Saturday 15 January 2022 02:49 PM IST

തുല്യതയുടെ ആദ്യപാഠമായി യൂണിഫോം മാറ്റാനൊരുങ്ങുകയാണ് ചില സ്കൂളുകൾ; നമ്മുടെ യൂണിഫോം എന്താകണം? കുട്ടികൾ തന്നെ പറയട്ടെ...

Roopa Thayabji

Sub Editor

uniform7758

പാവാടയിട്ട് ഓടിച്ചാടി നടക്കുന്നത്  അ ത്ര സുഖമുള്ള കാര്യമല്ലെന്ന് ഒരിക്കലെങ്കിലും ആ വേഷം ധരിച്ചിട്ടുള്ള എല്ലാവർക്കും അറിയാം. ഓടിച്ചാടുന്നതു പോയിട്ട് ഒരു കാറ്റുവന്നാൽ പാവാട പൊങ്ങിപ്പോകാതെ പിടിച്ചു നിറുത്തുന്നത് തന്നെ വലിയ ബുദ്ധിമുട്ടുള്ള കാര്യമാണ്.

അങ്ങനെയിരിക്കെയാണ് ആ വാർത്ത വന്നത്, പെൺകുട്ടികൾക്ക് സൗകര്യപ്രദമായതും ആൺ– പെൺ ഭേദമില്ലാത്തതുമായ യൂണിഫോം എറണാകുളത്തെ വളയൻചിറങ്ങര സ്കൂളിൽ നടപ്പാക്കി. ആൺകുട്ടികളുടേതു പോലെ ത്രീ ഫോർത്തും ഷർട്ടുമിട്ട് സന്തോഷത്തോടെ നടക്കുന്ന പെൺകുട്ടികളുടെ ഫോട്ടോ സോഷ്യൽ മീഡിയയിൽ വൈറലായതോടെ പല സ്കൂളുകളും ഈ മാതൃക പിന്തുടരുന്നതിനു മുന്നോട്ടുവന്നു.

ജെൻഡർ ന്യൂട്രൽ യൂണിഫോം, ജെൻഡർ ഇക്വാലിറ്റി എന്നിങ്ങനെയുള്ള കടുകട്ടി വാക്കുകളൊന്നും അറിയില്ലെങ്കിലും നമ്മുടെ കുട്ടികൾക്കും പറയാനുണ്ട്  ആ യൂണിഫോമിനെ കുറിച്ച്.  കേരളത്തിലെ വിവിധ സ്കൂളുകളിലെ കുട്ടികൾ വളയൻചിറങ്ങര മോഡലിനെ കുറിച്ച് പറയുന്നതു കേൾക്കാം.

‘മുറ്റത്തൊക്കെ ഓടിച്ചാടാൻ ഇതാണു സൗകര്യം...’

1637129010118

അവന്തികയും കൂട്ടുകാരും, ഒന്നാം ക്ലാസ്,

സിഎംഎസ് എൽപിഎസ്, മുഹമ്മ, ആലപ്പുഴ

‘‘ഞങ്ങളുടെ സ്കൂളിൽ കുറേ പച്ചക്കറികളും മറ്റും കൃഷി ചെയ്യുന്നുണ്ട്. സ്കൂളിലേക്കു പഠിക്കാനായി പോകുമ്പോഴും പറമ്പിലും ചെടികൾക്കിടയിലും എല്ലാം മറന്നു നടക്കാനാണ് ഞങ്ങൾക്ക് ഏറെയിഷ്ടം. കുട്ടികളെയാണ് അത്തരം ജോലികളുടെയെല്ലാം ചുമതല അധ്യാപകർ ഏൽപ്പിച്ചിരിക്കുന്നത്.

കൃഷിപ്പണിക്കായും മറ്റും ഇരിക്കുമ്പോൾ പാവാടയെക്കാൾ സൗകര്യം ത്രീഫോർത്താണ്. ജോലികൾ ചെയ്യുന്ന തിനും കളിക്കാനുമൊന്നും ആൺകുട്ടിയെന്നോ പെൺകുട്ടിയെന്നോ ഉള്ള വ്യത്യാസം ഞങ്ങളാരും നോക്കാറില്ല. അതുകൊണ്ട് യൂണിഫോമിലും ആ വ്യത്യാസം വേണ്ട. ത്രീഫോർത്തും ഷർട്ടുമിട്ടാണ് ഞങ്ങൾ വീട്ടിൽ നടക്കുന്നത്. അതുപോലെ തന്നെ സ്കൂളിലും ആകുന്നത് നല്ലതല്ലേ.

