Wednesday 13 September 2023 03:30 PM IST

ക്ഷണക്കത്തു വരെ പ്രിന്റ് ചെയ്തുള്ള മെഹന്ദി നൈറ്റ്, മണവാട്ടിക്ക് 5മണിക്കൂർ വരെ നീളുന്ന മെഹന്ദിയിടൽ: വെഡിങ് സ്പെഷൽ

Rakhy Raz

Sub Editor

mehandi-night അനീഷ നിസാർ

അറിഞ്ഞോ...

കല്യാണങ്ങൾക്കിപ്പോൾ കാലമൊന്നുമില്ലത്രേ... കല്യാണം കഴിക്കാൻ എന്തിനാ ചിങ്ങവും മീനവും മേടവുമൊക്കെ എന്നാണ് ചെറുപ്പക്കാരുടെ മട്ട്. സ്വപ്നങ്ങളിലെ കല്യാണം കഴിക്കാൻ അഴകു വഴിയും ഊരുകൾ തേടിപ്പോകുന്ന പതിവും പൊയ്പ്പോയി.

പകരം നമുക്കു ചുറ്റും പൊഴിയുന്ന മഴയും തെളിയുന്ന വെയിലും കുളിരുന്ന മഞ്ഞും പുഞ്ചിരിക്കുന്ന പൂക്കാലവും കണ്ടെടുത്തു വിവാഹത്തിനുള്ള സുന്ദരൻ ആംബിയൻസ് സൃഷ്ടിക്കുകയാണ്. കുറച്ചു പേർ ഒത്തു കൂടുന്ന പല പല ആഘോഷങ്ങളടങ്ങുന്ന കോംപാക്ട് പാക്ക് ആണ് ഇപ്പോൾ കല്യാണാഘോഷങ്ങൾ.

ഹൽദിയും സംഗീതും മെഹന്ദിയും കല്യാണവും റിസപ്ഷനും പണ്ടത്തേതിൽ നിന്നും വ്യത്യസ്തമായി വിദഗ്ധമായി കൊറിയോഗ്രാഫ് ചെയ്ത, ചലച്ചിത്ര ഗാനം പോലെ സുന്ദരമായി മാറിയിരിക്കുന്നു. വിവാഹച്ചടങ്ങുകൾ മാതാപിതാക്കൾക്ക് ഇന്നൊരു ഭാരമല്ലാതായി മാറി. സന്തോഷത്തോടെ ആഘോഷിക്കാനുള്ള അവസരമാണ് ഓരോ വിവാഹവും. എയർ പിടുത്തം ഒക്കെ വിട്ട് മുതിർന്നവർ യുവതലമുറയുടെ വൈബ് സ്വന്തമാക്കുകയാണ്.

‘‘കോംപാക്ട് ആയ ആഘോഷ ദിനങ്ങളിലോരോന്നിലും ആരു വരണം എന്നതിനെക്കുറിച്ചു കൃത്യമായ ധാരണയുണ്ട് വധൂവരന്മാർക്ക്.’’ കൊച്ചിയിലെ ടാമറിൻഡ് വെഡ്ഡിങ്സ് പ്ലാനർ ദമ്പതിമാരായ അരബിന്ദ് ചന്ദ്രശേഖറും പങ്കാളി അനു ഇന്ദിരയും അനുഭവങ്ങളിൽ നിന്നു മാറ്റങ്ങളെ സാക്ഷ്യപ്പെടുത്തുന്നു.

‘‘പുതിയ തലമുറ വ്യത്യസ്തമായവ പരീക്ഷിക്കാൻ നമുക്ക് സ്വാതന്ത്ര്യം തരുന്നുണ്ട്. നല്ല ആശയങ്ങൾ സ്വീകരിക്കാനും അവർക്കു മടിയില്ല. പണ്ട് വീട്ടിലെ മുതിർന്നവ രാണ് വിവാഹം നടത്തിയിരുന്നതെങ്കിൽ ഇന്ന് അവർ പയ്യനും പെൺകുട്ടിയും ചേർന്നൊരുക്കുന്ന ആഘോഷത്തിന്റെ ഭാഗമാകുന്നുവെന്നേയുള്ളൂ. ഇതുതന്നെയാണ് ഈ അടുത്തകാലത്ത് നമ്മുടെ നാട്ടിലെ കല്യാണങ്ങൾക്ക് സംഭവിച്ച വലിയ മാറ്റവും.

wedding-trends-3 അരബിന്ദ് ചന്ദ്രശേഖർ, അനു ഇന്ദിര

ഡാൻസില്ലാതെ എന്ത് ആഘോഷം?

