Saturday 15 May 2021 02:34 PM IST

‘വീട്ടിലുള്ളവർ പോലും അറിയരുത്, രാഹുൽഗാന്ധിക്ക് ഒപ്പമാണ് യാത്ര എന്ന്’; കടല്‍യാത്രയിൽ സെബിനെ കൂടെക്കൂട്ടാന്‍ രാഹുൽഗാന്ധി തയാറായത് എന്തുകൊണ്ടായിരിക്കും?

Vijeesh Gopinath

Senior Sub Editor

fishher4442 ഫോട്ടോ: ശ്രീകാന്ത് കളരിക്കൽ

മീൻ പിടുത്തം േഹാബിയാക്കിയ കോട്ടയംകാരന്‍ സെബിന്‍ സിറിയക്കിന്റെ ബോട്ടിൽ എങ്ങനെയാണ് രാഹുൽ ഗാന്ധി കയറിയത്?

മേഘം സിനിമയുടെ ക്ലൈമാക്സിൽ ശ്രീനിവാസന്‍ കഥാപാത്രമായ ഷൺമുഖത്തിനോട് മമ്മൂട്ടി പറയുന്നുണ്ട്, ‘‘നമുക്കൊക്കെ വേണ്ടി മുൻകൂട്ടി നിശ്ചയിച്ചുറപ്പിച്ച ഒരു ജീവിതസഖി എവിടെയോ കാത്തിരിപ്പുണ്ട്.  ഇന്ത്യയിൽ ജനിച്ച രാജീവ് ഗാന്ധിയുടെ വധുവാകാൻ ഇറ്റലിയില്‍ ഒരു സോണിയാ ഗാന്ധി കാത്തിരുന്നു. കേരളത്തിൽ ജനിച്ച പ്രസിഡന്റ് കെ.ആർ. നാരായണന് വധുവാകാൻ ബർമയിൽ ഒരു ഉഷ കാത്തിരുന്നു. എന്തിന് നമ്മുടെ മോഹൻലാലിന് വധുവാകാൻ മദിരാശിയിൽ സുചിത്ര കാത്തിരുന്നു. അതുപോലെ എനിക്കും ഷൺമുഖത്തിനും വേണ്ടി ആരോ എവിടെയോ കാത്തിരിക്കുന്നു... ഒരു ദിവസം കണ്ടുമുട്ടും.’’

േകാട്ടയം ആര്‍പ്പൂക്കര വില്ലൂന്നി പുളിക്കല്‍ വീട്ടില്‍ സെബിന്‍ സിറിയക്കിെന്‍റ ജീവിതത്തിൽ ആ കണ്ടുമുട്ടൽ ഉണ്ടായത് നീണ്ടൂർ പാടവരമ്പിൽ വച്ചാണ്. പറഞ്ഞു വരുന്നത് പ്രണയത്തെക്കുറിച്ചോ വിവാഹത്തെക്കുറിച്ചോ അല്ല. ജീവിതം തന്നെ മാറ്റിമറിച്ച മറ്റൊരു കണ്ടുമുട്ടലിനെക്കുറിച്ചാണ്.

നാലു വയസ്സു മുതൽ കൈച്ചൂണ്ടയുമായി പാടത്തും ആറ്റിലുമൊക്കെ മീൻപിടിക്കാൻ ഇറങ്ങിയ സെബിനെ ഒരു ചേറുമീൻ ‘വലയിലാക്കി’ കളഞ്ഞു. അതുവരെ കാനഡയിൽ ഇലക്ട്രോണിക്സ് എംഎസ് ചെയ്യാമെന്ന് കരുതിയ ആളാണ്. വിദേശത്തു സ്ഥിരതാമസമാക്കാം എന്നും ഉറപ്പിച്ചിരുന്നു. അ പ്പോഴാണ് സെബിന്റെ കൈച്ചൂണ്ടയിൽ ആ ചേറുമീൻ കൊത്തുന്നത്. ബാക്കി സെബിൻ പറയും.