ഷർട്ടും പാവാടയും എന്ന മട്ടിലാണ് യൂണിഫോമിനുള്ള തുണി സർക്കാർ തരുന്നത്. പലപ്പോഴും രണ്ടു ജോടിക്ക് അതു തികയാറില്ല. അങ്ങനെ നോക്കിയാൽ വലിയ ഞൊറികളുള്ള പാവാടയെക്കാൾ സൗകര്യവും ലാഭവും ത്രീഫോർത്തും ഷർട്ടുമാണ്.’’

‘പത്തുവർഷമായി ഇവിടെ ഇങ്ങനെ തന്നെയാണ്...’

1637140776346

മേരിയാൻ മാർക്കോസും കൂട്ടുകാരും, പത്താം ക്ലാസ്, ലൈഫ് വാലി ഇന്റർനാഷനൽ സ്കൂൾ,

പുതുപ്പള്ളി, കോട്ടയം.

‘‘ആൺകുട്ടികളും പെൺകുട്ടികളും ത്രീഫോർത്തും ഷർട്ടും ധരിച്ചുവരുന്ന യൂണിഫോം വാർത്ത എല്ലാവർക്കും പുതിയതാണെങ്കിൽ ഞങ്ങൾക്ക് അങ്ങനെയല്ല. ഈ സ്കൂൾ തുടങ്ങിയ കാലം മുതൽക്കേ ഇതുതന്നെയാണ് ഞങ്ങളുടെ യൂണിഫോം.

ഏഴാം ക്ലാസ് വരെയുള്ള ആൺകുട്ടികൾക്കും  പെ ൺകുട്ടികൾക്കും  ഷോർട്സും  ടീഷർട്ടുമാണ് വേഷം.  അത് ഓരോരുത്തർക്കും സൗകര്യപ്രദമായ ലൂസിലും ഫിറ്റിങ്ങിലും കാഷ്വൽവെയറായി തന്നെ ധരിക്കാം. അ തു കഴിഞ്ഞാൽ എല്ലാവരും പാന്റിലേക്കും ഷർട്ടിലേക്കും മാറും. പ്ലസ്‌വൺ, പ്ലസ്ടു ക്ലാസുകളിൽ ആദ്യകാലത്ത് ആൺകുട്ടികൾക്കും പെൺകുട്ടികൾക്കും ഓവർകോട്ട് കൂടി ഉണ്ടായിരുന്നെങ്കിലും ചൂടു കാരണം പിന്നെയത് ഷർട്ടു മാത്രം എന്നാക്കി.

ഇവിടെ പഠിക്കാൻ ചേർന്നു കഴിഞ്ഞാൽ എല്ലാ കുട്ടികളെയും ഒരുപോലെയാണ് എല്ലാ ആക്ടിവിറ്റികളിലും പങ്കെടുപ്പിക്കുന്നത്. ഫുട്ബാൾ കളിക്കാനായാലും നീന്താനായാലും ഞങ്ങളെല്ലാവരും ഒന്നിച്ചാണ് ഇറങ്ങുക. പന്തിനു പിറകെ ഓടുമ്പോൾ പാവാടയുടെ പിന്നാലെ കൂടി മനസ്സുകൊണ്ട് പായുന്നത് അത്ര നല്ല കാര്യമല്ലല്ലോ. ക്ലാസിലായാലും സ്കൂൾ ഗ്രൗണ്ടിലായാലും എല്ലാവർക്കും ഒരുപോലെ സന്തോഷവും സ്വാതന്ത്ര്യവും തരുന്നതാണ് ഞങ്ങളുടെ യൂണിഫോം.

വേർതിരിവില്ലാതെ എല്ലാവരെയും തുല്യരായി കാണുന്ന ഈ യൂണിഫോം പണ്ടേ നടപ്പാക്കിയ എന്റെ സ്കൂളിനാണ് കയ്യടി.’’

‘സൗകര്യമാണ് പ്രധാനം, പിന്നെ കംഫർട്ടും...’

