Wednesday 11 December 2019 12:10 PM IST : By Raju Narayana Swamy

‘ആരാകാനാണ് ആഗ്രഹ’മെന്ന ചോദ്യത്തിന് ഉത്തരം പറയേണ്ടത് രക്ഷിതാക്കളല്ല, കുട്ടികൾ തന്നെയാണ്!

raju-narayanaswamy

‘ചങ്ങനാശേരിയിലെ ഒരു സാധാരണ കുടുംബത്തിൽ അധ്യാപക ദമ്പതികളുടെ മകനായാണ് ഞാൻ ജനിച്ചത്. അച്ഛൻ എസ്ബി കോളജിൽ കണക്ക് പ്രഫസറായിരുന്നു. തൃശൂർ കേരളവർമ കോളജിലെ സുവോളജി അധ്യാപികയായിരുന്ന അമ്മ, ഞാൻ ജനിച്ചതോടെ ജോലി രാജിവച്ചു. എന്നെ സ്കൂളിൽ ചേർത്ത സമയത്തായിരുന്നു പ്രൈവറ്റ് കോളജ് അധ്യാപകസമരം. അതോടെ വീട്ടിൽ സാമ്പത്തിക ബുദ്ധിമുട്ടായി. ഫീസ് കൊടുക്കാൻ പണമില്ലാതെ എന്റെ പഠനം മുടങ്ങി. നാലാം വയസ്സിലെ ആ ഓർമ ഇന്നും വേദനയാണ്.

സ്വപ്നം തന്നത് അച്ഛൻ

അച്ഛനുമമ്മയ്ക്കും ആണും പെണ്ണുമായി ഒറ്റമകൻ, ഒരുപാട് ലാളിച്ചാണ് വളർത്തിയതെങ്കിലും അമിതലാളന കൊണ്ട് ഞാൻ വഷളായിപ്പോകരുതെന്ന കാര്യത്തിലും അവർ ശ്രദ്ധിച്ചു. ഒന്നാം ക്ലാസ് മുതൽ നാലു വരെ മലയാളം മീഡിയം സ്കൂളിലാണ് പഠിച്ചത്. എഴുപതുകളിലായിരുന്നു എന്റെ എൽപി സ്കൂൾ പഠനകാലം. ഒരു ദിവസം കോട്ടയം കലക്ട്രേറ്റ് എന്ന ബഹുനിലക്കെട്ടിടം ചൂണ്ടിക്കാണിച്ച് അച്ഛൻ പറഞ്ഞു, ‘‘പഠിച്ചു മിടുക്കനായി നീയും ഒരുനാൾ അവിടെയിരിക്കണം. അതൊരു വലിയ പ്രചോദനമായിത്തീർന്നു. പിൽക്കാലത്ത് കോട്ടയം ജില്ലാ കലക്ടറായി സേവനമനുഷ്ഠിക്കാൻ കഴിഞ്ഞത് മഹാഭാഗ്യം.’’

കളിയിലൂടെയും മറ്റും പഠിത്തത്തിൽ താൽപര്യമുണ്ടാക്കാൻ അച്ഛൻ പ്രോത്സാഹിപ്പിച്ചു. അച്ഛനായിരുന്നു എന്റെ ഏറ്റവും നല്ല സുഹൃത്ത്. അച്ഛനൊപ്പം പന്തുകളിക്കുന്നത് ഇപ്പോഴും ഓർമയുണ്ട്. ഞാൻ തട്ടിവിടുന്ന പന്ത് തിരികെ തട്ടിത്തരണമെങ്കിൽ കണക്കിലെ ഒരു സൂത്രവാക്യം ഞാൻ പറയണമായിരുന്നു. പാഠാവലിയിലെ ഒരു കവിത പഠിക്കുമ്പോൾ മറ്റു ചിലവ കൂടി അച്ഛൻ പഠിപ്പിച്ചു തരും. അങ്ങനെയങ്ങനെ പഠിക്കാനുള്ള പ്രേരണ പല രീതിയിൽ കിട്ടി. എന്നുകരുതി പഠനത്തിൽ മാത്രം ശ്രദ്ധ കേന്ദ്രീകരിക്കാനല്ല അവരെന്നോടു പറഞ്ഞത്. പ്രസംഗത്തിലും കഥാപ്രസംഗത്തിലും ഏകാഭിനയത്തിലും അക്ഷരശ്ലോകത്തിലുമൊക്കെ പ്രോത്സാഹിപ്പിച്ചു. ആകാശവാണി ശിശുദിനാഘോഷത്തോട് അനുബന്ധിച്ച് നടത്തിയ കഥാപ്രസംഗ മത്സരത്തിൽ ഒന്നാംസ്ഥാനം നേടുമ്പോൾ എനിക്ക് ഏഴു വയസ്സേ ഉള്ളൂ.

