Wednesday 01 November 2023 02:34 PM IST

പെൺകുട്ടികൾ വിവാഹത്തോടു ‘നോ’ പറയുന്നോ?: വിവാഹം വൈകിപ്പിക്കുന്നതിനു പിന്നിൽ... പുതുതലമുറ പ്രതികരിക്കുന്നു

Roopa Thayabji

Sub Editor

wedding-survey

പുതുതലമുറ പെൺകുട്ടികൾ വിവാഹത്തോടു ‘നോ’ പറയുന്നോ? മലയാളി പയ്യന്മാർ വിവാഹപ്രായമെത്തിയിട്ടും ‘പുര നിറഞ്ഞു’ കാത്തുനിൽക്കുന്നോ? ഗാമോഫോബിയ നമ്മുടെ നാട്ടിലുമെത്തിയോ? വിവാഹത്തെ കുറിച്ചും ജീവിതത്തെ കുറിച്ചുമുള്ള പുതിയ പെൺകുട്ടികളുടെ കാഴ്ചപ്പാട് എന്ത്? ചെറുപ്പക്കാരികളുടെ / പെൺകുട്ടികളുടെ വിവാഹത്തെ കുറിച്ചുള്ള ‘ഉള്ളിലിരിപ്പ്’ അറിയാൻ വനിത നടത്തിയ അന്വേഷണത്തിൽ തെളിഞ്ഞതു പുതുതലമുറയുടെ മനസ്സാണ്.

18 മുതൽ 40 വയസ്സു വരെയുള്ള, വിദ്യാർഥിനികളും തൊഴിലന്വേഷകരും ജോലിക്കാരും ചേർന്ന 800 പേരുടെ തിരഞ്ഞെടുത്ത ഗ്രൂപ്പിനാണു ഞങ്ങൾ ചോദ്യാവലി കൈമാറിയത്. സർവേയിൽ പങ്കെടുക്കുന്നവരുടെ വിവരങ്ങൾ സ്വകാര്യമായി സൂക്ഷിക്കുമെന്ന ഉറപ്പും നൽകി.

ഉത്തരങ്ങൾ രേഖപ്പെടുത്തിയതിനു പിന്നാലെ കമന്റുകളായും മെസ്സേജിലൂടെയും അഭിപ്രായം അറിയിച്ചവരും നിരവധി.

വനിതയുടെ സർവേ ഫലം രസകരവും ഞെട്ടിക്കുന്നതും ‘പലരുടെയും’ കണ്ണു തുറപ്പിക്കുന്നതുമായ ഒട്ടേറെ വിവരങ്ങൾ നിറഞ്ഞതാണ്. ഇതു വായിക്കും മുൻപ് ഒരു മുന്നറിയിപ്പ്, ‘നിങ്ങളുടെ മകളോ സഹോദരിയോ പ്രണയിനിയോ പങ്കാളിയോ സുഹൃത്തോ ഇവയോടു യോജിച്ചാൽ അതു തികച്ചും സ്വാഭാവികം മാത്രം.’

വിവാഹത്തോടു ഫോബിയയോ?

ഒരു തലമുറ പിന്നിലേക്കു പോയി വരാം. പെൺകുട്ടികൾ ‘പുര നിറഞ്ഞു’ നിൽക്കുന്നതു വീട്ടുകാർക്കു വലിയ ആധിയാണ്. എങ്ങനെയും കൊച്ചിനെ ‘കൊള്ളാവുന്ന’ ചെക്കന്റെ കൈപിടിച്ച് ഏൽപ്പിച്ചില്ലെങ്കിൽ സമാധാനമില്ല. ഇക്കാലത്തും പെൺകുട്ടികൾ വിവാഹം നീട്ടി വയ്ക്കുന്നതിനെ കുറിച്ചു പലരും പലതും ഊഹിക്കുന്നുണ്ട്.

