരവമായെടുക്കുന്നത്. അങ്ങനെ ശാസ്ത്രീയമായി പാട്ടു പഠിക്കാൻ തുടങ്ങി. ഇപ്പോൾ വിവിധ സംഗീതസംവിധായകർക്കു വേണ്ടി അൻപതോളം പാട്ടുകൾ പാടി. ഇംഗ്ലിഷും മലയാളവും ഹിന്ദിയും ഉണ്ട്.  ഹിറ്റ്ഗാനങ്ങൾ പാടി യുട്യൂബിലും ഇടാറുണ്ട്.’’വി വിധ ഭാഷകളിലായി പാടിയ ഗാനങ്ങളുടെ യുട്യൂബ് വ്യൂസ് കേട്ടാൽ ഒന്നു ഞെട്ടും – 70 മില്യൻ.  

കോവിഡ് കഴിഞ്ഞാല്‍ ഡ്രംസുമായി ലോകയാത്രയ്ക്കൊരുങ്ങുകയാണ് സ്റ്റീവൻ. ലോകത്തെല്ലായിടത്തും ഇടിമുഴക്കത്തോടെ താളമഴ തീർക്കുകയാണ് അപ്പുവിന്റെ സ്വപ്നം. ഒപ്പം ഒരു ഗ്രാമി അവാർഡ് കൈപ്പിടിയിൽ ഒതുക്കാനും.