1637129010120

അകിയയും കൂട്ടുകാരും, എട്ടാം ക്ലാസ്,

വെനേറിനി ഇഎംഎച്ച്എസ്എസ്, ഫറൂക്ക്, കോഴിക്കോട്

‘‘ഞങ്ങളുടെ സ്കൂളിൽ ഏഴാം ക്ലാസു വരെ പാവാടയും ഷർട്ടും കോട്ടുമായിരുന്നു യൂണിഫോം. മുട്ടിനു താഴെ വരെയുള്ള പാവാട കാറ്റടിച്ചു പറക്കുമെന്നുള്ള പേടി കൊണ്ട് അടിയിൽ ഷോർട്സ് ഇട്ടാണ് പോകുന്നത്. സ്പോർട്സ് ഡേ പോലുള്ള ദിവസങ്ങളിൽ നിർബന്ധമായും യൂണിഫോം തന്നെ ഇടണമെന്നു നിർദേശം വരും. യൂണിഫോം പാവാടയിട്ട് ഓടാനും ചാടാനുമൊക്കെ വലിയ പാടാണ്, പോരെങ്കിൽ ചമ്മലും. അതുകൊണ്ട് ഞാനടക്കമുള്ള മിക്ക പെൺകുട്ടികളും ആഗ്രഹമുണ്ടെങ്കിലും അത്തരം മത്സരങ്ങളിലൊന്നും പങ്കെടുക്കാതെ മാറി നിൽക്കും.

എട്ടാം ക്ലാസ്സിലായതോടെ ഇപ്പോൾ ചുരിദാറും കോട്ടുമായി യൂണിഫോം. സൈക്കിളിലാണ് സ്കൂളിലേക്കു പോകുന്നത്. പാവാടയെക്കാൾ ചുരിദാറിനു സൗകര്യം കൂടുതലാണെങ്കിലും ഇറക്കം കൂടിയ വലിയ ടോപ് ആയതുകൊണ്ട് കുറച്ചു ബുദ്ധിമുട്ടും ഉണ്ട്. പാവാടയിൽ നിന്നു ചുരിദാറിലേക്കു മാറിയപ്പോഴുള്ള ഗുണം ഇത്ര വലുതാണ്. അപ്പോൾ എല്ലാവരും ത്രീഫോർത്തും ഷർട്ടും ഇടുമ്പോഴുള്ള സൗകര്യം എത്രയാകുമെന്നോർത്ത്  ഞങ്ങൾക്ക് വലിയ സന്തോഷമാണ് തോന്നുന്നത്.

യൂണിഫോം കംഫർട് കൂടി തരുന്നത് നല്ലതല്ലേ. എല്ലാവരും യൂണിഫോമായി പാന്റും ഷർട്ടുമിട്ട് സ്കൂളിലേക്കു വരുന്ന കാലമാണ് ഞങ്ങൾ സ്വപ്നം കാണുന്നത്.’’  

‘എല്ലാവരെയും പരിഗണിച്ചുള്ള മാറ്റമാണ് നല്ലത്...’

1637140603540

നാജിയ തസ്നിയും കൂട്ടുകാരും, അഞ്ചാം ക്ലാസ്, എഎംഎൽപി സ്കൂൾ, പടിഞ്ഞാറ്റുമുറി ഈസ്റ്റ്, മലപ്പുറം

‘‘എറണാകുളത്തെ സ്കൂളിൽ ആൺകുട്ടികൾക്കും പെൺകുട്ടികൾക്കും ഒരുപോലെയുള്ള യൂണിഫോം വ ന്നു എന്ന വാർത്ത പത്രങ്ങളിൽ കണ്ടു. എല്ലാവരും ഒ രേ യൂണിഫോം ഇടുമ്പോൾ തുല്യതയുടെ പുതിയ പാഠമാണ് പഠിക്കുന്നത് എന്നും വായിച്ചു.

അതൊക്കെ വലിയ അർഥത്തിൽ നല്ലതാണെന്നാണ് എല്ലാവരും പറയുന്നത്. ഈ മാതൃക പിന്തുടർന്ന് ഇങ്ങനെയുള്ള യൂണിഫോം എല്ലാ സ്കൂളുകളിലും വ രുമോ എന്നറിയില്ല. അക്കാര്യങ്ങളിൽ പലയിടത്തും ച ർച്ചകൾ നടക്കുമ്പോൾ എല്ലാവരുടെയും അഭിപ്രായം കൂടി പരിഗണിക്കണം എന്നാണ് ഞങ്ങൾക്കു പറയാനുള്ളത്.