‘‘എെന്‍റ മീന്‍പിടുത്ത വിഡിയോകള്‍ േചര്‍ത്ത് ഫിഷിങ് ഫ്രീക്സ് എന്ന യൂട്യൂബ് ചാനല്‍ തുടങ്ങുമെന്നോ അതിന് 17 ലക്ഷത്തിലേറെ സബ്സ്ക്രൈബേഴ്സ് ഉണ്ടാകുമെന്നോ ഈ വിഡിയോകൾ കണ്ട് രാഹുൽഗാന്ധിയുടെ ഒാഫിസ് എന്നെ സമീപിക്കുമെന്നോ ഒന്നും സ്വപ്നത്തിൽ   പോലും കരുതിയിരുന്നില്ല. നമ്മുടെ കരിയര്‍ നമുക്കു വേണ്ടി എവിടെയോ കാത്തിരിക്കുന്നു എന്നു വിശ്വസിക്കാനാണ് ഇഷ്ടം. അല്ലെങ്കിൽ ഞാൻ ഈ വഴിയിലേക്ക് എത്തുമോ?’’ കഴിഞ്ഞ രണ്ടരവർഷം ഉണ്ടായ മാറ്റത്തിന്റെ ഒാളത്തിലേക്ക് സെബിൻ ചൂണ്ടയെറിഞ്ഞു.

കുറച്ചു ഫ്ലാഷ്ബാക്...

തിരിച്ചറിവുണ്ടായ കാലം തൊട്ടേ മീൻപിടിക്കാൻ പോകുമായിരുന്നു. അന്ന് ഫോണിൽ നോക്കി ഇരിക്കുന്ന പരിപാടി ഒന്നുമില്ലാത്തതു കൊണ്ട് എന്നും കളിക്കാൻ പോകും. മഴക്കാലമാകുമ്പോൾ കണ്ടത്തിൽ വെള്ളം ക യറും. അതോടെ കളി മുടങ്ങും. പിന്നെ, മീനിെന്‍റ പിന്നാലെയാണ്. കൈച്ചൂണ്ടയിട്ടാണ് മീൻപിടുത്തം. തവളയെയോ ചെറുമീനിനെയോ കോർത്ത്  രാത്രിയിൽ കെട്ടിയിടും. രാവിലെ ചെന്നു നോക്കുമ്പോൾ ചിലപ്പോൾ മീൻ കിട്ടും. പാമ്പും ആമയുമൊക്കെയാണെങ്കിൽ എടുക്കില്ല.

പപ്പ സിറിയക് ജോർജിനും മമ്മി മേരിക്കുട്ടി സിറിയക്കിനും   മീൻപിടുത്തം വലിയ താൽപര്യമായിരുന്നു. കുട്ടിക്കാലത്ത് ഞ ങ്ങളെയും കൊണ്ടു പോകും. വല്യമ്മച്ചി നന്നായി മീൻ കറി വയ്ക്കും. ഇതൊക്കെ കൊണ്ട്  മീൻപിടിക്കൽ ഹോബി വീട്ടിലൊരു പ്രശ്നമായിരുന്നില്ല.

fisshnnm775

ബെംഗളൂരുവിലെ കോഴ്സ് കഴിഞ്ഞ് കാനഡയിൽ ഉപരിപഠനം നടത്താനായിരുന്നു മോഹം. ആദ്യഘട്ടമായി െഎഇഎൽടിഎസിനു ചേർന്നു. രണ്ടു മാസത്തിനുള്ളിൽ നല്ല സ്കോറോടെ പാസായി. അപ്പോഴാണ് എന്തോ കാരണങ്ങളാൽ ഞങ്ങളുടെ ബാച്ചിന്റെ സർട്ടിഫിക്കറ്റ് റീപ്രിന്റ് ചെയ്യേണ്ടി വന്നത്.  അ തോടെ കാനഡ യാത്ര വൈകി.  

