മനസ്സു നിറഞ്ഞ് വിഷുക്കണി കാണാൻ എവിടെ പോകണം? കാഴ്ചയുടെ ശീവേലിയൊരുങ്ങുന്ന മൂന്ന് അമ്പലങ്ങൾ
Vishu Temple Visit
വിഷു ഒരു യാത്രയാണ്. മേടത്തിൽ നിന്ന് അടുത്ത മീനത്തിലേക്കുള്ള പ്രകൃതിയുടെ തീർഥ യാത്ര. വാകപ്പൂക്കളുടെ ചുവപ്പു രാശിയിൽ ചെന്നവസാനിക്കുന്ന നിറ പ്രദക്ഷിണത്തിന്റെ തുടക്കം കണിക്കൊന്നയിലാണ്. പുതുമഴയുടെ ഗന്ധം നിറഞ്ഞ പാടത്തു നിന്നു വിഷുപ്പക്ഷിയുടെ പാട്ടു കേട്ടില്ലേ ? ഇനി, വിളക്കു വയ്ക്കാം. വിഭവങ്ങളൊരുക്കാം.
വിഷു ഒരു യാത്രയാണ്. മേടത്തിൽ നിന്ന് അടുത്ത മീനത്തിലേക്കുള്ള പ്രകൃതിയുടെ തീർഥ യാത്ര. വാകപ്പൂക്കളുടെ ചുവപ്പു രാശിയിൽ ചെന്നവസാനിക്കുന്ന നിറ പ്രദക്ഷിണത്തിന്റെ തുടക്കം കണിക്കൊന്നയിലാണ്. പുതുമഴയുടെ ഗന്ധം നിറഞ്ഞ പാടത്തു നിന്നു വിഷുപ്പക്ഷിയുടെ പാട്ടു കേട്ടില്ലേ ? ഇനി, വിളക്കു വയ്ക്കാം. വിഭവങ്ങളൊരുക്കാം.
വിഷു ഒരു യാത്രയാണ്. മേടത്തിൽ നിന്ന് അടുത്ത മീനത്തിലേക്കുള്ള പ്രകൃതിയുടെ തീർഥ യാത്ര. വാകപ്പൂക്കളുടെ ചുവപ്പു രാശിയിൽ ചെന്നവസാനിക്കുന്ന നിറ പ്രദക്ഷിണത്തിന്റെ തുടക്കം കണിക്കൊന്നയിലാണ്. പുതുമഴയുടെ ഗന്ധം നിറഞ്ഞ പാടത്തു നിന്നു വിഷുപ്പക്ഷിയുടെ പാട്ടു കേട്ടില്ലേ ? ഇനി, വിളക്കു വയ്ക്കാം. വിഭവങ്ങളൊരുക്കാം.
വിഷു ഒരു യാത്രയാണ്. മേടത്തിൽ നിന്ന് അടുത്ത മീനത്തിലേക്കുള്ള പ്രകൃതിയുടെ തീർഥ യാത്ര. വാകപ്പൂക്കളുടെ ചുവപ്പു രാശിയിൽ ചെന്നവസാനിക്കുന്ന നിറ പ്രദക്ഷിണത്തിന്റെ തുടക്കം കണിക്കൊന്നയിലാണ്. പുതുമഴയുടെ ഗന്ധം നിറഞ്ഞ പാടത്തു നിന്നു വിഷുപ്പക്ഷിയുടെ പാട്ടു കേട്ടില്ലേ ? ഇനി, വിളക്കു വയ്ക്കാം. വിഭവങ്ങളൊരുക്കാം. കണി കാണാം – മയിൽപ്പീലി ചൂടി, മഞ്ഞപ്പട്ടണിഞ്ഞ്, ഓടക്കുഴലൂതുന്ന കണ്ണനെ കണി കാണണം... വീട്ടിലെ പൂജാ മുറിയിൽ നിന്നിറങ്ങി ഇക്കുറി വിഷുക്കണിയൊരു തീർഥയാത്രയാക്കിയാലോ? ശ്രീകൃഷ്ണൻ അവതരിച്ചിറങ്ങിയ മൂന്നു ക്ഷേത്രങ്ങളിലൂടെയാവട്ടെ കണ്ണനെ കാണാനുള്ള യാത്ര. ചെമ്പകശ്ശേരി രാജാവ് അമ്പലപ്പുഴയിൽ വാഴിച്ച അമ്പാടിക്കണ്ണൻ. മാർത്താണ്ഡ വർമ നെയ്യാറ്റിൻ കരയിൽ കുടിയിരുത്തിയ വെണ്ണക്കണ്ണൻ. ഗുരുവും വായുവും ചേർന്നു ഗുരുവായൂരിൽ പ്രതിഷ്ഠിച്ച ഉണ്ണിക്കണ്ണൻ... മേടമാസപ്പുലരി പൊന്നണിയാൻ ഇതിൽപ്പരമെന്തു വേണം?