ആൺകുട്ടികൾക്കും പെൺകുട്ടികൾക്കും ത്രീഫോർത്തും ഷർട്ടും പോലെ ഒരേതരം യൂണിഫോം എന്ന ആ ശയത്തോട് ഞങ്ങൾക്ക് യോജിപ്പില്ല. വസ്ത്രധാരണം ഓരോ വ്യക്തിയുടെയും സ്വാതന്ത്ര്യമാണ്.

അതല്ലാതെ അടിച്ചേൽപ്പിക്കുന്ന രീതി അനുസരിക്കാൻ പലർക്കും പ്രയാസമുണ്ടാകും. വസ്ത്രധാരണം, പ്രത്യേകിച്ച് യൂണിഫോം മാന്യമായ രീതിയിൽ ആകുക എന്നതും പ്രധാനമാണ്.

അതുകൊണ്ട് എല്ലാവരെയും പരിഗണിച്ചുള്ള മാറ്റമാണ് നല്ലതെന്നു തോന്നുന്നു.’’

‘യൂണിഫോം മാറുന്നതു കൊണ്ടു മനോഭാവം മാറുമോ...’

1637129010115

അർച്ചനയും കൂട്ടുകാരും, പ്ലസ്‌ വൺ,

വിവേകോദയം സ്കൂൾ, തൃശൂർ

‘‘ആദ്യാക്ഷരത്തോടൊപ്പം തന്നെ നമ്മൾ പഠിച്ചു തുടങ്ങേണ്ടതാണ് ലിംഗസമത്വവും. ഒരു സ്ത്രീയും പുരുഷനെക്കാ ൾ താഴെയല്ല. സമത്വത്തിനായി നിലകൊള്ളേണ്ടത് ആൺപെൺ വ്യത്യാസമില്ലാതെയാണ്.

ഇന്നത്തെ കുട്ടികളാണ് നാളെ നാടിനെ നയിക്കുന്നത് എന്നു പറയാറില്ലേ. അപ്പോൾ യൂണിഫോമിലൂടെ വരുത്തുന്ന ഈ മാറ്റത്തിന്റെ പാഠം നല്ല നാളേക്കുള്ള ചുവടുവയ്പ് ആകും. ആൺകുട്ടികളും പെൺകുട്ടികളും ഒരുപോലെ തന്നെയാണെന്നും അവർക്കിടയിൽ വേർതിരിവ് ഇല്ല എന്ന ചിന്ത ഉണ്ടാക്കാനും ഈ യൂണിഫോം സഹായിക്കും എന്നാണ് ഞങ്ങൾക്കു തോന്നുന്നത്.

എങ്കിലും വസ്ത്രധാരണരീതി മാറിയതുകൊണ്ടു മാത്രം നമ്മുടെ നാട്ടിൽ ജെൻഡർ  ഇക്വാലിറ്റി ഉണ്ടാകുമെന്നു തോന്നുന്നില്ല. ആണിനും പെണ്ണിനും സമൂഹം നൽകിയിരിക്കുന്ന ചട്ടക്കൂടുകളിൽ നിന്നു പുറത്തു കടക്കാൻ വലിയ മാനസിക പരിവർത്തനം കൂടി വേണം. ടെക്നിക്കൽ കോഴ്സുകളിൽ ആൺകുട്ടികൾക്കും പെൺകുട്ടികൾക്കും ഒരുപോലെയുള്ള യൂണിഫോം ആണ്.

സൗകര്യം കണക്കിലെടുത്താണ് അങ്ങനെ ചെയ്യുന്നത്. യൂണിഫോം തയാറാക്കുമ്പോൾ സമത്വത്തിനൊപ്പം എ ല്ലാവരുടെയും സൗകര്യം കൂടി നോക്കണം.’’

‘കാലാവസ്ഥയും ചൂടും ഇവിടെ പ്രശ്നമാണ്...’

