Thursday 14 June 2018 05:32 PM IST : By സ്വന്തം ലേഖകൻ

ഭർത്താവിനെ മനസ്സു നിറഞ്ഞു പ്രശംസിച്ചോളൂ... അദ്ദേഹത്തെ വരച്ച വരയിൽ നിർത്താം

happy-couple-2

‘ഹബ്ബി’യെ പറ്റി രണ്ടു നല്ല വാക്ക് മറ്റുള്ളവരോടു പറയാമോന്നു വച്ചാൽ ‘എന്താ തള്ള്...’ എന്നവർ പുച്ഛിക്കും. ഒരു കാര്യം ചോദിച്ചോട്ടെ. നിങ്ങളുടെ ഭർത്താവിന്റെ ഗുണങ്ങളെ പ്രശംസിച്ച് എപ്പോഴെങ്കിലും അദ്ദേഹത്തോടു സംസാരിച്ചിട്ടുണ്ടോ. ‘ശ്ശൊ, ഇതൊക്കെ പറഞ്ഞിട്ടു വേണോ...’ എന്നു ചിരിച്ചു തള്ളേണ്ട. ഏറ്റവും ചെറിയ പ്രശംസയ്ക്കു പോലും ദാമ്പത്യത്തിൽ ഏറ്റവും വലി മധുരം പകരാനാകുമെന്നാണ് പഠനങ്ങൾ പറയുന്നത്.

അദ്ദേഹത്തിന്റെ മനസ്സിൽ മഞ്ഞുപോലെ തൊടാനാകുന്ന ഈ ചാൻസുകൾ മിസ് ചെയ്യല്ലേ.

∙ ഡ്രസ്സിങ്ങിനെ പുകഴ്ത്തിക്കോളൂ

സ്ത്രീകളെ പോലെ വളരെ ശ്രദ്ധിച്ചും ഭംഗിയായും ഡ്രസ് ചെയ്യുന്ന ശീലം മിക്ക ആണുങ്ങൾക്കുമില്ല. എന്നാൽ ഭാര്യയ്ക്കൊപ്പം പുറത്തു പോകുമ്പോൾ അദ്ദേഹം അറിയാതെയെങ്കിലും മാച്ചിങ് ഷർട് സെലക്ട് ചെയ്തിട്ടുണ്ടോ. എങ്കിൽ തീർച്ചയായും അദ്ദേഹം പ്രശംസ അർഹിക്കുന്നുണ്ട്. ഓഫിസിലേക്കിറങ്ങുമ്പോൾ നന്നായി ടൈ കെട്ടിയിരിക്കുന്നതിനും ഷൂസ് അണിഞ്ഞിതനുമൊക്കെ ഓരോ കോംപ്ലിമെന്റ് ആകാം. പക്ഷേ, വെറുതേ ‘തള്ളി’ കുളമാക്കുകയും ചെയ്യരുത്.

∙ കെയറിങ്ങിനു നൂറുമാർക്ക്

അദ്ദേഹത്തോടൊപ്പമായിരിക്കുമ്പോൾ നിങ്ങളനുഭവിക്കുന്ന സുരക്ഷിതത്വത്തെ കുറിച്ച് ഒന്നു സംസാരിച്ചു നോക്കൂ, ഇനി അദ്ദേഹം നിങ്ങളെ ഒരിടത്തേക്കും ഒറ്റയ്ക്ക് വിടില്ല. തന്റെ പെണ്ണിനെ സ്വന്തം കൈക്കുള്ളിൽ നിർത്താനാണ് എല്ലാ ആണുങ്ങളുടെയും മോഹം. അത് നിങ്ങൾ ഇഷ്ടപ്പെടുന്നു എന്നറിയുമ്പോൾ അവർക്ക് കരുതലും കൂടും.