കണി കാണാം പാൽപ്പായസം കുടിക്കാം
‘‘വിഷുപ്പുലരിയിൽ അമ്പലപ്പുഴയിലെ ഉണ്ണിക്കണ്ണൻ രണ്ടരയ്ക്ക് ഉറക്കമുണരും. മൂന്നു മണിക്കാണ് വിഷുക്കണി ദർശനം. അതു കഴിഞ്ഞ് മേൽശാന്തി വിഷുക്കൈനീട്ടം തരും. പഴയ ചെമ്പകശ്ശേരി രാജ്യത്തെ പ്രജകൾ പുലരും വരെ വരി നിന്നു കണ്ണനെ കണി കാണും.’’ കണി കണ്ടു നിൽക്കുന്ന സുഖത്തോടെ വലിയമഠം ശ്രീകുമാർ പറഞ്ഞു. ഉത്സവം കഴിഞ്ഞാലും തിരക്കു കുറയില്ല. വിഷു വരുകയല്ലേ. പാൽപ്പായസം പറ കണക്കിനു വേണ്ടി വരും. കുളക്കരയിലെ ആൽത്തറയിലിരുന്ന് ശ്രീകുമാർ മിഴികളടച്ചു പ്രാർഥിച്ചു. അമ്പലപ്പുഴ ശ്രീകൃഷ്ണ സ്വാമി ക്ഷേത്രത്തിന്റെ കോയ്മ സ്ഥാനമുള്ള വലിയമഠത്തുകാരനാണ് ശ്രീകുമാർ.
വിഷുവിന് അമ്പലപ്പുഴയിലേക്ക് തീർഥാടനം എന്നു കേട്ടപ്പോൾ ശ്രീകുമാർ വാതോരാതെ സംസാരിച്ചു. ചെമ്പകശ്ശേരി രാജാവും കുഞ്ചൻ നമ്പ്യാരും തൊഴുതു വണങ്ങിയ അമ്പലപ്പുഴക്കണ്ണന്റെ മഹിമ പറഞ്ഞ് അദ്ദേഹം ശ്രീകോവിലിന്റെ മുന്നിലേക്കു നടന്നു.
‘‘അമ്പലപ്പുഴയിലെ വിഷുക്കണി കെങ്കേമമാണ്. ആയിരക്കണക്കിനാളുകൾ ദർശനത്തിനെത്തും. പതിനെട്ടു പൂജയും ശ്രീഭൂതബലിയും വിളക്കും കഴിഞ്ഞ് പാൽപ്പായസം കുടിച്ചിട്ടേ ആളുകൾ മടങ്ങൂ.
