Tuesday 23 January 2024 03:16 PM IST

വേദിയിൽ തുടർച്ചയായ രണ്ടു മണിക്കൂർ! ഭരതനാട്യത്തിൽ വിസ്മയം തീർത്ത് സൃഷ്ടി: ഹൃദ്യമായി അരങ്ങേറ്റം

Binsha Muhammed

srushti

തുടര്‍ച്ചയായ രണ്ടു മണിക്കൂറുകൾ... മെയ് തളരാതെ... ക്ഷീണമറിയാതെ വേദിയിൽ നൃത്തവൈഭവം കൊണ്ട് വിസ്മയിപ്പിച്ച് ഒരു എട്ടാം ക്ലാസുകാരി. കോട്ടയം സ്വദേശി സൃഷ്ടി ആൻ എബ്രഹാമാണ് നൂറുകണക്കിന് കാണികളെ കണ്ണിമവെട്ടാതെ നൃത്തത്തിന്റെ പുതിയൊരു ലോകത്തേക്ക് കൂട്ടിക്കൊണ്ടു പോയത്.

നൃത്ത പഠനം വെറും നേരമ്പോക്കും ഗ്രേസ് മാർക്കിനും വേണ്ടി മാത്രമാകുന്ന കാലത്ത് അതിന്റെ ആത്മാവു തൊട്ടറിഞ്ഞ് അരങ്ങിലെത്തിച്ച് കയ്യടി നേടുകയായിരുന്നു ഈ കോട്ടയംകാരി. സോഷ്യൽ മീഡ‍ിയയിലും നൃത്താസ്വാദകർക്കിടയിലും ചർച്ചയായ തന്റെ ഭരതനാട്യം കലാവൈഭവത്തെക്കുറിച്ച് ആൻ തികഞ്ഞ ചാരിതാർഥ്യത്തോടെ വനിത ഓൺലൈനോടു മനസു തുറക്കുകയാണ്.

ഉള്ളിൽ അലിഞ്ഞ നൃത്തം

ചില ഇഷ്ടങ്ങൾ, കലാവാസനകൾ... നമ്മളറിയാതെ തന്നെ നമ്മുടെ ഉള്ളിന്റെയുള്ളിൽ കൂടുകൂട്ടും. പാട്ടും സംഗീതവും ചിത്രരചനയുമെല്ലാം നമ്മൾ മാത്രമായി തിരഞ്ഞെടുക്കന്നതാകില്ല. നമ്മുടെ അഭിരുചിയും വൈഭവവും തിരിച്ചറിഞ്ഞ് ദൈവം നമുക്കു മുന്നിലേക്ക് നിയോഗം പോലെ വച്ചു നീട്ടുന്നതാണ്. നൃത്തമെന്ന കലാവാസനയും എന്റെ ജീവിതത്തിന്റെ ഭാഗമാകുമെന്നത് അങ്ങനെയാണെന്ന് ഞാൻ വിശ്വസിക്കുന്നു. വെറുമൊരു ഹോബിയായി മാറ്റിനിർത്താനാകാത്ത വിധം ഹൃദയത്തോടു ചേർന്നു നിൽക്കുന്ന ഇഷ്ടമാണെനിക്ക് നൃത്തം. ആ വലിയ ഇഷ്ടത്തിന്റെ സാക്ഷാത്കാരമാണ് നൂറു കണക്കിന് ആസ്വാദകരെ സാക്ഷിയാക്കി തുടർച്ചയായ രണ്ടു മണിക്കൂർ മടുപ്പില്ലാതെ ഞാൻ പൂർത്തിയാക്കിയ എന്റെ ഭരതനാട്യം അരങ്ങേറ്റം. എല്ലാം ദൈവാനുഗ്രഹം.– പ്രായത്തിൽ കവിഞ്ഞ പക്വതയോടെ ആനിന്റെ വാക്കുകൾ.

കുഞ്ഞുനാളിലെ ഇഷ്ടങ്ങളും തിരഞ്ഞെടുപ്പുകളും ഓപ്ഷനെന്ന പോലെ കൺമുന്നിൽ ഒത്തിരിയുണ്ടായിരുന്നു. കീ ബോർഡ് പഠനം, ഷട്ടിൽ ബാഡ്മിന്റൺ, ഡ്രോയിങ്ങ്... അങ്ങനെ ഹോബികൾ ഒത്തിരി. പക്ഷേ നൃത്തം എന്റെ ജീവിതവുമായി വല്ലാതെ ചേർന്നു നിൽക്കുന്നുവെന്ന് തിരിച്ചറിഞ്ഞത് അച്ഛൻ റിഞ്ചു എബ്രഹാമും അമ്മ ആതിര അന്ന ജോസഫുമാണ്. മറ്റൊന്നിനോടുമില്ലാത്ത അധിക താൽപര്യം... അതായിരുന്നു എനിക്ക് ഭരതനാട്യത്തോട് ഉണ്ടായിരുന്നത്.