∙ ഡിയോഡറന്റിലും ശ്രദ്ധ

വിയർപ്പും ദുർഗന്ധവുമായി ഭർത്താവ് വരുമ്പോൾ മുഖം ചുളിക്കുന്നവരാണോ നിങ്ങൾ. അത് അയാളെ എത്ര ‘ഇറിറ്റേറ്റ്’ ചെയ്യിക്കുമെന്ന് നിങ്ങൾക്കറിയില്ല. ഇതിനൊരു നല്ല വഴിയുണ്ട്. നിങ്ങൾക്ക് പ്രിയപ്പെട്ട ഡിയോഡറന്റ് പൂശി നല്ല ഫ്രഷായി അദ്ദേഹം വരുമ്പോൾ വാനോളം പ്രശംസിച്ചോളൂ. അടുത്ത തവണം അദ്ദേഹം മറക്കാതെ തന്നെ അത് പൂശിക്കോളും.

∙ മുടിയില്ലേ, സാരമില്ല

മുടിയുടെ കാര്യത്തിൽ മിക്ക പുരുഷന്മാരും ‘ഓവർ കോൺഷ്യസാ’ണ്. നെറ്റി കയറുമ്പോഴും മുി കൊഴിയുമ്പോഴും അമിതമായി ടെൻഷനടിക്കുമവർ. അപ്പോൾ പിന്നെ കഷണ്ടിയുടെ കാര്യം പറഞ്ഞവരെ കളിയാക്കിയാലോ. ഒരിക്കലും അവരത് സഹിക്കില്ല. മുടി വെട്ടാൻ പോകും മുമ്പ് നിങ്ങളോട് അഭിപ്രായം ചോദിക്കുന്നുണ്ടെങ്കിൽ അതവരുടെ ആത്മവിശ്വാസം കൂട്ടാനാണ്, അല്ലാതെ നിങ്ങളുടെ കളിയാക്കൽ കേൾക്കാനല്ല. നന്നായി മുടി ചീകി വയ്ക്കുമ്പോഴും സ്റ്റൈൽ ചെയ്യുമ്പോഴും ഒപ്പം നിൽക്കാമോ, നിങ്ങളോട് അദ്ദേഹത്തിന്റെ സ്നേഹം കൂടും, ഉറപ്പ്.

∙ ബുദ്ധിക്ക് ‘എ പ്ലസ്’

അച്ഛനും അമ്മയും ‘സ്മാർട് ബോയ്’ എന്നു പറഞ്ഞ് വളർത്തിക്കൊണ്ടുവന്ന ആളാണ് നിങ്ങളുടെ ഭർത്താവെന്ന് ഒരിക്കലും മറക്കകരുത്. അദ്ദേഹത്തിന്റെ ‘വിറ്റു’കളും ആത്മപ്രശംസയും അൽപമൊക്കെ കേട്ടില്ലെന്നു നടിക്കണം. പക്ഷേ, ബുദ്ധിപൂർവം അദ്ദേഹമൊരു കാര്യം ചെയ്താൽ അഭിനന്ദിക്കാൻ മടിക്കേണ്ട. നിങ്ങളോടു കൂടി അഭിപ്രായം ആരായാനുള്ള വഴിയാണ് ഇതിലൂടെ തുറക്കുന്നത്.

∙ അയാം എ സ്ട്രോങ് മാൻ

കരുത്തിന്റെ കാര്യത്തിൽ ‘ആർക്കുമെന്നെ തടയാനാകില്ല’ എന്നതാണ് മിക്കവരുടെയും ചിന്ത. തനിക്കു മേലേ ആരുമില്ലെന്നും. ജാം ബോട്ടിൽ തുറക്കാനും അലക്കിയ തുണി മുറുക്കിയിടാനുമൊക്കെ സഹായം തേടുമ്പോൾ ‘പ്ലീസ് കം മൈ സ്ട്രോങ് ബോയ്...’ എന്നു പറഞ്ഞുനോക്കൂ. സൂപ്പർമാനെ പോലെ അവർ ഓടിയെത്തും. ആ സമയത്ത് അദ്ദേഹത്തിന്റെ കൈയിലെ മസിലിനെ രണ്ടുവാക്കിൽ പുകഴ്ത്താൻ മറക്കേണ്ട കേട്ടോ.