ഒഴിവു സമയത്ത് വീടിന്റെ ചുമരിൽ ചെറുതായി ഡിസൈ നുകൾ വരയ്ക്കുമായിരുന്നു. ആ ഫോട്ടോയും വിഡിയോയുമെല്ലാം ഫെയ്സ്ബുക്കിൽ ഇടും. അതു കണ്ട് ചില ഇന്റീരിയർ വർക്കുകൾ കിട്ടിയതോടെ  ഒരു ‘ഗോ പ്രോ ക്യാമറ’ ഇന്‍സ്റ്റാള്‍മെന്‍റില്‍ വാങ്ങി. വീടുകളിൽ ചിത്രം വരയ്ക്കുന്നത് ഷൂട്ട് ചെയ്ത്  ഫെയ്സ്ബുക്കിലിട്ടു തുടങ്ങി. അപ്പോഴും കാനഡയിലേക്കു പോകാനുള്ള വിമാനവും  കാത്തിരിക്കുന്ന മനസ്സായിരുന്നു എന്റേത്...’’  ഫ്ലാഷ്ബാക് ഇവിടെ തീരുകയാണ്. പക്ഷേ,  വിമാനത്തിനു മുന്നേ എത്തിയത് ആ ചേറുമീനായിരുന്നു.

‘നെറ്റിലെ’ മീൻപിടുത്തം

ഒരു ദിവസം  സെബിനും ചേട്ടനും കൂടി മീൻ പിടിക്കാൻ പോയി. വെറുതെ രസത്തിന് ക്യാമറയും എടുത്തു. ചൂണ്ടയിൽ കൊത്തിയത് എല്ലാവർക്കും കിട്ടുന്ന ചേറുമീൻ. ഒരു വ്യത്യാസം മാത്രം. അന്നവിടെ കൂടിയവർ കിട്ടിയ മീനിനെ ചട്ടിയിലാക്കിയപ്പോൾ സെബിൻ അതു ‘നെറ്റിലാക്കി’. ‘തലയും വാലും’ ഇല്ലാതെടുത്ത വിഡിയോ യൂട്യൂബിൽ അപ്‌ലോഡ് ചെയ്തു, ആദ്യ ദിവസം കണ്ട ആൾക്കാരുടെ എണ്ണം സെബിനെ ഞെട്ടിച്ചു, പതിനായിരം.

‘‘ഞാനിടുന്ന ഇന്റീരിയർ പെയ്ന്റിങ് വിഡിയോകൾ ഫെയ്സ്ബുക്കിൽ നൂറു പേര്‍ കണ്ടാലായി. അപ്പോഴാണ്  യൂട്യൂബില്‍ പതിനായിരം പേർ. പിന്നെ, മീൻ പിടിക്കുമ്പോൾ‌ ക്യാമറ സ്ഥിരമായി കൊണ്ടുപോയി തുടങ്ങി. കുട്ടിക്കാലത്തേ ഡിസ്കവറി, നാഷനൽ ജ്യോഗ്രഫി ചാനലുകളൊക്കെ കണ്ടു തുടങ്ങിയതാണ്. പിന്നീട് മീൻപിടുത്തവുമായി ബന്ധപ്പെട്ട  വിദേശ പരിപാടികൾ കാണാൻ തുടങ്ങി.

വെറുതെ മീൻ പിടിച്ചിട്ടു കാര്യമില്ലെന്ന് മനസ്സിലായി, അതിനെക്കുറിച്ച് വിശദീകരിക്കണം. ഇൻട്രോ പറയാൻ തുടങ്ങി. എഡിറ്റിങ് തുടങ്ങി. ഒരു മിനിറ്റുള്ള വിഡിയോയുടെ ദൈർഘ്യം 20 മിനിറ്റിലധികമായി. ആദ്യമായി ഇൻട്രോ പറഞ്ഞത് ഇന്നും ഒാർമയുണ്ട്. തപ്പിത്തടഞ്ഞ്. പല വാക്കുകളും തൊണ്ടയിൽ മുള്ളു കുടുങ്ങിയ പോലെ തടഞ്ഞു പോയി. നാണക്കേടു കാരണം ആ വിഡിയോ ഡിലീറ്റ് ചെയ്തു. പിന്നെ, പാചകം തുടങ്ങി. അതിന് എന്റെ കൂടെ മമ്മിയും വല്യമ്മച്ചിയും ചേർന്നു.  മീൻപിടിക്കാൻ വീട്ടുകാരെല്ലാം വരാൻ തുടങ്ങി.

