Wednesday 12 July 2023 04:56 PM IST

‘സ്പോൺസർ ചെയ്യാം പക്ഷേ കൂടെ താമസിക്കണം എന്നതായിരുന്നു ‍ഡിമാൻഡ്’: സ്പോൺസർഷിപ്പ് എന്ന ചതി! ആരതി പറയുന്നു

Roopa Thayabji

Sub Editor

arathy-krishna-story

കായികതാരമാകാൻ വേണ്ടി വീടും നാടും വിട്ടു പോകുന്ന പെൺകുട്ടിയുടെ കഥയൊക്കെ സിനിമയാക്കാൻ കൊള്ളാം. മറ്റെന്തിനെക്കാളും സ്പോർട്സിനെ സ്നേഹിക്കുന്ന പെൺകുട്ടികൾ മറിച്ചു ചിന്തിക്കുന്ന സംഭവങ്ങളാണ് അങ്ങു ഡൽഹിയിൽ നടക്കുന്നത്. ഫെഡറേഷന്‍ അധ്യക്ഷനെതിരെ ഗുസ്തി താരങ്ങൾ ഉന്നയിച്ച ലൈംഗിക ആരോപണങ്ങൾക്കു പരിഹാരം തേടി ജന്തർ മന്തറിൽ പ്രതിഷേധം നടക്കുന്നു. സമരം നടത്തിയ ഒളിംപിക് മെഡൽ ജേതാക്കളടക്കമുള്ള താരങ്ങളെ റോഡിലൂടെ പൊലീസ് വലിച്ചിഴയ്ക്കുന്നു. മെഡലുകൾ ഗംഗയിലൊഴുക്കി പ്രതിഷേധിക്കാൻ താരങ്ങൾ തീരുമാനിക്കുന്നു. പ്രായപൂർത്തിയാകാത്ത പെൺകുട്ടി ഉൾപ്പെടെ ഏഴു പേരുടെ പരാതി ലഭിച്ചിട്ടും നടപടി എടുക്കാതെ ‘ഗുസ്തി പിടിക്കു’ന്നത് ആരാണ്.

കായികരംഗം സ്വപ്നം കാണുന്ന പെൺകുട്ടികൾ ആശങ്കയോടെയാണു പുതിയ വാർത്തകൾ വായിക്കുന്നത്. വിദ്യാർഥികളെ പീഡിപ്പിച്ച കായിക പരിശീലകനെ ഇക്കഴിഞ്ഞ ദിവസം അറസ്റ്റ് ചെയ്തതു തിരുവനന്തപുരം കാട്ടാക്കടയിലാണ്. പരിശീലിപ്പിക്കുന്ന കുട്ടികളെ മൂന്നു വർഷത്തോളം പീഡിപ്പിച്ചതായി ചൈൽഡ് ലൈന് വിവരം കിട്ടിയതിനെ തുടർന്നാണ് അറസ്റ്റ്. ഇത്തരം വാർത്തകൾ നമ്മുടെ നാട്ടിലും കേട്ടു തുടങ്ങുമ്പോൾ സ്പോർട്സിലേക്ക് ഇറങ്ങാൻ പെൺകുട്ടികൾ രണ്ടുവട്ടം ചിന്തിക്കേണ്ടതുണ്ടോ ?