സർവേയുടെ പശ്ചാത്തല വിവരങ്ങൾ തേടിയ അവസരത്തിൽ ഞങ്ങളും കേട്ടു ഒരു ന്യൂജെൻ പേര്, ഗാമോഫോബിയ. വിവാഹത്തോടുള്ള ഈ പേടി കൊണ്ടാണത്രേ നമ്മുടെ പെൺകുട്ടികൾ വിവാഹം വേണ്ടെന്നു വയ്ക്കുന്നത്. ആ ചോദ്യത്തിനുത്തരം ഇതാ. പെൺകുട്ടികൾ ‘പുര നിറഞ്ഞു’ നിൽക്കേണ്ട പ്രായപരിധി 18ൽ നിന്നു വളരെ ഉയർന്നു കഴിഞ്ഞു. 25 വയസ്സു കഴിഞ്ഞു മതി എന്റെ വിവാഹമെന്ന് ഉറപ്പിച്ചു പറഞ്ഞു, സർവേയിൽ പങ്കെടുത്ത 87 ശതമാനം പേരും.

വിവാഹം ഏതു പ്രായത്തിൽ വേണം എന്ന ചോദ്യത്തിന് 18 മുതൽ 24 വരെ എന്ന ആദ്യ ഉത്തരം തിരഞ്ഞെടുത്തത് വെറും ഒൻപതു ശതമാനം മാത്രം.

25– 30 വയസ്സാണു വിവാഹത്തിന്റെ ഐഡിയൽ പ്രായമെന്നു 63 ശതമാനം പേരും അഭിപ്രായപ്പെട്ടു. 30 വയസ്സു കഴിഞ്ഞു മതി വിവാഹമെന്നു പറഞ്ഞതു 24 ശതമാനം പേരാണ്. വിവാഹമേ വേണ്ട എന്നു പ്രതികരിച്ചവർ നാലു ശതമാനമേയുള്ളൂ.

ലക്ഷ്യങ്ങൾ പലത്

ബാച്ചിലർ ലൈഫിലെ രസവും ത്രില്ലുമൊന്നുമല്ല ഈ തീരുമാനത്തിനു പിന്നിലെന്ന് അമേരിക്കയിൽ ഫാർമസിസ്റ്റായി ജോലി ചെയ്യുന്ന കടുത്തുരുത്തിക്കാരി ആൽഫി എലിസബത്ത് പറയുന്നു. ‘‘നാട്ടിലെ വീടും സ്ഥലവുമൊക്കെ പണയത്തിലാക്കിയാണു വീട്ടുകാർ പഠിക്കാൻ വിട്ടത്. ജോലി കിട്ടിയ പിറകേ ഓരോന്നായി തിരികെ എടുത്തു. ഇപ്പോൾ എന്റെ സമ്പാദ്യം കൊണ്ടു നല്ലൊരു വീടു വാങ്ങാനുള്ള ശ്രമത്തിലാണ്.

പ്രായം 30 കടന്നെങ്കിലും ജീവിതത്തിൽ ഇങ്ങനെ മനോഹരമായ വലിയ ലക്ഷ്യങ്ങൾ ഉള്ളതു കൊണ്ട് അതു കഴിഞ്ഞു മതി വിവാഹം എന്ന് അച്ഛനോടും അമ്മയോടും പറഞ്ഞിട്ടുണ്ട്.’’ അത് അവർ അംഗീകരിച്ചതിന്റെ സന്തോഷമുണ്ട് ആൽഫിയുടെ മുഖത്ത്.

ചെക്കനെ തിരഞ്ഞെടുക്കൽ വീട്ടുകാരുടെ എക്സ്ക്ലൂസിവ് സ്വകാര്യാധികാരം ആയിരുന്ന കാലം മാറിയെന്നു പെൺകുട്ടികൾ പറയുന്നു.

പരമ്പരാഗത പെണ്ണുകാണൽ രീതിയോടും പുതുതലമുറ ഗുഡ്ബൈ പറഞ്ഞു കഴിഞ്ഞു. പെണ്ണിനെ കാണാൻ ആ ൺകുട്ടിയുടെ കുടുംബം വരുന്നതു പോലെ ‘ചെന്നു കയറേണ്ട’ വീടു കാണാൻ പെൺകുട്ടിക്കും അവസരം വേണമെന്നു വാദിക്കുന്നു പകുതിയിലേറെ പേരും (61 ശതമാനം).