1637129010113

ആൻ മറിയവും മാൻഷയും, പ്ലസ് ടു, മാർത്തോമ

റസിഡൻഷ്യൽ സ്കൂൾ, തിരുവല്ല, പത്തനംതിട്ട

‘‘പാവാടയും ഷർട്ടുമാണ് പണ്ടു മുതലേ നമ്മളെല്ലാവരും കാണുന്ന പെൺകുട്ടികളുടെ യൂണിഫോം. ഞങ്ങളുടെ സ്കൂളിലും പ്ലസ്ടു വരെയുള്ള പെൺകുട്ടികൾക്ക് പാവാടയും ഷർട്ടും കോട്ടുമാണ് യൂണിഫോം.

പാവാടയിടുമ്പോൾ ഞങ്ങളെല്ലാവരും വളരെ ‘കോ ൺഷ്യസ്’ ആയാണ് നടക്കുകയും പെരുമാറുകയുമൊക്കെ ചെയ്യുന്നത്. സ്കൂൾ ബാഗ് തൂക്കി നടക്കുമ്പോൾ അറിയാതെ പാവാട മുകളിലേക്ക് കയറി വരുന്നത് പ ലർക്കും പേടിസ്വപ്നമാണ്. ക്ലാസ്സിൽ ഇരിക്കുമ്പോഴും സ്കൂളിലെ പടികൾ കയറുമ്പോഴുമൊക്കെ പാവാട പൊങ്ങിപ്പോകുമോ എന്നാണു മിക്കവരുടെയും ടെൻഷൻ. കാറ്റു വരുമ്പോൾ ഞങ്ങൾ പരസ്പരം ചേർന്നുനിൽക്കാൻ ശ്രദ്ധിക്കും. ആരുടെയും പാവാട പറന്നു പൊങ്ങാതിരിക്കാനുള്ള വഴിയാണത്. പാവാടയുടെ അടിയിൽ ടൈറ്റ്സ് ഇടാറുണ്ടെങ്കിലും ചൂടുകാലത്ത് അതു വലിയ ബുദ്ധിമുട്ടുണ്ടാക്കും.’’

‘സ്വാതന്ത്ര്യം നൽകുമെന്നതു ശരി തന്നെ, പക്ഷേ...’

1637140603542

ഒലീന ജോഷിയും കൂട്ടുകാരും, എട്ടാം ക്ലാസ്സ്, സെന്റ് തോമസ് റസിഡൻഷ്യൽ സ്കൂൾ, മുക്കോല, തിരുവനന്തപുരം

‘‘ഞങ്ങളുടെ സ്കൂളിൽ പെൺകുട്ടികളുടെ യൂണിഫോം ഷർട്ടും പാവാടയുമാണ്. ജെന്‍ഡർ  ന്യൂട്രൽ യൂണിഫോം ചർച്ചയാകുന്ന കാലത്തും പാവാടയെ പൂർണമായും തള്ളിക്കളയാൻ ഞങ്ങൾ തയാറല്ല. പെൺകുട്ടികൾക്ക് പാവാട അതിന്റേതായ സ്വാതന്ത്ര്യം നൽകുന്നുണ്ട്. എന്നാൽ എ പ്പോഴും കരുതൽ വേണമെന്നതാണ് പ്രശ്നം.

കോളജുകളിലെയും സ്കൂളുകളിലെയും അന്തരീക്ഷം കുറച്ചുകൂടി സ്ത്രീസൗഹൃദമാകുന്ന കാലഘട്ടത്തിൽ യൂണിഫോമിലെ മാറ്റം നല്ലൊരു തുടക്കമാണെന്ന കാര്യത്തിൽ തർക്കമില്ല. പാവാടയിൽ നിന്ന് ത്രീഫോർത്തിലേക്കോ പലാസോയിലേക്കോ പാന്റിലേക്കോ ഒക്കെ മാറുന്നതു പെൺകുട്ടികൾക്കു കുറച്ചുകൂടി സ്വാതന്ത്ര്യം നൽകുന്ന തീരുമാനമാണ്.

