Friday 17 April 2020 04:12 PM IST

പെൻസിൽ മുനയിൽ വിരിയും അപൂർവ സുന്ദര ശില്പങ്ങൾ; കയ്യടിക്കാം ഈ കരവിരുതിന്

Rakhy Raz

Sub Editor

pencil

ലോകത്തെ ഏറ്റവും മനോഹര ശില്പങ്ങളിൽ ഒന്നാണ് പിയത്ത. 174x195 സെ മി ആണ് വലുപ്പം. ഈ ശിൽപം അതേ മനോഹാരിതയോടെ ഏറ്റവും ചെറുതായി പുനർ നിർമ്മിച്ചിട്ടുണ്ട്. അത് ചെയ്തതോ കോട്ടയം തെള്ളകംകാരനായ മലയാളി തോമസ് ജേക്കബ്.

2019 ൽ കാനഡയിൽ ക്യുബെക്കിൽ നടന്ന പത്താമത് ഇന്റർനാഷണൽ മിനിയേച്ചർ ആർട് എക്സിബിഷനിൽ മികച്ച മിനിയേച്ചർ ശില്പത്തിനുള്ള ജൂറി അവാർഡും തോമസിന് ലഭിച്ചു. ഫ്രാൻസിൽ രണ്ടാം സ്ഥാനവും ഫോബ്‌സ് പട്ടികയിൽ 35 ആം സ്ഥാനവും ഉള്ള ലക്ഷ്വറി ബ്രാൻഡ് ആയ ഹെർമിസ് തങ്ങളുടെ പ്രമോഷനായി അവരുടെ 17 പ്രൊഡക്റ്റുകളുടെ മിനിയേച്ചർ രൂപം കൂടി ചെയ്യിച്ചതോടെയാണ് മിനിയേച്ചർ കലാ ശിൽപ ലോകത്ത് തോമസ് എന്ന പേര് സുപരിചിതമായത്. തോമസ് മിനിയച്ചേഴ്സ എന്നു ഫേസ് ബുക്കിലും ഇൻസ്റ്റാഗ്രാമിലും സെർച്ച് ചെയ്താൽ തോമസിന്റെ കുഞ്ഞൻ ശില്പങ്ങളുടെ അത്ഭുത ലോകം കാണാം.

pencil_1

അഞ്ചാം ക്ലാസ്സിൽ പഠിക്കുമ്പോൾ ടീച്ചർ എഴുതി കളയുന്ന കുട്ടി ചോക്ക് കഷണത്തിൽ കോംപസ് കൊണ്ട് മുഖങ്ങൾ ഉണ്ടാക്കിയാണ് തോമസിന്റെ മിനിയേച്ചർ ശില്പ നിർമാണത്തിന്റെ തുടക്കം. " അന്ന് ഇങ്ങനെ ഒരു ആർട് ഫോം ഉണ്ടെന്നോ, അതിനെ എന്തു വിളിക്കുമെന്നോ ഒന്നും എനിക്ക് അറിയില്ല. എന്ജിനീറിങ്ങും എം ബി എയും പഠിച്ചു ഐ ടി മേഖലയിൽ ഉദ്യോഗസ്ഥനായപ്പോഴും ശിൽപകല വിട്ടില്ല. ഇൻസ്റ്റഗ്രാമിലും ഫേസ് ബുക്കിലും സൃഷ്ടികൾ പോസ്റ്റ് ചെയ്തു തുടങ്ങിയതോടെ ഒരുപാട് പേർ അഭിനന്ദിച്ചു. "
ശില്പങ്ങൾ കൂടുതലും പെൻസിൽ മുനയിൽ ആണ് ചെയ്തെടുക്കുന്നത്. മനുഷ്യ രൂപങ്ങൾ മുഖഭാവം അടക്കം ചെയ്തെടുക്കാനാണ് തോമസിന് ഇഷ്ടം. ദ് മിറർ, ചൈൽഡ്ഹുഡ്‌, ബാസ്കറ്റ് ബോൾ ഇതിഹാസം കോബി ബ്രയാന്റിനെ അനുസ്മരിച്ചുള്ള ശിൽപം എന്നിവ തോമസിന്റെ പ്രശംസ നേടിയ ശില്പങ്ങളിൽ ചിലതാണ്.

pencil_3

കാനഡയിൽ രണ്ടു വർഷത്തിൽ ഒരിക്കൽ നടക്കുന്ന ഇന്റർനാഷണൽ മിനിയേച്ചർ ആർട് എക്സിബിഷൻ ടീം തോമസിനെ ബന്ധപ്പെട്ട് ശില്പങ്ങൾ മത്സരത്തിന് അയക്കാൻ അവശ്യപ്പെട്ടതോടെയാണ് താൻ ചെയ്യുന്നതിന്റെ സർഗാത്മക പ്രാധാന്യം തോമസിന് മനസിലായത്. വിദേശത്തു മിനിയേച്ചർ ശിൽപ കലയ്ക്ക് ഏറെ ആരാധകരും വിൽപന സാധ്യതയും ഉണ്ടെന്നും.

pencil_2

" ഐ ടി ജോലിയേക്കാൾ എനിക്ക് ഇഷ്ടം ശിൽപ്പകല ആയിരുന്നതിനാൽ ജോലി വിട്ട് ആർട്ടിൽ കേന്ദ്രീകരിക്കാൻ തീരുമാനിച്ചു. ഡാഡിയും മമ്മിയും ഭാര്യ പ്രിയയും പിന്തുണച്ചതോടെ ധൈര്യമായി. ഇപ്പോൾ റയാൻ, ഏതൻ, എസ്ക്കിയൽ എന്ന മൂന്ന് മക്കളോടൊപ്പം കാനഡയിലേക്ക് താമസം മാറ്റിയിരിക്കയാണ് തോമസ്. അവിടെ പാർട്ട് ടൈം ജോലിയും മിനിയേച്ചർ ശില്പകലയും നല്ല രീതിയിൽ കൊണ്ടു പോകാനാകും. പ്രമുഖ കേന്ദ്രങ്ങളിൽ വർക്ക് ഉള്ളത്തിനൊപ്പം സ്വന്തമായി മിനിയേച്ചർ ഗാലറിയും ഉണ്ട് " തോമസ് പറയുന്നു.