ഐഐടിയിലെ പഠനത്തിനു ശേഷം വിദേശത്ത് സ്കോളർഷിപ്പോടെ ഉപരിപഠനം നടത്താനുള്ള സാധ്യതകളെല്ലാം വേണ്ടെന്നു വ ച്ചിട്ടാണ് സിവിൽ സർവീസ് തിരഞ്ഞെടുത്തത്. ‘ടു ബി വൺ വിത്ത് ദ കോമൺമാൻ’ എന്ന സിവിൽ സർവീസിലെ അടിസ്ഥാനസങ്കൽപമാണ് ആ തീരുമാനത്തിനു പിന്നിലും. ബിടെക് പാസായി കംപ്യൂട്ടർ സയൻസിൽ ഗവേഷണം നടത്തിക്കൊണ്ടിരിക്കുമ്പോൾ ഹോബി എന്ന നിലയിലാണ് സിവിൽ സർവീസിനു തയാറെടുക്കുന്നത്. അച്ഛന്റെ വിഷയമായ കണക്കായിരു ന്നു എന്റെയും ഓപ്ഷനൽ. പിന്നെ, ഫിസിക്സും. 1991ൽ സിവിൽ സർവീസ് പാസായി, 23–ാം വയസ്സിൽ ഐഎഎസിൽ കയറി.

പഠനത്തിനു വഴിയൊന്ന്

ഏതു വിഷയം പഠിച്ചാലും ആ വിഷയത്തെ സ്നേഹിക്കുകയാണ് ആദ്യം വേണ്ടത്. അതിൽ പരമാവധി അറിവ് സമ്പാദിക്കാൻ ശ്രമിക്കണം. ആഴത്തിലും പരപ്പിലുമുള്ള വായന ദൈനംദിന ജീവിതത്തിന്റെ ഭാഗമാക്കിയാലേ അതു സാധിക്കൂ. പഠനം നമ്മുടെ ആവശ്യമാണെന്ന ബോധം വളർത്തണം. എന്നാലത് ജീവിതത്തിന്റെ ആത്യന്തിക ലക്ഷ്യമല്ല. പഠിച്ച പലരും ജീവിതത്തിൽ പരാജയപ്പെടുന്നില്ലേ, പഠിക്കാത്തവർ വിജയിക്കുന്നുമുണ്ട്. വിദ്യാഭ്യാസത്തിന്റെ ലക്ഷ്യം പ്രതിഭയെ വളർത്തലാ കണം. കുട്ടിയിൽ അഭിരുചി വളർത്തുന്നതാണ് ഏറ്റവും പ്രധാന കാര്യം. എല്ലാ കുട്ടികളും പ്രതിഭകളാണ്. ആ പ്രതിഭ ഏതു മേഖലയിലെന്നു കണ്ടെത്തണം. അതു വളർത്താൻ വീട്ടിൽ അന്തരീക്ഷം ഒരുക്കണം.

ഈ ശ്രമങ്ങളിൽ അധ്യാപകർക്കും രക്ഷാകർത്താക്കൾക്കും വലിയ പങ്കുണ്ട്. പക്ഷേ, ഇ ത് അധികമായാൽ ദോഷം ചെയ്യും. പല വീടുകളിലും പഠിക്കാൻ പ്രേരിപ്പിക്കുന്ന സാഹചര്യമില്ല, സമ്മർദങ്ങളേയുള്ളൂ. കുട്ടികളെ തല്ലി പഠിപ്പിക്കുകയല്ല വേണ്ടത്, ടെക്സ്റ്റ് ബുക്കിലെ വരികൾക്കിടയിലെ അർഥം പഠിച്ചാലേ ജീവിതം പഠിക്കൂ. അങ്ങനെയല്ലാത്ത കുട്ടികളാണ് ക്ലാസ്റൂം എന്നുകേട്ടാൽ പേടിച്ചോടുന്നത്. ‘ആരാകാനാണ് ആഗ്രഹ’മെന്ന ചോദ്യത്തിന് ഉത്തരം പറയേണ്ടത് രക്ഷിതാക്കളല്ല, കുട്ടികൾ തന്നെയാണ്.

