Thursday 24 August 2023 03:23 PM IST

‘ഒന്നുമറിയാത്തതുപോലെ കുട്ടികൾ കിടക്കുന്നതു കാണുമ്പോൾ ചിലപ്പോൾ കൈ വിറയ്ക്കും, ഫോക്കസ് കിട്ടാതാകും’; പരിചയപ്പെടാം, വ്യത്യസ്തയായ ഒരു ഫോട്ടോഗ്രഫറെ...

V R Jyothish

Chief Sub Editor

_DSC0686 ഫോട്ടോ: ശ്രീകാന്ത് കളരിക്കൽ

പേടിയോ? മരിച്ചവരെ എന്തിനാണു പേടിക്കുന്നത്? മരിച്ചവർ ഉപദ്രവിക്കില്ല. പീഡിപ്പിക്കാൻ ശ്രമിക്കില്ല, കൊല്ലാൻ ശ്രമിക്കില്ല, പാര പണിയില്ല. ലോൺ തരാതിരിക്കില്ല. പിന്നെ, എന്തിനാണു പേടിക്കുന്നത്?’

ക്യാമറയുെട ഷട്ടർ അടച്ചു ൈഷജ ഒരു നിമിഷം നിശബ്ദയായി. ഇൻക്വസ്റ്റ് ഫൊട്ടോഗ്രഫിയെന്ന മൃതദേഹചിത്രീകരണത്തിൽ രണ്ടു പതിറ്റാണ്ടായി ഈ മാവേലിക്കരക്കാരി സജീവസാന്നിധ്യമാണ്. അപൂർവമായൊരു തൊഴിൽ ചെയ്യുന്നു എന്നതുമാത്രമല്ല  ഷൈജയെ വ്യത്യസ്തയാക്കുന്നത്. സ്വന്തം പ്രയത്നം കൊണ്ടു പൊരുതിയെടുത്ത ഒരു ജീവിതത്തിന്റെ ഉടമ കൂടിയാണു ഷൈജ തമ്പി.

പ്രഫഷനൽ ഫൊട്ടോഗ്രഫി ഒരു തൊഴിലായി പെൺകുട്ടികൾ കാണാതിരുന്ന കാലത്താണു ൈഷജ ഈ രംഗത്തേക്കു വന്നത്. ഇപ്പോൾ തൊഴിലിൽ ആൺപെൺഭേദമില്ലെങ്കിലും അന്ന് അതു വലിയ വിപ്ലവമായിരുന്നു.

‘‘ഒന്നുകിൽ പൈലറ്റ് ആകണം. അല്ലെങ്കിൽ ഫൊട്ടോഗ്രഫർ എന്നായിരുന്നു കുട്ടിക്കാലത്ത് ആ ഗ്രഹം. ൈപലറ്റാകാനുള്ള സാഹചര്യങ്ങളൊന്നും വീട്ടിൽ ഇല്ലെന്ന് അറിയാമായിരുന്നതുകൊണ്ട് ആ മോഹം മാറ്റിവച്ചു.

ഡിഗ്രി പഠിച്ചുകൊണ്ടിരുന്നപ്പോൾ തന്നെ ഞാൻ കമ്യൂണിറ്റി പോളിടെക്നിക് സ്കീം പ്രകാരമുള്ള ഫൊട്ടോഗ്രഫി കോഴ്സ് പാസ്സായി. അച്ഛനതു വലിയ അഭിമാനമായാണു കണ്ടത്. അതുകൊണ്ടാണു കയ്യിലുണ്ടായിരുന്ന സ്വർണം വിറ്റും കടം വാങ്ങിയും അച്ഛൻ എനിക്ക് വിവിറ്റാറിന്റെ ഒരു ക്യാമറ വാങ്ങിത്തന്നത്.’’

നൂറനാട് സാനിറ്റോറിയത്തിന് അടുത്തായിരുന്നു ഷൈജയുടെ കുടുംബം. അച്ഛൻ വിക്രമൻ തമ്പി അമ്മ ശാന്തമ്മ. വിവാഹശേഷമാണു മാവേലിക്കര ചെറുകോലിനടുത്തു ചെറുമണ്ണാത്തു കിഴക്കതിൽ വീട്ടിലേക്കു വന്നത്. ഓട്ടോ ഡ്രൈവറായ അനിൽകുമാറാണു ഭർത്താവ്. മകൻ ഗുരുദാസ് സ്കൂൾ വിദ്യാർഥിയാണ്.