അറേഞ്ച്ഡ് വിവാഹം തന്നെ മതി എന്നു കണ്ണുംപൂട്ടി പറഞ്ഞത് 7.5 ശതമാനം മാത്രമാണ്. പ്രണയവിവാഹത്തെ പൂർണമായി പിന്തുണയ്ക്കുന്ന 22 ശതമാനം പേരേ ഉള്ളൂ. ബാക്കിയുള്ളവർ എന്തു പറഞ്ഞു എന്നു തല പുകയ്ക്കേണ്ട. വീട്ടുകാർ കണ്ടുപിടിച്ച ആളായാലും പരിചയവും സൗഹൃദവുമായി മുന്നോട്ടു പോയി ഇണങ്ങുന്ന ആളാണോ എന്നു മനസ്സിലാക്കിയ ശേഷം മതി വിവാഹമെന്നാണു 68 ശതമാനം പേരും ഉത്തരം നൽകിയത്.

കൊച്ചിയിൽ എൻജിഒ സ്ഥാപനത്തിൽ ജോലി ചെയ്യുന്ന സുരഭി ഈ വിഭാഗത്തിന്റെ പ്രതിനിധിയാണ്. വിവാഹപ്രായമെത്തിയ മകളുടെ പ്രൊഫൈൽ മാട്രിമോണിയൽ സൈറ്റിൽ റജിസ്റ്റർ ചെയ്തു കാത്തിരുന്ന രക്ഷിതാക്കൾ അഞ്ചു പയ്യന്മാരെ ഷോർട്ട് ലിസ്റ്റ് ചെയ്തു.

ബാങ്ക് ഉദ്യോഗസ്ഥനായ ആദ്യയാളെ ഒറ്റനോട്ടത്തിൽ സുരഭി തള്ളി. ‘‘ബാങ്കിലെ ജോലിക്കാർ കരിയറും അവിടെ നിക്ഷേപിക്കും. കരിയർ ജംപിനു മടിയില്ലാത്ത ഒരാളെയാണു ‍ഞാൻ തേടുന്നത്. ജീവിതത്തെ കുറച്ചുകൂടി ത്രില്ലോടെ കാണുന്നത് അവരാകും.’’ സുരഭിയുടെ വിവാഹസ്വപ്നങ്ങളിൽ ഭാവിവരന്റെ ജോലിയോ ശമ്പളമോ ഒരു പ്രശ്നമേയല്ല.

wedding-survey-1

കരിയറും ഭാവിയും

സുരഭിയെ പോലെ ഭാവി വരന്റെ ജോലിക്കാര്യത്തിൽ ‘ലിബറൽ’ ആണു നമ്മുടെ പെൺകുട്ടികൾ. പങ്കാളിയുടെ ശമ്പളം എത്രയാകണം എന്ന ചോദ്യത്തിനു ‘ശമ്പളം ഒരു പ്രശ്നമേയല്ല’ എന്നു പകുതിയോളം പേരും (46 ശതമാനം) പ്രതികരിച്ചു. എനിക്കൊപ്പമോ എന്നേക്കാൾ കൂടുതലോ ശമ്പളം പങ്കാളിക്ക് ഉണ്ടാകണമെന്ന് ഉറപ്പിച്ചു പറഞ്ഞവർ 52 ശതമാനം.

