Tuesday 05 September 2023 01:09 PM IST

മണവാളനെയും മണവാട്ടിയെയും ‘നെല്ലും നീരും’ വച്ച് അനുഗ്രഹിക്കുന്ന അമ്മായിയമ്മ: മൈലാഞ്ചിയിട‍ലും ചന്തം ചാർത്തലുമായി ക്നാനായ കല്യാണം

Shyama

Sub Editor

knanaya-wedding

പല നാട്ടിലും കല്യാണങ്ങളുമായി ബന്ധപ്പെട്ടു വ്യത്യസ്തമായ, കൗതുകകരമായ ചില ആചാരങ്ങളുണ്ട്. കാലക്രമത്തിൽ ചിലതൊക്കെ തേഞ്ഞുമാഞ്ഞു പോയി. എങ്കിലും കഥകളായി ഇന്നും അവ നമുക്കിടയിൽ ജീവിക്കുന്നു. എന്നാൽ കാലങ്ങളായി ഇന്നും തുടരുന്നവയുമുണ്ട്. അങ്ങനെ വിവാഹവുമായി ബന്ധപ്പെട്ടു വിവിധധാരകളിൽ പെടുന്നവർ പിന്തുടരുന്ന ആ ചാരങ്ങളുടെ കഥകളറിയാം.

മൈലാഞ്ചിയിട‍ലും ചന്തം ചാർത്തലും

പാലസ്തീനിൽ നിന്നു കേരളത്തിലേക്ക് എഡി 345ൽ കു ടിയേറി പാർത്ത സമൂഹമാണ് ക്നാനായ വിഭാഗം. എഡേസ എന്ന കപ്പലിൽ ഏതാണ്ട് നാന്നൂറോളം വരുന്ന ഈ കച്ചടവട വിഭാഗം കൊടുങ്ങല്ലൂരിൽ വന്നിറങ്ങി. അന്നത്തെ ഭരണാധികാരി ചേരമാൻ പെരുമാളിനെ കാഴ്ചദ്രവ്യങ്ങൾ സ മർപ്പിച്ചു മുഖം കാണിച്ചു. പെരുമാളാണ് അവരെ നാട്ടിലേക്ക് സ്വീകരിച്ചാനയിച്ചത്. മറ്റു ക്രിസ്തീയ സമൂഹങ്ങളിൽ നിന്നു വ്യത്യസ്തമാണ് ഇവരുടെ വിവാഹ ആചാരങ്ങൾ.

പെണ്ണിന്റെ വീട്ടിൽ കല്യാണത്തിന്റെ തലേദിവസമാണ് മൈലാഞ്ചി ഇടീൽ ചടങ്ങു നടക്കുന്നത്. പണ്ടു വിലക്കപ്പെട്ട കനി എടുത്ത ഹവ്വ ചെയ്ത പാപഫലം കഴുകിക്കളയുക എന്നതിന്റെ പ്രതീകമായിട്ടാണ് മണവാട്ടിയുടെ കയ്യിൽ മൈലാഞ്ചി ഇടുന്നതും കഴുകിക്കളയുന്നതും. തഴപ്പായ വിരിച്ച് അതിലാണ് മണവാട്ടിയെ ഇരുത്തുക. ആ സമയത്ത് പരമ്പരാഗതപാട്ടുകൾ പാടിക്കൊണ്ടിരിക്കും. നടവിളിയും കുരവയിടലും ഒപ്പമുണ്ടാകും.

പിന്നീടാണ് ഈച്ചപ്പാടും പാച്ചോറും നുള്ളി കൊടുക്കുന്നത്. കുടുംബത്തിൽ എല്ലാ അംഗങ്ങളും പാച്ചോറും ശർക്കരയും മണവാട്ടിക്കു നുള്ളി കൊടുക്കും. പെൺകുട്ടിയുടെ അച്ഛനാണ് ആദ്യം കൊടുക്കുക.

അച്ഛനു തലേൽ കെട്ടുണ്ടാകും. പണ്ടു ചേരമാൻ പെരുമാൾ നൽകിയ പദവികളിലൊന്നാണ് ഈ തലേൽ കെട്ട്. അതിന്റെ ഓർമയ്ക്കാണ് ഇത് കെട്ടുന്നത്.

ചെറുക്കന്റെ വീട്ടിൽ കല്യാണത്തലേന്ന് നടക്കുന്ന ചടങ്ങാണ് ചന്തം ചാർത്ത്. വേദി ഒരുക്കി ചെറുക്കനെ ആനയിക്കും. എന്നിട്ട് ചെറുക്കന്റെ മുടി വെട്ടി ഷേവ് ചെയ്ത് ആകെ ചന്തത്തിലാക്കും. അതാണ് ചന്തം ചാർത്തൽ. പിന്നീട് കുളിപ്പിക്കാൻ കൊണ്ടു പോകും. കുളിച്ചു പുതുവസ്ത്രം ധരിച്ച് കുരിശു മാലയുമണിയിച്ച് മണവാളനായി തിരിച്ചു വരും. വീണ്ടും വേദിയിൽ തോഴനൊപ്പം ഇരിക്കും. പിതാവ് മണവാളനു തലേൽകെട്ടു കൊടുക്കും. കുടുംബക്കാരൊക്കെ വന്ന് ഈച്ചപ്പാടും പാച്ചോറും നൽകും. നടവിളിച്ചാണ് ചടങ്ങ് അവസാനിപ്പിക്കുക.

വിവാഹം കഴിഞ്ഞു വരുന്ന മണവാളനെയും മണവാട്ടിയെയും അമ്മായിയമ്മ ‘നെല്ലും നീരും’ വച്ച് അനുഗ്രഹിക്കും. ഒരു പാത്രത്തിൽ വെറ്റിലയും വെള്ളവും ഇട്ടു വച്ചിരിക്കും. ആ ഇലയെടുത്ത് മൂന്നു തവണ അവരുടെ നെറ്റിയിൽ കുരിശു വരയ്ക്കും.

പിന്നെ, വേദിയിലെത്തിയാൽ വാഴ്‌വ് പിടിക്കുക എ ന്നൊരു ചടങ്ങുമുണ്ട്. ഇരുകൂട്ടരെയും മുതിർന്നവർ വന്ന് അനുഗ്രഹിക്കുന്ന ചടങ്ങാണ്. പിന്നെയുള്ളതു കച്ച തഴുകൽ ചടങ്ങാണ്. മണവാട്ടിയുടെ ബന്ധുക്കൾക്കു സമ്മാനമായി കൊടുക്കുന്ന വസ്ത്രം മണവാളനെയും മണവാട്ടിയെയും എടുത്തു തഴുകി ആശീർവദിക്കുന്ന ചടങ്ങാണിത്. ഭദ്രദീപം കൊളുത്തി കേക്ക് മുറിച്ചാണ് അവർ കുടുബജീവിതത്തിലേക്കു കടക്കുക.

(തുടരും)