ഹോബി മാറി കരിയര്‍

ആദ്യത്തെ 50 വിഡിയോ കഴിഞ്ഞതോെട യൂട്യൂബിൽ നിന്ന് അത്യാവശ്യം പ്രതിഫലം കിട്ടിത്തുടങ്ങി. അതോെട ഒരുകാര്യം ഉറപ്പിച്ചു, ഇതൊരു വരുമാന മാർഗമാക്കാം. കാനഡയിൽ പോകാനിരുന്ന പയ്യൻ ക്യാമറയും ചൂണ്ടയുമായി നടക്കുന്നതു കണ്ടപ്പോൾ വീട്ടുകാരുടെ മനസ്സില്‍ സംശയം തോന്നി. ഇതൊരു കരിയർ കൂടിയാണെന്ന് തിരിച്ചറിഞ്ഞപ്പോൾ അവരും സമ്മതിച്ചു.

അതോടെ കൂടുതൽ പരീക്ഷണങ്ങളിലേക്ക് കടന്നു. പാടം, പച്ചപ്പ്, കായൽ,  മീൻപിടുത്തം ഇതെല്ലാം  മലയാളിയുടെ നൊസ്റ്റാൾജിയയിൽ നീന്തിത്തുടിക്കുന്ന കാര്യങ്ങളാണ്. നമ്മൾ ഒന്ന് ചൂണ്ടയിട്ടാല്‍ മതി അതെല്ലാം കൂടെ പോരും. അന്‍പതു വിഡിയോയും ഞാൻ നീണ്ടൂരിൽ നിന്നാണ് ഷൂട്ട് ചെയ്തത്. ഇനി അതു പോരെന്നു തിരിച്ചറിഞ്ഞു.’’

മീൻപിടുത്ത യാത്രകളുെട തുടക്കം അങ്ങനെയായിരുന്നു. കോട്ടയം കടലില്ലാ ജില്ല ആയതുകൊണ്ട് സെബിന്റെ ബൈക്ക് ആലപ്പുഴ– കൊല്ലം– എറണാകുളം ജില്ലകളിലേക്ക് പറന്നു. േവലിയേറ്റ സമയത്ത് കല്ലിനിടയിലേക്ക് കയറുന്ന മീനുകളെ തേടി ചൂണ്ടക്കൊളുത്ത് കാത്തിരുന്നു.  

ഒപ്പം ചൂണ്ട മുതൽ ക്യാമറ വരെയുള്ള കാര്യങ്ങളിലും കാ ര്യമായ മാറ്റം വന്നു. വില കൂടിയ റോഡും റീലും കൃത്രിമത്തീറ്റകളും വാങ്ങിച്ചു. ഇപ്പോൾ ക്യാമറ ഉൾപ്പെടെ ഏതാണ്ട് ഏഴു ലക്ഷം രൂപയുടെ ഉപകരണങ്ങൾ സെബിന്റെ കയ്യിലുണ്ട്. ഒപ്പം വിലമതിക്കാനാകാത്ത അറിവുകളും അനുഭവങ്ങളും.

‘‘മീൻ തേടി മുംബൈയിലും ഗോവയിലും പോയിട്ടുണ്ട്.  കേരളത്തിൽ കാസർകോട്, പാലക്കാട് വയനാട് ജില്ലകൾ ഒഴിച്ച് ബാക്കി എല്ലായിടത്തും മീൻ പിടിച്ചിട്ടുണ്ട്.  ചെമ്പല്ലിയെ പിടിക്കാൻ കോട്ടയത്തു നിന്ന് മുംബൈ വരെ പോണോ എന്നു പലരും ചോദിക്കും. ഇതിന്റെ ഹരത്തെക്കുറിച്ച് അവർക്കറിയില്ല.

_REE8375

ഏതു സ്ഥലത്ത്, എപ്പോൾ‌ പോയാൽ മീൻ കിട്ടും എന്ന് ഇപ്പോൾ അറിയാം. അത് ഒരുപാടു കാലം കൊണ്ട് ശീലിക്കുന്ന ചില പാഠങ്ങൾ ആണ്. പുലിമുട്ടിലാണെങ്കിൽ വേലിയേറ്റവും ഇറക്കവും നോക്കിയാൽ മനസ്സിലാകും. കായലിലും തോട്ടിലുമൊന്നും ചൂണ്ട കൊണ്ടിട്ടാൽ കിട്ടണം എന്നില്ല. നമ്മൾ ഭക്ഷണം കഴിക്കുന്നതു പോലെ മീനിനും സമയവും കാലവും ഒക്കെയുണ്ട്. ഓരോ മീനിനും ഓരോ സ്വഭാവമാണ്....’’