ശമ്പളക്കാര്യത്തിൽ ഇത്തരം നിബന്ധനകളുള്ള പെൺകുട്ടികൾക്കു പൊരുത്തത്തിൽ ഒറ്റവാക്കേ ഉള്ളൂ. വിവാഹത്തിൽ ഏറ്റവും പ്രധാനമായി നോക്കേണ്ട പൊരുത്തം ജാതകമല്ല, പയ്യന്റെ സ്വഭാവമാണ് (76 ശതമാനം). അതറിയാൻ വേണ്ടിയാണു വീട്ടുകാർ കണ്ടുപിടിച്ച ആളായാലും സൗഹൃദത്തോടെ കുറച്ചു കാലം മുന്നോട്ടു പോകാൻ അവർ സമയം ആവശ്യപ്പെടുന്നത്. പരസ്പരമുള്ള ബഹുമാനവും ജീവിതത്തെ കുറിച്ചുള്ള കാഴ്ചപ്പാടുമൊക്കെ വിലയിരുത്താനുള്ള അവസരം ഇതിലൂടെ കിട്ടും.

പൊരുത്തം നോക്കുമ്പോൾ ജോലിക്കും വിദ്യാഭ്യാസ യോഗ്യതയ്ക്കും സാമ്പത്തിക ഭദ്രതയ്ക്കും ഏതാണ്ടു തുല്യപ്രാധാന്യമാണ് (8%, 8%, 7%) യുവതലമുറ കൊടുത്തത്.

ആഡംബരമല്ല ആഹ്ലാദമാണു വലുത്

ഇത്രയും കണക്കുകൂട്ടലുകളൊക്കെ നടത്തി തിരഞ്ഞെടുക്കുന്ന പങ്കാളിയോടു പെൺകുട്ടികൾ വിവാഹസങ്കൽപം പറയുന്നത് ഇങ്ങനെയാകും. ‘ബന്ധുക്കളും സുഹൃത്തുക്കളും ഏറ്റവും പ്രിയപ്പെട്ടവരുമായി 100 പേരുള്ള കല്യാണാഘോഷം മതി. താലികെട്ടും റജിസ്റ്ററിൽ ഒപ്പുവയ്ക്കലുമെല്ലാമായി ഒരേയൊരു ചടങ്ങു മാത്രം.’ 100ൽ താഴെ ആളുകൾ പങ്കെടുക്കുന്ന വിവാഹം മതി എന്നുറപ്പിച്ചു പറഞ്ഞതു 67 ശതമാനം പേരാണ്. ഒറ്റ ചടങ്ങായി ചുരുക്കണമെന്നും ഏതാണ്ട് അത്രയും പേർ (64 ശതമാനം) തുറന്നു പറഞ്ഞു. റജിസ്റ്റർ വിവാഹം മതിയെന്നു പറഞ്ഞത് 17 ശതമാനം.

‘‘ പ്രിയപ്പെട്ട കുറച്ചു പേരുടെ നടുവിൽ നിന്നു വിവാഹം കഴിക്കുന്നതിനെക്കാൾ ആഹ്ലാദം ദിവസങ്ങൾ നീളുന്ന കല്യാണ മാമാങ്കത്തിനു തരാനാകുമോ?’’ തിരുവനന്തപുരം, കാര്യവട്ടം യുണിവേഴ്സിറ്റി ക്യാംപസിൽ നിന്ന് എംഎസ്‌സി പഠനം പൂർത്തിയാക്കി ടെക്നോപാർക്കിൽ ജോലിക്കു കയറിയ കൃഷ്ണജ ചോദിക്കുന്നു.

ഒരു തലമുറ മുൻപു വരെ വിവാഹജീവിതത്തിലെ പ്രശ്നങ്ങൾ തുറന്നുപറയാൻ പലരും മടിച്ചിരുന്നു. പ്രശ്നങ്ങൾ ഉള്ളിലടക്കിയും അടിച്ചമർത്തിയുമുള്ള ‘ഒരു പ്രത്യേക തരം ജീവിതം.’ എന്നാൽ ഇഷ്ടങ്ങളും അനിഷ്ടങ്ങളും പരിഗണിച്ചും, ആ പ്രശ്നങ്ങളെ തുറന്ന മനസ്സോടെ അഭിമുഖീകരിച്ചുമാണു പുതിയ തലമുറ ദാമ്പത്യത്തിലേക്കു പ്രവേശിക്കുന്നത്. അതു ഭാര്യാഭർതൃ ബന്ധത്തിലെ വിശ്വസ്തത കൂട്ടുമെന്ന് സിനിമാ കോസ്റ്റ്യൂം ഡിസൈനറായ സഖി എൽസ പറയുന്നു. ‘‘മുൻപ് അടിച്ചമർത്തപെട്ടിരുന്ന പ്രശ്നങ്ങളൊക്കെ ഇപ്പോൾ അഡ്രസ് ചെയ്യപ്പെടുന്നുണ്ട്. മറ്റൊരാളെ ഇടപെടുത്താതെ തന്നെ വിവാഹജീവിതം മുന്നോട്ടു കൊണ്ടുപോകാനാണ് അവർക്കിഷ്ടം.’’