വിഷുത്തലേന്നു രാത്രി പത്തു മണിയോടെ കണിയൊരുക്കം തുടങ്ങും. അത്താഴ പൂജയ്ക്കു ശേഷം വാസുദേവാ എന്നുറക്കെ വിളിച്ച ശേഷം മേൽശാന്തിയും ജീവനക്കാരും ഭക്ഷണം കഴിക്കാൻ പോകും. ഭഗവാന്റെ പേരു നീട്ടി വിളിക്കുന്നത് അമ്പലപ്പുഴയിലെ പതിവു ചടങ്ങാണ്. മേൽ ശാന്തി തിരിച്ചെത്തിയ ശേഷം നട തുറക്കും. അതിനു ശേഷം വിഷുക്കണി ദർശനത്തിന് വിഗ്രഹത്തിൽ തിരുവാഭരണം ചാർത്തും. സ്വർണക്കുടം, അഷ്ടമംഗല്യം, ചക്ക, വെള്ളരിക്ക, മാങ്ങ, നാളികരം, കണിക്കൊന്ന, വെള്ളുരുളി നിറയെ നാണയങ്ങൾ എന്നിവ വച്ചാണു കണിയൊരുക്കുക.
മൂന്നു മണിക്ക് നട തുറക്കുമ്പോൾ അണിഞ്ഞൊരുങ്ങി നിൽക്കുന്ന കണ്ണനെ കണി കാണാം. ഈ സമയത്ത് ഭൂപാള രാഗത്തിൽ കൃഷ്ണ സ്തുതി ഉയരും. സ്വർണ കിരീടമണിഞ്ഞ കണ്ണനെ കണി കണ്ട് കൈനീട്ടം വാങ്ങാൻ ആയിരക്കണക്കിനാളുകളെത്തും. രാവിലെ ആറു മണിയോടെ ആഭരണങ്ങൾ അഴിച്ചു മാറ്റിയ കണ്ണനെ അഭിഷേകം നടത്തും. അതിനു ശേഷം പതിവു പൂജയും ശ്രീബലിയും പന്തീരടി പൂജയുമാണ്. ’’
വിഷു ദിവസം അമ്പലപ്പുഴക്കണ്ണനെ തൊഴാനെത്തുന്നവർക്ക് കാണാനുള്ളതെല്ലാം ശ്രീകുമാർ ഒറ്റ ശ്വാസത്തിൽ പറഞ്ഞു. പിന്നെ മണിക്കിണറിനടുത്തേയ്ക്കു നടന്നു. ക്ഷേത്രത്തിന്റെ തെക്കു–പടിഞ്ഞാറു കോണിലാണ് പാൽപ്പായത്തിനു വെള്ളമെടുക്കുന്ന കിണർ. അവിടെ നിന്നു കോരിയ വെള്ളവുമായി പൂജാരിമാർ പാചകപ്പുരയിലേക്കു നീങ്ങി. അൽപ്പ നേരം കഴിഞ്ഞപ്പോൾ വാസുദേവാ എന്നൊരു വിളി ഉറക്കെ കേട്ടു. ‘‘അരിയും പാലും കുറുകി പഞ്ചസാരയിടുമ്പോൾ ഭഗവാനെ നീട്ടി വിളിക്കുന്ന പതിവുണ്ട്. സ്വാദ് നിശ്ചയിക്കന്നതു ശ്രീകോവിലിലെ കണ്ണനാണ്.’’ ക്ഷേത്രം ജീവനക്കാരനായ വിനോദ് വാരിയരുടെ വാക്കുകളിൽ വിശ്വാസം നിറഞ്ഞു.
ടിപ്പു സുൽത്താന്റെ ആക്രമണത്തെ പേടിച്ച് ഗുരുവായൂരിലെ ശ്രീകൃഷ്ണ വിഗ്രഹം പണ്ടൊരിക്കൽ അമ്പലപ്പുഴയിൽ എത്തിച്ച് രക്ഷിച്ചു. അന്നു നിർമിച്ചതാണ് അമ്പലപ്പുഴയിലെ ഗുരുവായൂർ നടയും ഗുരുവായൂരപ്പ ക്ഷേത്രവും. ക്ഷേത്രത്തിന്റെ തെക്കു ഭാഗത്ത് അൽത്തറയ്ക്കപ്പുറത്തായി നിലകൊള്ളുന്നു ഈ മന്ദിരം. തുള്ളൽപ്പാട്ടുണ്ടാക്കിയ കുഞ്ചൻ നമ്പ്യാരുടെ മിഴാവാണ് ക്ഷേത്രമതിൽക്കെട്ടിനുള്ളിൽ ബാക്കിയുള്ള കാഴ്ച. പടിഞ്ഞാറേ നടയുടെ മുന്നിൽ ഓല മേഞ്ഞൊരു നാടകശാലയുണ്ടാക്കിയാണ് മിഴാവ് പ്രദർശിപ്പിച്ചിട്ടുള്ളത്.