∙ എന്റെ ആശ്രയമല്ലേ

സ്വന്തം കാലിൽ നിൽക്കാനൊക്കെ നിങ്ങൾക്ക് അറിയാമായിരിക്കും. പക്ഷേ, ശമ്പളം ചെലവാക്കുന്ന കാര്യത്തിലും മറ്റും അദ്ദേഹത്തിന്റെ ഉപദേശം ഇടയ്ക്കെങ്കിലും തേടാം. സുപ്രധാന തീരുമാനങ്ങളെടുക്കാൻ നിങ്ങൾ അദ്ദേഹത്തെ ആശ്രയിക്കുന്നു എന്ന ചിന്ത അവർക്ക് നിങ്ങളോടുവ്ള കരുതൽ കൂട്ടും. നിങ്ങൾ അങ്ങോട്ട് ആശ്രയിക്കുന്നതു പോലെ തന്നെ തിരിച്ചും അദ്ദേഹം നിങ്ങളുെട അബിപ്രായം തേടും. പക്ഷേ, എല്ലാ കാര്യവും ഭർത്താവ് ചെയ്താലേ ശരിയാകൂ എന്നു കരുതി കാത്തിരിക്കുന്നത് അദ്ദേഹത്തിനു തലവേദന ഉണ്ടാക്കുന്ന ശീലമാണ്.

∙ അമ്പട തമാശക്കാരാ...

സിനിമയിലും കോമഡി സ്കിറ്റിലും കേട്ടു തഴമ്പിച്ച തമാശയാണോ അദ്ദേഹം നിങ്ങളോടും പറയാറ്. ദുർമുഖം കാണിക്കും മുമ്പ് ഒന്നോർക്കണം, നിങ്ങളെ ‘ഇംപ്രസ്’ ചെയ്യാൻ വേണ്ടിയാണീ സാഹസമൊക്കെ. അദ്ദേഹത്തിന്റെ തമാശകൾക്ക് ചിരിക്കാൻ മടി കാണിക്കേണ്ട. നല്ല തമാശകൾ പറയുമ്പോൾ കോംപ്ലിമെന്റുമാകാം. ഭാര്യയെ സന്തോഷിപ്പിക്കാൻ നാളെ അദ്ദേഹം പ്രഷർ കുക്കർ വാങ്ങി തന്നാലോ.

∙ ലുക്സിന് കൈയടി

ഓഫിസിലേക്കും ഷോപ്പിങ്ങിനും യാത്രകൾക്കുമെല്ലാം പല ലുക്സ് പരീക്ഷിക്കാൻ ആണുങ്ങൾക്ക് വല്യ മിടുക്കാണ്. പക്ഷേ, ഇതിനവർ ആഗ്രഹിക്കുന്ന കോംപ്ലിമെന്റ് കിട്ടിയില്ലെങ്കിലോ. പുറത്തേക്കു പോകാനിറങ്ങുമ്പോൾ ‘അയ്യോ, ഇതെന്തു വേഷം’ എന്ന് അദ്ദേഹമാണ് നിങ്ങളോടു ചോദിക്കുന്നതെങ്കിലോ. ലുക് ചെയ്ഞ്ച് പരീക്ഷിക്കുന്നയാളെ ഒരിക്കലും കളിയാക്കരുത്. നല്ലതാണെങ്കിൽ മികച്ചതെന്നു പറയാനും മോശമാണെങ്കിൽ വല് കുഴപ്പമില്ലാതെ കോംപ്ലിമെന്റ് നൽകാനും മടിക്കരുത്.