wedding-survey-3

പ്രശ്നമോ പേടിയോ

രക്ഷിതാക്കളുടെ ഉപദേശങ്ങളും അറിവും വിവാഹജീവിതത്തിൽ പ്രയോജനം ചെയ്യുന്ന കാര്യം തന്നെ. പക്ഷേ, വിവാഹം കഴിഞ്ഞു കൂട്ടുകുടുംബത്തിൽ താമസിക്കാൻ പുതിയ തലമുറയ്ക്കു താൽപര്യമില്ല. അതു നല്ലതാണെന്നു പറഞ്ഞവർ 24 ശതമാനമേയുള്ളൂ. ബാക്കിയുള്ളവർക്കെല്ലാം വിവാഹം കഴിഞ്ഞ ഉടനെയോ കുറച്ചു നാൾ കഴിഞ്ഞോ ‘‍ഞാനും ഞാനുമെന്റാളും’ മതിയെന്ന ലൈനാണ്.

വിവാഹത്തോടുള്ള പേടിയെ കുറിച്ചായിരുന്നു സുപ്രധാനമായ ഒരു ചോദ്യം. വിവാഹം എന്നോർത്താൽ ഉള്ളിൽ വെള്ളിടി വെട്ടുമോ? ഉണ്ടെന്നാണ് 90% പെൺകുട്ടികളും ഒരേ ശബ്ദത്തിൽ പറഞ്ഞത് (സർവേയിൽ പങ്കെടുത്ത 82 പേർ ഈ ചോദ്യത്തിന് ഉത്തരം നൽകിയില്ല). ഈ പേടിക്കു കാരണമെന്തെന്നോ? പാചകം ഇഷ്ടമില്ലാത്തതാണു വിവാഹത്തെ കുറിച്ചുള്ള 8 % പേരുടെയും പ്രധാന തലവേദന. വീട്ടുകലഹം സഹിക്കാനാകാത്തവരും (12%), ഗർഭധാരണവും പ്രസവവുമൊന്നും താൽപര്യമില്ലാത്തവരും (10%) കൂട്ടത്തിലുണ്ട്. വിവാഹത്തോടെ സർവസ്വാതന്ത്ര്യവും ന ഷ്ടമാകുമെന്ന പേടിയുണ്ട് 30 % പെൺകുട്ടികൾക്കും.

ദാമ്പത്യ പരാജയങ്ങൾ കണ്ടും കേട്ടും മടുത്ത പുതുതലമുറയുടെ പ്രധാന പേടി ‘എനിക്കും അങ്ങനെ സംഭവിക്കുമോ’ എന്നാണ്. 40 % പേരാണു ഈ ആശങ്ക പങ്കുവച്ചത്.

കൊച്ചി, വണ്ടർവോൾ മീഡിയയിൽ ഡയറക്ടറായ ല ക്ഷ്മി സർവേയിൽ പങ്കെടുത്ത മുഴുവൻ പേരുടെയും പ്രതിനിധിയായി കാര്യങ്ങൾ ഇങ്ങനെ പറഞ്ഞവസാനിപ്പിച്ചു. ‘‘പരസ്പര ബഹുമാനവും സഹകരണവുമാണു പ്രധാനം. ആണിനും പെണ്ണിനും സ്വന്തം കാലിൽ നിൽക്കാനുള്ള കഴിവു വേണം. അപ്പോൾ വേണ്ടതു തിരഞ്ഞെടുക്കാനുള്ള സ്വാതന്ത്ര്യമുണ്ടാകും. അപ്പോൾ പെൺകുട്ടികൾ പറയും വിവാഹത്തെ കുറിച്ചുള്ള അവരുടെ തീരുമാനം.’’