സ്പോൺസർഷിപ് വല

കോച്ചുമാർക്കും മറ്റു സംഘടനാ ഭാരവാഹികൾക്കുമെതിരെ കായിക താരങ്ങളുടെ ലൈംഗിക ആരോപണം ഉ യരുന്നതു പുതിയ സംഭവമൊന്നുമല്ല. സ്പോൺസർഷിപ്പിന്റെ പേരിൽ വരെ ചൂഷണം ചെയ്യാൻ പലരും മടിക്കില്ലെന്നു മിസ് കേരള ബോഡി ബിൽഡിങ് ജേതാവായ ആരതി കൃഷ്ണൻ പറയുന്നു. ‘‘മിസ് കേരളയ്ക്കു വേണ്ടി തയാറെടുക്കുന്ന സമയം. ഈ രംഗത്തെ ഒരു വ്യക്തി പറഞ്ഞിട്ടാണ് ഒരു ബിസിനസുകാരനെ സ്പോൺസർഷിപ്പിനായി കണ്ടത്. സ്പോൺസർ ചെയ്യാം, പക്ഷേ കൂടെ താമസിക്കണം എന്നായിരുന്നു ഡിമാൻഡ്. പിന്നിലുള്ള ആവശ്യങ്ങൾ ഊഹിക്കാമല്ലോ. ഇക്കാര്യം സംസാരിച്ചപ്പോൾ ഈ രംഗത്തെ ഒരു പ്രമുഖൻ ചോദിച്ചത്, ‘ബോഡി ബിൽഡിങ് മത്സരത്തിനായി അത്രയും ആളുകളുടെ മുന്നിൽ അത്തരം വേഷമിട്ടു സ്റ്റേജിൽ നിൽക്കാൻ മടിയില്ലല്ലോ, പിന്നെന്താ’ എന്നാണ്.

ആ വർഷം ദേശീയ മത്സരത്തിലേക്കു തിരഞ്ഞെടുക്കപ്പെട്ടെങ്കിലും ഒരു ഭാരവാഹിയുടെ വ്യക്തിതാത്പര്യം അനുവദിക്കാൻ കൂട്ടാക്കാതിരുന്നതു കൊണ്ടു മത്സരിക്കാൻ അവസരം നഷ്ടപ്പെട്ടു. പക്ഷേ, അവർക്കൊന്നും തന്റെ കഴിവിനെ ഇല്ലാതാക്കാൻ കഴിയില്ലല്ലോ എന്നു പറഞ്ഞ് ആരതി വർക് ഔട്ട് തുടർന്നു.  

മറക്കാനാകില്ല ആ യാത്ര

കായികരംഗം സ്വപ്നം കാണുന്ന പെൺകുട്ടികൾ ആദ്യം പോരാടേണ്ടതു സ്വന്തം ശരീരത്തോടാണെന്നു പറഞ്ഞാണ് ഇടുക്കി സ്വദേശിയായ മുൻ കായികതാരം സുജ പഴയ കാലം ഓർത്തെടുത്തത് (പേരും സ്ഥലവും വെളിപ്പെടുത്തില്ല എന്ന ഉറപ്പിലാണ് ഇക്കാര്യങ്ങൾ തുറന്നു പറഞ്ഞത്. അതിനാൽ യഥാർഥ പേരല്ല). ‘‘വർഷങ്ങൾക്കു മുന്‍പാണ്, ഞാൻ ഒൻപതാം ക്ലാസ്സിൽ പഠിക്കുന്നു. ജില്ലാ മീറ്റുകളിൽ മെഡൽ നേടിയ സമയം. പരിശീലകന്റെ ചില പെരുമാറ്റങ്ങൾ പെൺകുട്ടികൾക്കിടയിൽ ചർച്ചയായിരുന്നു. പക്ഷേ, ആരോടും പറയാൻ ധൈര്യമില്ല, വീട്ടിൽ പറഞ്ഞാൽ പരിശീലനം തന്നെ അവസാനിക്കും.