മീനറിവുകളുടെ ചാകരയാണ് െസബിന്‍റെ മനം നിറയെ. ആദ്യ വൺ മില്യൻ വിഡിയോ ഇപ്പോഴും മനസ്സിലുണ്ട്. മീനിന്റെ മുകളിൽ ക്യാമറ വച്ച് തോട്ടിലേക്ക് വിട്ടു. കുറച്ചു കഴിഞ്ഞ് ക്യാമറ കുടഞ്ഞിട്ട് മീൻ പാഞ്ഞെങ്കിലും ഒരുപാട് മീനാരാധകർ അത് കണ്ട് മനസ്സു നിറച്ചു.

രാഹുൽ ഗാന്ധിക്കൊപ്പം കടലിൽ

ഇത്രയും വ്ലോഗർമാരുണ്ടെങ്കിലും തന്‍റെ കടല്‍യാത്രയിൽ സെബിനെ കൂടെക്കൂട്ടാന്‍ രാഹുൽഗാന്ധി തയാറായത് എന്തുകൊണ്ടായിരിക്കും?

‘‘17 ലക്ഷം സബ്സ്ക്രൈബേഴ്സ് ഉള്ളതാകും ഒരു കാരണം. പിന്നെ, എന്റെ ചാനലിലൂടെ ഒരു വ്യക്തിയെയും സ്ഥാപനത്തെയും ഞാൻ മോശമായി പറഞ്ഞിട്ടില്ല. മോശം വാക്കുകൾ ഉപയോഗിച്ചിട്ടില്ല. ഇംഗ്ലിഷ് നന്നായി സംസാരിക്കാനും തർജമ ചെയ്യാനും അറിയാം. ഇതൊക്കെയാകും കാരണം. അദ്ദേഹത്തിന്റെ ഒാഫിസിൽ നിന്നു ക്ഷണം ലഭിച്ചപ്പോൾ ആദ്യം അദ്ഭുതപ്പെട്ടു. ചെന്നു സംസാരിച്ചപ്പോൾ പിന്നെയും ഞെട്ടി.

‘മത്സ്യത്തൊഴിലാളികൾ നേരിടുന്ന പ്രശ്നങ്ങളെക്കുറിച്ച് അറിയാനാണ് യാത്ര. ഞങ്ങളുടെ ഇടപെടൽ ഉണ്ടാകില്ല. സെബിൻ എങ്ങനെയാണോ വിഡിയോ ചെയ്യുന്നത് അതുപോലെ മതി. ഒറ്റ കാര്യം മാത്രമേയുള്ളൂ, ‘വീട്ടിലുള്ളവർ പോലും അറിയരുത്, രാഹുൽഗാന്ധിക്ക് ഒപ്പമാണ് യാത്ര എന്ന്’.

തലേദിവസം തങ്കശ്ശേരി വാടി ഹാർബറിലേക്ക് പോയി. തൊഴിലാളികളോടു സംസാരിച്ചു. ദുരിതത്തിലാണ് എല്ലാവരും. 18 ലക്ഷം രൂപയുള്ള വലയുടെ അറ്റകുറ്റപ്പണിക്കു തന്നെ ഏതാണ്ട് ആറു ലക്ഷം രൂപ ചെലവായിട്ടുണ്ട്. ഒരു തവണ പോയി വരാൻ അൻപതിനായിരം രൂപയാകും.