റോഡരികിൽ കിടന്ന വൃദ്ധ

ഫൊട്ടോഗ്രഫിയുടെ ശക്തിയെന്തെന്നു ൈഷജ അറിഞ്ഞതു പുതിയ ക്യാമറ കയ്യിൽ കിട്ടിയതിന്റെ മൂന്നാം ദിവസം. ‘‘കായംകുളത്ത് ഒരു ചടങ്ങിനു പടമെടുക്കാനുള്ള യാത്രയിലായിരുന്നു. ബസിലിരിക്കുമ്പോൾ ഓടയില്‍ വീണുകിടക്കുന്ന വൃദ്ധയെ കണ്ട് അവിടെയിറങ്ങി. അവരെ എടുക്കാനോ ആശുപത്രിയിൽ എത്തിക്കാനോ ആരും ശ്രമിക്കുന്നില്ല. ഞാൻ ആ ദൃശ്യം ക്യാമറയിൽ പകർത്താൻ തുടങ്ങി. ഇതു പത്രത്തിൽ വന്നാൽ നാണക്കേടാകുമെന്നു തോന്നിയപ്പോൾ ഫോട്ടോ എടുക്കുന്നതു തടയാനായിരുന്നു കൂടിനിന്നവരുടെ ശ്രമം. അവസാനം പൊലീസും വാർഡ് കൗൺസിലറും സ്ഥലത്തെത്തി. വൃദ്ധയെ ആശുപത്രിയിലേക്കു മാറ്റി. അവർക്കു ജീവൻ തിരിച്ചുകിട്ടി. അല്ലായിരുന്നെങ്കിൽ ആ കിടപ്പിൽ തന്നെ അവർക്കു ജീവൻ നഷ്ടപ്പെടുമായിരുന്നു.’’‌

ആദ്യത്തെ ഇൻക്വസ്റ്റ് ഫൊട്ടോഗ്രഫി കൊണ്ടുതന്നെ ഈ തൊഴിൽ സാഹസികമാണെന്ന് അറിഞ്ഞു ഷൈജ.‘‘ആലപ്പുഴ മെഡിക്കൽ കോളജ് മോർച്ചറിയിലായിരുന്നു തുടക്കം. അപകടത്തിൽ മരിച്ച ഒരു ചെറുപ്പക്കാരന്റെ ഫോട്ടോയാണ് എടുക്കേണ്ടത്. അന്നു വലിയ എതിർപ്പായിരുന്നു പൊലീസിന്റെ ഭാഗത്തു നിന്നും മരിച്ച ആളിന്റെ ചില ബന്ധുക്കളുടെ ഭാഗത്തു നിന്നുമൊക്കെ. അന്ന് ഒരു പൊലീസുകാരൻ എന്നെ തടഞ്ഞുകൊണ്ടു പറഞ്ഞത് ഇങ്ങനെയാണ്. ‘മരിച്ചത് ഒരു പുരുഷനാണ്. അയാളുടെ ശരീരത്തിന്റെ നഗ്നമായ ഫോട്ടോയാണ് എടുക്കേണ്ടത്. നിങ്ങളെക്കൊണ്ട് അതു പറ്റില്ല.’

‘മരിച്ചാൽ സ്ത്രീയായാലും പുരുഷനായാലും വെറും ശരീരമല്ലേ’ എന്നു തർക്കിച്ചു. അന്ന് ആ ഇൻക്വസ്റ്റ് ഫോട്ടോയെടുക്കാതെ മടങ്ങിപ്പോയിരുന്നെങ്കിൽ ഞാൻ ചിലപ്പോൾ ഈ രംഗത്ത് ഉണ്ടാകുമായിരുന്നില്ല. അച്ഛൻ കഷ്ടപ്പെട്ടു വാങ്ങിതന്ന ക്യാമറയാണ്. ജോലി ചെയ്യാതിരിക്കാനാവില്ല. അതുകൊണ്ട് ആരുടെയും ഇഷ്ടവും അനിഷ്ടവുമൊന്നും നോക്കിയില്ല.’’

സ്ത്രീയായതുകൊണ്ട് ഒന്നിലും മാറിനിൽക്കേണ്ടതില്ല എന്ന അഭിപ്രായമാണ് ഷൈജയ്ക്ക്. താൻ ഇതുവരെയെങ്കിലും എത്തിയതു സ്വന്തം പ്രയത്നത്താലാണെന്നും ൈഷ ജ പറയുന്നു.

