Monday 04 October 2021 01:10 PM IST : By സ്വന്തം ലേഖകൻ

ഭാര്യയുടെ പിറന്നാൾ ദിനത്തിൽ കോടികള്‍ വിലമതിക്കുന്ന സർപ്രൈസ്: റോൾസ് റോയ്സ് സമ്മാനമായി നൽകി പ്രവാസി വ്യവസായി

rolls

പ്രിപ്പെട്ടവർക്ക് വമ്പൻ സർപ്രൈസുകൾ നൽകുന്ന കാഴ്ചയ്ക്ക് പലപ്പോഴും സോഷ്യല്‍ മീഡിയ സാക്ഷ്യം വഹിച്ചിട്ടുണ്ട്. എന്നാൽ കോടികൾ വിലമതിക്കുന്ന സമ്മാനങ്ങൾ നൽകുന്നത് ഒരു അപൂർവമായിരിക്കും. പ്രിയപ്പെട്ടവളുടെ പിറന്നാൾ സുദിനത്തിൽ കോടികൾ വിലമതിക്കുന്നൊരു സർപ്രൈസാണ് പ്രവാസി മലയാളിയായ അംജദ് കാത്തുവച്ചത്. ആ സർപ്രൈസാണ് ഇപ്പോൾ സോഷ്യൽ മീഡിയയയുടേയും കണ്ണുതള്ളിക്കുന്നത്.

കോടികൾ വിലമതിക്കുന്ന റോൾസ് റോയ്സ് കാറാണ് പ്രവാസി വ്യവസായിയും ബിസിസി കോൺട്രാക്ടിങ് സ്ഥാപന മേധാവിയുമായ കുറ്റ്യാട്ടൂർ സ്വദേശി അംജദ് സിതാര ഒരുക്കിവച്ചത്. തന്റെ പ്രേയസിക്കും ദിവസങ്ങൾ മാത്രം പ്രായമായ മകൾക്കും അപൂർവ ഉപഹാരം നൽകിയതിന്റെ ചിത്രങ്ങൾ ഞൊടിയിട കൊണ്ട് സോഷ്യൽ മീഡിയയിലും വൈറലായി.

അംജദിന്റെ പ്രിയതമ മർജാനയുടെ ജന്മദിനമായിരുന്നു ഓക്ടോബർ രണ്ടിന്. ഇതിന് ദിവസങ്ങൾക്കു മുൻപേയാണ് സന്തോഷാരവങ്ങൾ സമ്മാനിച്ച് ഇവരുടെ ജീവിതത്തിലേയ്ക്ക് ഒരു മാലാഖയായെത്തിയത്. അയ്റ മാലിക അംജദ് എന്നാണ് ആ കുഞ്ഞപ മാലാഖയുടെ പേര്. ഇരുവർക്കുമാണ് റോൾസ് റോയ്സിന്റെ അത്യാധുനിക ആഡംബര കാറായ വ്രെറ്റ് ബ്ളാക്ക് ബാഡ്ജ് കാറ് സമ്മാനിച്ചത്. ബിസിസിയുടെ ചീഫ് ഓപ്പറേറ്റിങ്ങ് ഓഫീസറാണ് 21കാരിയായ മർജാന അംജദ്.

ആഭ്യന്തര മാർക്കറ്റിൽ എട്ടര കോടി വില വരുന്ന കാറിൽ നാലു പേർക്ക് യാത്ര ചെയ്യാം. രണ്ട് വാതിലുകൾ മാത്രമുള്ള കാറിന് 5285 മി.മീറ്റർ നീളവും 1947 മി.മീറ്റർ വീതിയുമാണുള്ളത്. ഏകദേശം 29 ലക്ഷം രൂപയാണ് ഇൻഷുറൻസ് തുകയായി അടച്ചത്. ബിസിസി സ്ഥാപന സിഇഒയായ അംജദ് നേരത്തേ ആ ഡംബര കാറുകളായ മെഴ്സിഡസ് ജി വാഗൺ ഇ ക്ലാസ്സ്, റേഞ്ച് റോവർ, ബെന്റ്‌ലി, ലെക്സസ്, ലാന്റ് ക്രൂയിസർ, ജീപ്പ്, ഡോഡ്‌ജ് എന്നിവ സ്വന്തമാക്കിയിരുന്നു. 

ഇവയോടൊപ്പം അംജദിന്റെ ഗ്യാരേജിലെ സ്പെഷ്യൽ കാറായിരിക്കും ചുവപ്പൻ റോൾസ് റോയ്സ്. ഈ കാറിന് നൂറ് കിലോമീറ്റർ വേഗത്തിലെത്താൻ 4. 6 സെക്കന്റ് മാത്രം മതി. മണിക്കൂറിൽ 250 കിലോമീറ്റർ വേഗത്തിൽവരെ ഓടുമെന്നാണ് കമ്പനി പറയുന്നത്.