പക്ഷേ, പെൺകുട്ടികൾക്ക്, പ്രത്യേകിച്ചും മുതിർന്ന ക്ലാസ്സുകളിൽ ഉള്ളവർക്ക് അത് എത്രമാത്രം കംഫർട്ടബിൾ ആ കും എന്നും ആലോചിക്കണം. പാന്റും ഷർട്ടും യൂണിഫോമാക്കുമ്പോൾ അത്തരം കാര്യങ്ങൾ കൂടി പരിഗണിക്കണം.’’

‘ഞങ്ങൾ പാന്റിൽ നിന്നു പാവാടയിലേക്കു മാറിയതാ...’

1637147117132

വരദ ജയരാജും കൂട്ടുകാരും, ഹൈസ്കൂൾ കുട്ടികൾ,

വിന്നേഴ്സ് പബ്ലിക് സ്കൂൾ, കരിമണ്ണൂർ, ഇടുക്കി

‘‘പാവാടയും ഷർട്ടും കോട്ടുമാണ് ഞങ്ങളുടെ സ്കൂളിൽ പെൺകുട്ടികളുടെ യൂണിഫോം. പാവാടയുടെ ഇറക്കം മുട്ടിനു താഴെ വരെ വേണമെന്ന് നിർബന്ധമുണ്ട്. മുട്ടുവരെ കയറിക്കിടക്കുന്ന സോക്സും വേണം. എല്ലാവരുടെയും കംഫർട്ടും സൗകര്യവും നോക്കിയാണ് ഇങ്ങനെ നിബന്ധനകൾ വച്ചിട്ടുള്ളത്.

എറണാകുളത്തെ സ്കൂളിൽ ആൺകുട്ടികൾക്കും പെ ൺകുട്ടികൾക്കും ഒരുപോലെയുള്ള യൂണിഫോം നടപ്പാക്കിയ വാർത്ത പത്രങ്ങളിൽ കണ്ടു. ഞങ്ങളുടെ സ്കൂളിൽ വർഷങ്ങൾക്കു മുൻപേ തന്നെ പെൺകുട്ടികളുടെ യൂണിഫോം പാന്റും ഷർട്ടും കോട്ടുമായിരുന്നു. നാലു വർഷം മു  ൻപാണ് അതു പാവാടയും ഷർട്ടിലേക്കും മാറിയത്.

പൊലീസ്, സൈന്യം പോലുള്ള പല ജോലികളിലും പുരുഷനും സ്ത്രീക്കും ഏകീകൃത യൂണിഫോം ആണുള്ളത്.  പൊതുഇടങ്ങളിൽ ഇടപെടുമ്പോഴും മറ്റുമുള്ള അസൗകര്യം കണക്കിലെടുത്താണ് ആ മാറ്റം. അതുപോലെ തന്നെയാണ് യൂണിഫോമും. ഇപ്പോഴും ചുറ്റുപാടുമുള്ള പല സ്കൂളുകളിലും കോളജുകളിലും പാന്റും കോട്ടുമാണ് യൂണിഫോം. ഞങ്ങൾക്കും അതുപോലെയുള്ള യൂണിഫോമിനോടാണ് കൂടുതൽ ഇഷ്ടവും.’’

‘പിന്നഫോറും പാവാടയും ഒരുപോലെ തന്നെ...’

മരിയ ജെൻസണും കൂട്ടുകാരും, പ്ലസ് വൺ, സെന്റ് തെരേസാസ് ഗേൾസ് എച്ച്എസ്എസ്, കൊച്ചി.

1637147117130

‘‘ഞങ്ങൾ മുൻപു പഠിച്ചിരുന്ന സ്കൂളിൽ പത്താം ക്ലാസുവരെ പിന്നഫോറും ഷർട്ടുമായിരുന്നു യൂണിഫോം.   ആ വേഷത്തിൽ ചെല്ലുന്ന ദിവസം നടക്കുന്ന സ്പോർട്സ് ആക്ടിവിറ്റികളിലൊന്നും പങ്കെടുക്കാൻ പറ്റാത്തതായിരുന്നു മിക്ക പെൺകുട്ടികളുടെയും വിഷമം.