ഹിന്ദി സിനിമകളിൽ മാത്രം കല്യാണപ്പാട്ടും നൃത്തവും കണ്ടാസ്വദിച്ചിരുന്ന ഒരു കാലം മലയാളി ക്കുണ്ടായിരുന്നു. ഇന്നു പക്ഷേ, മികച്ച കൊറിയോഗ്രഫർമാർ അസ്സലായി പ്ലാൻ ചെയ്ത ഡാൻസ് കളിച്ചു കാഴ്ചക്കാരെ അമ്പരപ്പിക്കുന്നതാണ് ട്രെൻഡ്. വരന്റെയും വധുവിന്റെയും വീട്ടുകാരെ ഉൾക്കൊള്ളിച്ചുള്ള ഉഗ്രൻ നൃത്തപരിപാടി കല്യാണങ്ങൾക്ക് ഒഴിച്ചുകൂടാത്തതായി.

‘‘സെലിബ്രിറ്റി വിവാഹങ്ങൾ നിരീക്ഷിക്കുകയും അതു പകർത്തുകയും ചെയ്യുന്നുണ്ട് സാധാരണക്കാർ പോലും.’’ സെലിബ്രിറ്റി കൊറിയോഗ്രഫർ ബിജു ധ്വനിതരംഗ്.

‘‘വിവാഹനിശ്ചയം, വിവാഹ തലേനാൾ, വിവാഹ ദി നം, ഹൽദി, മെഹന്ദി, സംഗീത്, റിസപ്ഷൻ തുടങ്ങി വിവിധ അവസരങ്ങളിൽ വ്യത്യസ്ത ശൈലിയിൽ നൃത്തം കൊ റിയോഗ്രാഫ് ചെയ്യേണ്ടി വരുന്നുണ്ട്. വധുവിനെയും വരനെയും ആനയിച്ചു കൊണ്ടുവരുന്നതും ഇപ്പോൾ നൃത്തത്തിന്റെ അകമ്പടിയോടെയാണ്.

നടി ആശാ ശരത്തിന്റെ മകൾ ഉത്തരയുടെ ഹൽദി തമിഴ് രീതിയിൽ ആണ് ചെയ്തത്. തമിഴ് ഗാനങ്ങളുടെ മെഡ്‌ലി, മഞ്ഞൾ കുളിയുമായി ബന്ധപ്പെട്ടുവരുന്ന ഗാനങ്ങൾ എന്നിവയാണ് ഉപയോഗിച്ചത്.

മെഹന്ദി കേരള രീതി യിലായിരുന്നു. ഇരുന്നൂറോളം പേർ നിരന്ന തിരുവാതിര ആയിരുന്നു ആ ദിവസത്തിനായി തയാറാക്കിയത്. ഏകദേശം പന്ത്രണ്ടോളം നൃത്തങ്ങൾ ആ വിവാഹവുമായ ബന്ധപ്പെട്ട് അവതരിപ്പിക്കപ്പെട്ടു.

