എവിടെ നോക്കിയാലും മാളുകളും ഷോപ്പിങ് കോംപ്ലക്സും ഉയരുകയാണ്. ഭംഗിയുള്ള ചെടികളോട് ഇഷ്ടമുണ്ടെങ്കിൽ ഷോപ്പിങ് കോംപ്ലക്സിലോ മാളിലോ ചെടികൾ വിൽക്കുന്ന ഷോപ്പ് തുടങ്ങിയാലോ? ഒപ്പം പൂന്തോട്ടത്തിലേക്കു വേണ്ട കാര്യങ്ങളെല്ലാം ഒരുക്കിക്കോളൂ. മനസ്സിനിഷ്ടമുളള ജോലി ചെയ്യാം. കൈ നിറയെ പണവും നേടാം.

ഒരുക്കാം മോഹിപ്പിക്കും പച്ചപ്പ്

ADVERTISEMENT

∙ നൂറ്– നൂറ്റൻപതു ചതുരശ്രഅടി സൗകര്യമാണു മാളിലോ ഷോപ്പിങ് കോംപ്ലക്സിലോ ചെടികൾ വിൽക്കുന്ന ഷോപ്പ് ഒരുക്കാൻ വേണ്ടത്. അകത്തള അലങ്കാരച്ചെടികൾക്കൊപ്പം നടീൽ മിശ്രിതം, പെബിൾ പോലെയുള്ള അലങ്കാരവസ്തുക്കൾ തുടങ്ങിയവയും ഒരുക്കണം.

∙ അകലെ നിന്നു കാണുമ്പോൾ പോലും ചെടികൾ വിൽക്കുന്ന ഇടമാണെന്നു മനസ്സിലാക്കാവുന്ന തരം ഗ്ലാസ്, ഷെൽഫ്, ചെടികൾക്കായുള്ള സ്റ്റാൻഡ് ഇവയെല്ലാം ഉപയോഗിച്ചാണ് ഇത്തരം സ്റ്റോർ നിർമിക്കേണ്ടത്.

ADVERTISEMENT

∙ സ്റ്റോറിൽ കൗണ്ടർ വിൽപനയാണു കൂടുതൽ നടക്കാറ്. തട്ടുകളിലും റാക്കുകളിലുമായി കഴിയുന്നത്ര ചെടികളും ചട്ടിയും ഭംഗിയായി പ്രദർശിപ്പിക്കണം. സ്റ്റോറിനു പുറത്തേക്കു ചെടിയും ചട്ടിയുമെല്ലാം ഇറക്കിവയ്ക്കാൻ കഴിയുന്നതരം വീലോടുകൂടിയ സ്റ്റാൻഡ്, റാക്ക് തുടങ്ങിയവ പ്രയോജനപ്പെടുത്തണം. ഉയരമുള്ള സ്റ്റാന്റുകൾ ആണു വേണ്ടത്. നേരിട്ടു നോട്ടം കിട്ടാൻ ഇവ ഉപകരിക്കും.

∙ ഫലനോപ്സിസ്, ബാസ്കറ്റ് വാന്റ, വരാന്തയിലോ ബാൽക്കണിയിലോ വളർത്താൻ യോജിച്ച ഓർക്കിഡ്, പൂവിട്ട മിനി ആന്തൂറിയം, അഗ്ളോനിമ, കാലത്തിയ, ഫിലോഡെൻഡ്രോൺ, അലോകേഷിയ, സ്‌നേക് പ്ലാന്റ്, സീസീ പ്ലാന്റ്, എയർ പ്ലാന്റ്, കള്ളിച്ചെടികൾ തുടങ്ങിയ അകത്തളച്ചെടികൾ സെറാമിക്, ഫൈബർ ചട്ടികളിൽ നട്ടു ഭംഗിയായി പ്രദർശിപ്പിക്കണം.

