Tuesday 05 December 2023 03:20 PM IST : By സ്വന്തം ലേഖകൻ

കാലുകള്‍ക്കു പകരം കൈകള്‍; ചരിത്രത്തിലേയ്ക്ക് കാറോടിക്കാന്‍ ജിലുമോള്‍, രാജ്യത്ത് ലൈസൻസ് ലഭിക്കുന്ന ആദ്യ വനിത!

jilu-driving

ഇരുകൈകളുമില്ലാത്ത ഇടുക്കി സ്വദേശിനി ജിലു മോള്‍ മേരി തോമസിന് ഇനി സ്വതന്ത്രമായി കാറോടിക്കാം. കാലുകള്‍ കൈകള്‍ക്ക് പകരമാവുന്ന മട്ടില്‍ വാഹനം രൂപപ്പെടുത്തിയതിനൊപ്പം സംസ്ഥാന ഭിന്നശേഷി കമ്മിഷന്റെ ഇടപെടലും ലൈസന്‍സ് നേടുന്നതിന് സഹായമായി. ഭിന്നശേഷി ദിന സമ്മാനമായി മുഖ്യമന്ത്രി പിണറായി വിജയൻ ഡ്രൈവിങ് ലൈസൻസ് കൈമാറി.  

ഒന്ന് മറ്റൊന്നിന് പകരമാവില്ലെങ്കിലും പരിശ്രമത്തിലൂടെ പരിമിതി മറികടക്കാമെന്ന സന്ദേശമാണ് ജിലു മോള്‍ മേരി തോമസിന്റേത്. കഴിഞ്ഞ അഞ്ചു വർഷമായി നാലുചക്ര വാഹനമോടിക്കാനുള്ള ലൈസൻസ് ലഭിക്കുന്നതിനുള്ള പരിശ്രമത്തിലായിരുന്നു ജിലു. കൈകളില്ലാത്തയാളിന് എങ്ങനെ അനുമതി നല്‍കുമെന്ന കാര്യത്തില്‍ മോട്ടര്‍ വാഹനവകുപ്പിനും വ്യക്തതയുണ്ടായിരുന്നില്ല. 

സംസ്ഥാന ഭിന്നശേഷി കമ്മിഷന്റെ ഇടപെടലിൽ എറണാകുളം ആർടിഒ വിഷയം പരിശോധിച്ചു. ഇരുകൈകളുടെയും അഭാവത്തിൽ സുരക്ഷിതമായി ഡ്രൈവ് ചെയ്യാൻ കഴിയുന്ന വിധം ജിലുവിന്റെ മോട്ടോർ കാർ പ്രവർത്തനത്തിൽ മാറ്റം വരുത്തി ഡ്രൈവിങ് ടെസ്റ്റ്‌ നടത്തി ലൈസൻസ് നൽകുകയായിരുന്നു.

ഇരുകൈകളുമില്ലാത്ത വ്യക്തിക്ക് നാലുചക്ര വാഹനം ഓടിക്കാനുള്ള ലൈസൻസ് ലഭിക്കുന്ന രാജ്യത്തെ തന്നെ ആദ്യ വനിതയാണ് ജിലുവെന്ന് ഉദ്യോഗസ്ഥര്‍. സ്വന്തം വാഹനങ്ങളുടെ ഘടനയിൽ കാര്യമായ മാറ്റം വരുത്താതെ, പ്രവർത്തനരീതിയിൽ അനുയോജ്യമായ മാറ്റം വരുത്തി ഉപയോഗിക്കാമെന്ന 2016 ലെ ഭിന്നശേഷി അവകാശ നിയമത്തിലെ ചട്ടങ്ങളാണ് സഹായമായത്.