കൊറിയോഗ്രഫി ചെയ്ത വിഡിയോ ബ ന്ധുക്കൾക്കും സുഹൃത്തുക്കൾക്കും അയച്ചു കൊടുക്കുകയും ഫംങ്ഷന് അടുത്ത ദിവസങ്ങളിൽ എല്ലാവരും ഒരിടത്ത് ഒത്തുകൂടി പ്രാക്ടീസ് ചെയ്യുകയുമാണ് പതിവ്. അതുകൊണ്ടു വിദേശത്തുള്ളവർക്കു പോലും നൃത്തത്തിന്റെ ഭാഗമാകാൻ കഴിയും. വേഷവിധാനങ്ങളുടെ കാര്യത്തിലും ഏറെ ശ്രദ്ധിക്കുന്നുണ്ട്. സിനിമാറ്റിക് ആയാണ് ഈ നൃത്തങ്ങൾ അവതരിപ്പിക്കുന്നത്.’’

wedding-trends-1 ബിജു ധ്വനി തരംഗ്

ഇമ്മിണി ബല്യ മെഹന്ദി നൈറ്റ്

ഹൽദി, സംഗീത് തുടങ്ങിയ ഉത്തരേന്ത്യൻ കല്യാണാഘോഷങ്ങളെ നെഞ്ചിലേറ്റിയ കൂട്ടത്തിൽ മെഹന്ദി ആഘോഷം കൂടി മലയാളികൾ ജാതിമത ഭേദമില്ലാതെ തങ്ങളുടേതാക്കി മാറ്റിയിരിക്കുന്നു. കല്യാണത്തിനു കുറച്ചു ദിവസങ്ങൾക്കു മുൻപ് വീട്ടിലോ ഏതെങ്കിലും ഹാളിലോ വൈകുന്നേരത്തെ ചെറിയ ആഘോഷമായിരുന്ന മെഹന്ദി ഇപ്പോൾ ഏറ്റവുമടുത്ത ബന്ധുക്കളും സുഹൃത്തുക്കളും പങ്കെടുക്കുന്ന നൃത്തവും പാട്ടും പാർട്ടിയും ഉള്ള മനോഹരമായ രാത്രി ആഘോഷമാണ്.

പ്രത്യേക മെഹന്ദി ആർട്ടിസ്റ്റുകളാണ് പെൺകുട്ടിയുടെ ൈകാലുകളിൽ മെഹന്ദിയിട്ട് അണിയിച്ച് ഒരുക്കുന്നത്. മെഹന്ദി അണിയുമ്പോൾ പെർഫക്‌ഷൻ വേണമെന്ന് നിർബന്ധമുള്ളതുകൊണ്ട് ദൂരെ നിന്നു വരെ മെഹന്ദി ആർട്ടിസ്റ്റുകളെ ക്ഷണിക്കുന്ന പതിവും ഉണ്ട്.

‘‘കൊല്ലം കൊട്ടിയത്ത് ആണ് വീട്. എന്നാൽ കേരളത്തിലെങ്ങും വർക് ലഭിക്കുന്നുണ്ട്. ഡിസൈനുകളിലെ വൈവിധ്യമാണു കൂടുതൽ വർക്ക് നേടി തരുന്നത്.

mehandi-77

ക്ഷണക്കത്തു വരെ പ്രിന്റ് ചെയ്തുള്ള മെഹന്ദി നൈറ്റ് ആണ് ഇപ്പോൾ ഒരുങ്ങുന്നത്. വധുവിന് മെഹന്ദി ഇടൽ അഞ്ച്–ആറു മണിക്കൂർ നീളുന്ന കാര്യമാണ്. അതിന് ആ ഘോഷത്തിന്റെ നി റം വരുമ്പോൾ ഒ ട്ടും തന്നെ മടുക്കാതെ അതു ചെയ്യാനാകും.

പ്രധാന മെഹന്ദി ആർട്ടിസ്റ്റ് വധുവിന് മെഹന്ദി ഇട്ടു കൊടുക്കുമ്പോൾ ബന്ധുക്കൾക്കും അതിഥികളായെത്തുന്നവർക്കും മെഹന്ദി ഇട്ടുകൊടുക്കാനായി അസിസ്റ്റന്റ് ഉണ്ടാകും.’’ ‘മെഹന്ദി ബൈ ഇഷ’ എന്ന മെഹന്ദി സ്റ്റുഡിയോയിലൂടെ പേരെടുത്ത അനീഷ പറയുന്നു.

രാഖി റാസ്