ആ വർഷം സംസ്ഥാന മീറ്റ് കൊല്ലത്തു വച്ചാണ്. രാത്രി വണ്ടിക്കു പരിശീലകനൊപ്പം ബസ്സു കയറിയ എനിക്കു കൊല്ലം വരെ അയാളുടെ ‘കരവിരുത്’ കണ്ണടച്ചു സഹിക്കേണ്ടി വന്നു. മാനസിക സംഘർഷത്തിലായതോടെ ഒട്ടും പെർഫോം ചെയ്യാനാകാതെയാണു മടങ്ങിയത്. കുറച്ചു നാൾ കൂടി പരിശീലനം തുടർന്നെങ്കിലും ആ രാത്രിയെക്കുറിച്ചു പറഞ്ഞ് അയാൾ മറ്റു കാര്യങ്ങൾക്കു നിർബന്ധിച്ചു. അതോടെ സ്പോർട്സ് തന്നെ വിട്ടു, ‘പത്താം ക്ലാസ്സിൽ പഠിക്കാൻ കുറേയുണ്ട്’ എന്ന കള്ളമാണു വീട്ടിൽ പറഞ്ഞത്. വിവാഹം കഴിഞ്ഞു രണ്ടു പെൺമക്കളുമായി സ്വസ്ഥമായി ജീവിക്കുകയാണിപ്പോൾ. മക്കളെ ഒരിക്കലും കായിക പരിശീലനത്തിനു വിടില്ല എന്നത് തന്റെ ഉറച്ച തീരുമാനമാണെന്നു സുജ പറയുന്നു.

sports-protest നീതി തേടി പോരാട്ടം: ഗുസ്തി താരങ്ങളുടെ പ്രതിഷേധത്തിൽ നിന്ന്

ആശങ്കകൾ ഏറെ

ജഴ്സിയും ട്രാക് സ്യൂട്ടുമിട്ടു പെൺകുട്ടികൾ മൈതാനത്തിറങ്ങുമ്പോൾ തുടങ്ങും കാണികളുടെ കമന്റുകൾ. ഓടുമ്പോഴും ചാടുമ്പോഴും മറ്റുള്ളവരുടെ നോട്ടം പാറി വീഴാത്ത വിധം മാറിടം മുറുകിയിരിക്കുന്നതിൽ തുടങ്ങി മെഡലിനെക്കാൾ വലിയ ആശങ്കകളേറെ. വസ്ത്രമൊന്നു മാറിയാൽ ആ ചിത്രമെടുത്ത് ഇക്കിളിപ്പെടുത്തുന്ന ക്യാപ്ഷൻ ചേർത്തു പ്രചരിപ്പിക്കും. അതിന് ആൺപെൺ വ്യത്യാസമൊന്നുമില്ല. സ്പോർട്സ് അതോറിറ്റി ഒഫ് ഇന്ത്യയുടെ (സായ്) ബെംഗളൂരുവിലെ വനിതാ ഹോസ്റ്റലിൽ കുളിക്കുന്നതിനിടെ വനിതാതാരത്തിന്റെ ദൃശ്യങ്ങൾ പകർത്തിയതു മറ്റൊരു വനിതാതാരം തന്നെയാണ്.

ഈ സാഹചര്യങ്ങളിൽ സഹായിക്കാൻ എന്ന മട്ടിലെത്തി ലൈംഗിക ഇംഗിതം അറിയിക്കാൻ കോച്ചുമാരും മടിക്കില്ല. ഈ വഷളൻ സാഹചര്യങ്ങളോടു കൂടി പോരാടിയാണു നമ്മുടെ കുട്ടികൾ മീറ്റുകളിൽ സ്വർണവും വെള്ളിയും നേടുന്നത്. ആ ധൈര്യത്തിന് എത്ര ഗ്രേസ് മാർക്കു നൽകും.

anu-jeena അനു രാഘവൻ, ജീന പി സ്കറിയ

മത്സരമല്ല, പാഷൻ

രാജ്യത്തെ കായികരംഗത്തു സ്ത്രീകളുടെ പങ്കാളിത്തത്തിൽ 2018 മുതൽ റെക്കോർഡു വർധനയാണ് ഉണ്ടായത്. മത്സരങ്ങളോടും കായിക രംഗത്തോടുമുള്ള പാഷൻ കൊണ്ടാണു കൂടുതൽ പെൺകുട്ടികൾ സ്പോർട്സിലേക്കു വരുന്നതെന്ന് ഏഷ്യൻ ഗെയിംസിലെ ബാസ്കറ്റ് ബോൾ ഇന്ത്യൻ ടീം ക്യാപ്ടനായിരുന്ന ജീന പി. സ്കറിയ പറയുന്നു. ‘‘2009 മുതൽ സ്റ്റേറ്റ് സീനിയർ ടീമിനു വേണ്ടി കളിക്കുന്നുണ്ട്. ദേശീയ തലത്തിലും മികച്ച ഫോമിൽ കളിച്ച ശേഷം വിവാഹം കഴിച്ച്, കുഞ്ഞു ജനിച്ച ശേഷം ഗെയിമിലേക്കു മടങ്ങി വന്നതു ഗെയിമിനോടുള്ള ഇഷ്ടം കൊണ്ടാണ്. ചെറിയ കാര്യങ്ങൾ മതി ഈ പാഷനെ ഇല്ലാതാക്കാൻ.