ഉപ്പുകാച്ചു പുര, മണിക്കിണർ, ഗുരുവായൂർ കിണർ, വേലക്കുളം, പുത്തൻ കുളം, പടിഞ്ഞാറേ മാളിക, മന്ത്രശാല മാളിക, മുരിങ്ങമഠം മാളിക, ഉടുത്തുകെട്ടി മാളിക, വിചാരിപ്പു മാളിക എന്നിവയാണ് നാലമ്പലത്തിനു പുറത്തുള്ള മറ്റു നിർമിതികൾ. ഗോശാലയുടെ മധ്യത്തിൽ രഥത്തിന്റെ ആകൃതിയിലാണ് ശ്രീകോവിൽ. ചന്ദന മുഴക്കാപ്പ് ചാർത്തിയ ഉണ്ണിക്കണ്ണനാണ് പ്രതിഷ്ഠ. ‘‘ചോദിക്കുന്നതെന്തും വാരിക്കോരി നൽകുന്ന കണ്ണനെ കണി കാണുന്നതിനെക്കാൾ ഭാഗ്യം വേറെയെന്തുണ്ട് ?’’ കൊടിമരത്തിന്റെ നെറുകയിലേക്കു മിഴികളയച്ച് കൂപ്പുകൈകളോടെ ശ്രീകുമാർ പറഞ്ഞു നിർത്തി.
അമ്പലപ്പുഴ ശ്രീകൃഷ്ണ സ്വാമി ക്ഷേത്രം
ആലപ്പുഴ–തിരുവനന്തപുരം റോഡിൽ കച്ചേരി മുക്കിൽ നിന്ന് ഇടത്തോട്ടുള്ള റോഡ് ചെന്നവസാനിക്കുന്നതു ക്ഷേത്രത്തിനു മുന്നിലാണ്. നട തുറക്കൽ: പുലർച്ചെ 3ന്. നട അടയ്ക്കൽ: ഉച്ചയ്ക്ക് 12.45. വൈകിട്ട് 5.00ന് നട തുറന്ന് രാത്രി 8.05ന് അടയ്ക്കും. ഉച്ചയ്ക്ക് പന്ത്രണ്ടു മണിയോടെ പാൽപ്പായസം തയാറാകും. പായസം ആവശ്യമുള്ളവർ മുൻകൂട്ടി ബുക്ക് ചെയ്യണം. വിഷുക്കണി ദർശനം: പുലർച്ചെ 3ന്.
കുഞ്ചൻ നമ്പ്യാർ സ്മാരകം
തുള്ളൽ കലയുടെ ഉപജ്ഞാതാവായ കലക്കത്ത് കുഞ്ചൻ നമ്പ്യാരുടെ സ്മരണയ്ക്കായി നിർമിച്ചിട്ടുള്ള മന്ദിരം അമ്പലപ്പുഴ ക്ഷേത്രത്തിന്റെ കിഴക്കേ നടയിലാണ്.
നെയ്യാറ്റിൻകര വാഴും കണ്ണാ...
അനിഴം തിരുനാൾ മാർത്താണ്ഡ വർമയുടെ ജീവൻ രക്ഷിച്ച ഉണ്ണിക്കണ്ണന്റെ ക്ഷേത്രം നെയ്യാറിന്റെ തീരത്താണ്. വെണ്ണയുണ്ണുന്ന ബാലഗോപാലന്റെ രൂപം കണി കാണുന്നവർക്കു വർഷം മുഴുവൻ ഭാഗ്യമുണ്ടാകുമെന്നാണു വിശ്വാസം.