അതുകൊണ്ട് സ്പോർട്സ് പ്രാക്ടീസ് ഒന്നും ചെയ്യാൻ പറ്റില്ലായിരുന്നു. കുട്ടികളെ ഒന്നിച്ചിരുത്തി ഉള്ള യോഗ സെഷനുകളിലും മറ്റും പെൺകുട്ടികൾക്ക് വേ റേ ഡ്രസ് കയ്യിൽ കരുതേണ്ടി വരും. ആൺകുട്ടികൾ യൂണിഫോം ആയ പാന്റും ഷർട്ടും ഇട്ട് എല്ലാ ആക്ടിവിറ്റികളിലും പങ്കെടുക്കുന്നതും ഫ്രീയായി നടക്കുകയും ചെയ്യുന്നതു കണ്ട് ഞങ്ങൾ അസൂയപ്പെട്ടിട്ടുണ്ട്.

പിന്നഫോറായാലും പാവാടയായാലും മിക്ക പെൺകുട്ടികൾക്കും ടെൻഷനാണ്. ചെറിയ ക്ലാസുകളിലെ കുട്ടികളെ ഇത് അത്ര ബാധിക്കാറില്ലെങ്കിലും മുതിർന്ന ക്ലാസുകളിലേക്ക് എത്തുമ്പോൾ ടെൻഷന്റെ അളവും കൂടിക്കൂടി വരും. പാവാടയ്ക്കൊപ്പം സോക്സ് ഉണ്ടെങ്കിലും അടിയിൽ ടൈറ്റ്സ് ഇടാതെ പോകാറില്ല.

പ്ലസ് വണ്ണിലേക്ക് എത്തിയതോടെ ചുരിദാറായി യൂണിഫോം. ഇപ്പോഴാണ് ത്രീഫോർത്തും ഷർട്ടുമിട്ട് വരുന്ന ആ കുട്ടികളുടെ സന്തോഷം എത്രയാണെന്ന് മനസ്സിലാകുന്നത്.’’

‘യൂണിഫോമിലൂടെ സമത്വം വരുമെന്നു കരുതണോ...’

1637147117127

പാർവതിയും കൂട്ടുകാരും, പത്താം ക്ലാസ്, മൗണ്ട് കാർമൽ കോൺവെന്റ് ആംഗ്ലോ ഇന്ത്യൻ ഗേൾസ് എച്ച്എസ്എസ്, തങ്കശേരി, കൊല്ലം

‘‘കേരളത്തിലെ തന്നെ ഏറ്റവും മികച്ച ഗേൾസ് സ്കൂളുകളിൽ ഒന്നാണ് ഞങ്ങളുടേത്. എൽകെജി മുതൽ പ്ലസ് ടു വരെ പെൺകുട്ടികൾ മാത്രം. പഠനത്തിൽ മാത്രമല്ല, സ്പോർട്സിലും യുവജനോത്സവത്തിലുമൊക്കെ എപ്പോഴും ആദ്യ സ്ഥാനങ്ങൾ നേടുന്ന സ്കൂളുമാണ് ഞങ്ങളുടേത്. പെൺകുട്ടികൾ എന്നതു കൊണ്ട് ഒരു കാര്യത്തിലും മാറി നിൽക്കാറില്ല. ഞങ്ങളുടെ യൂണിഫോം അതിനു തടസ്സമാകുന്നില്ല എന്നതാണ് സത്യം.

ഷർട്ടും പിന്നഫോറുമാണ് ഞങ്ങളുടെ യൂണിഫോം. പാവാട പോലെ ഇറുകി ഇരിക്കാത്ത പിന്നഫോറാണ് ഞങ്ങ ൾക്കെല്ലാം ഇഷ്ടം. പാന്റും ഷർട്ടും പോലും ആ സ്വാതന്ത്ര്യവും സൗന്ദര്യവും നൽകില്ല എന്നു തോന്നുന്നു.

സ്പോർട്സും ആർട്സും പോലുള്ള ഇവന്റുകളിൽ നിന്ന് ഞങ്ങളാരും വിട്ടു നിൽക്കാറില്ല. വസ്ത്രത്തിന്റെ പേരി ൽ അങ്ങനെ ഞങ്ങളെ വേർതിരിച്ചു നിർത്തേണ്ടതില്ല എ ന്നാണ് അഭിപ്രായം. അല്ലെങ്കിലും യൂണിഫോമിലൂടെ അല്ലല്ലോ ഇവിടെ സ്ത്രീപുരുഷ സമത്വം വരേണ്ടത്.’’ 

തയാറാക്കിയത്: രൂപാ ദയാബ്ജി