ഒന്നുമറിയാതെ ഉറങ്ങുന്ന കുരുന്നുകൾ

‘‘ഇൻക്വസ്റ്റ് ഫൊട്ടോഗ്രഫർക്ക് രാത്രിയെന്നോ പകലെന്നോ ഇല്ല. പൊലീസ് വിളിക്കുമ്പോൾ സ്പോട്ടിൽ എത്തണം. ഇതൊക്കെ പുരുഷന്മാർക്കു പോലും ബുദ്ധിമുട്ടല്ലേ? പക്ഷേ, ഞാൻ ഒരിക്കൽ പോലും വരാൻ പറ്റില്ല എന്നു പറഞ്ഞിട്ടില്ല. വീടിന് അഞ്ചു കിലോമീറ്റർ ചുറ്റളവിൽ ആരെങ്കിലും മരിച്ചാൽ പോലും പേടിച്ചു വീടിനു പുറത്തിറങ്ങാത്ത ആളായിരുന്നു ഞാൻ. അങ്ങനെയുള്ള ആളാണ് ഇപ്പോൾ ഈ ജോലി ചെയ്യുന്നത്.’’

ചില കുടുംബ ആത്മഹത്യകൾ മനസ്സ് ഉലച്ചിട്ടുണ്ടെന്നു ഷൈജ പറയുന്നു. പ്രത്യേകിച്ചു കുട്ടികളുടെ ഫോട്ടോയെടുക്കുമ്പോൾ. ‘‘ഒന്നുമറിയാത്തതുപോലെ ആ കുട്ടികൾ  അങ്ങനെ കിടക്കുന്നതു കാണുമ്പോൾ ചിലപ്പോൾ നമ്മുെട ൈക വിറയ്ക്കും. ഫോക്കസ് കിട്ടാതാകും.’’

വാർത്തയിലിടം നേടിയ പല കേസുകൾക്കും ൈഷജയുടെ കാമറ സാക്ഷിയായിട്ടുണ്ട്. പെൺവാണിഭ കേസിലെ പ്രതിയായ ലതാ നായരെ വൈദ്യപരിശോധനയ്ക്കു വളരെ രഹസ്യമായി ആശുപത്രിയിൽ കൊണ്ടുവന്നു. ഒരു പത്രപ്രവർത്തകൻ ഇതറിഞ്ഞു ഫോട്ടോയ്ക്കായി സമീപിച്ചത് ൈഷജയെ. ക്യാമറ ഒളിപ്പിച്ചു ഷൈജ ആശുപത്രിക്കുള്ളിൽ കടന്നു. ആരും കാണാതെ ലതാ നായരുടെ പടമെടുത്തു. പിറ്റേന്നു പത്രത്തിൽ വലിയ പ്രാധാന്യത്തോടെ ആ പടം അച്ചടിച്ചുവന്നു. ചാരുംമൂട് ചെറുകോണിൽ എഎസ്ജി സെന്റർ എന്ന ഷൈജയുടെ സ്റ്റുഡിയോ അടിയന്തരസാഹചര്യങ്ങളിൽ പത്രക്കാരും  പൊലീസും ആശ്രയിക്കുന്ന സ്ഥാപനമാണ്.

_DSC0706

ഒരു മുഖം, രണ്ടു ഭാവം

‘‘ഒരു ദിവസം രാവിലെ എന്റെയൊരു സുഹൃത്ത് സ്റ്റുഡിയോയിൽ വന്നു. പാസ്പോർട്ട് സൈസ് ഫോട്ടോയ്ക്ക്. പാസ്പോർട്ട് എടുക്കണം. വിദേശത്തു പോകണം അങ്ങനെ കുറേ കാര്യങ്ങൾ സംസാരിച്ചിട്ടാണ് അവൻ പോയത്. പിറ്റേന്നു രാവിലെ എന്നെ പൊലീസ് വിളിച്ചു. ഒരു ഇൻക്വസ്റ്റ് ഉണ്ട് എന്നു പറഞ്ഞ്. ഞാൻ ചെല്ലുമ്പോൾ തലേന്ന് എന്റെ സ്റ്റുഡിയോയിൽ വന്നു ഫോട്ടോ എടുത്തുപോയ സുഹൃത്താണ്. തൂങ്ങിമരണമായിരുന്നു. എനിക്കു പക്ഷേ,ഫോട്ടോ എടുക്കാതിരിക്കാനാവില്ലല്ലോ? പതിനാലു മണിക്കൂറിന്റെ വ്യത്യാസത്തിൽ ഒരു മനുഷ്യന്റെ രണ്ടു മുഖങ്ങ ൾ എന്റെ കാമറയിൽ പതിഞ്ഞു.