srushti-2

മനസ് ഏറ്റവും സന്തോഷമായിരിക്കുന്നത് നൃത്തം ചെയ്യുമ്പോഴാണെന്ന് എന്റെ കുഞ്ഞു മനസ് തിരിച്ചറിഞ്ഞു. ഒപ്പം സ്കൂളിലും മറ്റ് പൊതു പരിപാടികളിലും നൃത്ത പ്രകടനങ്ങൾക്ക് കിട്ടിയ കയ്യടികൾ എന്നിലെ കലാകാരിക്ക് വലിയ ഊർജമായി. ഭരതനാട്യത്തോടുള്ള എന്റെ ഇഷ്ടം തിരിച്ചറിഞ്ഞ് ഞങ്ങൾ താമസിക്കുന്ന ബംഗളൂരുവിലെ ലയധ്വനി അക്കാദമി ഓഫ് പെർഫോമിങ് ആർട്സ് എന്നകലാകേന്ദ്രത്തിൽ എന്നെ അച്ഛനും അമ്മയും ചേർത്തു. സ്നേഹ വെങ്കട്ട രമണി എന്ന ഗുരുവിനു കീഴിലുള്ള പഠനകാലം ജീവിതത്തിലെ തന്നെ അമൂല്യമായ ഏടായി മാറുകയായിരുന്നു. അവിടുന്നു ലഭിച്ച ഓരോ നൃത്ത പാഠങ്ങളും അന്നു തൊട്ടിന്നു വരെ അതീവ താൽപര്യത്തോടെയാണ് ഞാന്‍ ഹൃദയത്തിലേറ്റെടുത്തത്. ഇതിനിടയിൽ സ്കൂളിൽ പല പരിപാടികളിലും പങ്കെടുത്ത് നേടിയ സമ്മാനങ്ങൾ മുന്നോട്ടുള്ള കലാജീവിതത്തിൽ വഴിവിളക്കുകളായി.

അരങ്ങേറ്റത്തിന്റെ സമയമായപ്പോൾ അത് ജന്മനാട്ടിൽ വേണമെന്ന് എനിക്കും പ്രത്യേകിച്ച് അച്ഛനും അമ്മയ്ക്കും നിർബന്ധമുണ്ടായിരുന്നു. ഇക്കഴിഞ്ഞ ഡിസംബർ 26ന് കോട്ടയം മാമൻ മാപ്പിള ഹാളിൽ വച്ചായിരുന്നു അരങ്ങേറ്റം. അരങ്ങേറ്റത്തിന് ദിവസങ്ങള്‍ക്കു മുൻപേ ഞങ്ങളെത്തി. നന്നായി പ്രാക്ടീസ് ചെയ്തു. ജീവിതത്തിലെ തന്നെ വലിയ മൊമന്റായതു കൊണ്ടു തന്നെ ആ സമയങ്ങളിൽ മനസു നിറയെ ന‍ൃത്തമായിരുന്നു. നാട്ടിൽ‌ തന്നെയുള്ള സംഗീതജ്ഞരുടെ ലൈവ് മ്യൂസിക്കൽ പെർഫോമൻസിന്റെ അകമ്പടിയോടെയായിരുന്നു അരങ്ങേറ്റം. എന്നെ സ്നേഹിക്കുന്ന പ്രിയപ്പെട്ടവരും നൃത്താസ്വാദകരും സഹൃദയരുമായി മൂന്നുറോളം പേർ അരങ്ങേറ്റം കാണാനെത്തി.

8 ഡാൻസ് പീസുകൾ ഉൾപ്പെടുന്ന 2 മണിക്കൂര്‍ നീളുന്ന നൃത്തപരിപാടിയാണ് വേദിയിൽ അവതരിപ്പിച്ചത്. സാധാരണ ക്ലാസിക്കൽ ഡാൻസ് വിരസമെന്നാണ് അതിനെക്കുറിച്ച് അറിയാത്ത പലരും പറയാറുള്ളത്. പക്ഷേ സദസിലെത്തിയ മുന്നൂറോളം പേരും ഒട്ടും മടുപ്പില്ലാതെ രണ്ടു മണിക്കൂർ നൃത്തം ആസ്വദിച്ചു എന്ന് പറഞ്ഞത് എന്റെ കഠിനാധ്വാനത്തിനു ലഭിച്ച ഫലമായി ഞാൻ കരുതുന്നു. ഈ സ്വപ്ന സാക്ഷാത്കാരത്തിന് ഒപ്പം നിന്ന അച്ഛനും അമ്മയ്ക്കും നന്ദി... ഒപ്പം എന്നിലെ കലാകാരിയെ തിരിച്ചറിഞ്ഞ സദസിനോടും സഹൃദയരോടും ആസ്വാദകരോടും വലിയ കടപ്പാട്.

srushti-4

എളിയ കലാകാരി എന്ന നിലയിൽ ഇനിയുമേറെ മുന്നോട്ടു പോകാനുണ്ടെന്ന ഉത്തമ ബോധ്യമുണ്ട്. പഠനത്തിനൊപ്പം നൃത്തവും ജീവിതത്തിന്റെ ഭാഗമാക്കണം എന്നു തന്നെയാണ് എന്റെ ആഗ്രഹം. നാട്ടിൽ കലാമണ്ഡലത്തിൽ ചേർന്ന് നൃത്തത്തിന്റെ പുതിയ പാഠങ്ങൾ, സ്വായത്തമാക്കുക കൂടുതൽ വേദികളിൽ പെർഫോം ചെയ്യുക എന്നതാണ് എന്റെ വലിയ സ്വപ്നം. അതിനായുള്ള യാത്രയിലാണ് ഞാൻ.– സൃഷ്ടി പറഞ്ഞു നിർത്തി.

ബംഗളൂരുവിലെ വിബ്ജിയോർ ഹൈസ്കൂൾ ഹോർമാവൂവിലെ എട്ടാം ഗ്രേഡ് വിദ്യാർഥിയാണ് സൃഷ്ടി. സഹോദരൻ സ്മരൺ എബ്രഹാം.