ADVERTISEMENT

∙ ടേബിൾ ടോപ്പിലും നിലത്തും വയ്ക്കാൻ പറ്റിയ പല ആകൃതിയിലും നിറത്തിലുമുള്ള ചട്ടികൾ, ബൗൾ ഗാർഡൻ, ടെറേറിയം, മക്റാമേ പ്ലാന്റ്ഹാങ്ങറിൽ തൂക്കിയിട്ട വള്ളിച്ചെടികൾ, ബോൺസായ്, കൊക്കെഡാമ രീതിയിൽ തയാറാക്കിയ ചെടികൾ തുടങ്ങിയവയെല്ലാം വേണം. സ്ഥലസൗകര്യം കുറവായതുകൊണ്ടു പ്ലാന്റ് ഹാങ്ങറുകൾക്കൊപ്പം ലഭ്യമായ ഭിത്തി തൂക്കുചെടികൾ, മക്രാമേ ഹാങ്ങർ തുടങ്ങിയവ പ്രദർശിപ്പിക്കാൻ പ്രയോജനപ്പെടുത്തണം.

∙ ഓർക്കിഡ്, ആന്തൂറിയം, മറ്റ് അകത്തളച്ചെടികൾ,ബോൺസായ്, കൊക്കെഡാമ രീതിയിൽ ഒരുക്കിയ ചെടികൾ തുടങ്ങിയവ എങ്ങനെ പരിപാലിക്കാമെന്ന് ഒരു കുറിപ്പു കൂടി നൽകിയാലോ? ചെടികളുടെ അടുത്തു സ്ഥാപിച്ച ക്യുആർ കോഡ് സ്കാൻ ചെയ്താൽ പരിപാലിക്കേണ്ടതെങ്ങനെയെന്ന വിവരണം കിട്ടുമെങ്കിൽ കൂടുതൽ നല്ലത്.

∙പൂർണവളർച്ചയെത്തിയ ചെടികൾക്കൊപ്പം അവയുടെ തൈകളും ഒരുക്കിവച്ചോളൂ. തൈകൾ വാങ്ങിയാൽ കൊണ്ടുപോകാൻ എളുപ്പമായതുകൊണ്ട് അവയ്ക്ക് ആവശ്യക്കാരുണ്ടാകും. ഫ്ലാറ്റിൽ താമസിക്കുന്നവർ ചെടികൾ വാങ്ങുമ്പോൾ നഴ്സറി ചട്ടിയിൽ നിന്നു മാറ്റി അവർ തിരഞ്ഞെടുത്ത ചട്ടിയിലേക്കു നടാൻ ആവശ്യപ്പെട്ടേക്കാം. മിശ്രിതം നിറച്ച ശേഷം ചെടി പുതിയ ചെട്ടിയിലേക്കു നടേണ്ടി വരും. ഇങ്ങനെ മാറ്റിനടുന്നതിനു വേണ്ട നടീൽ മിശ്രിതവും മറ്റ് അനുബന്ധ വസ്തുക്കളും ആവശ്യാനുസരണം കരുതണം.

∙ സീസൺ അനുസരിച്ചു പൂച്ചെടികളുടെയും പച്ചക്കറി ഇനങ്ങളുടെയും വിത്തുകളും സ്റ്റോറിൽ ഉൾപ്പെടുത്താം. എല്ലാ ഇനത്തിന്റെയും വിത്ത് പായ്ക്കറ്റുകൾ സ്റ്റാൻഡിൽ തൂക്കിയിട്ടോ ഗ്ലാസ്സിനുള്ളിലാക്കി ടേബിളിൽ നിരത്തിവച്ചോ പ്രദർശിപ്പിക്കാം. മാളിൽ രാവിലെ മുതൽ അർധരാത്രി വരെ പ്രവർത്തന സമയമാണല്ലോ. അതുകൊണ്ട് എല്ലാസമയത്തും സ്റ്റോറിന്റെ മുക്കും മൂലയും നന്നായി കാണുന്ന വിധം സ്പോട്ട് ലൈറ്റ്, സീരിയൽ ലൈറ്റ്, മിർച്ചി ലൈറ്റ് തുടങ്ങിയവ കൊണ്ടു ഭംഗിയാക്കണം. ∙

English Summary:

Starting a plant shop in a mall or shopping complex is a great business idea. It allows you to indulge your love for plants and earn money by offering a variety of indoor plants, gardening supplies, and related services.

ADVERTISEMENT