മാതാപിതാക്കളുടെ ആഗ്രഹങ്ങൾ അടിച്ചേൽപ്പിച്ച് കുട്ടികളുടെ മോഹങ്ങളെ തകർക്കരുത്. അവരുടെ ആഗ്രഹം കേൾക്കണം, എന്തുകൊണ്ടാണ് ഈ കോഴ്സ് തിരഞ്ഞെടുക്കുന്നതെന്നു ചോദിക്കണം. കൗതുകം മാത്രമാണോ ആ സ്വപ്നത്തിനു പിന്നിലെന്നു മനസ്സിലാക്കണം. ഇത്തരം ആശയവിനിമയം ഇല്ലാത്തതിനാൽ പഠനത്തിന്റെയും കരിയറിന്റെയും കാര്യത്തിൽ പല വീടുകളിലും മാതാപിതാക്കളും മക്ക‌ളും തമ്മിൽ അകൽച്ചയും അവരുടെ ബന്ധത്തിൽ മുറിവുകളുമുണ്ടാകുന്നു.

പഠനം ഒരു തപസ്യയാണ്, ഏതു തപസ്യയും വിജയം കാണാൻ ആർജവവും അഭിനിവേശവും ആത്മാർഥതയും വേണം. വിദ്യാർഥിയുടെ തപസ്യ പഠനമാണ്. അതിൽ ലക്ഷ്യബോധവും ഏകാഗ്രതയും പ്രതിബദ്ധതയും ശ്രദ്ധയും വേണം. സിനിമ കാണുമ്പോൾ ഉറക്കം വരാറില്ലല്ലോ. സിനിമയിൽ നമ്മൾ നന്നായി ലയിക്കുകയും ചെയ്യും. അതുപോലെയാകണം പഠനവും, രസിച്ചു പഠിച്ചാൽ ഒന്നു മറന്നുപോകില്ല.’

പ്രിയപ്പെട്ട കരിയർ തിരഞ്ഞെടുക്കാം

കുട്ടിക്കു ചെയ്യാൻ താൽപര്യമുള്ള കാര്യങ്ങളുടെ ലിസ്റ്റ് തയാറാക്കുകയാണ് ആദ്യപടി. പഠനത്തിലും വിനോദത്തിലുമെല്ലാം അവരുടെ ഇഷ്ടങ്ങൾക്ക് ഇടം നൽകണം.

ഈ ലിസ്റ്റിന്റെ അടിസ്ഥാനത്തിൽ കുട്ടിക്കിണങ്ങുന്ന പത്തോ പതിനഞ്ചോ കരിയറുകൾ ഓപ്ഷനായെടുക്കാം. ഈ കരിയറുകളെ കുറിച്ച് കുട്ടിക്കു പറഞ്ഞുകൊടുക്കുന്നതാണ് അടുത്തഘട്ടം. ഓരോ കരിയറിലെയും മെച്ചവും പോരായ്മയും പറയണം. കുട്ടിയോടു സംസാരിച്ച ശേഷം ലിസ്റ്റിൽ നിന്ന് വേണ്ടാത്തവ ഒഴിവാക്കണം. ബാക്കിയുള്ള കരിയർ മേഖല പരിചയപ്പെടുത്താനായി  അത്തരം സ്ഥാപനങ്ങളിലേക്ക് കുട്ടിയെ കൊ ണ്ടുപോകുന്നതാണ് അടുത്ത ഘട്ടം. അതിനു ശേഷം കുട്ടിക്ക് ഇഷ്ടമില്ലാത്തവ ഒഴിവാക്കി ഓപ്ഷൻസ് രണ്ടായെങ്കിലും ചുരുക്കണം.

മിക്കവാറും സമാന സ്വഭാവമുള്ള രണ്ട് ഓപ്ഷൻ ആകും മുന്നിലുണ്ടാകുക. ആ ഘട്ടത്തിൽ പ്രിയ കരിയർ ഓപ്ഷനെക്കുറിച്ച് കുട്ടിക്കും രക്ഷിതാവിനും നല്ല ധാരണ ഉണ്ടാകും. സ്വപ്നം സെറ്റ് ചെയ്തു കഴിഞ്ഞാൽ അതിലേക്ക് എത്താൻ പിന്നെ, പരിശ്രമവും പിന്തുണയും മാത്രം മതി.