മേടം പിറന്ന ശേഷം ഉത്സവത്തിനൊരുങ്ങിയ അമ്പല മുറ്റത്ത് കണിക്കൊന്ന പൂത്തുലഞ്ഞു നിന്നു. ഉണ്ണിയപ്പച്ചട്ടിയിൽ നെയ്യൊഴുകുന്ന സുഗന്ധം ക്ഷേത്ര പരിസരമാകെ നിറഞ്ഞു. അമ്മച്ചി പ്ലാവിന്റെ മുന്നിൽ നിന്ന് കണ്ണനെയൊന്നു മനസ്സിൽ കണ്ടു. അനിഴം തിരുനാളിന്റെ ജീവൻ രക്ഷിക്കാനെത്തിയ കുട്ടി, നെയ്യാറ്റിൻ കരയിലെ കണ്ണൻ...
എട്ടുവീട്ടിൽ പിള്ളമാരുടെ ആക്രമണത്തെ തുടർന്ന് തിരുവനന്തപുരത്തു നിന്നു രക്ഷപെട്ട അനിഴം തിരുനാൾ നെയ്യാറിന്റെ കരയിലെത്തി. ശത്രുക്കളെ പേടിച്ചു നടന്ന രാജാവിന് അവിടെ പശുക്കളെ മേച്ചു നിന്ന കുട്ടി ഒരു പ്ലാവ് കാണിച്ചു കൊടുത്തു. മരത്തിനു നടുവിലെ പൊത്തിൽ കയറി ഒളിക്കാൻ ആ കുട്ടി പറഞ്ഞു. തന്നെ രക്ഷിച്ച കുട്ടിയെ രാജാവ് പിന്നീട് പലയിടത്തും അന്വേഷിച്ചെങ്കിലും കണ്ടെത്താനായില്ല. മഹാവിഷ്ണുവിന്റെ അവതാരമായ ശ്രീകൃഷ്ണന്റെ ലീലകളായിരുന്നു അതെന്നു പ്രശ്നവിധി നടത്തിയവർ കണ്ടെത്തി. പ്ലാവിന്റെ സമീപത്തായി ഗോപാലകൃഷ്ണനെ പ്രതിഷ്ഠിച്ച് രാജാവ് ക്ഷേത്രം നിർമിച്ചു. ശ്രീകൃഷ്ണ ക്ഷേത്രത്തിന്റെ ഐശ്വര്യമായി അമ്മച്ചിപ്ലാവ് ഇന്നും അമ്പലമുറ്റത്തു നിലനിൽക്കുന്നു.
നെയ്യാറ്റിൻകരയിൽ വിഷുക്കണി ദർശനം പുലർച്ചെ നാലിനാണ്. രാവിലെ എട്ടു വരെ ദർശനത്തിനെത്തുന്നവർക്കു മേൽശാന്തി കൈനീട്ടം നൽകും. തൃക്കൈവെണ്ണ സമർപ്പിച്ച് പ്രാർഥിച്ചാൽ കണ്ണന്റെ അനുഗ്രഹമുണ്ടാകുമെന്നാണ് വിശ്വാസം. ഉണ്ണിയപ്പവും കട്ടിപ്പായസവും പാൽപ്പായസവുമാണ് പ്രസാദം. വിഷുദിവസം ഉച്ചയ്ക്ക് പ്രത്യേക സദ്യയുണ്ട്. പച്ചരിച്ചോറും അച്ചാർ, മോര്, നാലു കൂട്ടം കറികൾ എന്നിവയാണ് സദ്യവട്ടം. വിഷു സദ്യക്കൊപ്പം സ്പെഷൽ പായസമുണ്ടാകും.