നിങ്ങൾക്കുണ്ടോ ഗാമോഫോബിയ

ഗാമോസ് എന്ന ഗ്രീക്ക് പദത്തിന്റെ അർഥം വിവാഹം എന്നാണ്, ഫോബിയ എന്നാൽ ഭയവും. ബന്ധങ്ങളിൽ ഏർപ്പെടാനുള്ള ഭയമാണ് ഗാമോഫോബിയ എന്നു പൊതുവായി പറയാമെങ്കിലും വിവാഹബന്ധത്തോടുള്ള പേടിയെയാണ് ഈ പേരുകൊണ്ടുദ്ദേശിക്കുന്നത്.

ബ്രേക് അപ്, കുടുംബ പ്രശ്നങ്ങൾ, വിവാഹമോചനം, ഒറ്റപ്പെടൽ തുടങ്ങി എപ്പോഴെങ്കിലും അനുഭവിച്ച വേദന നിറഞ്ഞ ഭൂതകാല അനുഭവമാകും ഈ ഭയത്തിനു പിന്നിൽ. വീണ്ടും ആ അനുഭവം ഉണ്ടാകുമോ എന്ന ആശങ്ക. അതുകൊണ്ടുതന്നെ എല്ലാ അർഥത്തിലും ഒരു ബന്ധത്തിൽ മുഴുകാൻ ഇത്തരക്കാർ ഭയപ്പെടും. പ്രിയപ്പെട്ടവരിൽ നിന്നൊക്കെ അകലം സൂക്ഷിക്കും.

ഗാമോഫോബിയയിൽ ആൺപെൺ വ്യത്യാസമില്ല. ചില ലക്ഷണങ്ങൾ ശ്രദ്ധിച്ചാൽ നിങ്ങളിൽ ഒരു ‘ഗാമോഫോബിക്’ ഉണ്ടോ എന്നറിയാം. ദീർഘകാല അടുപ്പം സൂക്ഷിക്കാതിരിക്കുക, റിലേഷൻഷിപ്പിൽ ആയിരിക്കുമ്പോഴും ‘ഇത് അവസാനിച്ചു പോകുമോ’, ‘അയാൾ എന്ന വിട്ടുപോകുമോ’ എന്ന ആശങ്ക, സൗഹൃദത്തിനെത്തുന്നവരെ അകലത്തിൽ നിർത്തുന്ന, പെട്ടെന്നു സൗഹൃദവും സംസാരവും അവസാനിപ്പിക്കുന്ന സ്വഭാവം തുടങ്ങിയവയൊക്കെ ഗാമോഫോബിയയുടെ ലക്ഷണമാകാം.

വിവാഹബന്ധത്തിലോ പ്രണയത്തിലോ ഏർപ്പെടുന്നതിൽ നിന്നു പിന്തിരിപ്പിക്കുന്ന മറ്റു ഫോബിയകളുമുണ്ട്. പ്രണയത്തോടുള്ള ഭയം (Philophobia), മറ്റുള്ളവരെ വിശ്വസിക്കാനും പ്രിയപ്പെട്ടവരിൽ നിന്നു മനസ്സിനു മുറിവേൽക്കുമോ എന്നുമുള്ള പേടി (Pistanthrophobia), സെക്സിനോടും സെക്ഷ്വൽ ഇന്റിമസിയോടുമുള്ള പേടി (Genophobia), ഉപേക്ഷിക്കപ്പെടുമോ എന്ന ഭയം തുടങ്ങിയവയൊക്കെ ഈ ഗണത്തിൽ പെടും.

രൂപാ ദയാബ്ജി