വെളുപ്പിനെ വല കയറ്റിത്തുടങ്ങി,  ചിട്ടയോടെയാണ് അതെല്ലാം ചെയ്യുന്നത്. ഞങ്ങൾക്കുള്ള ഭക്ഷണം അവർ തന്നെ തയാറാക്കാമെന്ന് സന്തോഷത്തോടെ പറഞ്ഞു. ഒറ്റ കാര്യം മാത്രം, മദർഷിപ്പിൽ കയറുമ്പോൾ‌ ചെരുപ്പിടരുത്. ‘കൂടെ ഒരാളും കൂടി ഉണ്ടെന്നു പറഞ്ഞ് ’ ഞങ്ങൾ മടങ്ങി.

രാവിലെ അഞ്ചു മണിയായപ്പോഴേക്കും രാഹുൽഗാന്ധി എത്തി. എന്തു വിളിക്കണം എന്നായിരുന്നു ആദ്യ സംശയം, ‘ബ്രദര്‍’ എന്നു വിളിക്കാൻ ഉറപ്പിച്ചു. ബോട്ടിലേക്ക് കയറാനായി തൊഴിലാളികളുടെ നേർക്ക് അദ്ദേഹം കൈ നീട്ടി. അവർ പിടിച്ചു കയറ്റിയപ്പോഴാണ് വെളിച്ചത്തിൽ മുഖം കാണുന്നത്.

എല്ലാവരും അദ്ഭുതത്തിന്റെ തിരയിൽ വീണപോലെ. പലർക്കും ഒന്നും പറയാൻ പറ്റുന്നില്ല. എനിക്കു തന്നെ എന്തു ചോദിക്കണം എന്നായി സംശയം. പക്ഷേ, അദ്ദേഹം തന്നെ അവരുടെ പ്രശ്നങ്ങളും മീൻപിടുത്തരീതികളും ചോദിക്കാൻ തുടങ്ങി.

ലൈഫ്ജാക്കറ്റ് കൊടുക്കാമെന്ന് തൊഴിലാളികൾ പറഞ്ഞു, പക്ഷേ, നീന്തൽ അറിയാമെന്നും വേണ്ടെന്നും അദ്ദേഹം പറഞ്ഞു.  കുറച്ചു കഴിഞ്ഞപ്പോഴാണ് അതെല്ലാവർ‌ക്കും മനസ്സിലായത്. മുക്കാൽ മണിക്കൂർ യാത്രയ്ക്കു ശേഷം വലയിടാൻ നിർത്തി. സഹായത്തിന് ഒപ്പമുള്ള രണ്ട് ബോട്ടുകൾ വല വളച്ചിടാൻ‌ തുടങ്ങി. അതു കഴിഞ്ഞ് ഒരാൾ വെള്ളത്തിലേക്കു ചാടും. ചാട്ടക്കാരൻ എന്നാണ് അയാളെ വിളിക്കുക. കടലിൽ ചാടി മീനിനെ വലയിലേക്ക് എത്തിക്കുകയാണ് അയാളുടെ ജോലി.

അതു കണ്ട് ‘എനിക്കും ചാടാമോ’ എന്ന് രാഹുൽ ഗാന്ധി ചോദിച്ചു. ചോദ്യവും ചാട്ടവും ഒരുമിച്ചായിരുന്നു. ആദ്യം എല്ലാവരും പേടിച്ചു. ഒപ്പമുള്ള സെക്യൂരിറ്റി സമാധാനിപ്പിച്ചു, നീന്ത ൽ അറിയാമെന്നും അദ്ദേഹം സ്കൂബ ഇന്‍സ്ട്രക്ടറായിരു ന്നെന്നും പറഞ്ഞു. 15 മിനിറ്റിനു ശേഷം തിരിച്ചു ബോട്ടിലേക്ക്.  പിന്നെ, വല വലിക്കാനും മുഴുവൻ സമയം തൊഴിലാളികൾക്കൊപ്പം നിന്നു.  നല്ല ആയാസമുള്ള ജോലിയാണത്.  പക്ഷേ, വലിച്ചു കയറ്റും വരെ അവർക്കൊപ്പം നിന്നു.