ഐതിഹ്യമല്ല, ഉണ്ടായ സംഭവമാണ് നെയ്യാറ്റിൻകര ശ്രീകൃഷ്ണ ക്ഷേത്രത്തിന്റെ ചരിത്രം. അതു തന്നെയാണ് അവിടെയെത്തുന്നവരുടെ വിശ്വസത്തിനു പിൻബലം. കൃഷ്ണപുരം ഗ്രാമത്തിനു താഴെ നിശ്ബദമായി ഒഴുകുന്ന നെയ്യാറിലാണ് ക്ഷേത്രോത്സവത്തിന് ആറാട്ടു നടത്തുക. കൽപ്പാത്തിയിലെ അഗ്രഹാരങ്ങൾ പോലെ നിരയിട്ട അഴികളുള്ള വീടുകളും അരിപ്പൊടിക്കോലം വരച്ച മുറ്റവും കൃഷ്ണപുരത്തിന്റെ ഗ്രാമീണതയ്ക്കു ഭംഗി കൂട്ടുന്നു.
നെയ്യാറ്റിൻകര ശ്രീകൃഷ്ണ സ്വാമി ക്ഷേത്രം
തിരുവനന്തപുരം – നാഗർകോവിൽ റൂട്ടിൽ റെയിൽവെ േസ്റ്റഷനിൽ നിന്ന് ഒന്നര കിലോമീറ്റർ അകലെയാണ് ക്ഷേത്രം. ഗീതോപദേശം പ്രതീകമാക്കിയ ഗോപുരം കടന്നാൽ ക്ഷേത്രത്തിനു മുന്നിലെത്താം. തൃക്കൈ വെണ്ണയാണ് പ്രധാന വഴിപാട്. അമ്മച്ചിപ്ലാവാണ് ക്ഷേത്രത്തിലെ ചരിത്രക്കാഴ്ച. ദർശന സമയം: പുലർച്ചെ 4.00 –11.30. വൈകിട്ട് : 4.00–8.00.
ഗുരുവായൂരപ്പാ നിൻ മുന്നിൽ...
മഞ്ജുളാലിന്റെ ചുവട്ടിൽ നിന്ന് തിരുനടയിലേക്കു നടക്കുമ്പോൾ മൂന്നു വാക്കുകളാണ് കണ്ണിൽ തെളിയുക, ഗുരുപവന പുരാധീശാം ഏവാശ്രയാമി. ഏക ആശ്രയം ഗുരുപവന പുരേശനെന്നു മനസ്സിലുറപ്പിച്ച് നടപ്പന്തലിലേക്കു കടന്നാൽ കാണുന്നതു നാരായണായ നാമം. അവിടം താണ്ടി പന്തീരടി നടയ്ക്കുള്ളിലെത്തിയാൽ മുന്നിൽ വിളങ്ങുന്നത് ഓം നമോ ഭഗവതേ വാസുദേവായ. ഇപ്രകാരം മനസ്സും ശരീരവും ഭക്തിയിലലിഞ്ഞ് ശ്രീലകത്ത് എത്തുന്നവരുടെ ഉള്ളിൽ വിളിയുണരുകയായി, കൃഷ്ണാ ഗുരുവായൂരപ്പാ... ആയിരക്കണക്കിനാളുകൾ ഇങ്ങനെ ഒന്നിച്ചു നാമം ജപിക്കുമ്പോൾ കണ്ടില്ലെന്നു നടിക്കാനാവുമോ കണ്ണന്?
ഇല്ല... വിഷുക്കണി കാണാൻ ഗുരുവായൂരിൽ പോകുന്നവർ പറയുന്നു. മഞ്ഞപ്പട്ടുടുത്ത് മണിക്കുഴലേന്തി മയിൽപ്പീലിചൂടി മകരകുണ്ഡലമണിഞ്ഞ് നിൽക്കുന്ന കണ്ണനെ കേശാദിപാദം തൊഴാതെ അവർക്ക് അടുത്ത കൊല്ലം സമൃദ്ധമാവില്ല.