‌ചിലർ കുടുസ്സുമുറികളിൽ തൂങ്ങി മരിക്കും. ചിലർ ഉയരം കൂടിയ മരച്ചില്ലകളിൽ. പക്ഷേ, ഫോട്ടോയിൽ ഈ അ സൗകര്യങ്ങളൊന്നും ഒരു പ്രശ്നമാകാൻ പാടില്ല. പൊലീസ് നിർദേശിക്കുന്ന ചിത്രങ്ങൾ കൃത്യമായി ഉണ്ടാകണം. അങ്ങനെയാണെങ്കിലേ  മരണം ആത്മഹത്യയാണോ കൊലപാതകമാണോ എന്നിങ്ങനെയുള്ള നിഗമനത്തിൽ എത്താൻ കഴിയൂ. ബാഹ്യമായ സമ്മർദങ്ങളോ വ്യക്തിപരമായ  താൽപര്യങ്ങളോ ഇല്ലാതെ പൊലീസ് ഇടപെട്ടതുകൊണ്ടു പല ആത്മഹത്യകളും കൊലപാതകങ്ങളാണെന്നു തെളിഞ്ഞ ചരിത്രമുണ്ട്. അതിന് അവരെ സഹായിച്ചത് ഇൻക്വസ്റ്റ് ഫോട്ടോയിൽ കണ്ട ചില അടയാളങ്ങളും അതുമായി ബന്ധപ്പെട്ട സംശയങ്ങളുമാണ്.

ജോലിയുടെ ഭാഗമായി പല പ്രതിസന്ധികളും േനരിട്ടപ്പോഴാണ് കരാട്ടെ പഠിക്കണമെന്ന മോഹം ൈഷജയ്ക്കുണ്ടായത്. ഇപ്പോൾ ബ്രൗൺ െബൽറ്റ് എടുത്തു. ബ്ലാക് ബെൽറ്റാണ് അടുത്ത ലക്ഷ്യം.

‘‘ഇന്ന് എല്ലാവരും ഫൊട്ടോഗ്രഫർമാരാണ്. അതാണ് ഞങ്ങളെപ്പോലെയുള്ളവരുടെ ൈധര്യം. പ്രൊഫഷനൽ ഫൊട്ടാഗ്രഫിയും അമച്വർ ഫൊട്ടോഗ്രഫിയും തമ്മിലുള്ള വ്യത്യാസം മനസ്സിലാക്കാൻ പറ്റും. പക്ഷേ, ഇൻക്വസ്റ്റ് ഫൊട്ടോഗ്രഫി അത്ര എളുപ്പമല്ല. ഫോട്ടോഷോപ്പ് ഉപയോഗിക്കാൻ പറ്റില്ലല്ലോ?

എത്ര ദിവസം പഴക്കമുള്ള മൃതദേഹമാണെങ്കിലുും അ ടുത്തുപോയി നിന്ന് എടുത്താലല്ലേ പറ്റൂ. അതിനു അധികമാരും തയാറാകില്ല. പ്രത്യേകിച്ചു സ്ത്രീ ഫൊട്ടോഗ്രഫർമാർ.’’ ൈഷജ പറയുന്നു. ‘‘ഈ തൊഴിലിൽ ഏർപ്പെട്ടതിനുശേഷം എനിക്കെന്റെ മുടിയുടെ നീളം കുറയ്ക്കേണ്ടിവന്നു. ആലപ്പുഴ മെഡിക്കൽ കോളജിൽ വച്ചാണ് ആ സംഭവം. ഫോട്ടോയെടുക്കുന്ന തിരക്കിലാണു ഞാൻ. നോക്കുമ്പോൾ എന്റെ തലമുടി മൃതദേഹത്തിന്റെ മുഖത്ത് ഇഴയുകയാണ്. അന്നു രാത്രി എനിക്ക് ഉറങ്ങാൻ കഴിഞ്ഞില്ല. മുട്ടോളമുണ്ടായിരുന്ന മുടി പിറ്റേന്ന് രാവിലെ മുറിച്ചു. പിന്നെയൊരിക്കലും അങ്ങനെ മുടി വളർത്തിയില്ല.’’

മരിച്ചവരെ ആരെയങ്കിലും പിന്നെ, കണ്ടിട്ടുണ്ടോ? ൈഷയോടു പലരും ചോദിച്ചിട്ടുള്ള ചോദ്യം.‘ഞാൻ കണ്ടിട്ടില്ല.’

മരണത്തെ പേടിയില്ലേ എന്നു ചോദിച്ചപ്പോൾ ൈഷജ പറഞ്ഞു. ‘‘ജീവനുള്ളതിന്റെ കൂടെയുള്ളതാണ് മരണവും. അത് എപ്പോൾ എങ്ങനെ സംഭവിക്കും എന്നു മാത്രമേ നമുക്ക് അറിയാൻ പാടില്ലാതുള്ളൂ.’’