fisshhee4555

ചൂരക്കറിയും കൂട്ടി പ്രഭാതഭക്ഷണവും കഴിച്ചാണ് ഞങ്ങൾ തിരിച്ചു പോന്നത്. പലരും ഇതിൽ രാഷ്ട്രീയം പറയുന്നുണ്ടെങ്കിലും  തൊഴിലാളികളുടെ അധ്വാനവും കഷ്ടപ്പാടുമെല്ലാം ഈ വിഡിയോയിലൂടെ ലോകമറിഞ്ഞെന്നാണ് എനിക്കു തോന്നിയത്. ചിലരിത് ‘പെയ്ഡ്’ ആണോ എന്നു ചോദിച്ചു. ലോകം മുഴുവനും അറിയപ്പെടുന്ന ഒരാൾ ഇങ്ങനെ ഓഫർ അയയ്ക്കുമ്പോൾ ആരെങ്കിലും പൈസ വാങ്ങുമോ? ഇതൊന്നും സ്വപ്നത്തിൽപോലും കണ്ടിട്ടില്ല. പിന്നെയല്ലേ പൈസ..’’ സെബിൻ.

‘നെറ്റി’ലാകുന്നതും കാത്ത് അടുത്ത മീൻ എവിടെയാണുള്ളത്? സെബിൻ പറയുന്നു, ‘‘അതും എനിക്കറിയില്ല, എവിടെയോ എന്നെയും കാത്തിരിക്കുന്നുണ്ടാകും.’’  

അപ്പോൾ വിവാഹമോ?

‘‘മേഘം സിനിമയിലെ ആ ഡയലോഗ് പോലെ ആരോ എവിടെയോ കാത്തിരിക്കുന്നുണ്ട്’’.

ഹരം കയറുന്നവര്‍ ശ്രദ്ധിക്കുക

മീൻ പിടുത്തം മാത്രമല്ല സെബിന്റെ താൽപര്യങ്ങൾ. വീട്ടിലെ തുറന്ന കൂട്ടിൽ ഇരുനൂറ്റി അൻപതോളം കിളികളുണ്ട്. ഫിഞ്ചസ്, ജാവ, റോസല്ല, ആഫ്രിക്കൻ ലൗബേർഡ്സ്, കോക്കറ്റെയിൽ തുടങ്ങിയവയെല്ലാമുണ്ട്. മിനിലോപ് മുയലുകളും പ്രാവുകളും വിദേശത്തു നിന്നെത്തിയ അണ്ണാനും കോയിക്കാർപ്പ്, തിലോപ്പിയ, സിൽവർ ഷാർക്ക് തുടങ്ങിയ മീനുകളുമുണ്ട്.  ഒപ്പം  മീൻപിടുത്ത ഉപകരണങ്ങളുടെ വിൽപ്പനയും.

മീൻപിടുത്തത്തിൽ ഹരം കയറി ചാടിയിറങ്ങുന്നവരോട് സെബിൻ പറയുന്നത് ഇങ്ങനെയാണ്

∙ ക്ഷമ ഏറ്റവും കൂടുതൽ വേണ്ട കാര്യമാണ്. മീൻ കിട്ടിയില്ലെങ്കിൽ നിരാശപ്പെടരുത്.

∙ റോഡും റീലും കാണുമ്പോൾ പലരും അതൊന്നെടുത്തുപയോഗിക്കാൻ ചോദിക്കും. പരിശീലനമില്ലാതെ ഉപയോഗിക്കുന്നത് അപകടമാണ്.

∙ ചൂണ്ടയുപയോഗിക്കുമ്പോൾ കണ്ണുകൾ സുരക്ഷിതമാക്കാൻ ഗ്ലാസ് വയ്ക്കണം.

∙ ഒറ്റയടിക്ക് ഇൻവെസ്റ്റ് ചെയ്യാതെ താൽപര്യമുണ്ടെങ്കിൽ അപ്ഗ്രേഡ് ചെയ്യാം.

∙ ഏറ്റവും പ്രധാനം: നിങ്ങളുണ്ടെങ്കിലേ ചൂണ്ടയിടലും മീൻ പിടുത്തവും ഒക്കെയുണ്ടാകൂ. കടലിലാണെങ്കിലും കായലിലാണെങ്കിലും ആവേശം കയറി ചാടിയിറങ്ങരുത്. സുരക്ഷിതമായ സ്ഥലത്തുനിന്നേ ചൂണ്ടയിടാവൂ.

_REE8453