ശ്രീലകത്തിനു മുന്നിൽ പഴുക്കാമണ്ഡപത്തിൽ എഴുന്നള്ളിയിരിക്കുന്ന ദ്വാരകനാഥന്റെ ദർശനം പുലർച്ചെ രണ്ടരയ്ക്കാണ്. ഭൂമിയിലെ വൈകുണ്ഡമെന്ന് അറിയപ്പെടുന്ന ഗുരുവായൂരിലെ വിഷുക്കണി ആദ്യം കാണാൻ കഴിയുന്നതു മഹാഭാഗ്യമെന്നു വിശ്വാസം. പന്തീരടി വാതിലും നാലമ്പലമുറ്റവും കടന്ന് ശ്രീലകത്ത് എത്തുന്നവർക്കു മേൽശാന്തിയിൽ നിന്നു കൈനീട്ടം വാങ്ങാം. വിഷ്ണുവിന്റെ രൂപമെങ്കിലും ഉണ്ണിക്കണ്ണനായി വാഴുന്ന ഗുരുവായൂർ കൃഷ്ണന്റെ പ്രസാദമണിഞ്ഞ് വർഷാരംഭം കുറിക്കുകയെന്നാൽ ചെറിയ കാര്യമല്ലല്ലോ.
ഗുരുവായൂരിൽ ഉത്സവത്തിന്റെ തിരക്കു കഴിഞ്ഞതേയുള്ളൂ. വേനലവധി ആരംഭിച്ചതുകൊണ്ട് എല്ലാ ദിവസവും സാമാന്യം ഭേദപ്പെട്ട തിരക്കാണ്. വിഷു ദിവസത്തെ കാര്യം പ്രത്യേകം പറയേണ്ടല്ലോ. മുറി കിട്ടണമെങ്കിൽ നേരത്തേ ബുക്ക് ചെയ്യണം. ദർശനത്തിന് ഏറെ നേരം ക്യൂ നിൽക്കേണ്ടി വരുമെന്ന കാര്യം ഓർക്കുക. പുലർച്ചയ്ക്കു കണി കാണാൻ കഴിഞ്ഞില്ലെങ്കിൽ നിരാശപ്പെടേണ്ട. സൂര്യാസ്തമയം വരെയുള്ള സമയം വിഷുക്കണി ദർശനത്തിന് അനുയോജ്യമാണ്. അല്ലെങ്കിൽത്തന്നെ കണ്ണനു മുൻപിൽ ആദ്യമെത്തുന്നതോ അവസാനം എത്തുന്നതോ അല്ലല്ലോ കാര്യം. എങ്ങനെയുള്ള മനസ്സുമായി അവിടെ എത്തുന്നു എന്നതല്ലേ പ്രധാനം... എല്ലാവർക്കും സന്തോഷം നിറഞ്ഞ വിഷു ആശംസകൾ.
ഗുരുവായൂർ ക്ഷേത്രം: സമീപക്കാഴ്ചകൾ
ശങ്കരാചാര്യർക്കു ശ്രീകൃഷ്ണന്റെ ദർശനം കിട്ടിയെന്നു കരുതപ്പെടുന്ന സ്ഥലത്താണ് പാർഥസാരഥി ക്ഷേത്രം. റെയിൽവെ േസ്റ്റഷനു സമീപത്തുള്ള ക്ഷേത്രം രഥത്തിന്റെ ആകൃതിയിലാണ് നിർമിച്ചിട്ടുള്ളത്. പുലർച്ചെ അഞ്ചിന് നട തുറക്കും. വിഷു ദർശനം ഉണ്ടായിരിക്കും.
ഗുരുവായൂർ ക്ഷേത്രത്തിന്റെ കുളക്കരയിൽ നിന്നു വടക്കോട്ടുള്ള ഇടവഴിയിലൂടെ പടിഞ്ഞാറോട്ടു നടന്നാൽ മമ്മിയൂർ ശിവ ക്ഷേത്രത്തിലെത്താം.
ഗുരുവായൂർ ക്ഷേത്രത്തിന്റെ കിഴക്കേ നടയിൽ നിന്ന് രണ്ടര കിലോമീറ്റർ അകലെയാണ് പുന്നത്തൂർ ആനത്താവളം.