വർഷങ്ങൾക്കു മുൻപു പറഞ്ഞു കേട്ട സംഭവമാണ്. കേരളത്തിൽ നിന്നു മറ്റൊരു സംസ്ഥാനത്തു ദേശീയ ക്യാംപിൽ പങ്കെടുക്കാൻ പോയ ഒരു വനിത അത്‌ലീറ്റിനോടു പരിശീലകൻ ലൈംഗികച്ചുവയോടെ സംസാരിച്ചു. അണ്ടർ 16 കാറ്റഗറിയിൽ മത്സരിച്ചിരുന്ന ആ താരം പരാതിപ്പെട്ടതിനെ തുടർന്നു കുറച്ചു കാലം അയാളെ പരിശീലനത്തിൽ നിന്നു മാറ്റിനിർത്തി. പക്ഷേ, മാനസികമായി തളർന്ന ആ പെൺകുട്ടി കായികരംഗം തന്നെ വിട്ടു. ആ പരിശീലകൻ തിരിച്ചുവന്നു വർഷങ്ങളായി പരിശീലനം തുടരുന്നു.

ഞാൻ മത്സരിക്കുന്ന ബാസ്കറ്റ് ബോളിൽ 12 പേരാണ് ടീം. കേരള ബാസ്കറ്റ് ബോൾ അസോസിയേഷന്റെ കീഴിലാണ് ഇപ്പോൾ മത്സരിക്കുന്നത്. ഇവിടെ ടീം മാനേജർ സ്ത്രീ തന്നെയാണ്. ദേശീയ ടീമിന്റെ ഭാഗമാകുമ്പോഴും അസിസ്റ്റന്റ് കോച്ച് ലേഡി ആയിരിക്കും. ഇതൊക്കെയുണ്ടെങ്കിലും ദേശീയ ബാസ്കറ്റ് ബോൾ അസോസിയേഷനു കീഴിൽ പോലും ലൈംഗിക അതിക്രമങ്ങളെ കുറിച്ചു പരാതിപ്പെടാൻ കമ്മിറ്റി ഇല്ല എ ന്ന് വാർത്തകളിൽ കണ്ടു. ഇതുവരെ പരാതിപ്പെടാൻ ഇടയാക്കാതെ കാത്ത ദൈവത്തോടു നന്ദി പറഞ്ഞു ജീന വീണ്ടും കോർട്ടിലേക്കിറങ്ങി.

PTI05_27_2023_000070B

പാഷനെ കരിയറാക്കുക വലിയ ഭാഗ്യമാണ്. പക്ഷേ, കോർട്ടിൽ മോശം അനുഭവങ്ങളുണ്ടായാൽ ഒന്നുകിൽ മിണ്ടാതിരിക്കുക, അല്ലെങ്കിൽ എല്ലാം ഉപേക്ഷിച്ചു പോകുക. ഈ രണ്ട് ഓപ്ഷനേ വനിതാതാ രങ്ങൾക്ക് ഉള്ളൂ.

ഒറ്റയ്ക്കു പോരാട്ടം

കായികമത്സരങ്ങളിൽ മികവു പുലർത്തുന്നവർക്കു പണ്ടു മറ്റൊരു വലിയ വെല്ലുവിളി ഉണ്ടായിരുന്നു, വീട്ടുകാരുടെ എതിർപ്പ്. അത്തരം അനുഭവമുള്ളതു കൊണ്ടു മക്കളെ കായികരംഗത്തേക്കു വഴിതിരിച്ചുവിട്ട അമ്മയെ കുറിച്ചാണ് അത്‌ലറ്റിക്സ് ദേശീയ താരമായ അനു രാഘവനു പറയാനുള്ളത്. റാഞ്ചിയിൽ നടന്ന ഫെഡറേഷൻ കപ്പ് അത്‌ലറ്റിക്സിൽ 400 മീറ്റർ ഹർഡിൽസിൽ നേടിയ വെങ്കലമെഡൽ അമ്മയ്ക്കു സമർപ്പിച്ചു കൊണ്ടാണ് അനു സംസാരിച്ചത്. ‘‘അമ്മ സുജാത ബാസ്കറ്റ് ബോൾ പ്ലേയറായിരുന്നു. 1970കളാണു കാലം. മത്സരങ്ങളൾക്കൊക്കെ അപ്പൂപ്പൻ വിട്ടെങ്കിലും വളരെ ദൂരേക്കു പോയി മത്സരിക്കാനുള്ള ബുദ്ധിമുട്ടുകൾ കൊണ്ടു പല അവസരങ്ങളും നഷ്ടമായി. അതുകൊണ്ടു തന്നെ ഞങ്ങൾ അഞ്ചു പെൺമക്കൾക്കും സ്പോർട്സിലും ജീവിതത്തിലും സ്വന്തം കാലിൽ നിൽക്കാൻ അമ്മ സർവപിന്തുണയും തന്നു.

ഞാൻ ഹർഡിൽസിൽ മത്സരിച്ചു തുടങ്ങിയ കാലത്ത് അമ്മ ഒരു ഉപദേശം നൽകി, ടീം ഇവന്റുകളിൽ ആരെ സെലക്ട് ചെയ്യണമെന്നു തീരുമാനിക്കുന്നത് റഫറിയാണ്. പ ക്ഷേ, വ്യക്തിഗത ഇനങ്ങളിൽ നമ്മളാണു സ്റ്റാർ. കൂടെയുള്ളവരെ ഓടിത്തോൽപ്പിച്ച് ആദ്യം ഫിനിഷിങ് ലൈൻ തൊട്ടാൽ ആർക്കും നമ്മളെ മാറ്റി നിർത്താനാകില്ല. അമ്മയുടെ ആ ഉപദേശം സത്യമാണെന്നു വർഷങ്ങൾക്കു മുൻപു ഞാനറിഞ്ഞു. 400 മീറ്റർ ഓട്ടത്തിൽ മികച്ച പ്രകടനം കാഴ്ച വച്ചിട്ടും മറ്റൊരു താരത്തെ ഒളിംപിക്സ് ടീമിൽ ഉൾപ്പെടുത്താനായി എന്നെ തഴഞ്ഞു.

കോടതിയിൽ നിന്ന് ഉത്തരവു നേടി ചെല്ലുമ്പോഴേക്കും അവസാന തീയതി കഴിഞ്ഞിരുന്നു. ടീം ഇവന്റുകളിൽ ഇ ഷ്ടക്കാരെ കുത്തിക്കയറ്റാൻ പല റഫറിമാരും കോച്ചുമാരും ഇങ്ങനെ ഗിമ്മിക്കുകൾ കാണിക്കാറുണ്ട്. സെലക്‌ഷനു വേണ്ടി ട്രയൽസ് നടത്തികൊണ്ടിരിക്കും. അവരുടെ ആളുകൾ ഒന്നാമതെത്തുമ്പോൾ അതു ഫൈനൽ ട്രയലെന്നു തീരുമാനിക്കും. ടീമിൽ ഇടം നേടാനായി പല വിട്ടുവീഴ്ചകളും ചെയ്യുന്ന വനിത അത്‌ലീറ്റുകളുമുണ്ടെന്നു കേട്ടിട്ടുണ്ടെങ്കിലും അതിൽ എത്രത്തോളം സത്യമുണ്ടെന്ന് അനുവിന് അറിയില്ല.